റിസർവ് ബാങ്കിന്റെ അപ്രതീക്ഷിത ആഘാതത്തിൽ വിപണി; പലിശവർധന തുടരും; ക്രൂഡ് ഓയിൽ 110 ഡോളറിനു മുകളിൽ
റിസർവ് ബാങ്ക് അപ്രതീക്ഷിതമായി പലിശ നിരക്ക് വർധിപ്പിച്ചത് ഇന്നലെ ഇന്ത്യൻ വിപണിയെ തകർച്ചയിലാക്കി. രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ വിപണിയിൽ വിദേശ നിക്ഷേപകർ വിൽപനക്കാരുമായി.
യൂറോപ്യൻ വിപണികൾ പൊതുവേ താഴ്ന്നപ്പോൾ യുഎസ് വിപണി കുതിച്ചു കയറി. യുഎസ് കേന്ദ്ര ബാങ്ക് ഫെഡ് കുറഞ്ഞ പലിശ നിരക്ക് 50 ബേസിസ് പോയിൻ്റ് (0.5 ശതമാനം) വർധിപ്പിച്ച പ്രഖ്യാപനം വിപണിയെ ഉയർത്തുകയായിരുന്നു. ഇതോടെ യുഎസിൽ കുറഞ്ഞ പലിശ നിരക്ക് 0.75-1.0 ശതമാനമായി.
മാർച്ചിൽ കാൽ ശതമാനം വർധിപ്പിച്ചിരുന്നു. പലിശ കൂട്ടിയതല്ല ഇന്നലെ വിപണിയുടെ മൂന്നു ശതമാനം കുതിപ്പിനു കാരണം. നിരക്കുവർധന അടുത്ത രണ്ടു മാസവും അര ശതമാനം തോതിൽ നടത്തും എന്ന ഉറപ്പാണ് ഉയർച്ചയ്ക്കു കാരണം.
0.75 ശതമാനം വീതം കൂട്ടും എന്നുള്ള ആശങ്ക ഇല്ലാതായി. ഇതാണ് ആശ്വാസകരമായത്. കടപ്പത്രങ്ങൾ തിരിച്ചു വിൽക്കുന്നതിനുള്ള ക്രമീകരണവും വിപണിക്ക് ഇഷ്ടപ്പെട്ടു.
യുഎസ് ഫെഡ് തീരുമാനം ഓഹരികളെ ഉയർത്തി. ഡോളറിനെ താഴ്ത്തി. സ്വർണത്തെ ഉയർത്തി. കടപ്പത്രവില അൽപം കൂട്ടി.
ഇന്ത്യയിൽ റിസർവ് ബാങ്ക് നടപടി ഓഹരികളെ താഴ്ത്തി. കടപ്പത്രവില ഇടിച്ചു. ബാങ്കുകൾ പലിശ വർധിപ്പിക്കാൻ ഉടനെ നടപടി എടുക്കും. സ്ഥിരനിക്ഷേപ പലിശ കൂടുമെങ്കിലും നിക്ഷേപകർക്കുള്ള അധിക വരുമാനം പരിമിതമായിരിക്കും. എന്നാൽ ഭവന -വാഹന വായ്പക്കാരടക്കം എല്ലാ വായ്പക്കാർക്കും വ്യാപാര - വ്യവസായ സ്ഥാപനങ്ങൾക്കും വലിയ അധികച്ചെലവാണു പലിശ വർധന വരുത്തുക. കമ്പനികളുടെ ലാഭ മാർജിനുകൾ താഴോട്ടു പോകും.
ഉൽപന്ന വിലകൾ കുതിച്ചു കയറും. താങ്ങാനാവാത്ത വില ഉപയോക്താക്കളെ പിന്മാറ്റും. അതു വിൽപന കുറയ്ക്കും. വ്യാപാര - വ്യവസായ മേഖലകളിൽ മാന്ദ്യം ഉണ്ടാകാം.
ജൂണിലും റിസർവ് ബാങ്ക് നിരക്ക് കൂട്ടും. അത് 0.75 ശതമാനം വരുമോ എന്ന് ആശങ്കയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്നു വ്യാപാരം തുടങ്ങുക. വിദേശ നിക്ഷേപകർ എന്തു സമീപനം എടുക്കും എന്നതു നിർണായകമാണ്.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണ്. ഓസ്ട്രേലിയൻ ഓഹരികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ജപ്പാനിലും ദക്ഷിണ കൊറിയയിലും വിപണികൾക്ക് അവധിയാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,593 വരെ താഴ്ന്നിട്ട് 16,932 ലേക്കു കയറി. ഇന്നു രാവിലെ 16,835 ലേക്കു താണു. യുഎസ് വിപണിയുടെ ആവേശം ഇന്ത്യയിൽ അതേപടി ഉണ്ടാവുകയില്ല എന്ന ബോധ്യമാണ് ഇതിലുള്ളത്. എങ്കിലും നല്ല നേട്ടത്തോടെയാകും രാവിലെ വ്യാപാരം തുടങ്ങുക എന്നു കണക്കാക്കാം.
ഇന്നലെ സെൻസെക്സ് 1306.96 പോയിൻ്റ് (2.29%) തകർന്ന് 55,669.03ലും നിഫ്റ്റി 391.5 പോയിൻ്റ് (2.29%) ഇടിഞ്ഞ് 16,677.6 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകളും സമാന തകർച്ചയിലായി. എല്ലാ വ്യവസായ വിഭാഗങ്ങളും താഴ്ചയിലായിരുന്നു.
വിപണി കരടികളുടെ നിയന്ത്രണത്തിലായെന്നും ഇനിയും ഇടിയുമെന്നും ചില സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 16,800-ലെ താങ്ങ് നിഫ്റ്റി ഭേദിച്ചത് വിപണിയെ 15,670 വരെ താഴ്ത്താൻ വഴിതെളിക്കും എന്നു കരുതുന്നവരുണ്ട്. പുതിയ തടസ മേഖലയായി 16,800- 17,000 മാറി. ഇന്നു നിഫ്റ്റിക്ക് 16,490-ലും 16,300-ലും താങ്ങ് ഉണ്ടെന്ന് സാങ്കേതിക വിശകലനക്കൾ പറയുന്നു. 17,000-ലും 17,320 ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.
ഇന്നലെ വിദേശ നിക്ഷേപകർ 3288.18 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. സ്വദേശി ഫണ്ടുകൾ 1338 കോടിയുടെ വാങ്ങലുകാരായി.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ ആറു മുതൽ ഒൻപതു വരെ മാസം കൊണ്ടു നിർത്തലാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ഇതു ക്രൂഡ് വിലയെ ഉയർത്തി. ബ്രെൻ്റ് ഇനം ഇന്നലെ 110 ഡോളറിലേക്കു കയറിയത് ഇന്നു രാവിലെ 111 ലേക്ക് ഉയർന്നു. പ്രകൃതിവാതക വില 8.4 ഡോളറായി. ക്രൂഡ് വില ഒന്നുരണ്ടു മാസം കൊണ്ട് 130 ഡോളറിനു മുകളിൽ കടക്കുമെന്നാണു നിഗമനം. ഇന്ത്യയടക്കമുള്ള ഇന്ധന ഇറക്കുമതി രാജ്യങ്ങൾക്ക് ഇതു നല്ല ഭാവിയല്ല സൂചിപ്പിക്കുന്നത്.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴ്ചയിലാണ്. ചെമ്പ്, നിക്കൽ, സിങ്ക്, ടിൻ, ലെഡ്, ഇരുമ്പയിര് തുടങ്ങിയവ ഒന്നു മുതൽ മൂന്നു വരെ ശതമാനം താണു. അലൂമിനിയം വില സാങ്കേതിക തിരുത്തലിൽ അൽപം ഉയർന്നെങ്കിലും 3000 ഡോളറിനു താഴെ തുടർന്നു.
ഫെഡ് നയത്തിലെ സൂക്ഷ്മ ഘടകങ്ങളും ഡോളറിൻ്റെ ദൗർബല്യവും സ്വർണത്തിനു കരുത്തായി. നയം വരും മുമ്പ് 1860 ഡോളറിനടുത്തായിരുന്ന സ്വർണം പിന്നീട് 1890-1895 ഡോളറിലേക്കു കയറി. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 1902-1903 ഡോളറിലേക്ക് സ്വർണം എത്തി. കേരളത്തിൽ സ്വർണവില ഇന്ന് കൂടിയേക്കും. ഇന്നലെ 37,600 രൂപയിലായിരുന്നു പവൻ.
പലിശ കൂട്ടിയത് രൂപയ്ക്കു നേട്ടമായി. ഡോളർ 10 പൈസ താണ് 76.41 രൂപയിൽ ക്ലോസ് ചെയ്തു.
എൽഐസി ഐപിഒ: ആവേശം കുറവ്
എൽഐസി ഐപിഒ ഇന്നലെ ആരംഭിച്ചു. ആദ്യ ദിവസത്തെ അപേക്ഷകൾ 67 ശതമാനം ഓഹരികൾക്കു മാത്രമാണ്. പൊതുമേഖലയിൽ നിന്നുള്ള മെഗാ ഇഷ്യുവിനു വേണ്ട ആവേശത്തോടെയുള്ള സ്വീകരണം ഇന്നലെ കണ്ടില്ല. റിസർവ് ബാങ്ക് നടപടി എൽഐസി ഐപിഒയുടെ തിളക്കം കെടുത്തും എന്നു പലർക്കും ആശങ്കയുണ്ട്. ഇഷ്യുവിന് ഒൻപതു വരെ അപേക്ഷിക്കാം.
ഒരേ നടപടി, പ്രതികരണം വ്യത്യസ്തം
രണ്ടു കേന്ദ്രബാങ്കുകൾ, ഒരേ ദിവസം, സമാനമായ കാര്യങ്ങൾ ചെയ്തു. ഒരിടത്തു വിപണികൾ ആവേശത്തോടെ അതിനു സ്വാഗതമോതി. മറ്റേ സ്ഥലത്തു വിപണികൾ ഭയന്നു, തകർന്നു.
ഇന്ത്യയിൽ റിസർവ് ബാങ്കിൻ്റെ അപ്രതീക്ഷിത നിരക്കുവർധന വിപണികളെ ഞെട്ടിച്ചു. ഓഹരികൾ കുത്തനേ ഇടിഞ്ഞു. കൂടുതൽ ഞെട്ടലുകൾക്കു വഴിയുണ്ടെന്ന ഭീതിയും വിപണിയിൽ ഉണ്ടായി. അപ്രതീക്ഷിതവും നാടകീയവുമായി എന്നതാണ് നിരക്കുവർധനയേക്കാൾ വിപണിയെ ഞെട്ടിച്ച ഘടകം.
അമേരിക്ക പലിശനിരക്ക് 50 ബേസിസ് പോയിൻ്റ് (അര ശതമാനം) വർധിപ്പിക്കുമെന്നതു പ്രതീക്ഷിച്ചതാണ്. വരും മാസങ്ങളിൽ ഇതിലും കൂടിയ തോതിൽ നിരക്കു കൂട്ടുമെന്ന ആശങ്ക വേണ്ടെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കുകയും ചെയ്തു. വിപണികൾ സന്തുഷ്ടമായി. ജൂണിലും ജൂലൈയിലും അര ശതമാനം വീതം നിരക്ക് വർധിക്കും എന്ന് ഉറപ്പായി. 0.75 ശതമാനം വർധനയെപ്പറ്റി പേടിക്കേണ്ട എന്നും പവൽ പറഞ്ഞു.
ഇന്ത്യയിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആശങ്കയ്ക്കു വഴിമരുന്നിട്ടു. മഹാമാരിയും ലോക്ക്ഡൗണും വന്നപ്പോൾ എടുത്ത നടപടികൾ അദ്ദേഹം ഇന്നലെ അനുസ്മരിച്ചു.
2020 മാർച്ച് 20നു റിസർവ് ബാങ്ക് റീപോ നിരക്ക് 0.75 ശതമാനം കുറച്ചു. വീണ്ടും മേയ് 20-ന് റീപോയിൽ 0.4 ശതമാനം കുറവു വരുത്തി. തുടർന്ന് അദ്ദേഹം പറഞ്ഞു: ഇന്ന് 2020 മേയിലെ നടപടി പിന്നോട്ടടിച്ചിരിക്കുന്നു.
2020 മേയിൽ 40 ബേസിസ് പോയിൻ്റ് കുറച്ചത് ഇപ്പാേൾ തിരുത്തി എന്നു പറയുമ്പോൾ അടുത്ത ചോദ്യമിതാണ്. ഇനി 2020 മാർച്ചിലെ നടപടി തിരുത്തുമോ? അടുത്ത പണനയ കമ്മിറ്റി യോഗത്തിൽ 75 ബേസിസ് പോയിൻ്റ് (0.75%) വർധന റീപാേ നിരക്കിൽ വരുമോ?
അങ്ങനെ സംഭവിക്കും എന്നു പലരും കരുതുന്നുണ്ട്. പ്രത്യേകിച്ചും വിലക്കയറ്റം പെട്ടെന്നൊന്നും അടങ്ങില്ല എന്നു ദാസും പവലും വരെ പറയുമ്പോൾ കടുത്ത നിരക്കുവർധനയെ ഭയപ്പെടണം.
ഏപ്രിലിൽ ചില്ലറ വിലക്കയറ്റം 7.5 ശതമാനത്തിനടുത്ത് എത്തുമെന്നാണു നിഗമനം. മാർച്ചിൽ 6.95 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം.
തെറ്റായ സമയം; തെറ്റായ സമീപനം
ചെയ്യേണ്ട സമയത്തു ചെയ്തില്ല. പകരം ചെയ്യരുതാത്ത സമയത്തു ചെയ്തു. റിസർവ് ബാങ്ക് ഇന്നലെ മുന്നറിയിപ്പില്ലാതെ പലിശനിരക്കു കൂട്ടാനും പണലഭ്യത കുറയ്ക്കാനും നടപടി എടുത്തത് അത്തരമൊന്നായി.
ഏപ്രിൽ എട്ടിനു പുതിയ ധനകാര്യ വർഷത്തെ ആദ്യ പണനയ അവലോകനം വരുന്ന ദിവസം ഈ പംക്തിയിൽ എഴുതി:
"ഇന്നു രാവിലെ എല്ലാവരുടെയും ശ്രദ്ധ ശക്തികാന്ത ദാസിലായിരിക്കും. മൂന്നു ദിവസത്തെ പണനയ കമ്മിറ്റിക്കു ശേഷം എടുത്ത തീരുമാനങ്ങൾ റിസർവ് ബാങ്ക് ഗവർണർ ദാസ് രാവിലെ പത്തിന് അറിയിക്കും. നിരക്കുകളിലോ സമീപനത്തിലോ മാറ്റമില്ലാത്ത ഒരു തീരുമാനമാണ് വിപണി ആഗ്രഹിക്കുന്നത്. ഭൂരിപക്ഷം പേരും പ്രതീക്ഷിക്കുന്നതും അതാണ്.
"നിരക്ക് ഉയർത്തേണ്ടതും സമീപനം മാറ്റേണ്ടതും ആണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും മാറുകയില്ലെന്നു പ്രതീക്ഷിക്കുന്നു. പ്രതീക്ഷയ്ക്കു വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ വിപണി വല്ലാതെ പ്രതികരിക്കും.
"അമേരിക്കയിലടക്കം കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് വർധിപ്പിച്ചു തുടങ്ങി. എല്ലായിടത്തും വളർച്ചയ്ക്കു വേണ്ടി ഉദാരമായ പണലഭ്യത ഉറപ്പു വരുത്തുന്ന സമീപനം മാറ്റി. പകരം വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിർത്താനും കുറയ്ക്കാനുമുള്ള സമീപനമായി.
"ചില്ലറ വിലക്കയറ്റം 6.07 ശതമാനത്തിലെത്തിയ ഇന്ത്യയും ആ സമീപനത്തിലേക്കു മാറേണ്ട സമയം കഴിഞ്ഞെന്നു പലരും അഭിപ്രായപ്പെടുന്നു. ബാങ്ക് വായ്പകൾ ഇനിയും വേണ്ട തോതിൽ വർധിക്കുന്നില്ല. കമ്പനികൾ വ്യവസായ വായ്പകൾക്കായി ബാങ്കുകളെ സമീപിക്കുന്നില്ല. ബിസിനസ് യഥാർഥത്തിൽ വർധിക്കാത്തതിനാൽ പുതിയ മൂലധനനിക്ഷേപത്തിന് ഒരുങ്ങുന്നില്ല എന്നതാണു സത്യം. ഈ സാഹചര്യത്തിൽ ഉദാരമായ നയം അപ്രസക്തമാണെന്ന് പലരും പറയുന്നു.
"റിസർവ് ബാങ്ക് വേരിയബിൾ റേറ്റ് റിവേഴ്സ് റീപോ ലേലവും ഡോളർ സ്വാപ്പും മറ്റും വഴി വിപണിയിലെ പണലഭ്യത കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് അത്ര വിജയം കണ്ടിട്ടില്ല".
വലിയ അവകാശവാദങ്ങൾ എവിടെപ്പോയി?
അന്ന് ദാസ് വിപണിയുടെ മോഹങ്ങൾക്കനുസരിച്ചു പ്രവർത്തിച്ചു. നിരക്കു കൂട്ടിയില്ല. എന്നു മാത്രമല്ല ഉടനെങ്ങും നിരക്കു കൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നു സൂചിപ്പിക്കുകയും ചെയ്തു.
അമേരിക്ക കുറഞ്ഞ പലിശ നിരക്ക് മാർച്ചിൽ 25 ബേസിസ് പോയിൻ്റ് (കാൽ ശതമാനം) വർധിപ്പിച്ച ശേഷമായിരുന്നു ഇത്. ജൂലൈയിലോ ഓഗസ്റ്റിലോ നിരക്കു കൂട്ടുന്നതു ചിന്തിച്ചാൽ മതി എന്നാണ് ഏപ്രിൽ എട്ടിനു റിസർവ് ബാങ്ക് സൂചിപ്പിച്ചത്.
അമേരിക്കയിലെ വിലക്കയറ്റമല്ല ഇന്ത്യയിലേത് എന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കിൾ പത്ര അവകാശപ്പെടുകയും ചെയ്തു.
ഇപ്പോൾ മേയ് നാലിനു നിരക്കുകൾ കൂട്ടി. റീപോ നിരക്ക് നാലിൽ നിന്നു 4.4 ശതമാനമാക്കി. ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് അടിയന്തര ഘട്ടത്തിൽ എടുക്കുന്ന ഏകദിന വായ്പയുടെ പലിശയാണ് റീപോ നിരക്ക്.
ബാങ്കുകളുടെ കരുതൽപണ അനുപാതം (Cash Reserve Ratio-CRR) നാലിൽ നിന്നു 4.5 ശതമാനമാക്കി. ഇതു വഴി ബാങ്കുകളുടെ കൈയിൽ നിന്ന് 87,000 കോടി രൂപ റിസർവ് ബാങ്കിലേക്കു മാറ്റണം. വായ്പ നൽകാവുന്ന തുക അത്രയും കുറയും.
ഏപ്രിൽ എട്ടിനും മേയ് നാലിനുമിടയ്ക്ക് ഇങ്ങനെ നയം തലതിരിക്കാൻ മാത്രം എന്തു സംഭവിച്ചു?
ദാസിനോട് ഐഎംഎഫ് എന്തെങ്കിലും പറഞ്ഞോ?
അമേരിക്കൻ ഫെഡ് നിരക്കു വർധനയുടെ തോതു കൂട്ടാൻ തീരുമാനിച്ചു എന്ന മാറ്റമുണ്ടായി. വിലക്കയറ്റം പണനയം കൊണ്ട് ഒതുക്കാനാവില്ല എന്ന് ഫെഡ് തുറന്നു പറഞ്ഞതും വലിയ മാറ്റമാണ്. പക്ഷേ ഇതൊക്കെ ആഴ്ചകളും മാസങ്ങളും മുമ്പേ എങ്ങും ചർച്ചയായിരുന്ന കാര്യങ്ങളാണ്.
അന്ന് "അതു സാരമില്ല, ഇന്ത്യയുടെ കാര്യം വ്യത്യസ്തമാണ്, നമുക്ക് വളർച്ചയ്ക്കു വേണ്ടിയുള്ള നയവുമായി മുന്നോട്ടു പോകാം, പലിശ വ്യത്യാസത്തിൻ്റെ പേരിൽ മൂലധനം തിരിച്ചൊഴുകുകയില്ല" എന്നെല്ലാം അധികാരികൾ ന്യായീകരിച്ചു. ഇന്ത്യക്ക് 63,000 കോടി ഡോളറിൻ്റെ വലിയ വിദേശനാണ്യശേഖരം ഉള്ളതു കരുത്താണെന്നും പറഞ്ഞു. എന്തുകൊണ്ട് ആ നയവും പല്ലവിയും മാറി?
ഐഎംഎഫ് - ലോകബാങ്ക് സമ്മേളനം കഴിഞ്ഞു വന്ന ഉടനെയാണു ഗവർണർ ദാസ് പണനയ കമ്മിറ്റി (എംപിസി) യോഗം വിളിച്ചത്. ഐഎംഎഫ് എന്തെങ്കിലും പറഞ്ഞു വിട്ടോ? രണ്ടു മാസം കൊണ്ടു വിദേശനാണ്യശേഖരത്തിൽ 3000 കോടി ഡോളർ കുറഞ്ഞതും വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതും അവർ ചൂണ്ടിക്കാട്ടിയിരിക്കാം.
ഡോളർ മടങ്ങിപ്പോകാനാരംഭിച്ചാൽ അതു തടയാനോ ശക്തമായി പിടിച്ചു നിൽക്കാനോ ഇന്ത്യക്കു കഴിയില്ലെന്ന് അവർ ബോധ്യപ്പെടുത്തിയിരിക്കാം.
യുക്രെയ്ൻ യുദ്ധം, വിലക്കയറ്റം തുടങ്ങിയ സാഹചര്യങ്ങളെല്ലാം ഏപ്രിൽ ആദ്യവും രൂക്ഷമായിരുന്നു. അന്ന് അവ സാരമില്ലെന്നു പറഞ്ഞവർ ഇപ്പോൾ അവ വളരെ ഗുരുതരമാണെന്നു പറയുന്നു.
നഷ്ടമായതു വിശ്വാസ്യത
എന്തായാലും വിപണികളോടുള്ള ആശയ വിനിമയത്തിൽ പാലിക്കേണ്ട ഏറ്റവും പ്രധാന തത്വം ശക്തികാന്ത ദാസിൻ്റെ റിസർവ് ബാങ്ക് ലംഘിച്ചു. വിപണിയെ ഞെട്ടിച്ചു.
വിപണികൾക്കു ഞെട്ടൽ ഇഷ്ടമല്ല. അപ്രതീക്ഷിതമാകരുത് ഷോക്കുകൾ എന്നാണു വിപണി ആവശ്യപ്പെടുന്നത്. നിരക്കുകൂട്ടലും മറ്റും ന്യായമായ മുന്നറിയിപ്പാേടെ നടത്തണം.
യുഎസ് ഫെഡ് നിഗമനങ്ങൾ തെറ്റിയിട്ടും ഈ തത്വം തെറ്റിച്ചില്ല. ഉയർന്ന നിരക്കിൽ ആകും പലിശവർധന എന്ന് ആഴ്ചകൾക്കു മുമ്പേ സൂചിപ്പിച്ചു. അതിനാൽ വലിയ വർധന ഒരു കോളിളക്കവും ഇല്ലാതെ പ്രഖ്യാപിക്കാനായി.
റിസർവ് ബാങ്ക് മുന്നറിയിപ്പില്ലാത്ത നാടകീയ പ്രഖ്യാപനത്തിനു മുതിർന്നു. അതു റിസർവ് ബാങ്കിലുള്ള വിശ്വാസത്തിനാണ് കോട്ടം തട്ടിച്ചത്. രണ്ടു കാര്യത്തിൽ റിസർവ് ബാങ്ക് സംശയ പട്ടികയിലായി.
ഒന്ന്: റിസർവ് ബാങ്കിൻ്റെ സാമ്പത്തിക വിശകലനങ്ങളും നിഗമനങ്ങളും ഏറ്റവും വിശ്വാസ്യമാണെന്ന വിശ്വാസം നഷ്ടമായി. രണ്ട്: റിസർവ് ബാങ്ക് വിപണിക്കു ശരിയായ മുന്നറിയിപ്പ് നൽകുമെന്ന വിശ്വാസം ഇല്ലാതാക്കി.
ഒരു വലിയ സ്ഥാപനത്തിനു ഭൂഷണമല്ല ഇത്.