വീണ്ടും താഴ്ചയുടെ സൂചന; കണ്ണ് വിലക്കയറ്റത്തിൽ; വിദേശികൾ വിൽപന കുറയ്ക്കുന്നു; ഡോളറിൻ്റെ കുതിപ്പിൽ രൂപയ്ക്കു ക്ഷീണം

മികച്ച നേട്ടത്തിൻ്റെ ഒരാഴ്ചയ്ക്കു ശേഷം വിപണി വീണ്ടും ഇടിവ് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച യൂറോപ്യൻ വിപണി നേരിയ നേട്ടമേ ഉണ്ടാക്കിയുള്ളു. യുഎസ് വിപണി കയറിയിറങ്ങിയ ശേഷം നേരിയ ഇടിവിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്.

ജപ്പാനൊഴികെയുള്ള ഏഷ്യൻ വിപണികൾ താഴ്ചയിലാണ്. ജാപ്പനീസ് വിപണി ആഭ്യന്തര രാഷ്ട്രീയത്തിലെ സ്ഥിരതയുടെ പേരിൽ ഉയർന്നു. കൊറിയയിലും തായ് വാനിലും ഹോങ് കോങ്ങിലും സൂചികകൾ ഗണ്യമായ താഴ്ചയിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ 16,115 ലേക്കു താഴ്ന്നു. പിന്നീടു 16,130-ലേക്കു കയറി. വീണ്ടും താണു. ഇന്ത്യൻ വിപണി ഇന്ന് താഴ്ചയോടെയാണു തുടങ്ങുക എന്നാണ് ഇതിലെ സൂചന.

കഴിഞ്ഞയാഴ്ച പുറത്തു വന്ന യുഎസ് കാർഷികേതര തൊഴിൽ കണക്ക് പലിശ വർധന ഉയർന്ന തോതിൽ തുടരും എന്ന ധാരണ ബലപ്പെടുത്തി. പ്രതീക്ഷിച്ചതിലും ഒരു ലക്ഷം അധിക തൊഴിലുകൾ ഉണ്ടായി. തൊഴിലില്ലായ്മ മൂന്നര ശതമാനത്തിൽ താഴെയായി. മാന്ദ്യഭീതി അകറ്റുന്നതാണ് ഈ കണക്ക്.

ഈയാഴ്ച ജൂണിലെ യുഎസ് ചില്ലറ വിലക്കയറ്റ കണക്കു പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം 8.6 ശതമാനമായിരുന്ന വിലക്കയറ്റം 8.8 ശതമാനത്തിലേക്കു കയറും എന്നാണു നിഗമനം. ഇതും ഈ മാസത്തെ ഫെഡ് നിരക്കു വർധന 75 ബേസിസ് പോയിൻ്റ് ആക്കാൻ കാരണമാകും. ഇപ്പോൾ 1.5 ശതമാനമാണ് ഫെഡ് നിരക്ക്. അത് 2.25 ശതമാനമാക്കുമെന്നാണു പ്രതീക്ഷ.

മുഖ്യസൂചികകൾ കഴിഞ്ഞയാഴ്ച മൂന്നു ശതമാനത്തോളം (സെൻസെക്സ് 1574-ഉം നിഫ്റ്റി 468-ഉം പോയിൻ്റ്) ഉയർന്നപ്പോൾ മിഡ് ക്യാപ്പുകളും സ്മോൾ ക്യാപ്പുകളും നാലും മൂന്നും ശതമാനം ഉയർന്നു. റിയൽറ്റി (5%), എഫ്എംസിജി (5.7%) മേഖലകളാണു കഴിഞ്ഞയാഴ്ച നേട്ടത്തിനു മുന്നിൽ നിന്നത്.

ഇപ്പോഴത്തെ മുന്നേറ്റത്തിനു കുറേക്കൂടി കയറാനുള്ള സാധ്യതയാണ് നിരീക്ഷകർ കാണുന്നത്. അവിചാരിതമായൊന്നും സംഭവിച്ചില്ലെങ്കിൽ ഈയാഴ്ച 16,500-16,650 മേഖലയിലേക്കു നിഫ്റ്റി കയറുമെന്നാണു നിക്ഷേപ വിദഗ്ധർ കണക്കുകൂട്ടുന്നത്. അതു സാധിച്ചില്ലെങ്കിൽ 15,850-16,000 നിലയിലേക്കു താഴാം.

നിഫ്റ്റിക്ക് ഇന്നു 16,160-ലും 16,100 ലും സപ്പോർട്ട് ഉണ്ട്. 16,280-ലും 16,335 ലും തടസങ്ങൾ പ്രതീക്ഷിക്കാം. വിദേശ നിക്ഷേപകരുടെ വിൽപനയുടെ തോതു ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ജൂണിൽ 50,203 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച അവർ ജൂലൈയിൽ എട്ടാം തീയതി വരെ 4096 കോടി രൂപയുടെ ഓഹരികളേ വിറ്റുള്ളു.

ഇതു വലിയൊരു ദിശാമാറ്റമായി ബ്രോക്കറേജുകൾ കരുതുന്നു. വെള്ളിയാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 109. 31 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 34.61 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ 107 ഡോളറിലായിരുന്നു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 106.4 ഡോളറിലേക്കു താണു. ഇനിയും താഴുമെന്നാണു സൂചന. അമേരിക്കയിൽ പെട്രോൾ വില കുത്തനേ ഇടിഞ്ഞതു ഡിമാൻഡ് താഴാേട്ടാണെന്നു കാണിക്കുന്നു.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ചയും താഴ്ചയിലായിരുന്നു. ചെമ്പുവില 7800 ഡോളറിനു താഴെയായി, അലൂമിനിയം 2440- നു താഴെയും.നിക്കൽ മൂന്നര ശതമാനം താഴ്ചയിലാണ്. ഈയാഴ്ചയും ലോഹങ്ങൾക്കു തിരിച്ചു കയറ്റം പ്രതീക്ഷിക്കുന്നില്ല.

സ്വർണം വാരാന്ത്യത്തിൽ 1742 ഡോളറിലായിരുന്നു. ഇന്നു രാവിലെ 1738-ലേക്കു താഴ്ന്നിട്ട് അൽപം കയറി 1739-1741 ഡോളർ മേഖലയിലാണ്. ഡോളർ സൂചിക കയറുന്നതു സ്വർണത്തെ വലിച്ചു താഴ്ത്തും. കേരളത്തിൽ ശനിയാഴ്ച സ്വർണം പവന് 80 രൂപ കൂടി 37,560 രൂപയായി.

രൂപ വെള്ളിയാഴ്ചയും ദുർബലമായി. ഡോളർ വരവ് വർധിപ്പിക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളിൽ വിപണിക്കു വലിയ പ്രതീക്ഷ ഇല്ല. ഈ വർഷം തിരിച്ചു നൽകേണ്ട വിദേശ വാണിജ്യ വായ്പകൾക്കു ബദൽ കാണാത്തതും വായ്പകൾ ഹെഡ്ജ് ചെയ്യാത്തതും ഡോളർ ബുള്ളുകൾക്കു നല്ല അവസരമായി. വെള്ളിയാഴ്ച 79.25 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്.

ഡോളർ സൂചിക വെള്ളിയാഴ്ച 107.01 ൽ ക്ലോസ് ചെയ്തത് ഇന്നലെ 107.45ലേക്ക് ഉയർന്നു. ഇനിയും ഉയരുമെന്നാണു സൂചന.

ചില്ലറ വിലക്കയറ്റം അൽപം കുറഞ്ഞേക്കും

ജൂണിലെ ചില്ലറ വിലക്കയറ്റവും മേയിലെ വ്യവസായ ഉൽപാദന സൂചികയിലെ വർധനയുമാണ് ഈയാഴ്‌ച വിപണിയെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട സാമ്പത്തിക സൂചകങ്ങൾ. വിലക്കയറ്റ കണക്ക് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

ഏപ്രിലിൽ 7.79 ശതമാനമായിരുന്ന വിലക്കയറ്റം മേയിൽ 7.04 ശതമാനമായി കുറഞ്ഞു. ഗവണ്മെൻ്റ് സ്വീകരിച്ച പല നടപടികളും വിലക്കയറ്റം അൽപം കുറച്ചിരിക്കാം എന്നു കരുതുന്നുണ്ട്. ജൂലൈ മുതലേ നിരക്കു കാര്യമായി കുറയൂ. എങ്കിലും ഏഴു ശതമാനത്തിനു താഴേക്കു നിരക്ക് എത്തും എന്നാണു പ്രതീക്ഷ. ഒക്ടോബറോടെ ചില്ലറ വിലക്കയറ്റം കാര്യമായ കുറവ് കാണിക്കുമെന്നാണു റിസർവ് ബാങ്ക് ഗവർണർ പറയുന്നത്.

വാർഷിക വിലക്കയറ്റം സംബന്ധിച്ച നിഗമനം റിസർവ് ബാങ്ക് താഴ്ത്താനും ഇടയുണ്ട്. ആഗാേള തലത്തിൽ ക്രൂഡ് ഓയിൽ, ഭക്ഷ്യ എണ്ണ, ധാന്യങ്ങൾ, ലോഹങ്ങൾ എന്നിവയുടെ വിലയിൽ വരുന്ന ഇടിവാണു പുതിയ ശുഭാപ്തി വിശ്വാസത്തിനു കാരണം.

ഐഎപിയിൽ പ്രതീക്ഷ

മേയിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) യും ചൊവ്വാഴ്ച തന്നെ പ്രസിദ്ധീകരിക്കും. ഏപ്രിലിൽ 7.1 ശതമാനമായിരുന്നു വ്യവസായ വളർച്ച. എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേ സമയം തൊട്ടു തലേമാസമായ മാർച്ചിനെ അപേക്ഷിച്ച് വർധനയല്ല, 9.2 ശതമാനം ഇടിവാണുണ്ടായത്. ഫാക്ടറി ഉൽപാദനം 8.8 ശതമാനവും ഖനനം 19.7 ശതമാനവും കുറഞ്ഞു.

മേയിൽ കാതൽ മേഖലയുടെ ഉൽപാദനം 18.1 ശതമാനം വളർന്നത് ഐഐപി വളർച്ച മികച്ചതാകുമെന്ന പ്രതീക്ഷ വളർത്തിയിട്ടുണ്ട്. ഐഐപിയിൽ 40.3 ശതമാനം വെയിറ്റേജ് ഉണ്ട് കാതൽ മേഖലയ്ക്ക്.

അമിത വിലക്കയറ്റം വിലയിടിവിലേക്കു മാറുകയാണോ?

ലോകം അമിത വിലക്കയറ്റത്തിൽ നിന്ന് വിലയിടിവിലേക്കു മാറുകയാണോ? ഉയർന്ന പണപ്പെരുപ്പ (Inflation) പ്രതിഭാസം പണച്ചുരുക്ക (Deflation) പ്രതിഭാസത്തിലേക്കു നീങ്ങുകയാണോ? ഫ്രഞ്ച് നിക്ഷേപ ബാങ്ക് സൊസീത്ത് ജനറാലിൻ്റെ ഗ്ലോബൽ സ്ട്രാറ്റജി കോ-ഹെഡ് ആൽബർട്ട് എഡ്വേർഡ്സ് അങ്ങനെ സംശയിക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹം തയാറാക്കിയ റിപ്പോർട്ട് ഉൽപന്ന വിപണിയിലെ 'ഞെട്ടിക്കുന്ന തകർച്ച'യെപ്പറ്റി ആയിരുന്നു. വ്യവസായ വളർച്ചയുടെ സൂചകമായ ചെമ്പ് വില മേയ് മാസത്തിലേതിൽ നിന്ന് 20 ശതമാനത്തിലധികം താഴ്ചയിലായി.

അലൂമിനിയം ടണ്ണിന് 3000 ഡോളറിനു സമീപത്തു നിന്ന് 2400 ഡോളറിലേക്കു വീണു. താഴ്ച 20 ശതമാനം. ലെഡും ഇരുമ്പയിരും സിങ്കും ടിന്നും നിക്കലും അപ്രതീക്ഷിത തകർച്ച നേരിട്ടു.

മേയിലെ ഉയരത്തിൽ നിന്ന് ചോളം 30 ശതമാനവും ഗോതമ്പ് 35 ശതമാനവും സോയാബീൻ 17 ശതമാനവും ഇടിഞ്ഞു. ഭക്ഷ്യഎണ്ണകളുടെ വില 15 മുതൽ 20 വരെ ശതമാനം താഴ്ചയിലായി.

യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് കയറിയ വില അതേപടി താഴെയെത്തി. അതിനു മുമ്പ് കണ്ടെയ്നർ ക്ഷാമവും തുറമുഖങ്ങളിലെ തിരക്കും മൂലം ഉണ്ടായ വിലക്കയറ്റവും തിരിച്ചിറങ്ങി. ഡോളറിൻ്റെ വിലവർധനയും ക്രൂഡ് ഓയിൽ വില താഴുമെന്ന സൂചനയും മാന്ദ്യ ഭീതിയും വില താഴുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചു.

പെട്ടെന്നൊരു വിലയിടിവ് ഉണ്ടായത് പണച്ചുരുക്കം പോലുള്ള അസാധാരണ പ്രതിഭാസത്തിലേക്കു നയിക്കുമാേ എന്നു സംശയിക്കുന്നവരുണ്ട്. 2007 രണ്ടാം പകുതിയിൽ ക്രൂഡ് ഓയിൽ വീപ്പയ്ക്കു 147 ഡോളറിൽ എത്തിയതും ലോഹങ്ങൾ റിക്കാർഡ് കുറിച്ചതും ധാന്യവില കടിഞ്ഞാൺ പൊട്ടിച്ചു പാഞ്ഞതും അധികം പഴക്കമുള്ള കാര്യമല്ല.

പിറ്റേ വർഷം ക്രൂഡ് വില 40 ഡോളർ ആയി. ലോഹങ്ങളുടെയും ധാന്യങ്ങളുടെയും വിലയും 2008-ലാരംഭിച്ച മാന്ദ്യത്തിൽ സമാനമായി ഇടിഞ്ഞു. അതിനു മുൻപും പിൻപുമൊക്കെ ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടായിട്ടുള്ളത് എഡ്വേർഡ്സിൻ്റെ പ്രവചനം അവഗണിച്ചു കളയേണ്ടതല്ല എന്നു പഠിപ്പിക്കുന്നു.

ഇക്കൊല്ലം ക്രൂഡ് ഓയിൽ വില 65 ഡോളറിലും 2023-ൽ 45 ഡോളറിലും എത്തുമെന്ന് സിറ്റി ഗ്രൂപ്പ് പ്രവചിച്ചത് ഒരാഴ്ച മുൻപാണ്. അതേ സമയം ക്രൂഡ് 140 ഡോളറിലേക്കു കുതിക്കുമെന്ന് ഗോൾഡ്മാൻ സാക്സും പ്രവചിച്ചു.

ടിസിഎസ് പ്രതീക്ഷ പോലെ വന്നില്ല

ടാറ്റാ കൺസൾട്ടൻസി സർവീസസി (ടിസിഎസ്)ൻ്റെ ഒന്നാം പാദ റിസൽട്ട് നിരീക്ഷകരുടെ പ്രതീക്ഷയോളം വന്നില്ല. തലേവർഷം ഇതേ പാദവുമായി തട്ടിക്കുമ്പോൾ വരുമാനം (രൂപയിൽ) 16.2 ശതമാനവും (ഡോളറിൽ) 15.5 ശതമാനവും വർധിച്ചു.

അറ്റാദായത്തിൽ 5.2 ശതമാനമാണ് വളർച്ച. ശമ്പളവർധനയും യാത്രച്ചെലവിലെ വർധനയും മറ്റും മൂലം പ്രവർത്തന ലാഭ മാർജിൻ 25.5-ൽ നിന്ന് 23.1 ശതമാനമായി കുറഞ്ഞു. കമ്പനിയിലെ കൊഴിഞ്ഞുപോക്ക് 19.7 ശതമാനമായി കൂടി. 6.06 ലക്ഷമായി ജീവനക്കാരുടെ സംഖ്യ.

ആറു മാസം കൊണ്ടു ടിസിഎസ് ഓഹരിയുടെ വില 17 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇൻഫി അടക്കമുള്ള മറ്റു പ്രമുഖ ഐടി ഓഹരികൾക്കും സമാന ഇടിവുണ്ട്.

മാന്ദ്യഭീതിയും മറ്റും പറഞ്ഞ് വിദേശ നിക്ഷേപകർ ഐടി ഓഹരികളെ അടുത്ത കാലത്തു തഴയുകയായിരുന്നു. യുഎസ് ഐടി ഭീമന്മാരുടെ വില നിർണയവുമായി താരതമ്യം ചെയ്യുന്ന ശീലവും ഇന്ത്യൻ ഐടി കമ്പനികൾക്കു ക്ഷീണമായി.

ഡി-മാർട്ട് റീട്ടെയിൽ ശൃംഖല നടത്തുന്ന അവന്യു സൂപ്പർ മാർട്സിൻ്റെ ഒന്നാം പാദ റിസൽട്ട് മികച്ചതായി. അറ്റാദായം 115 കോടിയിൽ നിന്നു 490 ശതമാനം വർധിച്ച് 679.64 കോടിയിലെത്തി. വിറ്റുവരവ് 94.9 ശതമാനം കൂടി 9806.89 കോടി രൂപ.

തലേ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 45.73 ശതമാനം നേട്ടമാണുള്ളത്; വരുമാനത്തിലെ വർധന 13.95 ശതമാനം.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it