നിഫ്റ്റി 17,800 പിന്നിട്ടു; എട്ടാം നാളിലും ഓഹരികളില്‍ നേട്ടം
ആശങ്കകള്‍ നിറഞ്ഞുനിന്നെങ്കിലും തുടര്‍ച്ചയായ എട്ടാം നാളിലും വ്യാപാരം നേട്ടത്തോടെ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 235.05 പോയിന്റുയര്‍ന്ന് (0.39 ശതമാനം) 60,392.77ലും നിഫ്റ്റി 90.10 പോയിന്റ് (0.51 ശതമാനം) മുന്നേറി 17,812.40ലുമാണ് ഇന്ന് വ്യാപാരാന്ത്യമുള്ളത്. ജനുവരി-മാര്‍ച്ച് പാദത്തിലെ വാഹന, ബാങ്കിംഗ് ഉള്‍പ്പെടെയുള്ള മേഖലകളിലെ കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലങ്ങള്‍ മികച്ചതായിരിക്കുമെന്ന വിലയിരുത്തലുകളാണ് ഓഹരി സൂചികകളെ നേട്ടത്തിന്റെ ട്രാക്കില്‍ നിലനിറുത്തുന്നത്.
എന്നാല്‍, റീട്ടെയില്‍ പണപ്പെരുപ്പം, വ്യവസായിക ഉത്പാദന സൂചികയുടെ (ഐ.ഐ.പി) വളര്‍ച്ച എന്നിവ സംബന്ധിച്ച ആശങ്കകള്‍ ഓഹരി സൂചികകളെ വലിയ മുന്നേറ്റത്തില്‍ നിന്ന് ഇപ്പോഴും അകറ്റിനിറുത്തുകയാണ്. സെന്‍സെക്‌സില്‍ 2,065 കമ്പനികള്‍ ഇന്നത്തെ ദിവസം നേട്ടത്തിന്റേതാക്കി മാറ്റിയപ്പോള്‍ 1,436 കമ്പനികള്‍ കുറിച്ചത് നഷ്ടം. 114 കമ്പനികളുടെ ഓഹരിവിലയില്‍ മാറ്റമില്ല.
ബി.എസ്.ഇ മിഡ്ക്യാപ്പ് സൂചിക 0.5 ശതമാനവും സ്‌മോള്‍ക്യാപ്പ് സൂചിക 0.4 ശതമാനവും ഉയര്‍ന്നു. വാഹനം, ഫാര്‍മ, ഐ.ടി ഓഹരികള്‍ 1-2 ശതമാനം നേട്ടമുണ്ടാക്കി. എഫ്.എം.സി.ജി., കാപ്പിറ്റല്‍ ഗുഡ്‌സ് ഓഹരികളില്‍ ദൃശ്യമായത് വില്‍പന സമ്മര്‍ദ്ദമാണ്. ഡിവീസ് ലാബ്‌സ്, ബജാജ് ഓട്ടോ, അദാനി എന്റര്‍പ്രൈസസ്, ഡോ. റെഡ്ഡീസ് ലാബ്, ഐഷര്‍ മോട്ടോഴ്‌സ്, ലോറസ് ലാബ്‌സ്, ഓറോബിന്ദോ ഫാര്‍മ, ബയോകോണ്‍ എന്നിവ നേട്ടമുണ്ടാക്കിയ മുന്‍നിര കമ്പനികളാണ്.