അദാനി ഗ്രൂപ്പില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് എല്‍ഐസി
അദാനി ഗ്രൂപ്പ് ബിസിനസിന്റെ ഭാവി സാധ്യതകളില്‍ തങ്ങള്‍ക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (LIC) ചെയര്‍പേഴ്‌സണ്‍ എം ആര്‍ കുമാര്‍ പറഞ്ഞു. അദാനി ഗ്രൂപ്പ് നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഐസി അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയതായിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ജനുവരി അവസാനം മുതല്‍ അദാനി ഓഹരികള്‍ സമ്മര്‍ദ്ദത്തിലാണ്. അതിനാല്‍ തന്നെ അദാനി ഗ്രൂപ്പിന്റെ ഓഹരിയിലുള്ള എല്‍ഐസിയുടെ നിക്ഷേപം വിമര്‍ശനത്തിന് വിധേയമായിരുന്നു.
എല്‍ഐസിക്ക് ഓഹരി
അദാനി ഗ്രൂപ്പിലെ എല്‍ഐസിയുടെ മൊത്തം ഓഹരി നിക്ഷേപം 30,127 കോടി രൂപയാണ്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിലെ ഇടിവിനെ തുടര്‍ന്ന് നിക്ഷേപം നഷ്ടത്തിന്റെ വക്കിലെത്തി. എന്നാന്‍ കഴിഞ്ഞ ആഴ്ച അവസാനത്തോടെ നഷ്ടം നികത്തി നിക്ഷേപ മൂല്യം 39,000 കോടി രൂപയായി ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, എസിസി, അംബുജ സിമന്റ് എന്നീ 7 കമ്പനികളില്‍ എല്‍ഐസിക്ക് ഓഹരിയുണ്ട്.
ഓഹരികളില്‍ പോസിറ്റീവ്
കമ്പനിയുടെ എല്ലാ നിക്ഷേപങ്ങളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (SOP) അനുസരിച്ചാണ് നടത്തുന്നതെന്നും എല്ലാ നിക്ഷേപങ്ങളിലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും എല്‍ഐസി സിഇഒ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞതായി സിഎന്‍ബിസി-ടിവി18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്‍ഐസി നിക്ഷേപം നടത്തുന്ന കമ്പനികളുമായി പതിവായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മൊഹന്തി അഭിപ്രായപ്പെട്ടു. അദാനി ഓഹരികളില്‍ തങ്ങള്‍ പോസിറ്റീവ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.