ജിഡിപി വളര്‍ച്ചയില്‍ നിരാശ; അദാനി ഗ്രൂപ്പ് തിരിച്ചു കയറിയതിനു പിന്നില്‍? വേദാന്തയുടെ പ്രശ്‌നമെന്ത്? കരടികള്‍ കരുത്തു കാണിക്കുന്നു; വിദേശ സൂചനകള്‍ നെഗറ്റീവ്

മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച പ്രതീക്ഷയിലും കുറവായി. തലേ വര്‍ഷത്തെ വളര്‍ച്ചയുടെ കണക്ക് പുതുക്കിയപ്പോള്‍ ഉയര്‍ന്ന സംഖ്യയില്‍ എത്തിയതു മൂലമാണു വളര്‍ച്ച നിരക്ക് കുറഞ്ഞത് എന്ന മുടന്തന്‍ ന്യായം പലരും ഉന്നയിക്കുന്നുണ്ട്. അതു കഥയില്ലാത്ത വിശദീകരണമാണെന്നു പറയുന്നവര്‍ക്കും അറിയാം.

ഒന്നാം പാദം മുതല്‍ തുടര്‍ച്ചയായി വളര്‍ച്ച നിരക്ക് കുറയുകയാണ്. ഫാക്ടറി ഉല്‍പാദനത്തിലും സ്വകാര്യ- സര്‍ക്കാര്‍ ഉപഭോഗങ്ങളിലും കുറവ് വന്നിട്ടുണ്ട്. വളര്‍ച്ചയില്‍ മുരടിപ്പ് വ്യക്തം. വരുന്ന പാദങ്ങളില്‍ അതു വര്‍ധിക്കാം എന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ അടക്കം പലരും കരുതുന്നത്. ഇത് അത്ര അനുകൂല സൂചനയല്ല വിപണിക്കു നല്‍കുന്നത്.

ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ വളര്‍ച്ച 4.4 ശതമാനമായി. റിസര്‍വ് ബാങ്ക് സെപ്റ്റംബര്‍ അവസാനം നടത്തിയ വിശകലനത്തിലെ നിഗമനത്തിനൊപ്പമായി വളര്‍ച്ച. റേറ്റിംഗ് ഏജന്‍സികളും സ്വകാര്യ ധനശാസ്ത്രജ്ഞരും നടത്തിയ പ്രവചനങ്ങളെ അപേക്ഷിച്ചു കുറവാണു വളര്‍ച്ച.

ഒന്നാം പാദത്തില്‍ 13.5 ഉം രണ്ടാം പാദത്തില്‍ 6.3 ഉം ശതമാനം വളര്‍ന്നതാണ്. 2022-23 ലെ വളര്‍ച്ച ഏഴു ശതമാനം എന്ന മുന്‍ നിഗമനം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) നിലനിര്‍ത്തി. അതു സാധ്യമാകണമെങ്കില്‍ ജനുവരി - മാര്‍ച്ചില്‍ 5.1 ശതമാനം വളര്‍ച്ച ഉണ്ടാകണം.

കണക്കുകള്‍ പുതുക്കിയപ്പോള്‍

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ജിഡിപി യും വളര്‍ച്ച നിരക്കും പുതുക്കിയിട്ടുണ്ട്. കോവിഡിനു മുന്‍പുള്ള 2019-20 ല്‍ വളര്‍ച്ച 3.7 എന്നത് 3.9 ശതമാനമായി ഉയര്‍ത്തി. ജിഡിപി തുക 145.35 ലക്ഷം കോടി രൂപ. കോവിഡ് വര്‍ഷമായ 2020-21 ല്‍ 6.6 ശതമാനം ചുരുങ്ങി എന്നായിരുന്നു മുന്‍ കണക്ക്.

പുതിയ കണക്കനുസരിച്ച് 5.8 ശതമാനം കുറവേ ഉണ്ടായുള്ളൂ. ജിഡിപി തുക 136.87 ലക്ഷം കോടി രൂപ. 2021-22 ലെ വളര്‍ച്ച 8.7 ല്‍ നിന്ന് 9.1 ശതമാനത്തിലേക്ക് ഉയര്‍ത്തി. ജിഡിപി തുക 147.36 ലക്ഷം കോടിയില്‍ നിന്ന് 149.26 ലക്ഷം കാേടി രൂപയായി. മാര്‍ച്ച് 31-നവസാനിക്കുന്ന വര്‍ഷം 2011-12 ലെ വിലനിലവാരത്തില്‍ 159.71 ലക്ഷം കോടിയാകും ജിഡിപി. വളര്‍ച്ച ഏഴു ശതമാനം. തന്നാണ്ടു വിലയില്‍ 15.9 ശതമാനം വളര്‍ച്ചയാേടെ 272.04 ലക്ഷം കാേടി രൂപയാകും ജിഡിപി.

എട്ടു കാതല്‍ മേഖലാ വ്യവസായങ്ങളുടെ ഉല്‍പാദനം ജനുവരിയില്‍ 7.8 ശതമാനം വളര്‍ന്നു. നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.


അദാനി ഓഹരികള്‍ ഉയര്‍ന്നതിനു പിന്നില്‍

അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നലെ നേട്ടമുണ്ടാക്കി. വിപണിമൂല്യം 31,000 കോടി രൂപ ഉയര്‍ന്നു. പ്രധാന കമ്പനിയായ അദാനി എന്റര്‍പ്രൈസസ് രാവിലെ ഏഴു ശതമാനത്തിലധികം ഇടിഞ്ഞിട്ടു പിന്നീടു 17 ശതമാനം നേട്ടത്തിലായി. ക്ലോസ് ചെയ്തത് 14.3 ശതമാനം ഉയര്‍ന്ന്. ഗ്രൂപ്പിലെ അദാനി ടോട്ടല്‍ ഗ്യാസും ട്രാന്‍സ്മിഷനും ഒഴികെ എല്ലാ കമ്പനികളും ഇന്നലെ നേട്ടമുണ്ടാക്കി.

ഹോങ് കോങ്ങിലും സിംഗപ്പുരിലും അദാനി ഗ്രൂപ്പ് നിക്ഷേപകരുടെ യോഗങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ഓഹരികള്‍ ഉയര്‍ന്നത്. ഈ മാസം നല്‍കാനുള്ള കടമത്രയും മുന്‍പേ അടയ്ക്കുീ, സമീപകാലത്ത് മൂലധന സമാഹരണത്തിനു മുതിരുന്നില്ല, മൂലധന നിക്ഷേപം കുറയ്ക്കും എന്നൊക്കെയാണു നിക്ഷേപകരാേടു കമ്പനി സാരഥികള്‍ പറഞ്ഞത്.


വേദാന്തയും പ്രശ്‌നത്തില്‍

ഇതിനിടെ വേദാന്ത ഗ്രൂപ്പും കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്നതായി വിപണി കരുതുന്നു. പ്രശ്‌നമില്ലെന്ന് കമ്പനി വിശദീകരിച്ചെങ്കിലും ഓഹരിവില ഇടിഞ്ഞാണു ക്ലോസ് ചെയ്തത്. കമ്പനിയുടെ ഡോളര്‍ ബോണ്ടുകള്‍ 65 ശതമാനം വിലയിലേക്ക് ഇടിഞ്ഞതാണ് ഓഹരി വില താഴാന്‍ കാരണമായത്.

ഹിന്ദുസ്ഥാന്‍ സിങ്കിന്റെ മിച്ചധനം എടുത്തു ഗ്രൂപ്പിന്റെ കടങ്ങള്‍ വീട്ടാന്‍ പ്രൊമോട്ടര്‍ അനില്‍ അഗര്‍വാള്‍ ഉദ്ദേശിച്ചിരുന്നു. ഗ്രൂപ്പിന്റെ വിദേശത്തെ സിങ്ക് ഖനികള്‍ കൈമാറി പണം കൈക്കലാക്കാനാണു ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അതു തടഞ്ഞു. ഇതാണു പ്രശ്‌നത്തിന്റെ കാതല്‍. വേദാന്തയിലും ഹിന്ദുസ്ഥാന്‍ സിങ്കിലും പ്രൊമാേട്ടര്‍ക്കുള്ള ഓഹരിയില്‍ 90 ശതമാനത്തിലധികം പണയത്തിലുമാണ്.


ഓഹരി വിപണി

വിപണിയുടെ പ്രതീക്ഷകള്‍ പാളുകയാണ്. ഓരോ താഴ്ചയിലും തിരിച്ചു കയറ്റത്തിനുള്ള താങ്ങു പ്രതീക്ഷിക്കുന്നു. പക്ഷേ അടുത്ത ദിനം അതിലും താഴേക്കു വിപണി നീങ്ങുന്നു. 2019 മേയ്ക്കു ശേഷം ഇതാദ്യമായി തുടര്‍ച്ചയായ എട്ടു ദിവസം വിപണി സൂചികകള്‍ താഴ്ന്നു. നിക്ഷേപകസമ്പാദ്യം 25 ലക്ഷം ക്കേടി രൂപ നഷ്ടമായി.

ഇന്ന് ആഗാേള സൂചനകളും നെഗറ്റീവ് ആണ്. യൂറോപ്യന്‍, യുഎസ് വിപണികള്‍ ഇന്നലെ താഴ്ന്ന് അവസാനിച്ചു. ഏഷ്യന്‍ വിപണികളും താഴ്ന്നു. ജിഡിപി വളര്‍ച്ചയുടെ കണക്കുകള്‍ വിപണിക്കു കരുത്തു പകരുന്നതല്ല. എന്നാല്‍ കാതല്‍ വ്യവസായങ്ങളുടെ ജനുവരിയിലെ കണക്ക് ആശ്വാസം പകരുന്നതാണ്.

വിപണികളിലെ സൂചനകള്‍

ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ മൂന്നാമത്തെ മാസവും താഴ്ചയിലായി. നിഫ്റ്റി 50 ഇക്കാലയളവില്‍ എട്ടു ശതമാനം ഇടിഞ്ഞു. ബിഎസ്ഇയുടെ വിപണി മൂല്യം 31ലക്ഷം കോടി രൂപ കുറഞ്ഞു. 288.5 ലക്ഷം കോടിയില്‍ നിന്ന് 257.7 ലക്ഷം കോടിയിലേക്ക്. ഡിസംബര്‍- ഫെബ്രുവരി കാലത്തു മിഡ് ക്യാപ് സൂചിക ആറു ശതമാനം താഴ്ന്നപ്പോള്‍ സ്മാേള്‍ ക്യാപ് സൂചിക 8.2 ശതമാനം നഷ്ടത്തിലായി.

യുറോപ്യന്‍ വിപണികള്‍ ഇന്നലെ ചെറിയ തോതിലേ ഇടിഞ്ഞുള്ളു. യുഎസ് സൂചികകള്‍ ഇടയ്ക്ക് ഉയരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഡൗ ജോണ്‍സ് 0.7% താഴ്ന്നപ്പാേള്‍ എസ് ആന്‍ഡ് പി 0.30 ശതമാനവും നാസ് ഡാക് 0.10 ശതമാനവും താഴെയായി. ഫെബ്രുവരിയില്‍ ഡൗ 4.19 ഉം എസ് ആന്‍ഡ് പി 2.61 ഉം നാസ്ഡാക് 1.11 ഉം ശതമാനം നഷ്ടം വരുത്തി.

യുഎസ് ഫെഡ്

യുഎസ് ഫെഡ് കുറഞ്ഞ പലിശ നിരക്ക് ആറു ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്ന് ബാങ്ക് ഓഫ് അമേരിക്ക ഇന്നലെ ഒരു വിശകലനത്തില്‍ പറഞ്ഞു. ഇതുവരെ 5.5 ശതമാനത്തില്‍ പലിശവര്‍ധന നില്‍ക്കും എന്നായിരുന്നു നിഗമനം. വിലക്കയറ്റം വരുതിയിലാക്കാന്‍ കൂടിയ നിരക്കുവര്‍ധന വരുന്നത് കമ്പനികളുടെ ലാഭവും ജിഡിപി വളര്‍ച്ചയും കുറയുന്നതിനു കാരണമാകും. വിപണിയെ താഴ്ചയിലേക്കു നയിക്കുന്ന വിഷയമിതാണ്. യുഎസ് 10 വര്‍ഷ കടപ്പത്രത്തിന്റെ നിക്ഷേപനേട്ടം നാലു ശതമാനത്തിലധികമാകുമെന്നാണു വിപണി നീക്കം കാണിക്കുന്നത്.

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു വീണ്ടും താഴ്ചയിലാണ്. ഫ്യൂച്ചേഴ്‌സില്‍ ഡൗ 0.24 ശതമാനം താഴ്ന്നപ്പാേള്‍ എസ് ആന്‍ഡ് പി 0.34 ഉം നാസ്ഡാക് 0.41 ഉം ശതമാനം ഇടിഞ്ഞു.

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ നല്ല ഇടിവോടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലും കൊറിയയിലും തായ് വാനിലും ഓഹരികളുടെ വ്യാപാരം ഗണ്യമായ താഴ്ചയിലാണ്. ചൈനയിലെ ഷാങ്ഹായ് സൂചിക കാല്‍ ശതമാനം ഉയര്‍ന്നു വ്യാപാരം തുടങ്ങി.

സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വ്യാഴാഴ്ച 17,399 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 17,366 ലേക്കു താഴ്ന്നു. ഇന്നു രാവിലെ സൂചിക 17,350 ആയി. ഇന്ത്യന്‍ വിപണി ഇന്നു താഴ്ന്ന നിലയില്‍ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.

ഇന്ത്യന്‍ വിപണി ഇന്നലെ തുടക്കത്തില്‍ ചാഞ്ചാട്ടത്തിലായിരുന്നു. പിന്നീടു താഴ്ചയിലേക്കു മാറി. സെന്‍സെക്‌സ് 326.23 പോയിന്റ് (0.55%) താണ് 58,9 62.12 ലും നിഫ്റ്റി 88.75 പോയിന്റ് (0.51%) കുറഞ്ഞ് 17,303.95ലും ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.74 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.41 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തു. ഓയില്‍ - ഗ്യാസ്, ഹെല്‍ത്ത് കെയര്‍, ഫാര്‍മ, മെറ്റല്‍, ഐടി മേഖലകള്‍ വലിയ നഷ്ടം കാണിച്ചു. റിയല്‍ എസ്റ്റേറ്റ്, വാഹന, മീഡിയ കമ്പനികള്‍ നേട്ടമുണ്ടാക്കി.

ബുള്ളുകള്‍ കളം പിടിക്കുമെന്നു കരുതിയെങ്കിലും വിപണി ബെയറിഷ് പിടിയില്‍ തുടര്‍ന്നു. 17,250-17,150 ലേക്കു സപ്പോര്‍ട്ട് മേഖല താണു. ഇന്നു നിഫ്റ്റിക്ക് 17,260ലും 17,150 ലും സപ്പോര്‍ട്ട് ഉണ്ട്. 17,405 ലും 17,515 ലും തടസങ്ങള്‍ ഉണ്ടാകാം.

വിദേശനിക്ഷേപകരുടെ വില്‍പന ഇരട്ടിച്ചു. തിങ്കളാഴ്ച ക്യാഷ് മാര്‍ക്കറ്റില്‍ 2022.52 കോടിയുടെ ഓഹരികള്‍ വിറ്റ അവര്‍ ഇന്നലെ 4559.21 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകള്‍ 4609.87 കോടിയുടെ ഓഹരികള്‍ വാങ്ങി.

ക്രൂഡ് ഓയില്‍ വില കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു. 83.87 ഡോളറില്‍ ബ്രെന്റ് ഇനം ക്ലോസ് ചെയ്തു. വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളില്‍ നീങ്ങി. ചെമ്പ് 1.1 ശതമാനം കയറി ടണ്ണിന് 8843 ഡോളറിലായി. അലൂമിനിയം 0.25% ഉയര്‍ന്ന് 2371 ഡോളറില്‍ എത്തി. സിങ്ക്, ലെഡ്, ടിന്‍ എന്നിവ അല്‍പം താഴ്ന്നു. നിക്കല്‍ ഉയര്‍ന്നു.

സ്വര്‍ണം

സ്വര്‍ണം ഉയര്‍ന്നു. ഇന്നലെ ഡോളര്‍ സൂചിക താഴ്ന്നതാണു കാരണം. 1804-1832 ഡോളറില്‍ കയറിയിറങ്ങിയ സ്വര്‍ണം ഇന്നു രാവിലെ 1823 -1825 ഡോളറിലാണ്. ഇന്നു ഡോളര്‍ സൂചിക കയറുന്നതു സ്വര്‍ണ വില താഴാന്‍ കാരണമാകാം.

കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 41,160 രൂപയായി. രൂപ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. ഡോളര്‍ 17 പൈസ നഷ്ടപെടുത്തി 82.66 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെട്ടെന്നാണു നിഗമനം. ഡോളര്‍ സൂചിക 105.05 ലേക്കു കയറിയാണ് ഇന്നു രാവിലെ നില്‍ക്കുന്നത്. ഇതു രൂപയെ ദുര്‍ബലമാക്കാന്‍ സാധ്യതയുണ്ട്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it