നഷ്ടമായത് 677 ബില്യണ്‍ ഡോളര്‍, ടോപ് 20 ഓഹരികളില്‍ നിന്ന് ഫേസ്ബുക്ക് പുറത്ത്

ഫേസ്ബുക്ക് കമ്പനി മെറ്റയ്ക്കും ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിനും ഇപ്പോള്‍ അത്ര നല്ലകാലമല്ല. ഈ വര്‍ഷം തുടങ്ങുമ്പോള്‍ വിപണി മൂല്യത്തില്‍ ലോകത്ത് ആറാമനായിരുന്നു മെറ്റ. എന്നാല്‍ ഇപ്പോള്‍ ആദ്യ 20ല്‍ പോലും കമ്പനിക്ക് സ്ഥാനമില്ല. 900 ബില്യണിന് മുകളില്‍ വിപണിമൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം വെറും 263.22 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ഇതുവരെ മൂല്യത്തില്‍ ഉണ്ടായത് 677 ബില്യണ്‍ ഡോളറിന്റെ ഇടിവാണ്.

10 മാസം കൊണ്ട് 70 ശതമാനത്തിലധികം ഇടിഞ്ഞ മെറ്റ ഓഹരികളുടെ ഇപ്പോഴത്തെ വില 97.94 ഡോളറാണ്. വിപണി മൂല്യത്തിന്റെ കണക്കില്‍ ഇപ്പോള്‍ ഇരുപത്തിയാറാമതാണ് ഫേസ്ബുക്ക് കമ്പനി. സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്‌സ് സ്വപ്‌നങ്ങളില്‍ വിശ്വസമില്ലാത്ത നിക്ഷേപകര്‍ ഓഹരികള്‍ ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ജൂലൈ-ഓഗസ്റ്റിലെ മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ച ലാഭം നേടാനാകാത്തത് വില്‍പ്പനക്കാരുടെ എണ്ണം ഉയര്‍ത്തി.

മൂന്നാം പാദത്തില്‍ 27.7 ബില്യണ്‍ ഡോളറാണ് മെറ്റയുടെ വരുമാനം. മുന്‍വര്‍ഷം ഇക്കാലയളവില്‍ 29 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടിയിരുന്നു. ആറ്റാദായം 52 ശതമാനം ഇടിവോടെ 4.4 ബില്യണ്‍ ഡോളറിലെത്തി. അതേ സമയം കമ്പനിയുടെ ചെലവ് 19 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ മെറ്റാവേഴ്സ് പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്ന റിയാലിറ്റി ലാബ് ഡിവിഷന്റെ നഷ്ടം 1.1 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 3.7 ബില്യണ്‍ ഡോളറായി. മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ച ശേഷം കമ്പനിയുടെ മെറ്റാവേഴ്‌സ് പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് കൊണ്ട് സക്കര്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു.

ഓഗ്മെന്റ് റിയാലിറ്റി, ന്യൂറല്‍ ഇന്റര്‍ഫേസ് എന്നീ മേഖലകളിലും മെറ്റ നിക്ഷേപം നടത്തുകയാണെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. 5-10 വര്‍ഷങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. എന്നാല്‍ ഫേസ്ബുക്ക് സ്ഥാപകന്റെ ന്യായീകരണങ്ങള്‍ നിക്ഷേപകര്‍ വിലയ്‌ക്കെടുത്തില്ല എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഓഹരികളില്‍ ഉണ്ടായ ഇടിവ്. ആപ്പിള്‍, സൗദി അരാംകോ, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് (ഗൂഗിള്‍), ആമസോണ്‍ എന്നിവയാണ് വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന (ടോപ് 5) കമ്പനികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it