Begin typing your search above and press return to search.
വീണ്ടും ശുഭാപ്തി വിശ്വാസം; വിപണികളിൽ ഉണർവ്; ക്രൂഡ് ഓയിൽ 117 ഡോളറിനു മുകളിൽ; മൊബൈൽ, ഗൃഹോപകരണ വിൽപന കുറയുന്നു
എല്ലായിടത്തും ശുഭാപ്തി വിശ്വാസം. ഓഹരി വിപണികൾ ഉത്സാഹത്തിൽ. കുറേ ദിവസങ്ങളിലെ അനിശ്ചിതത്വങ്ങൾക്കു ശേഷമാണ് വിപണിയിലെ ഉത്സാഹം. എന്നാൽ ക്രൂഡ് ഓയിൽ വില 117 ഡോളറിനു മുകളിലായതു വിലക്കയറ്റത്തിനു ശമനം അകലെയാണെന്നു സൂചിപ്പിക്കുന്നു. വ്യാവസായിക ലോഹങ്ങളുടെ വിപണി ഉണർവിലാണ്.
തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവിനു ശേഷം ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തിൽ ക്ലോസ് ചെയ്തു. താഴ്ന്ന നിലയിൽ വാങ്ങാൻ സ്വദേശി ഫണ്ടുകളും റീട്ടെയിൽ നിക്ഷേപകരും ഉത്സാഹിച്ചതാണു കാരണം. പാശ്ചാത്യ വിപണികളും നേട്ടത്തിലായി. അമേരിക്കൻ സൂചികകൾ രണ്ടു ശതമാനത്തോളം ഉയർന്നു. നാസ്ഡാക് 2.68 ശതമാനം കയറിയപ്പോൾ എസ് ആൻഡ് പി 1.99 ശതമാനം ഉയരത്തിലാണ്. ഡൗ 1.61 ശതമാനം കയറി.
യുഎസ് ഫെഡ് പലിശ വർധന ക്രമരഹിതമായി നടത്തില്ല എന്ന ഉറപ്പും റീട്ടെയിൽ കമ്പനികൾ വിൽപനയെപ്പറ്റി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചതുമാണു യുഎസ് സൂചികകളെ നേട്ടത്തിലാക്കിയത്. മൂന്നു പ്രധാന സൂചികകളും ഈയാഴ്ച പ്രതിവാര നേട്ടം ഉണ്ടാക്കുമെന്ന് ഉറപ്പായി. രണ്ടു മാസത്തോളമായി പ്രതിവാര നഷ്ടത്തിലാണു വിപണി.
ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് അൽപം താഴ്ചയിലാണ്. എന്നാൽ ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല നേട്ടത്താേടെ വ്യാപാരം തുടങ്ങി. നിക്കൈ ഒരു ശതമാനവും ഹാങ് സെങ് രണ്ടു ശതമാനവും കയറി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,291-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അൽപം താഴ്ന്ന് 16,260 ലായി. എങ്കിലും ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.
സെൻസെക്സ് ഇന്നലെ നേട്ടത്തിൽ തുടങ്ങിയിട്ട് കുത്തനേ താഴുകയും പിന്നീട് അതേ പോലെ ഉയർന്ന് ഒരു ശതമാനത്തോളം നേട്ടത്തിൽ ക്ലോസ് ചെയ്യുകയും ചെയ്തു. നിഫ്റ്റിയും അതേ വഴിക്കു നീങ്ങി. ഓപ്പണിംഗിലേക്കാൾ ഗണ്യമായി ഉയർന്നു ക്ലോസ് ചെയ്ത സൂചികകൾ ഹ്രസ്വകാല ബുളളിഷ് സൂചനകളോടെയാണ് നിൽക്കുന്നത്. 503.27 പോയിൻ്റ് (0.94%) നേട്ടമുണ്ടാക്കിയ സെൻസെക്സ് 54,252.53-ലും 144.38 പോയിൻ്റ് (0.9%) ഉയർന്ന നിഫ്റ്റി 16,170.15 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.35 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.77 ശതമാനവും കയറി. മെറ്റൽ (2.67%), ബാങ്ക് (2.2%), ധനകാര്യ (1.97%), ഐടി (1.33%), റിയൽറ്റി (1.39%) സൂചികകൾ മികച്ച നേട്ടമുണ്ടാക്കി.
വിദേശ നിക്ഷേപകർ ഇന്നലെ 1597.84 കോടിയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു വിദേശികളുടെ വിൽപന കുറവായിരുന്നു. സ്വദേശി ഫണ്ടുകളുടെ വാങ്ങൽ 2906.46 കോടി രൂപയുടേതായി വർധിച്ചു.
നിഫ്റ്റിക്ക് 15,980-ലും 15,795-ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,280-ഉം 16,395-ഉം തടസങ്ങളാകും.
ക്രൂഡ് ഓയിൽ വില അപ്രതീക്ഷിതമായി ഉയർന്നു. ബ്രെൻ്റ് ഇനം ഏതാനും ദിവസമായി 114 ഡോളറിൻ്റെ പരിസരത്തായിരുന്നു. റഷ്യൻ ഉൽപാദനം എട്ടു ശതമാനത്തോളം കുറയുമെന്ന റിപ്പോർട്ടാണു കയറ്റത്തിനു കാരണം. ബ്രെൻ്റ് ഇനം മൂന്നു ശതമാനം കയറി 117.6 ഡോളറിലെത്തി. പ്രകൃതിവാതക വില 8.96 ഡാേളറായി താഴ്ന്നു.
വ്യാവസായിക ലോഹങ്ങൾ സമ്മിശ്ര ചിത്രമാണ് ഇന്നലെ നൽകിയത്. ചെമ്പുവില 0.64 ശതമാനം ഉയർന്ന് ടണ്ണിന് 9345 ഡോളറിലെത്തി. അലൂമിനിയം അൽപം താണ് 2863 ഡോളറായി. നിക്കൽ 3.08 ശതമാനം കയറി. ഡിമാൻഡ് വർധിക്കും എന്നാണു വിപണിയുടെ വിലയിരുത്തൽ.
സ്വർണം ഗതി നിർണയിക്കാനാവാതെ നിൽക്കുകയാണ്. ഇന്നലെ 1841-1854 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1850-1852- ലാണു വ്യാപാരം. ഡോളർ സൂചിക ഉയർന്നാൽ സ്വർണം വീണ്ടും താഴാേട്ടു പോകും. ഇന്നലെ 101.72 ലേക്കു ഡോളർ സൂചിക താണിരുന്നു.
രൂപ ഇന്നലെ ദുർബലമായി. ഡോളർ എട്ടു പൈസ നേട്ടത്തിൽ 77.61 രൂപയിലേക്കു കയറി.
ജിഡിപി വളർച്ച പ്രതീക്ഷയോളം വരില്ലെന്ന്
2021-22 ധനകാര്യ വർഷത്തെ സാമ്പത്തിക വളർച്ച സംബന്ധിച്ച പുതിയ നിഗമനങ്ങൾ ആശങ്കകളെ ശരിവയ്ക്കുന്നതാണ്. ജിഡിപി വളർച്ച 8.9 ശതമാനമാകുമെന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസി (എൻഎസ്ഒ) ൻ്റെ ഫെബ്രുവരിയിലെ നിഗമനം ശരിയല്ലെന്നു വ്യക്തമായി വരുന്നു. ചൊവ്വാഴ്ചയാണ് നാലാം പാദത്തിലെ കണക്കുകൾ അടക്കം എൻഎസ്ഒ ജിഡിപി എസ്റ്റിമേറ്റ് പുറത്തു വിടുന്നത്.
നാലാം പാദത്തിൽ 4.8 ശതമാനം വളർച്ചയാണ് എൻഎസ്ഒ കണക്കാക്കിയത്. ഒന്നാം പാദത്തിൽ 20.3%, രണ്ടിൽ 8.5%, മൂന്നിൽ 5.4% എന്നിങ്ങനെ വളർച്ച ഉണ്ടായതാണ്. നാലിൽ 4.8 ശതമാനം വളർന്നാൽ വാർഷിക വളർച്ച 8.9 ശതമാനം വരും.
എന്നാൽ നാലാംപാദ വളർച്ച മൂന്നു ശതമാനത്തിൽ താഴെയേ ഉണ്ടായുള്ളു എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം പറയുന്നത്. അവരുടെ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് പറഞ്ഞത് നാലാം പാദ വളർച്ച 2.7 ശതമാനമേ വരൂ എന്നാണ്. ചിലപ്പോൾ 2.5 ശതമാനമായി കുറയുകയും ചെയ്യും. അപ്പോൾ 2021-22 ലെ ജിഡിപി വളർച്ച 8.2 ശതമാനത്തിനും 8.5 ശതമാനത്തിനുമിടയിലായി കുറയും.
വളർച്ചക്കുറവിന് ജനുവരിയിലാരംഭിച്ച ഒമിക്രോൺ വ്യാപനത്തെ മാത്രം കുറ്റപ്പെടുത്താനാവില്ല. ജനുവരിയിൽ ചില്ലറ വിലക്കയറ്റം ആറു ശതമാനം കടന്നു. വിലക്കയറ്റം ജനങ്ങളുടെ വാങ്ങൽ ശേഷി കുറച്ചു. ജനങ്ങൾ വാങ്ങൽ കുറയ്ക്കുമ്പോൾ വിൽപന കുറയും. ജിഡിപി കുറയും. ഒമിക്രോൺ വ്യാപനം ഇതിനൊപ്പം വളർച്ചയെ വലിച്ചു താഴ്ത്തി.
എൻഎസ്ഒ യുടെ രണ്ടാം അഡ്വാൻസ് എസ്റ്റിമേറ്റ് ശരിയല്ലെന്നു റേറ്റിംഗ് ഏജൻസി ഇക്രയും കഴിഞ്ഞ ദിവസം വിലയിരുത്തി. നാലാം പാദ വളർച്ച 3.5 ശതമാനമാകുമെന്നാണ് അവർ കണക്കാക്കുന്നത്.
ജിഡിപി കുറയുന്നത് സർക്കാരിൻ്റെ കമ്മി അടക്കമുള്ള കണക്കുകളെ ദോഷകരമായി ബാധിക്കും.
വിലക്കയറ്റം വിൽപനയെ ബാധിക്കുന്നു
അസംസ്കൃത പദാർഥങ്ങൾക്കും ഘടക വസ്തുക്കൾക്കും വില കൂടിയതിനെ തുടർന്ന് ഉൽപന്നവില വർധിപ്പിച്ച വ്യവസായങ്ങൾക്കു വിൽപനയിൽ തിരിച്ചടി. മൊബൈൽ ഫോൺ, റെഫ്രിജറേറ്റർ, ടെലിവിഷൻ, വാഷിംഗ് മെഷീൻ തുടങ്ങിയവയുടെ വിൽപന ഗണ്യമായി കുറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വില 10 മുതൽ 15 വരെ ശതമാനം വർധിപ്പിച്ചിരുന്നു.
മൊബൈൽ ഫോൺ വിൽപന 30 ശതമാനത്തോളം കുറഞ്ഞു. ജനുവരിയിലാരംഭിച്ച ഇടിവ് ഇപ്പാേഴും തുടരുകയാണ്. ഇതേ തുടർന്നു കമ്പനികൾ ഉൽപാദനം കുറച്ചു. മറ്റു ഗൃഹോപകരണങ്ങളുടെയും കാര്യം ഇങ്ങനെ തന്നെ.
വിപണിയിലെ ഒരു ശ്രദ്ധേയ കാര്യം മിക്ക ഉൽപന്നങ്ങളുടെയും എൻട്രി ലെവലിൽ ആണു വ്യാപാരം കുറയുന്നത് എന്നതാണ്. 10,000-നും 30,000-നുമിടയിലുള്ള ഫോണുകളുടെ വിൽപനയിലാണു വലിയ ഇടിവ്. സമൂഹത്തിലെ ഇടത്തരക്കാരുടെ വാങ്ങൽ ശേഷിയാണ് വിലക്കയറ്റം മൂലം കുറഞ്ഞു പോയത്. ലക്ഷുറി ഇനങ്ങളുടെ വിൽപനയിൽ കുറവില്ല. സമ്പന്ന വിഭാഗങ്ങളുടെ വാങ്ങൽ ശേഷിക്കു കോട്ടമില്ലെന്നു ചുരുക്കം.
ഇതു ഗൃഹോപകരണങ്ങളിൽ മാത്രമല്ല വാഹനങ്ങളിലും കാണാം. എൻട്രി ലെവൽ കാർ - ടൂ വീലർ വിൽപന സാരമായി ഇടിഞ്ഞു. അതേ സമയം എസ് യു വികളുടെയും ആഡംബര വാഹനങ്ങളുടെയും വിൽപന കൂടുന്നു. സമൂഹത്തിൽ വർധിച്ചു വരുന്ന അസമത്വത്തിൻ്റെ ഫലമാണിത്. താഴ്ന്ന വരുമാനക്കാരിൽ നിന്ന് ഇടത്തരക്കാരിലേക്കു കയറുന്നവരുടെ എണ്ണം കുറയുന്നു എന്നും ഇതു കാണിക്കുന്നു.
This section is powered by Muthoot Finance
Next Story
Videos