ക്രിപ്‌റ്റോ നിയന്ത്രണം ഭൂരിപക്ഷവും അനുകൂലിക്കുന്നില്ല; സര്‍വേ റിപ്പോര്‍ട്ട്

ഭൂരിപക്ഷം ഇന്ത്യക്കാരും ക്രിപ്‌റ്റോ കറന്‍സികള്‍ നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും ഈ അഭിപ്രായം ആണ് മുന്നോട്ട് വെച്ചത്. സര്‍ക്കാര്‍ ക്രിപ്‌റ്റോയെ നിയമവിധേയം ആക്കേണ്ട. എന്നാല്‍ ഡിജിറ്റല്‍ അസറ്റായി കണക്കാക്കി നികുതി ഏര്‍പ്പെടുത്തുന്നതിനെ ഇക്കൂട്ടര്‍ അനുകൂലിച്ചു. ലോക്കള്‍ സര്‍ക്കിള്‍സ് എന്ന സ്ഥാപനമാണ് സര്‍വേ നടത്തിയത്.

26 ശതമാനം പേരാണ് ക്രിപ്‌റ്റോകളെ രാജ്യത്ത് നിയമവിധേയമാക്കണമെന്ന് പറഞ്ഞത്. സര്‍വേയുടെ ഭാഗമായ 20 ശതമാനം പേര്‍ പ്രത്യേകിച്ച് അഭിപ്രായം ഒന്നും തന്നെ രേഖപ്പെടുത്തിയില്ല. അതേ സമയം സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേര്‍ക്കും ക്രിപ്‌റ്റോ കറന്‍സികളില്‍ വലിയ വിശ്വാസം ഇല്ല. റിസ്‌ക് മറച്ചുവെച്ചുകൊണ്ട് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളുടെയും എക്‌സ്‌ചേഞ്ചുകളുടെയും പരസ്യങ്ങള്‍ തടയണമെന്ന് 76 ശതമാനവും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നതുവരെ ഇത്തരം പരസ്യങ്ങള്‍ തടയണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. 15 ദിവസം കൊണ്ട് 56,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
നവംബര്‍ 29ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തില്‍ കേന്ദ്രം ക്രിപ്‌റ്റോ ബില്‍ അവതരിപ്പിക്കും. സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കുമെന്ന് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഇന്നലെ പല കറന്‍സികളുടെയും വില ഇടിഞ്ഞിരുന്നു. ക്രിപ്‌റ്റോകളെ പണത്തിന് പകരം ഉപയോഗിക്കാന്‍ കേന്ദ്രം അനുവദിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഡിജിറ്റല്‍ അസറ്റായി കണക്കാക്കി നികുതി ഈടാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it