Begin typing your search above and press return to search.
കിതപ്പിനു ശേഷം ആശ്വാസ പ്രതീക്ഷയിൽ വിപണി; പലിശയും വിലയും ഭീഷണി; ക്രൂഡ് 100 ഡോളറിനു താഴെ; വിദേശികൾ വിൽപന കൂട്ടി
പടിഞ്ഞാറൻ സൂചനകൾ അത്ര പ്രോത്സാഹജനകമല്ല. വിലക്കയറ്റം, പലിശ വർധന. മാന്ദ്യം തുടങ്ങിയ വിഷയങ്ങൾ വിടാതെ പിന്തുടരുന്നു. എങ്കിലും ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ തുടങ്ങുമെന്ന പ്രതീക്ഷ പലർക്കുമുണ്ട്. ചില്ലറ വിലക്കയറ്റം പ്രതീക്ഷയിൽ ഒതുങ്ങിയതും വ്യവസായ ഉൽപാദനം ഉയർന്നതും ബുള്ളുകൾക്കു ബലമേകും. ക്രൂഡ് ഓയിൽ വില 100 ഡോളറിനു താഴെയായതും രൂപയെ താങ്ങി നിർത്താൻ റിസർവ് ബാങ്ക് കൂടുതൽ നടപടികൾ പ്രഖ്യാപിച്ചതും ഇന്നു വിപണിയെ സഹായിച്ചേക്കും.ചൊവ്വാഴ്ചയിലെ വലിയ ഇടിവിനു ശേഷം ഇന്ന്ഒരു ആശ്വാസ കയറ്റം പ്രതീക്ഷിക്കുന്നവരും ഉണ്ട്.
യൂറോപ്യൻ ഓഹരികൾ ഇന്നലെ ചെറിയ നേട്ടം കാണിച്ചു. യുഎസ് ഓഹരികൾ തുടക്കം മുതലേ ഉയർന്നു നിന്നിട്ട് ഒടുവിൽ കുത്തനെ താഴ്ന്നു. മുഖ്യസൂചികകളെല്ലാം നഷ്ടത്തിൽ അവസാനിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ 16,118-ലേക്ക് ഉയർന്നു. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങുമെന്ന സൂചനയാണ് ഇതിലുള്ളത്.
സെൻസെക്സ് ഇന്നലെ 508.62 പോയിൻ്റ് (0.94%) ഇടിഞ്ഞ് 53,886.61- ലും നിഫ്റ്റി 157.7 പോയിൻ്റ് (0.97%) തകർന്ന് 16,058.3ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇത്ര കണ്ടു താഴ്ന്നില്ല. ഐടി, മെറ്റൽ, വാഹന, ബാങ്ക്, എഫ്എംസിജി, കൺസൂമർ ഡുറബിൾസ്, യന്ത്രങ്ങൾ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഇന്നലെ നഷ്ടത്തിലായി. ടെലികോമും പവറും റിയൽറ്റിയുമാണു നേട്ടമുണ്ടാക്കിയത്.
വിദേശ നിക്ഷേപകർ ഇന്നലെ വിൽപന വർധിപ്പിച്ചു 1565.68 കോടി രൂപയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റത്. സ്വദേശി ഫണ്ടുകൾ 140.71 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്ക് 16,005-ലും പിന്നീട് 15,950 ലുമാണു സാങ്കേതിക വിശകലനക്കാർ സപ്പോർട്ട് കാണുന്നത്.16,000-നു താഴോട്ടു വീണാൽ 20 ദിന സിംപിൾ മൂവിംഗ് ആവരേജ് ആയ 15,765-ൽ നിന്നേ തിരിച്ചു കയറ്റം സാധിക്കൂ എന്നാണു വിലയിരുത്തൽ. 16,135-ലും 16,210-ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങുകയാണ്. ബ്രെൻ്റ് ഇനം ഇന്നലെ 98.7 ഡോളർ വരെ താഴ്ന്നിട്ട് ഇന്ന് 99.21 ലേക്കു കയറി. ഡബ്ള്യുടിഐ ഇനം 95-നു താഴെയാണ്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഇടിഞ്ഞു.ചെമ്പുവില മൂന്നര ശതമാനത്താേളം താണ് 7370 ഡോളറിലെത്തി. അലൂമിനിയം 2360 ഡോളറിനു താഴെ വന്നു. ഇരുമ്പയിരു വില 110 ഡോളറിനു താഴെ തുടരുന്നു.
സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങുന്നു. 1722 ഡോളർ വരെ താഴ്ന്ന സ്വർണം ഇന്നു രാവിലെ 1727-1729 ഡോളറിലാണ്. പലിശനിരക്ക് അമിതമായി കൂടുന്ന സാഹചര്യത്തിൽ സ്വർണത്തിലേക്കു നിക്ഷേപകർ വരുന്നില്ല. കേരളത്തിൽ ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 37,440 രൂപയായി. ഇന്നു രൂപയുടെ ഗതി അനുസരിച്ചു വില വ്യത്യാസം വരാം.
ഡോളർ സൂചിക ഇന്നലെയും കയറി. 108.56 എന്ന റിക്കാർഡിലെത്തി. പിന്നീട് 108.07 -ൽ ക്ലാേസ് ചെയ്ത ഡോളർ ഇന്നു രാവിലെ 108.3 ലേക്കു കയറി.
രൂപ വീണ്ടും താഴെ
രൂപ ഇന്നലെയും തുടക്കം മുതലേ തളർച്ചയിലായിരുന്നു. 79.66 രൂപ വരെ ഉയർന്ന ഡോളർ 16 പൈസ നേട്ടത്തിൽ 79.59 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ താമസിയാതെ 80 രൂപയിലെത്തുമെന്നാണ് പൊതു നിഗമനം.
ഇതിനിടെ ഉപരോധത്തിലുള്ള റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിലെ ഉപരോധമില്ലാത്ത ബാങ്കുകൾ വഴി രൂപയിൽ ധനകാര്യ ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് അനുമതി നൽകി. ക്രൂഡ് ഓയിൽ ഇറക്കുമതി അടക്കമുള്ളവയുടെ വ്യാപാരം ഇനി രൂപയിൽ നടത്താം. പ്രതിവർഷം 3600 കോടി ഡോളറിൻ്റെ ആവശ്യം ഇതുവഴി ഇല്ലാതാകുമെന്നാണു കണക്ക്. ഇപ്പോൾ കറൻ്റ് അക്കൗണ്ട് കമ്മി വർധിച്ചു വരുന്ന സമയത്ത് ഇതു വലിയ നേട്ടമാകും.
വിലക്കയറ്റഭീതി ശക്തം
കാര്യങ്ങൾ അത്ര പന്തിയല്ല. അമേരിക്കയിലെ ചില്ലറ വിലക്കയറ്റം പിടികൊടുക്കാതെ മുന്നോട്ടു പോകുന്നു. പലിശ നിരക്ക് ഉയർന്ന തോതിൽ വർധിപ്പിക്കും എന്നു വിപണി കരുതുന്നു. അതു മാന്ദ്യത്തിലേക്കു നയിക്കും എന്നതിൽ സംശയമില്ലാത്ത മട്ടിലാണു വിപണി. യുഎസ് വിപണി ഇന്നലെ അപ്രതീക്ഷിതമായി 500-ലേറെ പോയിൻ്റ് ഇടിഞ്ഞതു നൽകുന്ന സൂചന അതാണ്. ഇന്നാണു ജൂണിലെ യുഎസ് ചില്ലറ വിലക്കയറ്റ കണക്കു പുറത്തു വിടുന്നത്. മേയിൽ 8.6 ശതമാനമായിരുന്നു. ജൂണിൽ വിലക്കയറ്റം 8.8 ആയിട്ടുണ്ടെന്നാണു പലരും നിഗമിക്കുന്നത്. അങ്ങനെ വന്നാൽ മാസാവസാനം ഫെഡ് കുറഞ്ഞ പലിശ നിരക്ക് 1.5 ശതമാനത്തിൽ നിന്നു രണ്ടോ 2.25 - ഓ ശതമാനമാക്കും. അമേരിക്ക പലിശ കൂട്ടിയാൽ മറ്റു രാജ്യങ്ങളും നിരക്കുകൂട്ടും. അങ്ങനെ അമേരിക്കയുടെ പിന്നാലെ നിരക്കു കൂട്ടില്ല എന്നു പറയുന്നവർ അവർക്കു മുമ്പേ കൂട്ടി വിപണിയിൽ നല്ല പിള്ളമാരാകുന്നതാണു കണ്ടു വരുന്നത്. പലിശ വർധന മാന്ദ്യം ഉണ്ടാക്കും എന്നാണു ഭീതി.
ക്രൂഡ് ഓയിലിൻ്റെയും വ്യാവസായിക ലോഹങ്ങളുടെയും വിലത്തകർച്ച അതിലേക്കാണു വിരൽ ചൂണ്ടുന്നത്. വ്യവസായ വളർച്ചയുടെ ബാരാേമീറ്റർ ആയ ചെമ്പുവില റിക്കാർഡിൽ നിന്ന് 27 ശതമാനം ഇടിഞ്ഞു. ക്രൂഡ് ഓയിൽ 100 ഡോളറിനു താഴെയായി.
വിലക്കയറ്റത്തിൽ ആശ്വാസം അകലെ
ജൂൺ മാസത്തെ ചില്ലറ വിലക്കയറ്റം 7.01 ശതമാനം.മേയിലെ 7.04 ശതമാനത്തിൽ നിന്നു നാമമാത്ര കുറവ്. ഇതോടെ ഏപ്രിൽ- ജൂൺ പാദത്തിലെ ശരാശരി വിലക്കയറ്റം 7.3 ശതമാനമായി. റിസർവ് ബാങ്ക് നേരത്തേ പ്രതീക്ഷിച്ചത് 7.5 ശതമാനമായിരുന്നു. ജനുവരി-മാർച്ചിൽ 6.3 ശതമാനം ഉണ്ടായിരുന്നു. തുടർച്ചയായ രണ്ടിലേറെ പാദങ്ങളിൽ വിലക്കയറ്റം ആറു ശതമാനത്തിലധികമായാൽ പാർലമെൻ്റിൽ റിസർവ് ബാങ്ക് വിശദീകരണം നൽകേണ്ടതുണ്ട്.
കണക്കുകൂട്ടലിനേക്കാൾ മെച്ചമായി എന്നത് അതിൽ തന്നെ മികവായിട്ടില്ല. തുടർച്ചയായ ആറാം മാസമാണ് വിലക്കയറ്റം ആറു ശതമാനത്തിനു മുകളിലാകുന്നത്. വിലക്കയറ്റത്തിൻ്റെ സഹന പരിധിയാണ് ആറു ശതമാനം.
രണ്ടു മുതൽ നാലു വരെ ശതമാനമായി വിലക്കയറ്റം ക്രമീകരിച്ചു നിർത്താനാണു റിസർവ് ബാങ്കിനു നൽകിയിട്ടുള്ള നിർദ്ദേശം. ഇതിൻ്റെ പരമാവധി സഹന മേഖലയാണ് നാലു മുതൽ ആറു വരെ ശതമാനം. ഇപ്പോൾ തുടർച്ചയായ 33 മാസമായി നാലിനു മുകളിലാണു വിലക്കയറ്റം.
ഈ സാഹചര്യത്തിലാണു ചൊവ്വാഴ്ചത്തെ കണക്കുകൾ ആശ്വാസകരമല്ലാത്തത്.
ഭക്ഷ്യ വിലക്കയറ്റം 7.75 ശതമാനമായി കുറഞ്ഞു. എന്നാൽ നഗരങ്ങളിൽ ഇത് 8.04 ശതമാനം ആയി. പച്ചക്കറികൾക്കും ഭക്ഷ്യ എണ്ണകൾക്കും മത്സ്യ-മാംസാദികൾക്കുമാണു കൂടുതൽ വില വർധന. ഇവ വരും മാസങ്ങളിൽ കുറയും.
ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 5.95 ശതമാനമായി താണു. മൂന്നു മാസത്തിനു ശേഷമാണ് ഇത് ആറു ശതമാനത്തിൽ താഴെ ആകുന്നത്.
അതേ സമയം ഇന്ധന നികുതി കുറച്ചത് കഴിഞ്ഞ മാസം കാര്യമായ മാറ്റം വരുത്തിയില്ല. ജൂലൈയിൽ കുറവു വന്നേക്കും. വസ്ത്രം, ചെരുപ്പ്, ഫാക്ടറി ഉൽപന്നങ്ങൾ എന്നിവയുടെ ഉയർന്ന വിലക്കയറ്റം ഭാവിയിലെ വിലക്കയറ്റത്തെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയണം. എങ്കിലും ജൂലൈയിലെ വിലക്കയറ്റം ഏഴു ശതമാനത്തിൽ കുറവാകും എന്നാണു പ്രതീക്ഷ.
വ്യവസായ വളർച്ചയിലെ പൊള്ളും പൊരുളും
മേയിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) 19.6 ശതമാനം വളർച്ച കാണിച്ചു. 12 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. ഗൃഹോപകരണ (കൺസ്യൂമർ ഡ്യുറബിൾസ്) ഉൽപാദനത്തിൽ 58.5 ശതമാനവും യന്ത്ര നിർമാണത്തിൽ 54.5 ശതമാനവും വളർച്ച ഉണ്ട്. കുറേ മാസങ്ങളിൽ ഇവയുടെ ഉൽപാദനം കുറവായിരുന്നു. അതേ സമയം എഫ്എംസിജി ഉൽപാദന വളർച്ച കേവലം 0.9 ശതമാനമായി താഴ്ന്നു.
കഴിഞ്ഞ വർഷം മേയിൽ കോവിഡ് തരംഗം മൂലം പൊതുവേ ഉൽപാദനം കുറവായിരുന്നു. ഈ താഴ്ന്ന അടിത്തറയിൽ നിന്നായതു കൊണ്ടാണു വലിയ ഉയർച്ച കാണിച്ചത്.
യഥാർഥ വളർച്ച കുറവാണ്. ഏപ്രിലിലെ വ്യവസായ ഉൽപാദനത്തെ അപേക്ഷിച്ച് 2.3 ശതമാനം ഉൽപാദനം മാത്രമേ മേയിൽ കൂടിയുള്ളു. കോവിഡിനു മുൻപുള്ള മെയ് മാസത്തെ അംപക്ഷിച്ച് വർധന 1.7 ശതമാനം ഉണ്ട്
Next Story
Videos