വിലക്കയറ്റം കുറഞ്ഞതു വിപണിക്ക് ഉത്സാഹമാകും; ഫെഡ് തീരുമാനം പ്രതീക്ഷ പോലെ; പലിശ കുറയ്ക്കല്‍ വര്‍ഷാവസാനത്തോടെ; യുഎസില്‍ ടെക് ഓഹരികള്‍ക്കു കുതിപ്പ്

വിപണിയുടെ കയറ്റത്തിന് അനുകൂലമായ ഒരു ദിവസമാണ് ഇന്ന്. മുന്‍ ദിവസങ്ങളിലേതു പോലെ ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദവും പ്രതീക്ഷിക്കണം.
ഇന്ത്യയില്‍ മേയിലെ ചില്ലറ വിലക്കയറ്റം നേരിയ തോതില്‍ കുറഞ്ഞു 12 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി. ഏപ്രിലിലെ 4.83 ല്‍ നിന്ന് വിലക്കയറ്റം 4.75% ആയി കുറഞ്ഞു. ഭക്ഷ്യവിലക്കയറ്റം 8.7% ല്‍ നിന്ന് നാമമാത്രമായി കുറഞ്ഞ് 8.69% ആയി. ഭക്ഷ്യ- ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 3.2%ല്‍ നിന്ന് 3.1% ആയി കുറഞ്ഞു.
ഏപ്രിലിലെ വ്യവസായ ഉല്‍പാദനം നാമമാത്രമായി കുറഞ്ഞ് മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ (4.97%) എത്തി. മാര്‍ച്ചില്‍ 5.4% ആയിരുന്നു. പൊതുവേ വിപണിക്കു പ്രതീക്ഷ നല്‍കുന്ന കണക്കുകള്‍.
വിദേശ വിപണി
യുഎസില്‍ മേയിലെ ചില്ലറ വിലക്കയറ്റം ആശ്വാസകരമായി. മേയില്‍ വിലകള്‍ കൂടിയില്ല. ഏപ്രിലിലെ നില തുടര്‍ന്നു. 0.1 ശതമാനം കൂടുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം മേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലയിലെ കയറ്റം 3.3 ശതമാനം മാത്രം. 3.4 ശതമാനം കൂടുമെന്നു പ്രതീക്ഷിച്ചതാണ്. ഏപ്രിലില്‍ 3.4 ശതമാനം ആയിരുന്നു. ഇന്ധന -ഭക്ഷ്യ വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 3.6 ശതമാനം പ്രതീക്ഷിച്ചത് 3.4% ആയി കുറഞ്ഞു.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ്‌സ് കമ്മിറ്റി (എഫ്ഒഎംസി) പലിശനിരക്കില്‍ മാറ്റം വേണ്ട എന്നു തീരുമാനിച്ചു. ഒപ്പം ഈ വര്‍ഷം ഒരു തവണയും 2025 ല്‍ നാലു തവണയും നിരക്കു കുറയ്ക്കാനുള്ള സാധ്യത വെളിപ്പെടുത്തി. വിപണിക്കു സന്തോഷകരമായ തീരുമാനം.
യുഎസില്‍ ഡൗ ജോണ്‍സ് സൂചിക അല്‍പം താഴ്‌ന്നെങ്കിലും മറ്റു സൂചികകള്‍ റെക്കോര്‍ഡ് കുറിച്ചു ക്ലോസ് ചെയ്തു. സ്വര്‍ണവില അല്‍പം കയറിയിട്ടു താണു. ഡോളര്‍ ഇടിഞ്ഞു. യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.3 ശതമാനമായി കുറഞ്ഞു.
ഇവയെല്ലാം ഇന്ന് ഇന്ത്യന്‍ വിപണിയെ ഉയരത്തിലേക്ക് നയിക്കും എന്നാണു കണക്കുകൂട്ടല്‍. ഏഷ്യന്‍ വിപണികള്‍ ഉയര്‍ന്നതും സഹായകമാണ്.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,445 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,460 ആയി. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായി ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ വിപണികള്‍ ഇന്നലെ ഗണ്യമായി ഉയര്‍ന്നു. യുഎസ് വിലക്കയറ്റം കുറവായി എന്നറിഞ്ഞ ശേഷമാണു വിപണി ക്ലോസ് ചെയ്തത്. ടെക് ഓഹരികള്‍ കയറ്റത്തിനു മുന്നില്‍ നിന്നു.
യുഎസ് വിപണികള്‍ ബുധനാഴ്ചയും ഭിന്ന ദിശകളിലായി. ഡൗ ജോണ്‍സ് ചെറിയ താഴ്ചയില്‍ അവസാനിച്ചു. എസ് ആന്‍ഡ് പിയും നാസ്ഡാകും റെക്കോര്‍ഡ് തിരുത്തി ക്ലോസ് ചെയ്തു.
ഡൗ ജോണ്‍സ് സൂചിക 35.21 പോയിന്റ് (0.09%) താഴ്ന്നു 38,712.20 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 45.71 പോയിന്റ് (0.85%) ഉയര്‍ന്ന് 5421.03 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 264.89 പോയിന്റ് (1.53%) കുതിച്ച് 17,608.40 ല്‍ ക്ലോസ് ചെയ്തു.
ആപ്പിള്‍ ഓഹരി ഇന്നലെ ഉയര്‍ന്നു കമ്പനിയുടെ മൂല്യം 3.3 ലക്ഷം കോടി ഡോളറായി. ഇതോടെ ഏറ്റവും വിലയേറിയ കമ്പനി എന്ന സ്ഥാനം ആപ്പിള്‍ വീണ്ടെടുത്തു. പക്ഷേ ക്ലോസിംഗില്‍ വില കുറഞ്ഞു വീണ്ടും മൈക്രോസോഫ്റ്റിനു പിന്നിലായി.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.06 ശതമാനം താണു. എസ് ആന്‍ഡ് പി 0.21 ഉം നാസ്ഡാക് 0.66 ഉം ശതമാനം ഉയര്‍ന്നു.
പത്തു വര്‍ഷ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.304 ശതമാനമായി കുറഞ്ഞിട്ടു കയറി 4.316 ആയി. ഒരവസരത്തില്‍ 4.29 വരെ താണതാണ്.
ഏഷ്യന്‍ വിപണികള്‍ ഇന്നു കുതിപ്പിലാണ്. ജപ്പാനിലും ഓസ്‌ട്രേലിയയിലും സൂചികകള്‍ 0.6 ശതമാനം വരെ കയറി പിന്നീട് അല്‍പം താണു. കൊറിയയില്‍ വിപണി 1.4 ശതമാനം കുതിച്ചു.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി ബുധനാഴ്ച ഉയര്‍ന്നു തുടങ്ങിയിട്ടു ചാഞ്ചാട്ടത്തിനു ശേഷം കാര്യമായ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. നിഫ്റ്റി 23,441.95 വരെ കയറി റെക്കോര്‍ഡ് കുറിച്ചിട്ട് ഗണ്യമായി താഴ്ന്നു. സെന്‍സെക്‌സ് 77,050.53 വരെ ഉയര്‍ന്നിട്ടാണ് താഴ്ന്നത്. പതിവു പോലെ ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദമാണു കാരണം.
സെന്‍സെക്‌സ് 149.98 പോയിന്റ് (0.20%) ഉയര്‍ന്ന് 76,606.57 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 58.10 പോയിന്റ് (0.25%) കയറി 23,322.95 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.38% ഉയര്‍ന്ന് 49,895.10 ല്‍ ക്ലോസ് ചെയ്തു രാവിലെ 50,233.10 വരെ കയറിയതാണ്.
മിഡ് ക്യാപ് സൂചിക 1.04 ശതമാനം ഉയര്‍ന്ന് 54,226.10 ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 1.23% കയറി 17,788.30 ല്‍ അവസാനിച്ചു.
വിദേശനിക്ഷേപകര്‍ ബുധനാഴ്ച വാങ്ങലുകാരായി. ക്യാഷ് വിപണിയില്‍ അവര്‍ 426.63 കോടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 233.75 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
എഫ്എംസിജി കമ്പനികള്‍ ഇന്നലെ ഇടിവിലായി. ഓട്ടോയും റിയല്‍റ്റിയും ചെറുതായി താണു. ഐടി കമ്പനികള്‍ രാവിലെ കാര്യമായി ഉയര്‍ന്നെങ്കിലും ക്ലോസിംഗില്‍ നാമമാത്ര നേട്ടമേ ഉള്ളൂ. പൊതുമേഖലാ ബാങ്കുകള്‍, മീഡിയ, ഹെല്‍ത്ത് കെയര്‍, ഓയില്‍, മെറ്റല്‍ എന്നിവ നേട്ടത്തിലായിരുന്നു.
ഫെഡറല്‍ ബാങ്കിന്റെ സിഇഒ -എംഡി സ്ഥാനത്തേക്കുള്ള പാനല്‍ റിസര്‍വ് ബാങ്കിനു സമര്‍പ്പിച്ചെന്ന സൂചനയില്‍ ഓഹരി 174.56 രൂപവരെ കയറി. കൊട്ടക് മഹീന്ദ്ര ബാങ്കിലെ മുന്‍ ഡെപ്യൂട്ടി എംഡി കെവിഎസ് മണിയന്‍, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ശാലിനി വാര്യര്‍, ഹര്‍ഷ് ദുഗര്‍ എന്നിവരാണു പട്ടികയില്‍ ഉള്ളതെന്നാണു സൂചന.
കടം മുഴുവന്‍ തീര്‍ത്ത റിലയന്‍സ് പവര്‍ ഇന്നലെ 10 ശതമാനം ഉയര്‍ന്നു. ഒരാഴ്ച കൊണ്ട് ഓഹരി 27 ശതമാനം കയറി. അനില്‍ അംബാനിയുടെ തന്നെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും ഈ ദിവസങ്ങളില്‍ കുതിപ്പിലാണ്.
വലിയ നിര്‍മാണ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലും ബുള്ളുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരാഴ്ച കൊണ്ട് ഓഹരി 35 ശതമാനത്തിലധികം കയറി.
ഗ്രാമീണ പാര്‍പ്പിട പദ്ധതി വിപുലീകരിച്ച കേന്ദ്രസര്‍ക്കാര്‍ സമാന പദ്ധതി നഗരങ്ങളിലും നടപ്പാക്കും എന്ന പ്രതീക്ഷ ഭവനവായ്പ, സിമന്റ് കമ്പനികളുടെ ഓഹരികളെ ഉയര്‍ത്തി.
നിഫ്റ്റിക്ക് ഇന്ന് 23,185 ലും 23,105 ലും പിന്തുണ ഉണ്ട്. 23,370ഉം 23,470 ഉം തടസങ്ങളാകും.
സ്വര്‍ണം താഴ്ചയില്‍
യുഎസ് ഫെഡ് തീരുമാനം സ്വര്‍ണബുള്ളുകള്‍ക്കു തിരിച്ചടിയായി. വിലക്കയറ്റം കുറഞ്ഞത് അറിഞ്ഞപ്പോള്‍ ഔണ്‍സിന് 2340 ഡോളറിലേക്കു കയറിയ സ്വര്‍ണം പിന്നീട് ഇടിഞ്ഞ് 2325.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2315 ഡോളറിലേക്കു താണു.
കേരളത്തില്‍ ഇന്നലെ സ്വര്‍ണവില 240 രൂപ കൂടി 52,920 രൂപയായി. ഇന്നു വില കുറയാം.
വെള്ളിവില ഔണ്‍സിന് 28.92 ഡോളറായി. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 95,000 രൂപയില്‍ തുടര്‍ന്നു.
ഡോളര്‍ ഇടിയുന്നു
ഫെഡ് തീരുമാനത്തെ തുടര്‍ന്ന് ഡോളര്‍ സൂചിക ബുധനാഴ്ച കുത്തനേ താണു 104.65 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.70 ലാണ്.
രൂപ ബുധനാഴ്ച അല്‍പം നേട്ടത്തിലായി. റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെട്ടതാണ് കാരണം. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.54 രൂപയില്‍ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയില്‍ ഉയര്‍ന്ന നിലയില്‍
ക്രൂഡ് ഓയില്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് 82.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 82.33 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 78.23 ഡോളറിലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 82.66 ഡോളറിലുമാണ്.
വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ കയറി. ചെമ്പ് 1.36 ശതമാനം ഉയര്‍ന്നു ടണ്ണിന് 9697 ഡോളറില്‍ എത്തി. അലൂമിനിയം 0.57 ശതമാനം കയറി 2552.22 ഡോളറായി. സിങ്ക് 4.87 ശതമാനവും ടിന്‍ 3.27 ശതമാനവും ഉയര്‍ന്നു.
ക്രിപ്‌റ്റോ കറന്‍സികള്‍ തിരിച്ചു കയറി. ബിറ്റ്‌കോയിന്‍ 68,200 ഡോളറിലായി. ഈഥര്‍ 3560 ഡോളറിനു മുകളിലെത്തി.
വിപണിസൂചനകള്‍
(2024 ജൂണ്‍ 12, ബുധന്‍)
സെന്‍സെക്‌സ് 30 76,606.57 +0.20%
നിഫ്റ്റി50 23,322.95 +0.025%
ബാങ്ക് നിഫ്റ്റി 49,895.10 +0.38%
മിഡ് ക്യാപ് 100 54,226.10 +1.04%
സ്‌മോള്‍ ക്യാപ് 100 17,788.30 +1.23%
ഡൗ ജോണ്‍സ് 30 38,712.20 -0.09%
എസ് ആന്‍ഡ് പി 500 5421.03 +0.85%
നാസ്ഡാക് 17,608.40 +1.53%
ഡോളര്‍($) ₹83.54 -?0.03
ഡോളര്‍ സൂചിക 104.65 -0.58
സ്വര്‍ണം (ഔണ്‍സ്) $2325.50 +$08.30
സ്വര്‍ണം (പവന്‍) ₹52,920 ?240
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.60 +$0.68
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it