മെറ്റാവേഴ്‌സ് സ്വപ്‌നങ്ങള്‍ തിരിച്ചടിയാവുന്നു, നഷ്ടങ്ങളുടെ കണക്കുമായി സക്കര്‍ബര്‍ഗ്

കഴിഞ്ഞ വര്‍ഷമാണ് മെറ്റാവേഴ്‌സിലേക്കുള്ള (Metaverse) മാറ്റം പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്ക് (Facebook) സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് (Mark Zuckerberg) തന്റെ കമ്പനിയുടെ പേര് മാറ്റിയത്. മെറ്റ (Meta) എന്ന് പേര് മാറ്റിയെത്തിയ ഫേസ്ബുക്ക് കമ്പനിയിലെ കാര്യങ്ങള്‍ നീങ്ങുന്നത് സക്കര്‍ബര്‍ഗ് വിചാരിച്ചത് പോലെയല്ല. 2022ലെ മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മെറ്റയുടെ വരുമാനത്തില്‍ 4 ശതമാനം ഇടിവാണ് ഉണ്ടായത്.

27.7 ബില്യണ്‍ ഡോളറാണ് മെറ്റയുടെ വരുമാനം. മുന്‍വര്‍ഷം ഇക്കാലയളവില്‍ 29 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടിയിരുന്നു. ആറ്റാദായം 52 ശതമാനം ഇടിവോടെ 4.4 ബില്യണ്‍ ഡോളറിലെത്തി. അതേ സമയം ചെലവ് 19 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ മെറ്റാവേഴ്‌സ് പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്ന റിയാലിറ്റി ലാബ് ഡിവിഷന്റെ നഷ്ടം 1.1 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 3.7 ബില്യണ്‍ ഡോളറായി.

ജൂലൈ-സെപ്റ്റംബര്‍ പാദഫലങ്ങള്‍ പുറത്തുവന്നതോടെ മെറ്റയുടെ ഓഹരികള്‍ 20 ശതമാനം ആണ് ഇടിഞ്ഞത്. മണിക്കൂറുകള്‍ കൊണ്ട് 67 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്. 2022 തുടങ്ങിയ ശേഷം മെറ്റ ഓഹരികള്‍ ഇടിഞ്ഞത് 61.65 ശതമാനം ആണ്. നിലവില്‍ 348.90 ബില്യണ്‍ ഡോളറാണ് മെറ്റയുടെ വിപണി മൂല്യം.

മെറ്റയുടെ നടപടികളില്‍ നിക്ഷേപകര്‍ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മെറ്റയുടെ 2.46 മില്യണ്‍ ഓഹരികള്‍ കൈവശമുള്ള ഓള്‍ട്ടിമീറ്റര്‍ ക്യാപിറ്റല്‍ സിഇഒ ബ്രാഡ് ഗേസ്റ്റ്‌നെര്‍ കമ്പനിക്ക് ഒരു തുറന്ന കത്തെഴുതിയിരുന്നു. കമ്പനി മെറ്റാവേഴ്‌സ് നിക്ഷേപങ്ങള്‍ 10-15 ബില്യണില്‍ നിന്ന് 5 ബില്യണ്‍ ഡോളറായി കുറക്കണമെന്നും ജീവനക്കാരുടെ എണ്ണം കുറക്കണമെന്നുമാണ് കത്തിലെ ആവശ്യം.

അതേ സമയം, ഭാവിയില്‍ നിര്‍ണായകമായ മേഖകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാതിരിക്കുന്നത് തെറ്റാണ്. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ കാണുമ്പോള്‍ ആളുകള്‍ ചോദിക്കാം.. ഇത്രയും പണം മുടക്കിയിട്ട് ഇതാണോ ചെയ്തതെന്ന്. അടുത്ത 5-10 വര്‍ഷങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ മെച്ചപ്പെടും- കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുകൊണ്ട് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഓഗ്മെന്റ് റിയാലിറ്റി, ന്യൂറല്‍ ഇന്റര്‍ഫേസ് എന്നീ മേഖലകളിലും മെറ്റ നിക്ഷേപം നടത്തുകയാണെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it