$1 ട്രില്യണിലെത്തിയ ബിറ്റ്‌കോയിന്‍ മുതല്‍ വിര്‍ച്വല്‍ ഭൂമിവരെ; 2021 അടയാളപ്പെടുത്തിയ ക്രിപ്‌റ്റോ നിമിഷങ്ങള്‍

ഈ വര്‍ഷം സാമ്പത്തിക ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ക്രിപ്‌റ്റോ കറന്‍സികളെ കുറിച്ചാകും. ക്രിപ്‌റ്റോ സൃഷ്ടിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥ രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളെപ്പോലും തകിടം മറിക്കുമെന്ന് പോലും ആശങ്കപ്പെടുന്നവരെ നാം കണ്ടു. എന്ത് തന്നെ ആയാലും 2021 ക്രിപ്‌റ്റോ സാന്നിധ്യം ഊട്ടിഉറപ്പിക്കുന്ന ഒന്നായിരുന്നു എന്നതില്‍ സംശയമില്ല. മധ്യ അമേരിക്കയിലെ എല്‍സാല്‍വദോര്‍ എന്ന രാജ്യം മുതല്‍ ഇലോണ്‍ മസ്‌കും, ഇങ്ങ് കേരളത്തില്‍ 100 രൂപയ്ക്ക് ഷിബ കോയിന്‍ വാങ്ങിയ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെ ക്രിപ്‌റ്റോ വിപ്ലവത്തില്‍ അവരവരുടെ പങ്ക് വഹിച്ചു. 2021ല്‍ ക്രിപ്‌റ്റോ കടന്നുപോയ പ്രധാന ഒമ്പത് സംഭവങ്ങള്‍ അടയാളപ്പെടുത്തുകയാണ് ഇവിടെ.

1. ഒരു ട്രില്യണ്‍ ഡോളറിലെത്തിയ ബിറ്റ്‌കോയിന്‍
ഫെബ്രുവരി 19ന് ബിറ്റ്‌കോയിൻ്റെ വിപണി മൂല്യം ആദ്യമായി ഒരു ട്രില്യണ്‍ ഡോളറിലെത്തി. ടെസ്‌ല , സ്‌ക്വയര്‍, മൈക്രോ സ്ട്രാറ്റജി തുടങ്ങിയ കമ്പനികള്‍ ബിറ്റ്‌കോയിന്‍ വാങ്ങിയതും ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വസ്റ്റര്‍മാര്‍ നിക്ഷേപം നടത്തിയതും നേട്ടത്തിലേക്ക് നയിച്ച പ്രധാന ഘടകമായി. നവംബര്‍ 12ന് ഒരു ബിറ്റ്‌കോയിന്റെ വില 4,787,818 രൂപവരെ ഉയര്‍ന്നിരുന്നു.
2. എന്‍എഫ്ടിയും ബീപ്പിളും പിന്നെ 69 മില്യണ്‍ ഡോളറും
എന്‍എഫ്ടി ഡിജിറ്റല്‍ രൂപത്തില്‍ സൃഷ്ടികള്‍ വിൽക്കാനുള്ള ഇടമാണെന്ന് നെറ്റിസണ്‍സിനെല്ലാം അറിയാം. എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകള്‍ വളരെ വേഗം പ്രശസ്തമാകാന്‍ കാരണം ബീപ്പിള്‍ എന്നറിയപ്പെടുന്ന മൈക്ക് വിന്‍കെല്‍മാന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഇയാളുടെ Everydays: The First 5000 Days' എന്ന എന്‍എഫ്ടി കഴിഞ്ഞ മാര്‍ച്ചില്‍ വിറ്റുപോയത് 69 മില്യണ്‍ ഡോളറിനാണ്. ആ സമയത്ത് ഒരു എന്‍എഫ്ടിക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുക, ഒരു പ്രധാന ലേല സ്ഥാപനം ആദ്യമായി എഥെറിയത്തില്‍ വില്‍പ്പന നടത്തുന്നു(
christies
) തുടങ്ങിയവ ഈ എന്‍എഫ്ടിയുടെ പ്രത്യേകതകളായിരുന്നു. അനലിറ്റിക്കല്‍ സ്ഥാപനമായ ഡാപ്പ്‌റാഡാറിൻ്റെ കണക്ക് അനുസരിച്ച് 23 ബില്യണിലധികം ഡോളറിന്റെ വില്‍പ്പനകളാണ് എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകളിലൂടെ 2021ല്‍ നടന്നത്. ഇന്ന് വിര്‍ച്വല്‍ ഭൂമിവരെ ആളുകള്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ വാങ്ങുകയാണ്.
3. ഇലോണ്‍ മസ്‌കിൻ്റെ ഡോഷ് കോയിന്‍ പ്രിയം
മെയ് മാസം ഡോഷ് കോയിൻ്റെ വില ഏറ്റവും ഉയര്‍ന്ന നിലയില്‍(46.67 രൂപ) എത്തി. ഇലോണ്‍ മസ്‌ക് Saturday Night Live' എന്ന ടിവി ഷോയില്‍ പങ്കെടുക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ഡോഷ് കോയിന്റെ വില കുതിച്ചുയര്‍ന്നത്. എന്നാല്‍ പെട്ടന്ന് തന്നെ വില ഇടിയുകയും ചെയ്തു. ഫെബ്രുവരിയില്‍ മസ്‌കിൻ്റെ ട്വീറ്റുകള്‍ക്ക് പിന്നാലെയാണ് ഡോഷ് കോയിനെ നിക്ഷേപകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ടെസ്‌ല ഡോഷ് കോയന്‍ സ്വീകരിക്കുമെന്ന് ഡിസംബര്‍ ആദ്യം മസ്‌ക് വെളിപ്പെടുത്തിയിരുന്നു.
4. ബിറ്റ് കോയിനെ അംഗീകരിച്ച എല്‍ സാല്‍വദോര്‍
ബിറ്റ് കോയിനെ പണമായി (legal tender) അംഗീകരിക്കുന്ന ഏക രാജ്യമായി എല്‍ സാല്‍വദോര്‍ മാറിയത് ജൂണിലാണ്. നിലവില്‍ ബിറ്റ്‌കോയിന്‍ സിറ്റി നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ക്രിപ്‌റ്റോ ഇടപാടുകള്‍ക്കായി എല്‍ സാല്‍വദോര്‍ അവതരിപ്പിച്ച ഡിജിറ്റല്‍ വാലറ്റാണ് ഷീവോ.
5. ഒരു ഹാക്കിംഗ് തമാശ; തട്ടിയെടുത്തത് $600 മില്യണ്‍
DeFi (Decentralized finance) പ്ലാറ്റ്‌ഫോമായ പോളിനെറ്റ്‌വർക്കില്‍ നിന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു ഹാക്കര്‍ തട്ടിയെടുത്തക് 600 മില്യണ്‍ യുഎസ് ഡോളറാണ്. പ്ലാറ്റ്‌ഫോമിലെ നെറ്റ്‌വർക്ക് കോഡിലെ പോരായ്മകള്‍ മുതലെടുത്തായിരുന്നു ഹാക്കിംഗ്. എന്നാല്‍ താന്‍ തമാശക്ക് ചെയ്തതാണെന്നും തട്ടിയെടുത്ത തുക തിരികെ നല്‍കാന്‍ തയ്യാറാണെന്ന് ഹാക്കര്‍ പിന്നീട് അറിയിച്ചത് കൗതുകമായി.
ചെയിനാലിസിസിൻ്റെ കണക്കുകള്‍ പ്രകാരം 2021ല്‍ 7.7 ബില്യണ്‍ ഡോളറിൻ്റെ ക്രിപ്‌റ്റോ കറന്‍സികളാണ് മോഷ്ടിക്കപ്പെട്ടത്. 2020നെ അപേക്ഷിച്ച് ക്രിപ്‌റ്റോ തട്ടിപ്പുകളില്‍ 81 ശതമാനത്തിൻ്റെ വര്‍ധനവാണ് ഉണ്ടായത്. ക്രിപ്‌റ്റോ പ്രോജക്ട് ഉപേക്ഷിച്ച് ഡെവലപ്പര്‍മാര്‍ മുങ്ങുന്ന റഗ് പുള്‍ തട്ടിപ്പിലൂടെ മാത്രം 2.8 ബില്യണ്‍ ഡോളറാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.
6. ചൈനയുടെ ക്രിപ്‌റ്റോ വിരോധം
കഴിഞ്ഞ സെപ്റ്റംബറിലാണ് ചൈന ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിച്ചത്. ക്രിപ്‌റ്റോയുടെ വരവ് സാമ്പത്തിക രംഗത്തെ ഭരണകൂട നിയന്ത്രണങ്ങള്‍ക്ക് തടസമാകുമെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2020 സെപ്റ്റംബറില്‍ 67 ശതമാനം ഹാഷ്റേറ്റോടെ ബിറ്റ്‌കോയിന്‍ മൈനിംഗിൻ്റെ കേന്ദ്രമായിരുന്ന ചൈനയില്‍ ഇന്ന് ക്രിപ്‌റ്റോ ഇടപാടുകള്‍ നിയമവിരുദ്ധമാണ്.
7. യുഎസ്- ബിറ്റ്‌കോയിന്‍ ഇടിഎഫ്
യുഎസ് വിപണിയിലെ ആദ്യത്തെ ബിറ്റ്കോയിന്‍ അനുബന്ധ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടി എഫ് ) പ്രോ ഷെയേര്‍സ് ബിറ്റ് കോയിന്‍ സ്ട്രാറ്റജി ഇ ടി എഫ് (ബിറ്റോ) ഒക്ടോബറില്‍ ന്യയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തുടക്കം കുറിച്ചു. ആദ്യ ദിവസം പ്രൊ ഷെയേര്‍സ് ഇ ടി എഫ് വിലയില്‍ ശതമാനം 5% വര്‍ദ്ധനവ് രേഖപ്പെടുത്തി 41.94 ഡോളറില്‍ ക്ലോസ് ചെയ്തു. ഇടി എഫുകള്‍ ഓഹരികളെ പോലെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വില്‍ക്കാനും വാങ്ങാനും സാധിക്കും. പുതിയ ഇ ടി എഫ് വന്നതോടെ ബിറ്റ് കോയിന്‍ സര്‍വ്വകാല റെക്കോര്‍ഡ് വിലയോട് അടുത്ത് 64000 ഡോളറില്‍ എത്തിയിരുന്നു.
8. ക്രിപ്‌റ്റോ നിയന്ത്രണങ്ങള്‍
ക്രിപ്‌റ്റോ ഇടപാടുകളെ നിയന്ത്രിക്കേണ്ടതിനെക്കുറിച്ച് വിവിധ സര്‍ക്കാരുകള്‍ ചിന്തിച്ചുതുടങ്ങിയ വര്‍ഷമാണ് 2021. ക്രിപ്‌റ്റോ കറന്‍സി, എൻഎഫ്ടി തുടങ്ങിയ ഡിജിറ്റല്‍ ആസ്ഥികളിന്മേല്‍ നികുതി ഏര്‍പ്പെടുത്താനുള്ള നിയമങ്ങള്‍ യുഎസ്എ കൊണ്ടുവന്നത് നവംബറിലാണ്. പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പ് വെച്ച ഉഭയകക്ഷി അടിസ്ഥാന സൗകര്യ ബില്ലിലാണ് ഇതു സംബന്ധിച്ച പരാമള്‍ശങ്ങള്‍ ഉള്ളത്. ഇന്ത്യയിലും സര്‍ക്കാര്‍ ക്രിപ്‌റ്റോ ബില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്രിപ്‌റ്റോയിലൂടെ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ക്ക് നികുതി ചുമത്തുകയാണ് എല്ലാ സര്‍ക്കാരുകളുടെയും ലക്ഷ്യം.
9.വികേന്ദ്രീകൃത സംഘടനകളുടെ ഉദയം
വികേന്ദ്രീകൃത സംഘടനകള്‍ അഥവ DAOs ( decentralized autonomous organizations) ആണ് 2021ല്‍ മുഖ്യധാരയിലേക്ക് എത്തിയ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട മറ്റൊരു ആശയം. നവംബറില്‍ യുഎസ് ഭരണഘടനയുടെ ഒരു കോപ്പി 40 മില്യണ്‍ ഡോളറിന് ഇത്തരം ഒരു സംഘടന വാങ്ങിയിരുന്നു. ഇൻ്റ ര്‍നെറ്റ് കമ്മ്യൂണിറ്റികളാണ് ഇവര്‍. സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന വികേന്ദ്രീകൃത സംഘടനകള്‍ 2022ല്‍ വ്യാപകമായേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it