Begin typing your search above and press return to search.
റഷ്യ-യുക്രെയ്ൻ പ്രതിസന്ധി: എല്‍ഐസി ഐപിഒ മാറ്റിവെച്ചേക്കും
എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പന (LIC IPO) കേന്ദ്രം നീട്ടിവെച്ചേക്കും. റഷ്യയുടെ യുക്രെയ്ൻ (Russia -Ukraine War) അധിനിവേശത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കണക്കിലെടുത്താവും തീരുമാനം. റഷ്യ-യുക്രൈന്‍ യുദ്ധം ആഗോളതലത്തില്‍ വിപണികളുടെ തകര്‍ച്ചയ്ക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ വിജയം ഉറപ്പാക്കാന്‍ ഐപിഒ നീട്ടിവെക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ചിനുള്ളില്‍ എല്‍ഐസി ലിസ്റ്റ് ചെയ്യുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ വിപണി സാഹചര്യങ്ങള്‍ നോക്കി പുതിയ തീയതികള്‍ പരിഗണിക്കാന്‍ സാധ്യതയുള്ളതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ അധികരിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് എല്‍ഐഐസി ഒരുങ്ങുന്നത്. 65,000-70000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സമാഹരിക്കുന്ന തുകയെ സംബന്ധിച്ച് ഇതുവരെ കേന്ദ്രം വ്യക്തത നല്‍കിയിട്ടില്ല. എല്‍ഐസിയുടെ അഞ്ച് ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ എല്‍ഐസി ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്ന തുക ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓഹരി വിലയും 2000ന് താഴെ നിശ്ചയിക്കേണ്ടി വരും. വിദേശ നിക്ഷേപകര്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 10 ബില്യണോളം ഡോളര്‍ പിന്‍വലിച്ചതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ 61,765.59ല്‍ എത്തിയ സെന്‍സെക്‌സ് നിലവില്‍ 55,314.45ല്‍ ആണ് (10.00 am) വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ മാസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, വിപണികള്‍ നിരീക്ഷിക്കുകയാണെന്നാണ് എല്‍ഐസി ചെയര്‍മാന്‍ പറഞ്ഞത്. എന്നാല്‍ അന്നത്തേതില്‍ നിന്ന് സാഹചര്യം കൂടുതല്‍ വഷളാവുകയാണ് ചെയ്തത്.
എല്‍ഐസി ഐപിഒ വൈകിയാല്‍ സര്‍ക്കാരിന്റെ ധനസ്ഥിതിയെയും ബാധിക്കും. ഇതിനകം ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ട തുക 1.75 ലക്ഷത്തില്‍ നിന്ന് 78,000 കോടിയായി പുതുക്കി നിശ്ചയിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ ഓഹരി വിറ്റഴിക്കലിലൂടെ 12,424 കോടി രൂപ മാത്രമാണ് കേന്ദ്രത്തിന് സമാഹരിക്കാനായത്.
Next Story
Videos