ഈ റിയല്‍ എസ്റ്റേറ്റ് കമ്പനി ഐപിഒ നവംബര്‍ 14 മുതല്‍

റുസ്‌തോംജി ഗ്രൂപ്പിന് ( Rustomjee Group) കീഴിലുള്ള കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സ് (Keystone Realtors) ഓഹരി വിപണിയിലേക്ക്. നവംബര്‍ 14 മുതല്‍ 16 വരെയാണ് കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (IPO). 514-541 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്.

ഐപിഒയിലൂടെ 635 കോടി രൂപയോളം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ 75 കോടി രൂപയുടെ ഓഹരികളും 560 കോടിയുടെ പുതിയ ഓഹരികളുമാണ് വില്‍ക്കുന്നത്. ഭാവിയിലെ റിയല്‍ എസ്‌റ്റേറ്റ് പ്രോജക്ടുകള്‍ക്കും ബാധ്യതകള്‍ തിരിച്ചടയ്ക്കാനുമാവും ഐപിഒയിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 27 ഓഹരികള്‍ക്കും ശേഷം അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

പകുതി ഓഹരികള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും 15 ശതമാനം High Networth വ്യക്തികള്‍ക്കുമാണ് നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള 35 ശതമാനം ഓഹരികളിലാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. 2022 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം പൂര്‍ത്തിയായ 32 റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളാണ് കമ്പനിക്ക് കീഴിലുള്ളത്.

നിര്‍മാണം നടക്കുന്ന 12 പ്രോജക്ടുകളും തുടങ്ങാനിരിക്കുന്ന 19 പ്രോജക്ടുകളും കമ്പനിക്കുണ്ട്. കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സിന്റെ പ്രോജക്ടുകളെല്ലാം മൂംബൈ മെട്രോപൊളിറ്റന്‍ മേഖലയിലാണ്. 2021-22 സാമ്പത്തിക വര്‍ഷം 1,269.3 കോടിയുടെ വരുമാനവും 135.8 കോടിയുടെ ലാഭവുമാണ് കീസ്റ്റോണ്‍ രേഖപ്പെടുത്തിയത്. 2022-23 ആദ്യപാദത്തില്‍ 4.22 കോടി രൂപയുടെ ലാഭം കമ്പനി നേടിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it