ബിറ്റ്‌കോയിന്‍ വില തകര്‍ച്ച എന്തുകൊണ്ട്; ഇനി എന്തു സംഭവിക്കും; ഇത് നിക്ഷേപിക്കാനുള്ള അവസരമാണോ?

24 മണിക്കൂറിനുള്ളില്‍ ചോരപ്പുഴയാണ് ക്രിപ്‌റ്റോകറന്‍സി വിപണിയിലുണ്ടായത്. ബുധനാഴ്ച മാത്രം പ്രമുഖ ക്രിപ്‌റ്റോകറന്‍സികളുടെ വിലയില്‍ 30 ശതമാനത്തിലേറെ ഇടിവുണ്ടായി. ഇന്നലെ തുടക്കത്തില്‍ ബിറ്റ് കോയ്ന്‍ വ്യാപാരം 40,000 ഡോളറിനടുത്തായിരുന്നു. അവിടെ നിന്ന് 32,000 ഡോളറിലേക്ക് വീണു. പിന്നീട് തിരിച്ചുകയറിയെങ്കിലും ഇന്ന് രാവിലെയും വ്യാപാരം 36,000 ഡോളറിലായിരുന്നു.

ബിറ്റ്‌കോയ്ന്‍ അടക്കം ഡിജിറ്റല്‍ കറന്‍സികളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഷ്ടമായത് 75,000 കോടി ഡോളറാണ്!

ഇന്ത്യയിലെ ഡിജിറ്റല്‍ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ പലതും ഇന്നലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തനരഹിതമായി.
എന്തുകൊണ്ടാണ് വിലയിടിഞ്ഞത്?
ഗൂഢകറന്‍സികളെ നിയന്ത്രിക്കാന്‍ ചൈനീസ് ഭരണകൂടം സ്വീകരിച്ച നടപടികളാണ് ബുധനാഴ്ച ക്രിപ്‌റ്റോകറന്‍സികളുടെ വില ഇടിച്ചത്. ക്രിപ്‌റ്റോ കറന്‍സി സംബന്ധമായ ഇടപാടുകള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ക്കും പേയ്‌മെന്റ് കമ്പനികള്‍ക്കും ചൈന വിലക്കേര്‍പ്പെടുത്തി. അതായത്, ഇനി ചൈനയിലെ ബാങ്കുകള്‍ക്കോ ഓണ്‍ലൈന്‍ പേയ്‌മെന്റ് ചാനലുകള്‍ക്കോ ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ഒരു സേവനവും നല്‍കാന്‍ സാധിക്കില്ല. ഗൂഢകറന്‍സികളുടെ രജിസ്‌ട്രേഷന്‍, ട്രേഡിംഗ്, ക്ലിയറിംഗ്, സെറ്റില്‍മെന്റ് എന്നിവയൊന്നും ഇനി ഇവ വഴി നടക്കില്ലെന്ന് സാരം.

2017ലും സമാനമായ വിലക്ക് ചൈന കൊണ്ടുവന്നിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി വ്യാപ്തിയുള്ളതാണ് ഇപ്പോഴത്തേത്. വെര്‍ച്വല്‍ കറന്‍സികള്‍ക്ക് ഒരുതരത്തിലുമുള്ള റിയല്‍ വാല്യുവുമില്ല എന്ന സന്ദേശമാണ് ഇപ്പോഴത്തെ നീക്കത്തിലൂടെ ചൈന നല്‍കുന്നത്.
തകര്‍ച്ചയ്ക്ക് പിന്നില്‍ ചൈനയുടെ നീക്കം മാത്രമാണോ?
ഇന്നലെ ഗൂഢകറന്‍സികളുടെ വില ഇടിവിന് മുഖ്യകാരണം ചൈനീസ് നീക്കമായിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചക്കാലമായി ബിറ്റ് കോയ്‌നും എതീറിയവും വിലയിടിവ് നേരിടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 64,829 ഡോളര്‍ വിലയുണ്ടായിരുന്ന ബിറ്റ് കോയിനാണ് ഇന്ന് 36,000 ഡോളറിലൊക്കെ വ്യാപാരം നടക്കുന്നത്.

ബിറ്റ് കോയ്‌ന്റെ ഏറ്റവും വലിയ വക്താക്കളില്‍ ഒരാളായ ശതകോടീശ്വരനും ടെസ്്‌ല ഇലക്ട്രിക് കാര്‍ കമ്പനി മേധാവിയുമായ ഇലോണ്‍ മസ്‌ക് കൈവിട്ടതോടെയാണ് ബിറ്റ് കോയ്‌ന്റെ വിലയുടെ ഇടിവിന് ആക്കം കൂടിയത്. ബിറ്റ് കോയ്ന്‍ ഉപയോഗിച്ച് ടെസ്്‌ല കാറുകള്‍ വാങ്ങാന്‍ ഇനി കഴിയില്ലെന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ഇത് അദ്ദേഹത്തിന്റെ മുന്‍ നിലപാടിന് വിരുദ്ധവുമായിരുന്നു. അതോടെ ബിറ്റ് കോയ്ന്‍ വില കുത്തനെ ഇടിയാന്‍ തുടങ്ങി. അതിസങ്കീര്‍ണമായ കംപ്യൂട്ടിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിറ്റ് കോയ്ന്‍ സൃഷ്ടിക്കാന്‍ വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കേണ്ടി വരും എന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഇലോണ്‍ മസ്‌ക് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.

കുറഞ്ഞ ഊര്‍ജ്ജം ആവശ്യമായ മറ്റ് ക്രിപ്‌റ്റോ കറന്‍സികള്‍ സ്വീകരിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു.
ക്രിപ്‌റ്റോകറന്‍സികളുടെ വിലയില്‍ എന്ത് സംഭവിക്കും?
സ്വപ്‌നസമാനമായ കുതിപ്പാണ് ഗൂഢകറന്‍സികളുടെ വിലയില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായത്. അതില്‍ നിന്നുള്ള ലാഭമെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. ഡിജിറ്റല്‍ കറന്‍സി പുതിയ കാലത്ത് ഉണ്ടാവുക തന്നെ ചെയ്യുമെന്നും ദീര്‍ഘകാല നിക്ഷേപകര്‍, ഈ വലിയ തിരുത്തല്‍ വാങ്ങാനുള്ള അവസരമാക്കണമെന്നും ചില നിരീക്ഷകര്‍ പറയുന്നുണ്ട്.

എന്നാല്‍ അങ്ങേയറ്റം റിസ്‌കുള്ള അസറ്റ് ക്ലാസാണ് ഗൂഢകറന്‍സി. പേരും സൂചിപ്പിക്കും പോലെ നിഗൂഢവും. ചൈനയെ പോലെ ലോകത്തെ വന്‍ സാമ്പത്തിക ശക്തി, കര്‍ശന നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍, ക്രിപ്‌റ്റോ കറന്‍സികളുടെ ഭാവി എന്താകുമെന്ന ആശങ്കയുമുണ്ട്. നിലവില്‍ ബിറ്റ് കോയ്‌നില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നവര്‍ സ്വര്‍ണത്തിലേക്കാണ് പോകുന്നത്. ഡിജിറ്റല്‍ കറന്‍സികളുടെ ഉപയോഗം, അംഗീകാരം എന്നിവയില്‍ ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകള്‍ വ്യക്തമായ തീരുമാനങ്ങളിലെത്തുന്ന കാലം വരെ ഇവയുടെ വിലയിലും ഇത്തരത്തിലുള്ള നാടകീയ ചലനങ്ങള്‍ പ്രതീക്ഷിക്കാം. നിലവില്‍ ഇന്ത്യയുള്‍പ്പടെയുള്ള ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്രബാങ്കുകളുടെ നിയന്ത്രണമോ ഇതിനില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it