ആശ്വാസ റാലിയിലേക്കു വിപണി; ആഗോള സൂചനകൾ പോസിറ്റീവ്; ചില്ലറ വിലക്കയറ്റം ആശങ്കാജനകം; രൂപയ്ക്കും ഭീഷണി; ലോഹങ്ങൾക്ക് ഇടിവ്
ആശ്വാസറാലിക്ക് അനുകൂലമായി ആഗോള സൂചനകൾ. എസ്ജിഎക്സ് നിഫ്റ്റി 16,000-നു സമീപത്തേക്കു കുതിച്ചിട്ടുണ്ട്. ഏഷ്യൻ വിപണികൾ നല്ല ഉയർച്ചയിലാണ്. എന്നാൽ പരിധിവിട്ട ചില്ലറ വിലക്കയറ്റവും ഉണർവ് കാണിക്കാത്ത വ്യവസായ ഉൽപാദനവും വിപണിയെ വലിച്ചു താഴ്ത്തുമോ എന്ന ആശങ്കയുമുണ്ട്.
തുടർച്ചയായ അഞ്ചു ദിവസത്തെ താഴ്ചയ്ക്കു ശേഷം ഒരാശ്വാസ റാലി വിപണി പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സമീപനവും രൂപയുടെ നീക്കവും ആകും വിപണിഗതിയെ ഇന്നു നിയന്ത്രിക്കുക.
ഇന്നലെ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ ഇന്ത്യൻ വിപണി കടുത്ത കരടി വലയത്തിലായി. സെൻസെക്സ് ഒരു മാസം കൊണ്ട് ആറായിരം പോയിൻ്റ് ഇടിഞ്ഞു. ഇന്ത്യൻ മാർക്കറ്റിൻ്റെ വിപണിമൂല്യത്തിൽ 34 ലക്ഷം കോടി രൂപയുടെ നഷ്ടം. ( ഏപ്രിൽ 11 ലെ 275 ലക്ഷം കോടി രൂപയിൽ നിന്ന് 241 ലക്ഷം കോടിയിലേക്കു താഴ്ച). എവിടെ നിന്നാണു വിപണി ഇനി തിരിച്ചുകയറുക എന്നു പ്രവചിക്കാൻ ആരും ധൈര്യപ്പെടുന്നില്ല.
ഇന്നലെ യൂറോപ്യൻ വിപണികൾ തുടക്കത്തിലെ വലിയ തകർച്ചയ്ക്കുശേഷം അൽപം നേട്ടമുണ്ടാക്കി. ശരാശരി ഒരു ശതമാനം താഴ്ചയിലാണു സൂചികകൾ ക്ലോസ് ചെയ്തത്.
യുഎസ് വിപണി താഴ്ന്നു തുടങ്ങിയിട്ടു വീണ്ടും ഇടിഞ്ഞു. ഡൗ ജോൺസ് 31,228.28 ലും നാസ്ഡാക് 11,108.76 ലും എത്തി ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലകുറിച്ചു. പിന്നീട് നഷ്ടം കുറച്ച ഡൗ ജോൺസ് 0.33 ശതമാനം താഴ്ചയിൽ ക്ലോസ് ചെയ്തപ്പോൾ നാസ്ഡാക് 0.06 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു.
താഴ്ചയിൽ നിന്ന് ഒന്നര ശതമാനത്തിലേറെ ഉയർന്നതിൽ പലരും നല്ല സൂചന കണ്ടു. എന്നാൽ ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലാണ്.
ഏഷ്യൻ വിപണികൾ നല്ല ആവേശത്തിലാണ് ഇന്നു രാവിലെ. ജപ്പാനിലെ നിക്കൈ സൂചിക രണ്ടേകാൽ ശതമാനത്തിലധികം കുതിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 15,816 വരെ താഴ്ന്നിട്ട് 15,867ലെത്തി. ഇന്നു രാവിലെ സൂചിക കുതിച്ചു കയറി 15,999ലെത്തി. പിന്നീട് 15,980 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഗണ്യമായ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.
വ്യാഴാഴ്ച സെൻസെക്സ് 1158.08 പോയിൻ്റ് (2.14%) തകർന്ന് 52,930.31 ലും നിഫ്റ്റി 359.1 പോയിൻ്റ് (2.22%) ഇടിഞ്ഞ് 15,808 ലും ക്ലോസ് ചെയ്തു. ഒട്ടുമിക്ക വ്യവസായ മേഖലാ സൂചികകളും രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 5255.75 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം ഇതു വരെ അവരുടെ വിൽപന 28,920.95 കോടി രൂപയുടേതാണ്. സ്വദേശി ഫണ്ടുകൾ 4815.64 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്ക് 15,685-ലും 15,555 ലും സപ്പോർട്ട് ഉണ്ടെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഉയർച്ചയിൽ 15,990 ലും 16,170 ലും തടസം നേരിടും. വിപണി വീണ്ടും താണാൽ 15,500 ൻ്റെ പരിസരത്തു നിന്നു തിരിച്ചു കയറ്റത്തിനു സാധ്യത ഉണ്ട്.
ആഗോള ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുന്നതായ റിപ്പോർട്ടുകൾ ക്രൂഡ് വിലയെ ഇന്നു രാവിലെ അപ്രതീക്ഷിതമായി ഉയർത്തി. 107.5 ഡോളറിൽ നിന്ന് ബ്രെൻ്റ് ഇനം 109.3 ഡോളറിൽ എത്തി. ഇനിയും കയറുമെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു. മാന്ദ്യഭീഷണിയാണു കാരണം. ചെമ്പുവില 3.71 ശതമാനം ഇടിഞ്ഞ് ടണ്ണിന് 9018 ഡോളർ ആയി. ടിൻ 5.82 ശതമാനം ഇടിഞ്ഞു. ഇരുമ്പയിര് 1.73 ശതമാനം താഴ്ചയിലാണ്.
സ്വർണം ഇന്നലെ 1810 ഡോളർ വരെ താഴ്ന്നിട്ട് അൽപം കയറി. ഇന്നു രാവിലെ 1824-1825 ഡോളറിലാണു സ്വർണം. ഇന്നലെ കേരളത്തിൽ പവന് 360 രൂപ വർധിച്ച് 37,760 രൂപയായി. ഇന്നു വില കുറഞ്ഞേക്കും.
രൂപ ഇന്നലെ താഴ്ചയിലായി. ഡോളർ 77.63 രൂപ വരെ കയറിയിട്ട് 77.5 രൂപയിൽ ക്ലാേസ് ചെയ്തു. റിസർവ് ബാങ്ക് സ്പാേട്ട് വിപണിയിലും ഫോർവേഡ് വിപണിയിലും വൻതോതിൽ ഇടപെട്ടാണ് രൂപയെ അൽപം ഉയർത്തിയത്.
ഡോളർ ശേഖരത്തിൽ ഗണ്യമായ കുറവ് ഉണ്ടാക്കുന്ന ഈ ഇടപെടലിന് എന്തു ചെലവായെന്ന് രണ്ടാഴ്ച കഴിഞ്ഞേ അറിയൂ. റിസർവ് ബാങ്കിൻ്റെ കണക്ക് രണ്ടാഴ്ചയ്ക്കു ശേഷമാണു പുറത്തു വിടുക.
ലോക വിപണിയിൽ ഗൂഢ കറൻസികൾ ഇന്നലെയും ഇടിഞ്ഞു. പിന്നീടു കയറി. ഇന്നു രാവിലെ ബിറ്റ് കോയിൻ വില 29,000 ഡോളറിനു മുകളിലായി.
വിലക്കയറ്റം കുറഞ്ഞേക്കും; പക്ഷേ
ചില്ലറ വിലക്കയറ്റം കണക്കുകൂട്ടലുകളെ മറികടന്നു. ഇത് ഈ സീസണിലെ വിലക്കയറ്റത്തിൻ്റെ പാരമ്യമാണെന്ന് കരുതാൻ നിരവധി പേർ താൽപര്യമെടുക്കുന്നുണ്ട്. എന്നാൽ യുക്രെയ്നും ക്രൂഡ് ഓയിലും ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ എണ്ണയും അതിനു സമ്മതിക്കുമോ എന്നു വ്യക്തമല്ല.
വിലകൾ ഇനി കുറയും എന്നു കരുതുന്നവർ നല്ല കാര്യങ്ങളെ ആധാരമാക്കിയല്ല അങ്ങനെ പറയുന്നത്. ഉയർന്ന വിലക്കയറ്റം മനുഷ്യരുടെ ഉപഭോഗം കുറയ്ക്കും. അതിൻ്റെ ഫലമായി വിൽപന കുറയും, ഉൽപാദനം കുറയ്ക്കും. അപ്പോൾ സാമ്പത്തിക മാന്ദ്യം ഉണ്ടാകും. അപ്പോൾ വിലകളും വിലക്കയറ്റവും കുറയും എന്നാണ് അവർ സൂചിപ്പിക്കുന്നത്. വിലക്കയറ്റം പോലെ തന്നെ അസ്വീകാര്യമാണ് മാന്ദ്യവും.
സഹനപരിധി കടന്നു നാലാം മാസം
മാർച്ചിൽ 6.95 ശതമാനമായിരുന്ന ചില്ലറ വിലക്കയറ്റം ഏപ്രിലിൽ 7.79 ശതമാനത്തിലേക്കു കുതിച്ചു. 95 മാസത്തിനിടയിലെ (മോദി ഭരണത്തിലെ) ഏറ്റവും ഉയർന്ന നിരക്ക്. കഴിഞ്ഞ ഡിസംബറിൽ 5.59 ശതമാനമായിരുന്ന വിലക്കയറ്റം തുടർന്നു നാലു മാസവും റിസർവ് ബാങ്കിൻ്റെ സഹനപരിധിയായ ആറു ശതമാനത്തിനു മുകളിലായി.
ജനുവരി 6.01%, ഫെബ്രുവരി 6.07%, മാർച്ച് 6.95%, ഏപ്രിൽ 7.79% എന്നിങ്ങനെ. വിലക്കയറ്റം നാലു ശതമാനത്തിൽ ഒതുക്കാനാണു റിസർവ് ബാങ്കിനുള്ള നിർദേശം. ഇതു രണ്ടു മുതൽ ആറുവരെ ശതമാനം മേഖലയിൽ കയറിയിറങ്ങാം. ഈ പരിധി മറികടന്നാൽ റിസർവ് ബാങ്ക് പാർലമെൻ്റിനു വിശദീകരണം നൽകണം.
ഈ മാസമാദ്യം മുന്നറിയിപ്പില്ലാതെ പലിശ നിരക്കു കൂട്ടാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത് ഏപ്രിലിലെ വിലക്കയറ്റം പരിധി കടക്കും എന്ന വിവരമാണെന്നു സംസാരമുണ്ടായിരുന്നു. അപ്പോഴും നിരീക്ഷകർ കണക്കാക്കിയത് 7.5 ശതമാനം വിലക്കയറ്റമാണ്. പക്ഷേ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ (എൻഎസ്ഒ) കണക്ക് അതിന്നപ്പുറമായി.
ഭക്ഷ്യവിലക്കയറ്റം മാർച്ചിലെ 7. 68 ശതമാനത്തിൽ നിന്ന് 8.38% ആയി. ഭക്ഷ്യ എണ്ണ 17.3% വും പച്ചക്കറികൾ 15.4% വും ഉയർന്നു. ഇന്ധന വിലക്കയറ്റം 10.8 ശതമാനമായി.
ഇന്ധന, ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 6.4-ൽ നിന്ന് ഏഴു ശതമാനത്തിലെത്തി. സേവന മേഖലയിലെ വിലക്കയറ്റം 115 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 8.03% - ആയി. ഗതാഗത - സമ്പർക്ക വിനിമയ ചെലവുകൾ 10.9% വർധിച്ചു.
ക്രയശേഷി കുറയ്ക്കും
ഇപ്പോഴത്തേത് ഈ സീസണിലെ ഏറ്റവും ഉയർന്നതായാലും വരും മാസങ്ങളിലെ വിലക്കയറ്റവും ഏഴു ശതമാനത്തിനു മുകളിലാകുമെന്നാണു പൊതു നിഗമനം. 2022-23 ധനകാര്യവർഷം ശരാശരി 6.3 ശതമാനം വിലക്കയറ്റമാണു റേറ്റിംഗ് ഏജൻസി ക്രിസിൽ കണക്കാക്കുന്നത്. 2021-22 ൽ ഇത് 5.5 ശതമാനമായിരുന്നു.
വില കൂടുന്തോറും ജനങ്ങളുടെ വരുമാനത്തിൻ്റെ ക്രയശേഷി കുറയും. ഉള്ള പണം നൽകിയാൽ കുറച്ചു സാധനങ്ങളേ കിട്ടൂ. കടമെടുത്തു ചെലവാക്കാൻ മടിക്കുന്നവർ ചെലവ് ചുരുക്കും. അതു വിൽപനയും ക്രമേണ ഉൽപാദനവും കുറയ്ക്കും.
വിലക്കയറ്റം കൂടുമ്പോൾ കടമെടുത്തു വീടു പണിയാനോ വാഹനം വാങ്ങാനോ ഉത്സാഹിക്കില്ല. ഇതെല്ലാം സാമ്പത്തിക പ്രവർത്തനങ്ങൾ കുറയ്ക്കും. ജിഡിപി കുറയും. അതു രാജ്യത്തിനും ജനങ്ങൾക്കും ദോഷമാണ്.
പലിശ ഏതു വരെ കയറും?
വിലക്കയറ്റം കടിഞ്ഞാണില്ലാതെ പായുന്ന നില വരാതിരിക്കാൻ റിസർവ് ബാങ്ക് കുറേ നടപടികൾ ഈ മാസമാദ്യം എടുത്തു. റീപോ നിരക്ക് 40 ബേസിസ് പോയിൻ്റ് വർധിപ്പിച്ച് 4.4 ശതമാനമാക്കി. (വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അടിയന്തര ഘട്ടത്തിൽ നൽകുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്.) ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പണത്തിൻ്റെ (കരുതൽ പണ അനുപാതം - ക്യാഷ് റിസർവ് റേഷ്യോ- സിആർആർ) തോതു നാലിൽ നിന്നു നാലര ശതമാനമാക്കി.
ബാങ്കിംഗ് മേഖലയിലെ അധിക പണലഭ്യത കുറയ്ക്കാൻ മറ്റു ചില നടപടികളും പ്രഖ്യാപിച്ചു. ഇവയുടെ തുടർനടപടി അടുത്ത മാസം പണനയ കമ്മിറ്റി (എംപി സി) പ്രഖ്യാപിക്കും. റീപോ നിരക്ക് ഇക്കൊല്ലം രണ്ടോ മൂന്നോ തവണയായി 100-110 ബേസിസ് പോയിൻ്റ് വർധിപ്പിച്ച് 5.5 ശതമാനമാക്കും എന്നാണ് നിഗമനം. ചിലർ അടുത്ത മാർച്ചോടെ നിരക്ക് ആറു ശതമാനമാകുമെന്നു പ്രതീക്ഷിക്കുന്നു.
ഇതേ സമയം പലിശ വർധിപ്പിക്കുന്നത് വളർച്ച തടയും എന്നു പറഞ്ഞു സർക്കാർ റിസർവ് ബാങ്കിൻ്റെ മേൽ സമ്മർദം ചെലുത്തുകയാണ്. സർക്കാർ കടപ്പത്രങ്ങളുടെ പലിശ കൂട്ടേണ്ടി വരുന്നത് സർക്കാരിനു ബാധ്യത കൂട്ടും. പലിശ കൂടുമെന്ന നിഗമനം കടപ്പത്രങ്ങളുടെ വില താഴ്ത്തും.
ഇതു കണക്കാക്കി വിദേശ നിക്ഷേപകർ കടപ്പത്രങ്ങളിൽ നിന്നു വിറ്റു മാറുകയാണ്. ഇതു തടയാനും സർക്കാർ ആഗ്രഹിക്കുന്നു. എന്നാൽ പലിശ വർധിപ്പിക്കാതെ വിലക്കയറ്റം പിടിച്ചു നിർത്താൻ റിസർവ് ബാങ്കിനു മാർഗമറിയില്ല.
രൂപയെ താങ്ങാൻ
അതിനിടെ വിദേശികൾ പണം പിൻവലിക്കുന്നതടക്കമുള്ള കാരണങ്ങളാൽ രൂപയുടെ വിലയിടിയുന്നു. രൂപയെ പിടിച്ചു നിർത്താനും പലിശ കൂട്ടണം. രൂപയെ താങ്ങി നിർത്താൻ ഡോളർ വൻതോതിൽ ചെലവഴിക്കണം. അതു വിദേശനാണ്യ ശേഖരം ഇടിയാൻ കാരണമാകും.
ഡോളർ നിരക്കു രാജ്യാന്തര വിപണിയിൽ ഉയർന്നു പോകുകയാണ്. രൂപയെ സംരക്ഷിക്കാൻ കൂടുതൽ ഡോളർ ആവശ്യം വരും. ഇതെല്ലാം റിസർവ് ബാങ്കിൻ്റെ ജോലി കൂടുതൽ പ്രയാസകരമാക്കുന്നു.
വ്യവസായ ഉൽപാദന വളർച്ചയിൽ തിളക്കമില്ല
മാർച്ചിലെ വ്യവസായ ഉൽപാദനം 1.9 ശതമാനം മാത്രമാണു വളർന്നത്. തലേ മാസം 1.7 ശതമാനമായിരുന്നു വളർച്ച. ഫാക്ടറി ഉൽപാദനത്തിൽ 0.9 ശതമാനം വളർച്ചയേ ഉണ്ടായുള്ളു. കൺസ്യൂമർ ഡ്യൂറബിൾസ് (പ്രധാനമായും ഗൃഹോപകരണങ്ങൾ) ഉൽപാദനം തുടർച്ചയായ ആറാം മാസവും കുറഞ്ഞു.
3.2 ശതമാനമാണു മാർച്ചിലെ കുറവ്. എഫ്എംസിജി ഉൽപാദനം തുടർച്ചയായ രണ്ടാം മാസം കുറഞ്ഞു. അഞ്ചു ശതമാനമാണു മാർച്ചിലെ ഇടിവ്.
യന്ത്ര ഉൽപാദനം 0.7 ശതമാനം മാത്രം കൂടി. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ട സാമഗ്രികളുടെ ഉൽപാദനം 7.3 ശതമാനം കൂടി. ഖനനം നാലും വൈദ്യുതി ഉത്പാദനം 6.1 - ഉം ശതമാനം വർധിച്ചു. സാമ്പത്തികവളർച്ച പഴയതുപോലെ ആകുന്നു എന്ന അവകാശവാദങ്ങൾ തെറ്റാണെന്നു കാണിക്കുന്നതാണ് വ്യവസായ ഉൽപാദന വളർച്ചയുടെ ദയനീയ നില.