അറ്റാദായത്തില്‍ 51 ശതമാനം വര്‍ധന, മാര്‍ച്ച് പാദത്തില്‍ മുന്നേറി മാരുതി സുസുകി

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി (Maruti Suzuki) ഇന്ത്യയുടെ മാര്‍ച്ച് മാസത്തിലെ ഏകീകൃത അറ്റാദായം 51.14 ശതമാനം വര്‍ധിച്ച് 1,875.8 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 1,241.1 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത മൊത്ത വരുമാനം കഴിഞ്ഞ കാലയളവിലെ 24,034.5 കോടി രൂപയില്‍ നിന്ന് 26,749.2 കോടി രൂപയായി. അവലോകന പാദത്തിലെ മൊത്തം വാഹന വില്‍പ്പന 4,88,830 യൂണിറ്റാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ശതമാനം കുറവാണിത്.

ആഭ്യന്തര വില്‍പ്പന 4,20,376 യൂണിറ്റാണ്. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തേക്കാള്‍ എട്ട് ശതമാനത്തിന്റെ ഇടിവ്. അതേസമയം, അവലോകന കാലയളവിലെ കയറ്റുമതി 68,454 യൂണിറ്റായി ഉയര്‍ന്നു. എക്കാലത്തെയും ഉയര്‍ന്നനിരക്കാണിത്.
2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ ഏകീകൃത അറ്റാദായം 2021 സാമ്പത്തിക വര്‍ഷത്തെ 4,389.1 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 3,879.5 കോടി രൂപയായി. 11.6 ശതമാനത്തിന്റെ കുറവ്. 2021 സാമ്പത്തിക വര്‍ഷത്തിലെ 70,372 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത മൊത്ത വരുമാനം 88,329.8 കോടി രൂപയായി.
ഈ വര്‍ഷം കമ്പനി മൊത്തം 16,52,653 വാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 13.4 ശതമാനം വര്‍ധിച്ചു, ആഭ്യന്തര വില്‍പ്പന 2021 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 3.9 ശതമാനം ഉയര്‍ന്ന് 14,14,277 യൂണിറ്റിലെത്തി.


Related Articles

Next Story

Videos

Share it