പണനയവും രാഷ്ട്രീയവും വിപണിഗതിയെ നിയന്ത്രിക്കും; റീപോ നിരക്കിൽ മാറ്റം വരില്ലെന്നു പ്രതീക്ഷ; വകുപ്പു വിഭജനം നിർണായകം

റിസർവ് ബാങ്കിന്റെ പണനയവും മന്ത്രിസഭാ രൂപീകരണ നീക്കങ്ങളും വിപണിയെ സ്വാധീനിക്കുന്ന ദിവസമാണ് ഇന്ന്. ഇന്നലെ സെൻസെക്സ് 75,000 നും നിഫ്റ്റി 22,800 നും മുകളിൽ ക്ലോസ് ചെയ്തത് ബുള്ളുകൾക്കു പ്രതീക്ഷ പകരുന്നു. എങ്കിലും രാഷ്ട്രീയ വിഷയങ്ങൾ ആശങ്ക നൽകുന്നുണ്ട്.

ഇന്നു രാവിലെ പത്തിനു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പണനയകമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങൾ അറിയിക്കും. റീപോ നിരക്ക് 6.5 ശതമാനത്തിൽ തുടരാനും പണലഭ്യത ആവശ്യാനുസരണം ഉറപ്പാക്കുന്ന സമീപനം നിലനിർത്താനും ആകും തീരുമാനം എന്നാണു പ്രതീക്ഷ. തുടർച്ചയായ എട്ടാമത്തെ തവണയാകും നിരക്ക് മാറ്റാതിരിക്കുന്നത്.

പണനയത്തേക്കാൾ മന്ത്രിസഭാ രൂപീകരണ വിവരങ്ങളാകും വിപണിഗതിയെ ഇന്നു കൂടുതൽ സ്വാധീനിക്കുക. ഘടകകക്ഷി സമ്മർദത്തിനു ബി.ജെ.പി എത്ര മാത്രം വഴങ്ങും എന്നാണു വിപണി ഉറ്റു നോക്കുന്നത്. ആഭ്യന്തര, ധന വകുപ്പുകൾ ആർക്കു നൽകും എന്നതു നിർണായകമാണ്. ഘടകകക്ഷികൾക്കു വഴങ്ങുന്നു എന്ന പ്രതീതി വരുന്നതു വിപണിക്കു നെഗറ്റീവ് ആകും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 22,891 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,925 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കാൽ ശതമാനം കുറച്ചതിനെ തുടർന്നു യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ഉയർന്നു റെക്കോർഡ് കുറിച്ചു. നാലിൽ നിന്നു 3.75 ശതമാനത്തിലേക്കാണു കുറച്ചത്. 2019 നു ശേഷമുള്ള ആദ്യ കുറയ്ക്കലാണിത്. പലിശ ഇനിയും കുറച്ചേക്കാം എന്നു സൂചിപ്പിച്ച കേന്ദ്ര ബാങ്ക് ഓരോ യോഗവും അപ്പോഴത്തെ വിവരങ്ങൾ വച്ചാകും തീരുമാനം എടുക്കുക എന്നും പറഞ്ഞു.

യുഎസ് വിപണികൾ ഇന്നലെ ഭിന്ന ദിശകളിൽ അവസാനിച്ചു. എസ് ആൻഡ് പിയും നാസ്ഡാകും നാമമാത്രമായി താഴ്ന്നു. ഡൗ ഉയർന്നു.

നിർമിതബുദ്ധി മേഖലയിലെ എൻവിഡിയ ഇന്നലെ അൽപം താണു വിപണിമൂല്യം മൂന്നു ലക്ഷം കോടി ഡോളറിനു താഴെയായി. യുഎസിലെ രണ്ടാമത്തെ വിലപ്പെട്ട കമ്പനിയായ എൻവിഡിയയുടെ ഓഹരികൾ ഇന്ന് ഒന്നിനു പത്ത് എന്ന രീതിയിൽ വിഭജിക്കും.

വീഡിയോ ഗെയിം റീട്ടെയ്ലിംഗ് കമ്പനിയായ ഗെയിംസ്റ്റോപ്പിൽ താൻ നിക്ഷേപം വർധിപ്പിച്ചതായി റോറിംഗ് കിറ്റി എന്നറിയപ്പെടുന്ന നിക്ഷേപകൻ കീത്ത് ഗിൽ വെളിപ്പെടുത്തിയത് ഓഹരിയെ 47.45 ശതമാനം ഉയർത്തി. പതിവുസമയത്തിനു ശേഷം ഓഹരി 39 ശതമാനം കൂടി കയറി. മേയ് മാസത്തിൽ ഗിൽ ആദ്യ നിക്ഷേപം വെളിപ്പെടുത്തിയപ്പോൾ ഓഹരി 180 ശതമാനം ഉയർന്നതാണ്.

മേയിലെ മൊത്തം തൊഴിൽ കണക്ക് ഇന്നു പുറത്തുവരും. തൊഴിൽ വർധന 1,90,000 ആയി കുറയുമെന്നാണു പ്രതീക്ഷ. തൊഴിലില്ലായ്മ 3.9 ശതമാനമാകുമെന്നു കണക്കാക്കുന്നു.

പലിശനിരക്കു കുറയ്ക്കൽ നേരത്തേ ആക്കാൻ ഫെഡിനെ പ്രേരിപ്പിക്കുന്നതാകും ഈ കണക്കുകൾ എന്നു വിപണി കരുതുന്നു.

ഡൗ ജോൺസ് സൂചിക 78.84 പോയിന്റ് (0.20%) ഉയർന്ന് 38,886.17ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 1.07 പോയിന്റ് (0.02%) താണ് 5352.96 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 14.78 പോയിന്റ് (0.09%) കുറഞ്ഞ് 17,173.12 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.02 ഉം നാസ്ഡാക് 0.07 ഉം ശതമാനം കയറി നിൽക്കുന്നു.

പത്തു വർഷ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.297 ശതമാനമായി.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. കൊറിയയിൽ സൂചിക 1.4 ശതമാനം കയറിയിട്ട് താണു. ജപ്പാനിൽ നിക്കൈ തുടക്കം മുതലേ താഴ്ന്നാണു നീങ്ങുന്നത്.

ഇന്ത്യന്‍ വിപണി

ഇന്ത്യൻ വിപണി വ്യാഴാഴ്ചയും ഉയർന്നു. പലവട്ടം ചാഞ്ചാടിയെങ്കിലും ഒടുവിൽ ഒരു ശതമാനത്തോളം നേട്ടം മുഖ്യ സൂചികകൾക്ക് ഉണ്ടായി. ഐ.ടി മേഖലയും റിയൽറ്റിയുമാണു വിപണിയെ പ്രധാനമായും കയറ്റിയത്. രാവിലെ നല്ല കയറ്റത്തിലായിരുന്ന ബാങ്ക്, ധനകാര്യ ഓഹരികൾ പിന്നീടു നേട്ടം കുറച്ചു. മിഡ് ക്യാപ് സൂചിക 2.24 ഉം സ്മോൾ ക്യാപ് സൂചിക 3.29 ഉം ശതമാനം ഉയർന്നത് ഫണ്ടുകളും റീട്ടെയിൽ നിക്ഷേപകരും സജീവമായി എന്നു കാണിക്കുന്നു.

സെൻസെക്സ് ഇന്നലെ 75,078.70 ൽ വ്യാപാരം ആരംഭിച്ചിട്ട് 75,297.73 വരെ ഉയരുകയും 74,474.94 വരെ താഴുകയും ചെയ്തു. നിഫ്റ്റി ഉയർന്ന് 22,798.60 പോയിന്റിൽ വ്യാപാരം തുടങ്ങിയിട്ട് 22,910.15 വരെ കയറുകയും 22,642.60 വരെ താഴുകയും ചെയ്തു.

സെൻസെക്സ് 692.27 പോയിന്റ് (0.93%) നേട്ടത്തിൽ 75,074.51 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 201.05 പോയിന്റ് (0.89%) കയറി 22,821.40 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.48% ഉയർന്ന് 49,291.90 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 2.24 ശതമാനം ഉയർന്ന് 52,413.70 ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 3.29% കയറി 16,826.1.0 ൽ അവസാനിച്ചു.

എഫ്എംസിജിയും ഫാർമയും പ്രൈവറ്റ് ബാങ്കുകളും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിലാണ് അവസാനിച്ചത്. ഐ.ടി സൂചിക 2.83 ശതമാനവും റിയൽറ്റി 4.69 ശതമാനവും ഓയിൽ -ഗ്യാസ് 2.37 ശതമാനവും പി എസ് യു ബാങ്കുകൾ 2.92 ശതമാനവും ഉയർന്നു.

വിദേശനിക്ഷേപകർ വിൽപന വലിയ തോതിൽ തുടരുകയാണ്. വ്യാഴാഴ്ച അവർ ക്യാഷ് വിപണിയിൽ 6867.72 കോടി രൂപയുടെ ഓഹരികൾ വിറ്റു സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3718.38 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

തെരഞ്ഞെടുപ്പുഫലത്തെ തുടർന്നുണ്ടായ നഷ്ടത്തിൽ ഗണ്യമായ പങ്ക് വിപണി തിരിച്ചു പിടിച്ചു. ചൊവ്വാഴ്ച 31 ലക്ഷം കോടി രൂപ നഷ്ടമായ സ്ഥാനത്തു രണ്ടു ദിവസം കൊണ്ട് 21 ലക്ഷം കോടി

തിരിച്ചു കയറി. തിങ്കളാഴ്ച 14 ലക്ഷം കോടി രൂപ കുതിച്ചതായിരുന്നു. നിഫ്റ്റിക്ക് 23,000 പോയിന്റ് തടസമായി പ്രവർത്തിക്കുമെന്നാണു വിപണിയുടെ നിഗമനം.

സ്വർണം വീണ്ടും കയറി

പലിശ കുറയ്ക്കലിന് അനുകൂല സാഹചര്യം വരുന്ന സൂചനയിൽ സ്വർണവില വീണ്ടും കയറി. ഇന്നലെ 20 ഡോളർ ഉയർന്ന് ഔൺസിന് 2377.00 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2375 ഡോളറിലേക്കു താണു.

കേരളത്തിൽ സ്വർണം പവന് 560 രൂപ വർധിച്ച് 53,840 രൂപ ആയി. ഇന്നും വില വർധിക്കും.

വെള്ളിവില ഔൺസിന് 31.25 ഡോളറായി കയറി. കേരളത്തിൽ ഇന്നലെ വെള്ളി കിലോഗ്രാമിനു 97,000 രൂപയായി.

ഡോളർ സൂചിക ഇന്നലെ 104.10 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.15 ലാണ്.

രൂപ ഇന്നലെയും താഴ്ന്നു. ഡോളർ 10 പൈസ കയറി 83.47 രൂപയായി.

ക്രൂഡ് ഓയിൽ കയറ്റം തുടർന്നു. ബ്രെന്റ് ഇനം ക്രൂഡ് 1.86 ശതമാനം ഉയർന്ന് 79.87 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 80.03 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ 75.72 ഡോളറിലും യു.എ.ഇയുടെ മർബൻ ക്രൂഡ് 80.15 ഡോളറിലുമാണ്.

ഏതാനും ദിവസങ്ങൾക്കു ശേഷം നിക്കൽ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ കയറ്റത്തിലായി. ചെമ്പ് 1.65 ശതമാനം കയറി ടണ്ണിന് 9927.50 ഡോളറിൽ എത്തി. അലൂമിനിയം 0.63 ശതമാനം ഉയർന്ന് 2647.65 ഡോളറായി. നിക്കൽ 4.07 ശതമാനം ഇടിഞ്ഞ് 18,125 ഡോളറിൽ എത്തി.

ക്രിപ്റ്റോ കറൻസികൾ ഉയർന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 71,000 ഡോളറിനു താഴെയായി. ഈഥർ 3815 ഡോളറിലേക്കു താഴ്ന്നു.

വിപണിസൂചനകൾ

(2024 ജൂൺ 6, വ്യാഴം)

സെൻസെക്സ് 30 - 75,074.51 +0.93%

നിഫ്റ്റി50 - 22,821.05 +0.89%

ബാങ്ക് നിഫ്റ്റി - 49,291.90 +0.48%

മിഡ് ക്യാപ് - 100 52,413.70 +2.24%

സ്മോൾ ക്യാപ് 100 - 16,826.10 +3.29%

ഡൗ ജോൺസ് - 30 38,886.20 +0.20%

എസ് ആൻഡ് പി 500 - 5352.96 -0.02%

നാസ്ഡാക് - 17,173.10 -0.09%

ഡോളർ($) - ₹83.47 -₹0.10

ഡോളർ സൂചിക - 104.09 -0.20

സ്വർണം (ഔൺസ്) - $2377.00 +$20.40

സ്വർണം (പവൻ) - ₹53,840 +560

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ - $79.87 +$01.47

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it