എല്‍.ഐ.സിക്ക് 'പരിരക്ഷ' അനുവദിച്ച് സെബി; ഓഹരിവിലയില്‍ 7% മുന്നേറ്റം

കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയുമായ എല്‍.ഐ.സിയുടെ ഓഹരികള്‍ ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ കാഴ്ചവച്ചത് മികച്ച പ്രകടനം. ഒരുവേള 7 ശതമാനത്തോളം മുന്നേറി 52-ആഴ്ചത്തെ ഉയരമായ 821 രൂപവരെ എത്തിയ ഓഹരി വില നിലവിലുള്ളത് 5.42 ശതമാനം നേട്ടവുമായി 805 രൂപയിലാണ്.

അതേസമയം, ഐ.പി.ഒ വിലയായ 949 രൂപയെ അപേക്ഷിച്ച് ഇപ്പോഴും 15 ശതമാനത്തോളം താഴ്ചയിലാണ് എല്‍.ഐ.സിയുടെ ഓഹരി വിലയുള്ളത്. എങ്കിലും, കഴിഞ്ഞ ഒരുവര്‍ഷം വരെയുള്ള കണക്ക് പരിശോധിച്ചാല്‍ മികച്ച റിട്ടേണ്‍ എല്‍.ഐ.സി ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ഒരുവര്‍ഷത്തിനിടെ 18 ശതമാനവും ആറ് മാസത്തിനിടെ 25 ശതമാനവും മുന്നേറിയ എല്‍.ഐ.സി ഓഹരിയുടെ കഴിഞ്ഞ ഒരുമാസത്തെ നേട്ടം 32 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ബ്രോക്കറേജ് ഏജന്‍സികള്‍ 'വാങ്ങല്‍' (BUY) സ്റ്റാറ്റസ് നല്‍കിയതും ആജീവനാന്ത റിട്ടേണ്‍ ഉറപ്പുനല്‍കുന്ന 'ജീവന്‍ ഉത്സവ് സ്‌കീം' അടുത്തിടെ പുറത്തിറക്കിയതും എല്‍.ഐ.സിയുടെ ഓഹരികളില്‍ വാങ്ങല്‍ താത്പര്യം വര്‍ധിപ്പിച്ചിരുന്നു.
കുതിപ്പിന് പിന്നില്‍ സെബിയുടെ ഇളവ്
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനിയുടെ മൊത്തം ഓഹരികളില്‍ 25 ശതമാനം പൊതുനിക്ഷേപകര്‍ക്ക് നല്‍കണമെന്നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI/സെബി) ചട്ടം. ലിസ്റ്റിംഗ് മുതല്‍ മൂന്നുവര്‍ഷത്തെ സമയമാണ് ഇതിനായി അനുവദിക്കുന്നത്.
നിലവില്‍ എല്‍.ഐ.സിയുടെ 96.5 ശതമാനവും കേന്ദ്രസര്‍ക്കാരിന്റെ പക്കലാണ്. ഇത് മൂന്നുവര്‍ഷത്തിനകം 75 ശതമാനത്തിലേക്ക് കുറയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍, എല്‍.ഐ.സിക്ക് ഇതിനായി സെബി ഒറ്റത്തവണ ഇളവോടെ 2032 മേയ് വരെ സമയം അനുവദിച്ചു.
അതായത്, 10 വര്‍ഷത്തെ സമയം. ഇതാണ് ഓഹരികളില്‍ ഇന്ന് കുതിപ്പിന് വളമായത്. 2022 മേയിലാണ് കേന്ദ്രം എല്‍.ഐ.സിയുടെ 3.5 ശതമാനം ഓഹരികള്‍ ഐ.പി.ഒയിലൂടെ വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ എന്ന റെക്കോഡും എല്‍.ഐ.സി അന്ന് സ്വന്തമാക്കിയിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it