ജെറോം പവലില്‍ കണ്ണുനട്ട് ഇമയനക്കാതെ വിപണി, കത്തിക്കയറി നൈക, നടപടിയില്‍ കിതച്ച് റിലയന്‍സ്‌

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്ഥാവനകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയും ഇന്ന് റേഞ്ച് ബൗണ്ടായി നീങ്ങി. രാവിലെ 81,165.65ല്‍ തുടക്കം കുറിച്ച സെന്‍സെക്സ് ഒരുവേള 80,883.26 വരെ താഴേക്കും 81,231 വരെ മേലേക്കും നീങ്ങി.
നിഫ്റ്റിയും 24,771.6നും 24,858.40നും ഇടയിലായിരുന്നു. വ്യാപാരാന്ത്യത്തില്‍ പക്ഷെ നേരിയ നേട്ടത്തില്‍ അവസാനിപ്പിക്കാന്‍ സൂചികകള്‍ക്ക് സാധിച്ചു. സെന്‍സെകസ് 0.041 പോയിന്റുയര്‍ന്ന് 81,086.21ലും നിഫ്റ്റി 0.047 ശതമാനമുയര്‍ന്ന് 24,823.15ലുമാണുള്ളത്.
ഇന്നലെ തുടങ്ങിയ ജാക്സണ്‍ ഹോള്‍ സിംപോസിയത്തില്‍ രാത്രി 7.30നാണ് ജെറോം പവലിന്റെ പ്രസംഗം. അമേരിക്കയില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ സെപ്റ്റംബറില്‍ കുറയ്ക്കുമോ എന്നതിനെ കുറിച്ച് വ്യക്തമായ സൂചനകള്‍ അതിലുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
പലിശ നിരക്കുകള്‍ കുറഞ്ഞാല്‍ കടപ്പത്രങ്ങളും മറ്റും ആകര്‍ഷകമല്ലാതാകുകയും ഓഹരി വിപണിയിലേക്കും സ്വര്‍ണത്തിലേക്കും നിക്ഷേപകര്‍ പണമൊഴുക്കാന്‍ വഴിയൊരുക്കുകയും ചെയ്യും. 2023ന് ജൂലൈയ്ക്ക് ശേഷം അമേരിക്ക പലിശ നിരക്ക് കുറച്ചിട്ടില്ല. പണപ്പെരുപ്പ കണക്കുകള്‍ ആശാസ്യമായ നിലയിലാണെങ്കിലും തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതാണ് പലിശ കുറയ്ക്കുന്നതില്‍ ആശങ്കയായി നില്‍ക്കുന്നത്.

സെബി നടപടിയില്‍ വീണ് റിലയന്‍സ്

ഇന്ന് വിപണിയില്‍ വലിയ വാര്‍ത്തയായി വന്നത് സെബിയുടെ നടപടിയാണ്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ സെബി വിലക്കിയെന്ന വാര്‍ത്ത സ്വതവേ ദുര്‍ബലമായിരുന്ന റിലയന്‍സ് ഓഹരികളെ വീണ്ടും താഴേക്ക് വീഴ്ത്തി. റിലയന്‍സ് പവര്‍ 4.99 ശതമാനം ഇടിഞ്ഞു. റിലയന്‍സ് ഇന്‍ഫ്രയ്ക്ക് 10.07 ശതമാനം നഷ്ടം നേരിടേണ്ടിവന്നു. അനില്‍ അംബാനിയുടെ വിലക്കിന് കാരണമായ റിലയന്‍സ് ഹോംഫിനാന്‍സ് 4.90 ശതമാനമാണ് വീണത്.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം


സൂചികകളുടെ പ്രകടനം

വ്യാഴാഴ്ച പച്ചയില്‍ നിന്ന സൂചികകളേറെയും വെള്ളിയാഴ്ച്ച നിരാശപ്പെടുത്തുകയാണ് ചെയ്തത്. നിഫ്റ്റി ഓട്ടോ 1.12 ശതമാനം ഉയര്‍ന്നതാണ് എടുത്തു പറയത്തക്ക പോസിറ്റീവ്. ഇന്നലെ 6 സൂചികകള്‍ മാത്രമായിരുന്നു നഷ്ടം രേഖപ്പെടുത്തിയത്. ഇന്ന് മിഡ്ക്യാപ് (-0.49), സ്‌മോള്‍ക്യാപ് (-0.11), അടക്കം പിന്നോട്ടു പോയി. റിയാലിറ്റി, ഐ.ടി, മീഡിയ സൂചികകളാണ് കൂടുതല്‍ താഴേക്ക് പോയത്.

നേട്ടം സ്വന്തമാക്കിയവര്‍


നേട്ടം കൊയ്തവര്‍

നൈക ബ്രാന്‍ഡില്‍ പേഴ്‌സണല്‍ ഹെല്‍ത്ത്‌കെയര്‍ ഫാഷന്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്ന എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ് 7.87 ശതമാനം ഉയര്‍ന്നു. ഒരുഘട്ടത്തില്‍ 9 ശതമാനം ഉയര്‍ന്ന ഓഹരികള്‍ 52 ആഴ്ച്ചയിലെ ഉയര്‍ന്ന തലത്തിലുമെത്തി. കമ്പനിയുടെ 4.09 കോടി ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ കൈമാറിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സിന്റെ ജൂണ്‍ പാദത്തില്‍ വിറ്റുവരവ് 1,746 കോടി രൂപയായിരുന്നു.
ഇന്‍ഡിഗോ (5.24), ബജാജ് ഓട്ടോ (4.74) എന്നീ കമ്പനികളും മികച്ച പ്രകടനവുമായി വാരം അവസാനിപ്പിച്ചു.

നഷ്ടത്തിലായവര്‍

റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്‍നിര കമ്പനിയായ മാക്രോടെക് ഡെവലപേഴ്‌സ് ആണ് ഇന്ന് ഏറെ നഷ്ടം രേഖപ്പെടുത്തിയ കമ്പനി. 4.90 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ദീപക് നൈട്രൈറ്റ് (-4.44), പ്രെസ്റ്റീജ് റിയല്‍ എസ്റ്റേറ്റ് (-3.55) ഓഹരികളും കടുത്ത നഷ്ടം രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 21 എണ്ണം ലാഭത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം മുന്നേറ്റം കാഴ്ച്ചവച്ച കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ക്ക് ഇന്ന് കാര്യമായ തിളക്കമുണ്ടായില്ല. ഇന്നലെ 7.18 ശതമാനം ഉയര്‍ന്ന കിറ്റെക്‌സിന് ഇന്ന് 0.68 ശതമാനം മാത്രമാണ് ഉയരാന്‍ സാധിച്ചത്. അതേസമയം, കല്യാണ്‍ ജുവലേഴ്‌സിന് 1.91 ശതമാനം താഴേക്ക് ഇറങ്ങേണ്ടി വന്നു.
കാലിത്തീറ്റ നിര്‍മാണ രംഗത്തുള്ള പ്രൈമ അഗ്രോ ആണ് കേരള കമ്പനികളില്‍ ഇന്ന് കുതിച്ചത്. 8.68 ശതമാനം ഉയര്‍ന്നാണ് കൊച്ചി ഇടയാറിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വ്യാപാരം അവസാനിപ്പിച്ചത്.

കേരള ഓഹരികളുടെ പ്രകടനം


ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍സ് (4.96), മുത്തൂറ്റ് മൈക്രോഫിന്‍ (4.59), പി.ടി.എല്‍ എന്റര്‍പ്രൈസസ് (3.99) എന്നിവ ശതമാനം ഉയര്‍ന്നാണ് വാരാന്ത്യം പിന്നിട്ടത്.
മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് അടക്കം ധനകാര്യ സേവനങ്ങളുമായി ബന്ധപ്പെട്ട ഓഹരികള്‍ക്കും വെള്ളിയാഴ്ച്ച നേട്ടമുണ്ടാക്കാനായില്ല. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് കമ്പനികളും നേരിയ ഉയര്‍ച്ചയിലാണ് അവസാനിപ്പിച്ചത്.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it