എല്‍ഐസി ഐപിഒ ഇഫക്ടോ? പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഓഹരി വിപണിയിലേക്ക് പുതുതായി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വിദേശ നിക്ഷേപകര്‍ പിന്‍വലിയുമ്പോഴാണ് റീറ്റെയ്ല്‍ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് കൂടുതല്‍ പേരും ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്ന് ഓഹരി വിപണി നിക്ഷേപത്തിലേക്ക് ഇറങ്ങിയത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 5.51 കോടി പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നപ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ തുറന്നത് 8.97 കോടി ഡീമാറ്റ് അക്കൗണ്ടുകളാണ്. മുന്‍വര്‍ഷത്തേക്കാള്‍ 63 ശതമാനം വര്‍ധനവാണിത്.

2015 സാമ്പത്തിക വര്‍ഷത്തില്‍ 2.33 കോടിയും 2016 ല്‍ 2.54 കോടിയും 2017 ല്‍ 2.78 കോടിയും 2018 ല്‍ 3.19 കോടിയും 2019 ല്‍ 3.59 കോടിയും 2020 ല്‍ 4.09 കോടി ഡീമാറ്റ് അക്കൗണ്ടുകളുമാണ് തുറന്നത്. ഓരോ വര്‍ഷം കഴിയും തോറും പുതുതായി ഓഹരി വിപണിയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, സെറോധ പോലുള്ള സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വഴി നിമിഷങ്ങള്‍ക്കകം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കാനുള്ള അവസരവും നല്‍കിയതും ഇതിന് സഹായകമായി.
എല്‍ഐസി ഐപിഒ ഇഫക്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഐപിഒയാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുത്തനെ ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നേരത്തെ, 2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ എല്‍ഐസി ഐപിഒ നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. പോളിസി ഹോള്‍ഡര്‍മാര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും ഓഹരികള്‍ സംവരണം ചെയ്യുമെന്നും ഡിസ്‌കൗണ്ടില്‍ ലഭിക്കുമെന്നും എല്‍ഐസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലേക്ക് ഇതുവരെ തിരിഞ്ഞുനോക്കാത്ത ലക്ഷക്കണക്കിന് പോളിസി ഉടമകളാണ് പുതുതായി ഡീമാറ്റ് അക്കൗണ്ട് തുറന്നത്.


Related Articles

Next Story

Videos

Share it