ഉത്സാഹത്തുടക്കം കാത്തു വിപണി; ഏഷ്യൻ സൂചനകൾ അനുകൂലം; ലോഹങ്ങൾ തിരിച്ചു കയറുമാേ? രൂപ ഇന്ന് ഉയരാൻ ഇതു കാരണമാകുമോ?

പുതിയ ആഴ്ച ഉത്സാഹത്തോടെയാണു തുടങ്ങുന്നത്. എസ്ജി എക്സ് നിഫ്റ്റി 16,215 ലേക്ക് ഉയർന്നത് ആവേശം പകരുന്നു. പിന്നീട് അൽപം താഴ്ന്നിട്ട് 16,220-നു മുകളിലായി. ഇന്നു രാവിലെ വിപണി നല്ല നേട്ടത്തോടെ തുടങ്ങുമെന്ന് ഇതു സൂചിപ്പിക്കുന്നു.

വെള്ളിയാഴ്ച നല്ല നേട്ടത്തോടെ ക്ലോസ് ചെയ്ത യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളും ഉയർന്നു വ്യാപാരം നടക്കുന്നു. ചൈനയിൽ കോവിഡ് വ്യാപനത്തിൽ ശമനമില്ലാത്തത് വളർച്ച പ്രതീക്ഷ വീണ്ടും താഴ്ത്തും.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി ഗണ്യമായ നേട്ടം കുറിച്ചെങ്കിലും കഴിഞ്ഞ ആഴ്ച പ്രതിവാര നഷ്ടത്തിലായിരുന്നു മുഖ്യസൂചികകൾ. സെൻസെക്സ് 721.06 പോയിൻ്റ് (1.32 ശതമാനം) നഷ്ടം വരുത്തിയപ്പോൾ നിഫ്റ്റി 171.4 പോയിൻ്റ് (1.05 ശതമാനം) നഷ്ടപ്പെടുത്തി. സ്‌മോൾ ക്യാപ് സൂചിക 0.5 ശതമാനവും മിഡ് ക്യാപ് സൂചിക ഒരു ശതമാനവും നേട്ടമുണ്ടാക്കി.
കഴിഞ്ഞയാഴ്ച മുഖ്യസൂചികകൾ പ്രധാന സപ്പോർട്ട് തകർത്തു താഴെപ്പോയെങ്കിലും വാരാന്ത്യ കയറ്റം ആശ്വാസകരമായ നിലയിലേക്കുയർത്തി.
വെള്ളിയാഴ്ച സെൻസെക്സ് 344.63 പോയിൻ്റ് (0.65%) ഉയർന്ന് 53,760.78 ലും നിഫ്റ്റി 110.55 പോയിൻ്റ് (0.69%) കയറി 16,049.2 ലും ക്ലോസ് ചെയ്തു.
കഴിഞ്ഞയാഴ്ചയും വിദേശ നിക്ഷേപകർ വിൽപന തുടർന്നു.എങ്കിലും വിൽപനയുടെ തോത് കുറഞ്ഞു. കഴിഞ്ഞയാഴ്ച 5916 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റത്. ജൂലൈയിൽ ഇതുവരെ വിൽപന 10,459 കോടി രൂപയായി. വെള്ളിയാഴ്ച വിദേശികൾ 1649.36 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1059.46 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്ക് ഇന്ന് 15,960 -ലും 15,875 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,100-ലും 16,155-ലും തടസങ്ങൾ ഉണ്ടാകാം. 16,000-നു മുകളിൽ നിഫ്റ്റി ക്ലോസ് ചെയ്തത് ഉടനടി തിരുത്തൽ സാധ്യത കുറയ്ക്കുന്നു. ഈ ദിവസങ്ങളിൽ 16,700-16,950 ലക്ഷ്യത്തിലേക്കു കയറാൻ നിഫ്റ്റി ശ്രമിക്കും.
ഇന്ത്യൻ വിപണിക്കു ശേഷം യൂറോപ്യൻ സൂചികകൾ ശരാശരി രണ്ടു ശതമാനത്തിലധികം നേട്ടത്തിലാണു വാരാന്ത്യത്തിൽ ക്ലോസ് ചെയ്തത്. പിന്നീടു യുഎസ് സൂചികകളും രണ്ടു ശതമാനം ഉയർന്നു. തുടക്കം മുതലേ നേട്ടത്തിലായിരുന്ന സൂചികകൾ ദിവസത്തെ ഉയർന്ന നിലയിൽ ക്ലോസ് ചെയ്യുകയായിരുന്നു.
ക്രൂഡ് ഓയിൽ വാരാന്ത്യത്തിലും ഉയർന്നു നിന്നു. വ്യാഴാഴ്ച നാലു ശതമാനം താഴ്ന്നു 97 ഡോളറിൽ എത്തിയ ബ്രെൻ്റ് ഇനം ക്രൂഡ് വെള്ളിയാഴ്ച 102 ഡോളറിലേക്ക് ഉയർന്നു. 101.2 ലാണു വിപണി ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 99.81 ലേക്കു താഴ്ന്നിന്നിട്ടു വീണ്ടും 101 ഡോളറിലേക്കു കയറി. ഈയാഴ്ച ക്രൂഡ് വീണ്ടും താഴുമെന്നാണു നിരീക്ഷകർ കരുതുന്നത്. പ്രമുഖ ഇറക്കുമതി രാജ്യങ്ങളായ ചൈനയും ഇന്ത്യയും ഇറക്കുമതി കുറച്ചത് വില വർധനയ്ക്കു തടസമായി. സൗദി അറേബ്യൻ ഭരണകൂടവുമായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ നടത്തിയ ചർച്ച ഫലപ്രദമായില്ലെങ്കിലും ക്രൂഡ് വില കൂട്ടാൻ സൗദി നേതൃത്വം ഇപ്പാൾ ശ്രമിക്കില്ലെന്നു സൂചനയുണ്ട്.

ചെമ്പിനും നിക്കലിനും തകർച്ച

വ്യാവസായിക ലോഹങ്ങൾ വാരാന്ത്യത്തിൽ വലിയ തകർച്ച നേരിട്ടു.ചെമ്പ് ടണ്ണിന് 7000 ഡോളറിനു താഴെ എത്തി. ഈ വർഷത്തെ ഉയരത്തിൽ നിന്ന് 28 ശതമാനത്തോളം താഴ്ച. രണ്ടു വർഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നില. സാമ്പത്തിക മാന്ദ്യം ആസന്നമെന്ന സൂചനയാണ് ചെമ്പിൻ്റെ വിലയിടിവിൽ ഉള്ളതെന്നു വിപണി വിദഗ്ധർ പറയുന്നു. ലണ്ടനിൽ ചെമ്പ് 6999 ഡോളറിൽ ക്ലോസ് ചെയ്ത ശേഷം ന്യൂയോർക്ക് കോമക്സിൽ 7200 ഡോളറിലേക്കു കയറി. ഇതു മാറ്റമാണോ എന്ന് ഇന്നു ചൈനീസ് വ്യാപാരത്തിലേ അറിയാനാകൂ.
അലൂമിനിയം 2340 ഡോളറിനു താഴെയാണ്. നിക്കൽ വെള്ളിയാഴ്ച 19,100 ഡോളറിനു താഴെ വന്നു. ഒറ്റ ദിവസം കൊണ്ടു 12 ശതമാനം ഇടിവാണ് നിക്കലിന് ഉണ്ടായത്. ഇക്കൊല്ലം വലിയ കയറ്റിറക്കങ്ങൾ കണ്ട നിക്കൽ 15,000 ഡോളറിൽ നിന്ന് 1.3 ലക്ഷം വരെ കയറിയിരുന്നു. അവിടെ നിന്ന് ഇപ്പോൾ 20,000 ഡോളറിനു താഴെയായി.ടിൻ വില അഞ്ചരയും സിങ്ക് മൂന്നു ശതമാനവും ഇടിഞ്ഞു. ഇരുമ്പയിര് വില 104 ഡോളറിലേക്കു താഴ്ന്നു.

സ്വർണം ഇനിയും താഴുമെന്ന്

സ്വർണം വെള്ളിയാഴ്ചയും 1700 ഡോളറിനു താഴെ വന്നിട്ട് ഉയർന്നു ക്ലോസ് ചെയ്തു.1698.8 ഡോളർ വരെ താഴ്ന്ന ശേഷം 1715.4 ലേക്കു കയറി. ക്ലോസിംഗ് നിരക്ക് 1708 - 1710 ഡോളർ. ഇന്നു രാവിലെ 1714-1716 ഡോളറിലാണു വ്യാപാരം. ഡോളർ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വില ഇനിയും താഴുമെന്നും ഹ്രസ്വകാലത്തിൽ 1550-1600 ഡോളറാണ് പ്രതീക്ഷിക്കാവുന്ന നിലവാരം എന്നും കരുതുന്നവർ ഏറെയാണ്.
കേരളത്തിൽ പവൻ വില ശനിയാഴ്ച രാവിലെ 80 രൂപ കൂടിയിട്ട് ഉച്ചയ്ക്ക് 320 രൂപ കുറഞ്ഞ് 36,960 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

80 കടക്കാൻ ഡോളർ

യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ അനൗപചാരിക വിപണിയിൽ രൂപ കഴിഞ്ഞയാഴ്ച വലിയ വീഴ്ച കണ്ടു. വിദേശത്തു ഡോളർ 80.21 രൂപ വരെ കയറി. ഇന്ത്യൻ വിപണിയിൽ 79.99 വരെ താഴ്ന്നെങ്കിലും വാരാന്ത്യ ക്ലോസിംഗ് 79.88 രൂപയിലാണ്.
രൂപ വലിയ തകർച്ചയിൽ ആകാതെയിരിക്കാൻ റിസർവ് ബാങ്ക് വല്ലാതെ പണിപ്പെടുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ 64,300 കോടി ഡോളർ ഉണ്ടായിരുന്ന വിദേശനാണ്യശേഖരം ജൂലൈ എട്ടിന് 58,025 കോടി ഡോളറായി കുറഞ്ഞു. ജൂലൈ ആദ്യ ആഴ്ചയിലെ ഇടിവ് 810 കോടി ഡോളറാണ്. അതിനു തലേ ആഴ്ച 500 കോടി ഡോളർ കുറഞ്ഞിരുന്നു. ഈ വർഷം ഇതുവരെ രൂപയുടെ വിനിമയനിരക്ക് ഏഴു ശതമാനം താണു. യൂറോ 12 ശതമാനം താഴ്ന്ന സമയത്താണു രൂപയുടെ കുറഞ്ഞ ഇടിവ്. കറൻസി വിപണിയിലിറക്കിയ ശേഷം ഇതാദ്യമായി കഴിഞ്ഞയാഴ്ച ഡോളറിൻ്റെ നിരക്ക് യൂറാേയേക്കാൾ കൂടുതലായി.
അമേരിക്കയിൽ വിലക്കയറ്റം 41 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയെങ്കിലും ഡോളർ മുന്നേറ്റം തുടരുകയാണ്. പ്രമുഖ കറൻസികളുമായുള്ള വിനിമയ നിരക്കിൻ്റെ സൂചിക (ഡോളർ സൂചിക) കഴിഞ്ഞയാഴ്ച 109.21 വരെ കയറി. ഇന്നു രാവിലെ സൂചിക 107.7വരെ താണു. ഇന്നു രൂപയ്ക്ക് അൽപം നേട്ടത്തിന് ഇതു കാരണമാകും. എങ്കിലും അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ഈയാഴ്ച ഡോളർ സൂചിക 110 കടക്കും എന്നാണ് വിപണി കരുതുന്നത്. അങ്ങനെ വന്നാൽ ഡോളർ -രൂപ നിരക്ക് 80 രൂപ കടന്ന് 80.5 വരെ എത്തുമെന്നു പലരും കണക്കാക്കുന്നു. പിന്നീടു രൂപ തിരിച്ചു കയറാൻ സാധ്യതയുണ്ട്.

പലിശവർധന എത്ര?

ഡോളർ സൂചികയെ ബാധിക്കാവുന്ന ഒരു പ്രധാന കാര്യം ഈയാഴ്ച ഉള്ളത് യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇസിബി) തീരുമാനമാണ്. പലിശ വർധനയും പണലഭ്യതയും സംബന്ധിച്ച ബാങ്ക് തീരുമാനം യൂറോയുടെ നിരക്ക് നിർണയിക്കുന്നതിൽ പ്രധാനമാണ്. 25 ബേസിസ് പോയിൻ്റ് വർധനയാണു വിപണി പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 0.25 ശതമാനമുള്ള മാർജിനൽ ലെൻഡിംഗ് നിരക്ക് അതോടെ 0.5 ശതമാനമാകും. പണലഭ്യത കുറയ്ക്കുന്ന കാര്യത്തിൽ തിടുക്കം കാണിക്കുമോ എന്നും വിപണി നോക്കുന്നുണ്ട്.
യുഎസ് ഫെഡ് അടുത്തയാഴ്ചയും ഇന്ത്യയുടെ റിസർവ് ബാങ്ക് ഓഗസ്റ്റ് ആദ്യവുമാണു നിർണായക പലിശ തീരുമാനങ്ങൾ പ്രഖ്യാപിക്കുക. യുഎസ് ഫെഡ് പലിശ നിരക്കിൽ 75 അല്ലെങ്കിൽ 100 ബേസിസ് പോയിൻ്റ് വർധന വരുത്തുമെന്നാണു പൊതു നിഗമനം. റിസർവ് ബാങ്ക് അത്ര വലിയ വർധന പ്രഖ്യാപിക്കില്ലെന്നാണു പരക്കെ കരുതപ്പെടുന്നത്.
പലിശ നിരക്ക് കൂടുന്തോറും മൂലധനനിക്ഷേപങ്ങൾ കുറയും; ജനങ്ങളുടെ ഉപഭോഗവും കുറയും. അതു കൊണ്ടു തന്നെ പലിശ വർധന പരമാവധി കുറയ്ക്കണമെന്ന് വികസ്വര രാജ്യങ്ങൾ ആഗ്രഹിക്കുന്നു. പലിശ കൂട്ടിയില്ലെങ്കിൽ വിലക്കയറ്റം നിയന്ത്രിക്കാൻ പറ്റില്ല. പലിശ വ്യത്യാസം കൂടുമ്പോൾ (അതായതു പലിശ കൂട്ടാതിരിക്കുമ്പോൾ ) ഓഹരി - കടപ്പത്ര വിപണികളിൽ നിന്നു പണം വികസിത രാജ്യങ്ങളിലേക്ക് ഒഴുകും. അതു തടയണമെങ്കിൽ പലിശ വ്യത്യാസം കുറയ്ക്കണം. അതു വളർച്ചയെ ബാധിക്കും. റിസർവ് ബാങ്കും മറ്റും നേരിടുന്ന നയ പ്രതിസന്ധി ഇതാണ്.

റിസൽട്ടുകൾ വിലയിരുത്തുമ്പോൾ

കമ്പനി റിസൽട്ടുകളുടെ സീസണാണിത്. 2022-23 ലെ ഒന്നാം പാദ റിസൽട്ടുകൾ പുറത്തു വരുന്നു. മിക്ക കമ്പനികളും തലേ വർഷം ഒന്നാം പാദവുമായുള്ള താരതമ്യത്തിൽ വളരെ മികച്ച വളർച്ച കാണിക്കുന്നുണ്ട്. ഈ കണക്കുകൾ കാണുമ്പോൾ ചില കാര്യങ്ങളിൽ മനസിരുത്തുന്നതു നന്നായിരിക്കും.
2021 ഏപ്രിൽ - മേയ് മികച്ച ഒരു സമയമായിരുന്നില്ല. കോവിഡിൻ്റെ മൂന്നാം തരംഗം രാജ്യത്തു സാമ്പത്തിക പ്രവർത്തനങ്ങൾക്കു ക്ഷീണം വരുത്തി. അതിനു തലേവർഷം ഇതേ പാദം ലോക്ക് ഡൗൺ ആയിരുന്നതിനാൽ അതിനെ അപേക്ഷിച്ചു കാര്യങ്ങൾ മെച്ചമായിരുന്നു എന്നു മാത്രം. ആ കണക്കുകളിൽ നിന്നു കാണുന്ന വർധന യഥാർഥ വർധനയായി തെറ്റി ധരിക്കരുത്.
ലോകമെങ്ങും വാർഷിക വളർച്ചയോടൊപ്പം തൊട്ടു തലേ പാദത്തിലെ വളർച്ചയുമായുള്ള താരതമ്യത്തിനു പ്രാധാന്യം നൽകുന്നുണ്ട്. പല കാര്യങ്ങളും മുൻ കാലത്തേതു പോലെ സീസണൽ അല്ലാത്തതും ഈ മാറ്റത്തിനു കാരണമാണ്. അതു കൊണ്ടു തന്നെ ഏപ്രിൽ-ജൂൺ ഫലം വിലയിരുത്തുമ്പോൾ ജനുവരി-മാർച്ചുമായും താരതമ്യം നടത്തണം. ഒന്നാം പാദത്തിൽ മികച്ച വാർഷിക വളർച്ച കാണിക്കുന്ന പല കമ്പനികളും തലേ പാദത്തെ അപേക്ഷിച്ചു മോശം പ്രകടനമാകാം കാഴ്ച' വയ്ക്കുന്നത്. വാർഷിക വളർച്ച മാത്രം നന്നായാൽ പോരാ പാദ വളർച്ചയും നന്നായിരിക്കണം. നിക്ഷേപ തീരുമാനങ്ങൾ അങ്ങനെയൊരു വിശകലനം കൂടി നടത്തി വേണം കൈക്കൊള്ളാൻ.


This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it