മാന്ദ്യഭീതി വീണ്ടും; കുതിപ്പിനു താൽക്കാലിക വിരാമം; ക്രൂഡ് ഉയർന്നു, സ്വർണം താഴ്ചയിൽ; വിലക്കയറ്റം കൂട്ടാനാേ ജിഎസ്ടി വർധന?

മുന്നോട്ടു പോകുമ്പോൾ കാര്യങ്ങൾ മോശമാണെന്ന് വലിയ ബാങ്കുകളും ടെക് ഭീമൻ ആപ്പിളും മുന്നറിയിപ്പ് നൽകി. ഓഹരികൾ ഇടിഞ്ഞു. ഈ മുന്നറിയിപ്പ് ഇന്ന് ഇന്ത്യൻ വിപണിയെയും താഴോട്ടു വലിക്കും എന്ന ആശങ്കയാണു രാവിലെ ഉള്ളത്. രണ്ടു ദിവസത്തെ കുതിപ്പിന് ഇന്നു താൽക്കാലിക വിരാമം ഉണ്ടായേക്കാം.

നേട്ടത്തിൽ തുടങ്ങിയ യുഎസ് വിപണി 600-ലേറെ പോയിൻ്റ് നഷ്ടപ്പെടുത്തിയ ശേഷം 0.7 മുതൽ 0.9 വരെ ശതമാനം താഴ്ചയിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സും ചെറിയ താഴ്ചയിലാണ്. പൊതുവേ ഏഷ്യൻ വിപണികളും താഴോട്ടു നീങ്ങി.ജപ്പാൻ മാത്രമാണ് അപവാദം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 16,180 ലേക്കു താഴ്ന്നു. രാവിലെ 16,142 വരെ കുറഞ്ഞിട്ടു കയറിയതാണ്. എങ്കിലും ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
അടുത്ത പാദങ്ങളിൽ ബിസിനസ് മാന്ദ്യത്തിലാകും എന്നും അതിനാൽ ജോലിക്കാരെ എടുക്കുന്നതും ചെലവുകളും കുറയ്ക്കുമെന്നും ആപ്പിൾ മുന്നറിയിപ്പ് നൽകി. ഗോൾഡ്മാൻ സാക്സും ബാങ്ക് ഓഫ് അമേരിക്കയും പ്രതീക്ഷയ്‌ക്കാെത്ത റിസൽട്ട് പുറത്തിറക്കിയെങ്കിലും വരും പാദങ്ങളിൽ കാര്യങ്ങൾ പന്തിയാകില്ലെന്നു സൂചിപ്പിച്ചു. ചുരുക്കം ഇതാണ്: സാമ്പത്തിക മാന്ദ്യം വരുന്നു. അതിൻ്റെ ആശങ്ക ഇന്ത്യൻ വിപണിയും പ്രകടമാക്കും.
ഇന്നലെ മുഖ്യസൂചികകൾ തുടക്കം മുതലേ നേട്ടത്തിലായിരുന്നു. ഏറ്റവും ഉയർന്ന വിലയുടെ സമീപത്തു തന്നെ അവ ക്ലോസ് ചെയ്യുകയും ചെയ്തു. സെൻസെക്സ് 760.37 പോയിൻ്റ് (1.41%) നേട്ടത്തോടെ 54,521.15 ലും നിഫ്റ്റി 229.3 പോയിൻ്റ് (1.43%) കുതിപ്പോടെ 16,278.5 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സ്വചികകളും ഇതേപോലെ ഉയർന്നു. നിഫ്റ്റി ഐടി സൂചിക 3.17 ശതമാനം ഉയർന്നു. മെറ്റൽ 2.49 ശതമാനവും ബാങ്ക് 1.95 ശതമാനവും കൺസ്യൂമർ ഡുറബിൾസ് 1.45 ശതമാനവും റിയൽറ്റി 1.21 ശതമാനവും ഓയിൽ - ഗ്യാസ് 1.14 ശതമാനവും നേട്ടമുണ്ടാക്കി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 156.08 കോടി രൂപ ഇന്നലെ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 844.33 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങി.
ഇന്നും നല്ല കുതിപ്പ് നടത്തിയെങ്കിലും ഇന്ന് അതേ തോതിൽ നേട്ടം തുടരാൻ സൂചികകൾക്കു കഴിയുമോ എന്നു സംശയമാണ്. നിഫ്റ്റിക്ക് 16,185ലും 16,090 ലും സപ്പോർട്ട് ഉണ്ട്. 16,330-ഉം 16,390-ഉം തടസങ്ങൾ ആകാം.
ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ തുടരുന്നു. ചൈന റിയൽ എസ്റ്റേറ്റ് മേഖലയെ ഉദ്ധരിക്കാൻ നടത്തുന്ന ശ്രമങ്ങൾ വ്യാവസായിക ഡിമാൻഡ് വർധിപ്പിക്കുമെന്നതാണ് വില കൂടാൻ ഒരു കാരണം. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ സൗദി സന്ദർശനം പരാജയപ്പെട്ടത് ഒപെകിൽ നിന്നു വില കുറയ്ക്കാൻ തക്ക നടപടികൾ ഉണ്ടാകില്ല എന്നുറപ്പാക്കിയതും കാരണമാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 106.3 ഡോളർ വരെ കയറി. ഡബ്ള്യുടിഐ 102.5 -ലേക്കുയർന്നു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. ചെമ്പ് നാലര ശതമാനം കുതിച്ച് ടണ്ണിന് 7319 ഡോളറായി. അലൂമിനിയം നാലു ശതമാനത്തോളം ഉയർന്ന് 2341 -ലെത്തി. ലെഡ്, നിക്കൽ, സിങ്ക്, ടിൻ, ഇരുമ്പയിര് തുടങ്ങിയവയും നല്ല നേട്ടം കുറിച്ചു. ചൈന റിയൽ എസ്റ്റേറ്റ് മേഖലയെ രക്ഷിക്കാൻ ത്വരിത നടപടികൾ പ്രഖ്യാപിച്ചതാണ് ലോഹങ്ങൾക്കു കരുത്തായത്. ജിഡിപി വളർച്ച നാമമാത്രമായി മാറിയ സാഹചര്യത്തിൽ ജിഡിപിയുടെ 20 ശതമാനം നൽകുന്ന റിയൽ എസ്റ്റേറ്റ് മേഖലയുടെ പുനരുദ്ധാരണം ചൈനയ്ക്ക് അടിയന്തരാവശ്യമാണ്. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ നല്ല ഉയർച്ച കുറിച്ച ലോഹങ്ങൾ പിന്നീടു യുഎസ് കോമെക്സിൽ ഇടിവിലായി. ചെമ്പുവില 0.88 ശതമാനം കുറഞ്ഞു. ഇന്നു രാവിലെ ചൈനീസ് വിപണിയിൽ തിരുത്തൽ ഉണ്ടായാൽ ഇന്ത്യയിൽ മെറ്റൽ കമ്പനികൾക്കു ക്ഷീണമാകും.
സ്വർണം ഉയർച്ചയ്ക്കുള്ള ശ്രമത്തിൽ വീണ്ടും പരാജയപ്പെട്ടു. 1725 ഡോളർ വരെ ഉയർന്നെങ്കിലും പിടിച്ചു നിൽക്കാനായില്ല. ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയായ 1707-1709 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 1705 ഡോളറിൽ വ്യാപാരം തുടങ്ങിയിട്ട് 1706-1708 നിലവാരത്തിലേക്കു കയറി. ഡോളർ സൂചിക താഴ്ന്നതു കൊണ്ടു മാത്രമാണു സ്വർണം 1700-നു മുകളിൽ നിൽക്കുന്നത് എന്നാണു സാങ്കേതിക വിശകലനക്കാർ പറയുന്നത്. സ്വർണത്തിനു കൂടുതൽ താഴ്ചയാണു മിക്കവരും പ്രതീക്ഷിക്കുന്നത്.
കേരളത്തിൽ ഇന്നലെ പവൻ വില മാറ്റമില്ലാതെ 36,960 രൂപയിൽ തുടർന്നു. രൂപയുടെ നിരക്കിൽ നാടകീയമാറ്റം ഉണ്ടാകുന്നില്ലെങ്കിൽ കേരളത്തിൽ ഇന്നു സ്വർണവില കുറഞ്ഞേക്കും.
ഡോളർ സൂചിക ഇന്നലെ താഴ്ന്നതു രാവിലെ ഡോളർ വില 79.72 രൂപ വരെ താഴ്ത്തി. പിന്നീടു ഡോളർ ക്രമമായി ഉയർന്നു. റിസർവ് ബാങ്ക് കാര്യമായി ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ക്രൂഡ് ഓയിൽ വില 105 ഡോളറിലേക്കു കയറിയത് രൂപയെ ദുർബലമാക്കി. 79.98 രൂപയിലാണു ഡോളർ ക്ലോസ് ചെയതത്. തുടർച്ചയായ ഏഴാം ദിവസമാണു രൂപ നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്.
ഡോളർ സൂചിക ഇന്നും താഴ്ന്നു നിൽക്കുകയാണ്. ഇതും റിസർവ് ബാങ്കിൻ്റെ ഇടപെടലും ചേർന്നു സഹായിച്ചാൽ മാത്രമേ രൂപ ഇന്ന് 80 എന്ന പരിധി കടക്കാതിരിക്കൂ. ക്രൂഡ് ഓയിൽ വില കയറുന്നത് രൂപയുടെ നില വീണ്ടും ദുർബലമാക്കുന്ന ഘടകമാണ്.

രൂപയെ താഴ്ത്തുന്ന ഘടകങ്ങൾ

ക്രൂഡ് വിലക്കയറ്റം, വർധിച്ചു വരുന്ന വാണിജ്യ കമ്മി, വിദേശ നിക്ഷേപകർ പണം മടക്കിക്കൊണ്ടു പോകുന്നത്, ഭീമമായ വിദേശ കറൻസി വായ്പ ആറു മാസത്തിനകം കാലാവധിയാകുന്നത്, ഇതിൻ്റെയെല്ലാം ഫലമായി കറൻ്റ് അക്കൗണ്ട് കമ്മി പിടി വിട്ടു വർധിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണു രൂപയെ ദുർബലമാക്കുന്നത്. ഈ വർഷം 12 ശതമാനം ഇടിഞ്ഞ യൂറാേയോളം ക്ഷീണം രൂപയ്ക്കില്ല, മറ്റു വികസ്വര രാജ്യ കറൻസികളും സമാനമായി ഇടിയുന്നുണ്ട്, വിനിമയ നിരക്കു താഴുന്നത് കയറ്റുമതിയെ സഹായിക്കും തുടങ്ങിയ വിശദീകരണങ്ങൾ സർക്കാർ നൽകുന്നുണ്ട്.
ഡോളർ 81 അല്ലെങ്കിൽ 82 രൂപയിൽ കയറ്റം നിർത്തുമെന്നു പലരും പറയുന്നുണ്ട്. വിദേശ നിക്ഷേപകർ ഇത്തവണ വിറ്റു മാറില്ലെന്നും അവരുടെ വിൽപനയുടെ പ്രധാന ഘട്ടം കഴിഞ്ഞെന്നും മാസങ്ങളായി പറഞ്ഞുകൊണ്ടിരുന്നവരുടെ അഭിപ്രായങ്ങൾ പോലെ മാത്രം അതും കണക്കാക്കിയാൽ മതിയാകും. രൂപ ഇനിയും പരീക്ഷണ ഘട്ടം കഴിഞ്ഞിട്ടില്ലെന്നു തന്നെയാണു കൂടുതൽ പേരും വിശ്വസിക്കുന്നത്. റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ നീക്കിയിട്ടും പലിശ കൂട്ടിയിട്ടും വിദേശ കറൻസി നിക്ഷേപം വർധിക്കാത്തത് ഇതുകൊണ്ടാണ്.

ജിഎസ്ടിയും വിലക്കയറ്റവും

പായ്ക്കറ്റിലുള്ള ഭക്ഷ്യവസ്തുക്കൾ അടക്കം ഡസൻ കണക്കിന് നിത്യോപയോഗ സാധനങ്ങൾക്കു വില വർധിക്കുന്ന വിധം ജിഎസ്ടി നിരക്ക് വർധിപ്പിച്ചു. ജിഎസ്ടി കൗൺസിലിലെ തീരുമാനത്തിൽ നിന്നു വ്യത്യസ്തമാണ് ഉത്തരവ് എന്നാണ് ഉപസമിതി ചെയർമാനായ കർണാടക മുഖ്യമന്ത്രി അടക്കം പല സംസ്ഥാന പ്രതിനിധികളും പറയുന്നത്. ജിഎസ്ടി സംവിധാനത്തിൽ തീരുമാനം സമവായത്തോടെ മാത്രം എന്നാണു പറഞ്ഞിരുന്നത്. സമവായത്തിൻ്റെ വ്യാഖ്യാനം കേന്ദ്രത്തിൻ്റെ ഇഷ്ടപ്രകാരമാകും എന്ന ചിത്രമാണ് പുതിയ നികുതി വർധന നൽകുന്നത്.
നികുതി വർധന ചില്ലറ വിലയിൽ വർധന ഉണ്ടാക്കി. റീട്ടെയിൽ തലത്തിലെ വർധന നേരേ ഉപയോക്താവിലേക്കു നീങ്ങും. ചില്ലറ വിലക്കയറ്റം ഏഴു ശതമാനത്തിനു മുകളിൽ നിൽക്കുന്ന അവസരത്തിൽ വീണ്ടും വില കൂട്ടുന്ന നടപടി എന്തുകൊണ്ട് ഉണ്ടായി എന്നു നിരീക്ഷകർ ചോദിക്കുന്നു.
ഈ സാധനങ്ങളുടെ ചില്ലറവില കൂടിയാലും വിലക്കയറ്റ സൂചിക ഉയരില്ല എന്നാണു സർക്കാർ വാദം. അതിനു പറയുന്ന ന്യായം ഭക്ഷ്യ എണ്ണ മുതൽ ധാന്യങ്ങൾക്കു വരെ ഉണ്ടാകുന്ന വിലയിടിവാണ്. പലതിൻ്റെയും രാജ്യാന്തര വിലയും ആഭ്യന്തര മൊത്ത വിലയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ചില്ലറ വിലയിലേക്ക് ആ കുറവ് വന്നിട്ടില്ല.ഈയാഴ്ച മാത്രമാണ് അഡാനി വിൽമർ ഭക്ഷ്യ എണ്ണയുടെ ചില്ലറ വില ലിറ്ററിന് 30 രൂപ കുറച്ചത്. മറ്റു കമ്പനികൾ കുറച്ചു വരുന്നതേ ഉള്ളൂ. അതായതു സർക്കാർ കരുതുംപോലെ ചില്ലറ വിലകൾ താഴ്ന്നു നിൽക്കണമെന്നില്ല.

ഭക്ഷ്യഎണ്ണ വില വീണ്ടും കൂടുന്നു

ഭക്ഷ്യഎണ്ണ വില വീണ്ടും കയറാനും തുടങ്ങി. രാജ്യാന്തര വിപണിയിൽ സോയാബീൻ എണ്ണയുടെ വില 10 ശതമാനത്തോളം ഉയർന്നു. ഇതേ തുടർന്ന് ഇൻഡോനീഷയിൽ പാമോയിൽ വില ഇന്നലെ എട്ടര ശതമാനം കയറി. ഇനിയും കയറുമെന്നാണു സൂചന.

നെൽകൃഷി കുറഞ്ഞു

ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം പതിവു മഴ നൽകിയെങ്കിലും നെൽകൃഷി കൂടുതലുള്ള പ്രദേശങ്ങളിൽ വേണ്ടത്ര മഴ കിട്ടിയില്ല. ഇതു മൂലം നെൽകൃഷി ചെയ്ത ഭൂമിയുടെ വിസ്തൃതിയിൽ 18 ശതമാനം കുറവുണ്ട്. പത്തു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നെൽ കൃഷിയാണ് ഈ ഖാരിഫ് സീസണിലേത്. ആവശ്യത്തിലും ഗണ്യമായ അളവ് കൂടുതൽ അരി ബഫർ സ്റ്റാേക്ക് ഉണ്ടെന്നു സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അടുത്ത സീസണിലേക്ക് അരിവില കൂടാനുള്ള സാധ്യത വളരെയേറെയാണ്. ലോക വിപണിയിലും വില കയറും എന്നു സൂചനയുണ്ട്. വലിയ അരികയറ്റുമതി രാജ്യങ്ങളിലൊന്നായ യുഎസിൽ നെൽകൃഷി സ്ഥലം ഏഴര ശതമാനം കുറഞ്ഞു. തെക്കു കിഴക്കൻ ഏഷ്യയിലും കാലാവസ്ഥ നെൽകൃഷിയെ ബാധിച്ചിട്ടുണ്ട്.


This section is powered by Muthoot Finance


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it