ഓഹരി വിഹിതം ഉയര്‍ത്തുന്നു, അദാനി ഗ്രൂപ്പില്‍ കണ്ണുവെച്ച് എല്‍ഐസി

അദാനി ഗ്രൂപ്പിന് (Adani Group) കീഴിലുള്ള കമ്പനികളില്‍ നിക്ഷേപം വര്‍ധിപ്പിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (LIC). രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകനാണ് എല്‍എസി. വിദേശ നിക്ഷേപകര്‍ (Foreign Portfolio Investors-FPI) അദാനി കമ്പനികളില്‍ നിക്ഷേപം കുറയ്ക്കുമ്പോഴാണ് എല്‍ഐസി ഓഹരികള്‍ വാങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.

ഗ്രൂപ്പിന് കീഴിലുള്ള ഏഴ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഈ കമ്പനികളില്‍ അദാനി പോര്‍ട്ട്‌സില്‍ ഒഴികെ നിക്ഷേപമുള്ള മറ്റ് നാലിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എല്‍ഐസിയുടെ ഓഹരി വിഹിതം ഉയര്‍ന്നു. അതേ സമയം എല്‍ഐസിക്ക് ഏറ്റവും അധികം നിക്ഷേപമുള്ള അദാനി കമ്പനിയായി അദാനി പോര്‍ട്ട്‌സ് തുടരുകയും ചെയ്യുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അദാനി പോര്‍ട്ട്‌സില്‍ എല്‍ഐസിക്ക് 9.61 ശതമാനം നിക്ഷേപമാണ് ഉള്ളത്.

മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയില്‍ എല്‍ഐസിക്ക് 10.51 ശതമാനം ഓഹരി വിഹിതം ഉണ്ടായിരുന്നു. എഫ്പിഐ നിക്ഷേപവും ഇക്കാലയളവില്‍ 21.95ല്‍ നിന്ന് 19.93 ശതമാനം ആയി കുറഞ്ഞു. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയിലാണ് എല്‍ഐസി നിക്ഷേപം ഉയര്‍ത്തിയത്. ഒരു വര്‍ഷം കൊണ്ട് അദാനി ടോട്ടല്‍ ഗ്യാസിലെ നിക്ഷേപം 3.58ല്‍ നിന്ന് 5.77 ശതമായി എല്‍ഐസി വര്‍ധിപ്പിച്ചു. 4.02 ശതമാനം ആണ് അദാനി എന്റര്‍പ്രൈസസിലെ ഓഹരി വിഹിതം. മുന്‍വര്‍ഷം ഇത് 2.22 ശതമാനം ആയിരുന്നു.

അദാനി ട്രാന്‍സ്മിഷനിലെ നിക്ഷേപം 2.42ല്‍ നിന്ന് 3.46 ശതമാനം ആയാണ് ഉയര്‍ത്തിയത്. അദാനി ഗ്രീന്‍ എനര്‍ജിയില്‍ 1.15 ശതമാനം നിക്ഷേപമാണ് എല്‍ഐസിക്ക് ഉള്ളത്. ഒരു വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയത് ടോട്ടല്‍ ഗ്യാസിലാണ് (2.19 ശതമാനം). ദീര്‍ഘകാല നേട്ടം മുന്‍നിര്‍ത്തിയാണ് അദാനി കമ്പകളിലെ എല്‍ഐസി നിക്ഷേപമെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.

അതേ സമയം അദാനി വില്‍മാര്‍, അദാനി പവര്‍ എന്നിവയില്‍ എല്‍ഐസിക്ക് പ്രകടമായ നിക്ഷേപങ്ങളൊന്നും തന്നെയില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് അദാനി വില്‍മാര്‍. ഒരു വര്‍ഷത്തിനിടെ അദാനി പവറില്‍ ഒഴികെ മറ്റെല്ലാ കമ്പനികളിലും എഫ്പിഐ നിക്ഷേപം കുറഞ്ഞിരുന്നു.

അദാനി കമ്പനികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഏറ്റവും അധികം നേട്ടം നല്‍കിയത് അദാനി പവര്‍ ഓഹരികളാണ്. ഒരു വര്‍ഷം കൊണ്ട് 228.67 ശതമാനം അഥവാ 238.05 രൂപയുടെ ഉയര്‍ച്ചയാണ് ഈ ഓഹരികള്‍ക്കുണ്ടായത്. നേട്ടത്തില്‍ രണ്ടാമത് അദാനി ടോട്ടല്‍ ഗ്യാസാണ്. ഓഹരി വില ഉയര്‍ന്നത് 152.38 ശതമാനം അഥവാ 2194.10 രൂപയാണ്. അദാനി എന്റര്‍പ്രൈസസ് -143.30 ശതമാനം), അദാനി ട്രാന്‍സ്മിഷന്‍- 88.47 ശതമാനം, അദാനി ഗ്രീന്‍ - 81.79 ശതമാനം, അദാനി പോര്‍ട്ട്- 18.98 ശതമാനം, അദാനി വില്‍മാര്‍- 162.42 ശതമാനം (ഫെബ്രുവരി മുതല്‍) എന്നിങ്ങനെയാണ് ഓഹരി വില ഉയര്‍ന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it