Begin typing your search above and press return to search.
എല്‍ഐസി ഐപിഒ, അടുത്തമാസത്തോടെ രേഖകള്‍ സമര്‍പ്പിച്ചേക്കും
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി, പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി രേഖകള്‍ അടുത്തമാസത്തോടെ സമര്‍പ്പിച്ചേക്കും. ധനമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പ്രാരംഭ ഓഹരി വില്‍പ്പന നടത്താന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു, ഇതിന് കര്‍ശനമായ സമയപരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. നവംബറില്‍ ഡിആര്‍എച്ച്പി ഫയല്‍ ചെയ്യും,'' ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഒയ്ക്ക് മുന്നോടിയായി, കഴിഞ്ഞമാസം ഗോള്‍ഡ്മാന്‍ സാച്ച്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ 10 ബാങ്കര്‍മാരെ ഐപിഒ മാനേജര്‍മാരായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ബോഫ സെക്യൂരിറ്റീസ്, ജെ പി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കോ ലിമിറ്റഡ് എന്നിവയാണ് മറ്റ് തിരഞ്ഞെടുത്ത മറ്റ് ബാങ്കര്‍മാര്‍. മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ സാമ്പത്തികവര്‍ഷത്തില്‍ തന്നെ എല്‍ഐസിയെ ഓഹരി വിപണിയിലേക്ക് എത്തിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിന്റെ മുമ്പായി എല്‍ഐസിയുടെ മൂല്യം കണക്കാക്കാന്‍ മിലിമാന്‍ അഡൈ്വസേഴ്‌സ് എല്‍എല്‍പി ഇന്ത്യയെ നിയമിച്ചിട്ടുണ്ട്.
അതേസമയം, ഓഹരികള്‍ സ്വന്തമാക്കാന്‍ വിദേശ നിക്ഷേപകരെ അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സെബി നിയമങ്ങള്‍ അനുസരിച്ച്, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്പിഐ) ഒരു ഐപിഒയിലൂടെ ഓഹരികള്‍ വാങ്ങാന്‍ അനുവാദമുണ്ട്. എന്നിരുന്നാലും, എല്‍ഐസി നിയമത്തില്‍ വിദേശ നിക്ഷേപത്തിന് വ്യവസ്ഥയില്ലാത്തതിനാല്‍, നിര്‍ദ്ദിഷ്ട എല്‍ഐസി ഐപിഒയിലെ വിദേശ നിക്ഷേപക പങ്കാളിത്തത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.
കഴിഞ്ഞ ജുലൈയിലാണ് കാബിനറ്റ് കമ്മിറ്റി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഐപിഒയ്ക്ക് അംഗീകാരം നല്‍കിയത്. ഏകദേശം 1.75 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് എല്‍ഐസി ഓഹരി വില്‍പ്പനയിലൂടെ കൈമാറുന്നത്.
Next Story
Videos