

സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ഓഹരികളുടെ വിലനിലവാരം അമിതമാണെന്ന വിമര്‍ശനവും ഉയരുന്നു. എന്നാല്‍ നിക്ഷേപകര്‍ തല്‍ക്കാലം വിമര്‍ശനങ്ങള്‍ അവഗണിക്കാനുള്ള മനോഭാവത്തിലാണ്. ഉയര്‍ന്ന ജിഡിപി വളര്‍ച്ചയും ഉറപ്പായ രാഷ്ട്രീയ സ്ഥിരതയും വളര്‍ച്ചയുടെ പുതിയ അവസരങ്ങള്‍ ഒരുക്കുന്നു എന്നാണു വിപണിയുടെ നിഗമനം. റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പ്രഖ്യാപിച്ച പണനയവും വളര്‍ച്ച നിഗമനവും വിപണിയുടെ കയറ്റത്തിനു സഹായകമാണ്.
തീരുമാനങ്ങള്‍ പ്രഖ്യാപിക്കും
യു.എസ് ഫെഡ് ബുധനാഴ്ചയും യൂറോപ്യന്‍ കേന്ദ്രബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും വ്യാഴാഴ്ചയും പണനയ അവലോകന തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. ഒരു കേന്ദ്രബാങ്കും നിരക്കില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ചൊവ്വാഴ്ച ഇന്ത്യയിലെയും യുഎസിലെയും ചില്ലറ വിലക്കയറ്റ കണക്ക് പുറത്തു വരും. ഇന്ത്യയില്‍ വിലക്കയറ്റം വീണ്ടും കയറും എന്നാണു സൂചന. വ്യവസായ ഉല്‍പാദന സൂചിക ചൊവ്വാഴ്ചയും കയറ്റിറക്കുമതി കണക്ക് ബുധനാഴ്ചയും പുറത്തുവിടും. വ്യവസായ ഉല്‍പാദനത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച ഉണ്ടാകാന്‍ സാധ്യത കുറവാണ്. എങ്കിലും അതു വിപണിഗതിയെ ബാധിക്കാനിടയില്ല. നിഫ്റ്റി 21,000 നും സെന്‍സെക്‌സ് 70,000 നും മുകളില്‍ ക്ലോസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
ഇന്ത്യന്‍ വിപണി
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ വെളളി രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,069.5-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,090 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു. യുഎസില്‍ തൊഴില്‍ വളര്‍ച്ച പ്രതീക്ഷയിലും കൂടുതലായത് വിപണിയെ ഉയര്‍ത്തി. ലോഹങ്ങള്‍ക്ക് വില കുറയുന്ന സാഹചര്യത്തില്‍ മൂലധന നിക്ഷേപം കുറയ്ക്കും എന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഖനന കമ്പനി ആംഗ്ലോ അമേരിക്കന്റെ ഓഹരി 19 ശതമാനം ഇടിഞ്ഞു.
യു.എസ് വിപണി
യു.എസ് വിപണി വെള്ളിയാഴ്ച തുടക്കത്തില്‍ താഴ്ചയിലായിരുന്നെങ്കിലും നേട്ടത്തില്‍ അവസാനിച്ചു. കടപ്പത്ര വിലകള്‍ താണ് അവയിലെ നിക്ഷേപ നേട്ടം വര്‍ധിച്ചതാണ് തുടക്കത്തിലെ ഇടിവിനു കാരണം. നവംബറിലെ കാര്‍ഷികേതര തൊഴിലുകള്‍ പ്രതീക്ഷയിലധികം വര്‍ധിച്ചതും തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനമായി താണതും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിച്ചെന്ന സര്‍വേ റിപ്പോര്‍ട്ടും സമ്പദ്ഘടനയുടെ കരുത്ത് കാണിക്കുന്നതായി വിപണി വിലയിരുത്തി. മാന്ദ്യ ഭീഷണി ഇല്ലെന്നും വിലക്കയറ്റത്തില്‍ നിന്നു ഭദ്രമായ ലാന്‍ഡിംഗിലൂടെ രക്ഷപ്പെടാന്‍ കഴിയുമെന്നും ധനകാര്യ വിദഗ്ധര്‍ പറയുന്നു.
ഡൗ ജോണ്‍സ് സൂചിക 130.49 പോയിന്റ് (0.36%) കയറി 36,247.87 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 18.78 പോയിന്റ് (0.41%) ഉയര്‍ന്ന് 4604.37 ല്‍ അവസാനിച്ചു. നാസ്ഡാക് 63.98 പോയിന്റ് (0.45%) ഉയര്‍ന്ന് 14,403.97 ലും അവസാനിച്ചു. എസ് ആന്‍ഡ് പി 2023 -ലെ ഏറ്റവും ഉയര്‍ന്ന ക്ലാേസിംഗ് നിരക്കിലാണ്.
മുഖ്യ യു.എസ് സൂചികകള്‍ തുടര്‍ച്ചയായ ആറ് ആഴ്ചത്തെ നേട്ടത്തിലാണ്. 2019 നു ശേഷം ഇത്ര നീണ്ട കയറ്റം ആദ്യമാണ്. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.229 ശതമാനമായി ഉയര്‍ന്നു. തിങ്കള്‍ രാവിലെ 4.251 വരെ കയറിയിട്ടു താണു. യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.02 ഉം എസ് ആന്‍ഡ് പി 0.04 ഉം നാസ്ഡാക് 0.19 ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു.
ഏഷ്യന്‍ വിപണികള്‍
ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ഓസ്‌ട്രേലിയന്‍, ജാപ്പനീസ്, കൊറിയന്‍ വിപണികള്‍ ഉയര്‍ന്നു. ജപ്പാനില്‍ നിക്കൈ രണ്ടു ശതമാനം കുതിച്ചു.
വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി തിരിച്ചു കയറി. നിഫ്റ്റി രാവിലെ തന്നെ 21,000 മറികടന്നെങ്കിലും പിന്നീടു താഴ്ന്നാണു നീങ്ങിയതും ക്ലോസ് ചെയ്തതും. സെന്‍സെക്‌സ് 303.91 പോയിന്റ് (0.44%) കയറി 69,825.60 ലും നിഫ്റ്റി 68.25 പോയിന്റ് (0.33%) ഉയര്‍ന്ന് 20,969.40 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 420.60 പോയിന്റ് (0.90%) കയറി 47,262 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.21 ശതമാനം താഴ്ന്ന് 44,400.2 ലും സ്‌മോള്‍ ക്യാപ് സൂചിക 1.09 ശതമാനം താഴ്ന്ന് 14,403.95 ലും അവസാനിച്ചു.
ഐ.ടി, ബാങ്ക്, ധനകാര്യ, റിയല്‍റ്റി മേഖലകള്‍ മികച്ച നേട്ടം ഉണ്ടാക്കി. എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, ഫാര്‍മ, വാഹന മേഖലകള്‍ നഷ്ടത്തിലായി. വെള്ളിയാഴ്ച ബാങ്ക് നിഫ്റ്റി 47,303.65 എന്ന റെക്കാേര്‍ഡ് കുറിച്ചു. കഴിഞ്ഞയാഴ്ച ബാങ്ക് നിഫ്റ്റി അഞ്ചു ശതമാനം ഉയരുകയും ചെയ്തു.
വിദേശ നിക്ഷേപകര്‍
വിദേശ നിക്ഷേപകര്‍ രണ്ടു ദിവസത്തെ വില്‍പനയ്ക്കു ശേഷം വെള്ളിയാഴ്ച വീണ്ടും വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 3632.30 കാേടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 434.02 കോടിയുടെ ഓഹരികള്‍ വിറ്റു. കഴിഞ്ഞയാഴ്ച 16,700 കാേടി രൂപ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചു. ഈ മാസം ഇതുവരെയുള്ള നിക്ഷേപം 24,000 കോടി കവിഞ്ഞു.
നിഫ്റ്റിക്ക് 21,000 നു മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും വിപണി മനോഭാവം ബുള്ളിഷ് ആയി തുടരുന്നു എന്നാണു വിലയിരുത്തല്‍. സാമ്പത്തികവളര്‍ച്ച കൂടുമെന്ന റിസര്‍വ് ബാങ്ക് നിഗമനവും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും വലിയ കുതിപ്പിന് അനുകൂലമാണ്. നിഫ്റ്റിക്ക് ഇന്ന് 20,890 ലും 20,805 ലും പിന്തുണ ഉണ്ട്. 21,005 ഉം 21,090 ഉം തടസങ്ങളാകാം.
വ്യാവസായിക ലോഹങ്ങള്‍
വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ച ഭിന്ന ദിശകളിലായിരുന്നു. അലൂമിനിയം 0.40 ശതമാനം താണു ടണ്ണിന് 2133.75 ഡോളറിലായി. ചെമ്പ് 1.55 ശതമാനം കയറി ടണ്ണിന് 8348 ഡോളറിലെത്തി. ലെഡ് 0.17 ഉം സിങ്ക് 0.13 ഉം ശതമാനം താണു. നിക്കല്‍ 3.77 ഉം ടിന്‍ 0.64 ഉം ശതമാനം താണു.
ക്രൂഡ് ഓയില്‍, സ്വര്‍ണം
ക്രൂഡ് ഓയില്‍ വില വെള്ളിയാഴ്ച ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 2.4 ശതമാനം കയറി 75.84 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 71.23 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 76.12 ഡോളര്‍ ആയി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 74.51 ഡോളറില്‍ വ്യാപാരം നടക്കുന്നു.
യുഎസ് തൊഴില്‍ വര്‍ധിച്ചതും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കൂടിയതും സ്വര്‍ണവില ഇടിച്ചു. വെള്ളിയാഴ്ച 2033 ഡോളര്‍ വരെ കയറിയ സ്വര്‍ണം താണ് 2005.50 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2002 ഡോളര്‍ ആയി താണു.
കേരളത്തില്‍ പവന്‍വില വെള്ളിയാഴ്ച 120 രൂപ ഉയര്‍ന്നു 46,160 രൂപയായി. ശനിയാഴ്ച 440 രൂപ ഇടിഞ്ഞ് 45,720 രൂപയായി പവന്. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണിത്.
ഡോളര്‍ സൂചിക വെള്ളിയാഴ്ച ഉയര്‍ന്ന് 103.98 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104 ലേക്കു കയറി. വെള്ളിയാഴ്ച ഡോളറിനു നാലു പൈസ കൂടി 83.39 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്റ്റോ കറന്‍സികള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 43,700 ലാണ്.
വിപണിസൂചനകള്‍
(2023 ഡിസംബര്‍ 08, വെള്ളി)
സെന്‍സെക്‌സ് 30 69,825.60 +0.44%
നിഫ്റ്റി 50 20,969.40 +0.33%
ബാങ്ക് നിഫ്റ്റി 47,262.00 +0.90%
മിഡ് ക്യാപ് 100 44,400.20 -0.21%
സ്‌മോള്‍ ക്യാപ് 100 14,403.95 -1.09%
ഡൗ ജോണ്‍സ് 30 36,247.87 +0.36%
എസ് ആന്‍ഡ് പി 500 4604.37 +0.41%
നാസ്ഡാക് 14,403.97 +0.45%
ഡോളര്‍ ($) ?83.39 +?0.04
ഡോളര്‍ സൂചിക 103.98 +0.44
സ്വര്‍ണം (ഔണ്‍സ്) $2005.50 -$23.60
സ്വര്‍ണം (പവന്‍) 45,720 -?440.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $74.43 +$0.09
Read DhanamOnline in English
Subscribe to Dhanam Magazine