ഓഹരി വിപണിയിൽ അനിശ്ചിതത്വം നീങ്ങുന്നില്ല; ബുള്ളുകൾ ബ്ലൂചിപ്പുകളിൽ അവസരം കാക്കുന്നു; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ

വിപണികൾ ആവശ്യത്തിലേറെ ആകുലപ്പെടും. ഒരേ കാര്യത്തിനു പല തവണ വിഷമിക്കും. യുഎസ് പലിശ വർധനയും മാന്ദ്യഭീഷണിയും പല തവണ വിപണിയെ വലച്ചിട്ടുള്ളതാണ്. കൂടി വന്നാൽ ഇത്രയേ സംഭവിക്കൂ എന്നും അറിയാം. എങ്കിലും ദിവസങ്ങൾ അടുക്കുമ്പോൾ വീണ്ടും ആകുലപ്പെടണം. അതാണ് ഈ ദിവസങ്ങളിൽ കാണുന്നത്. ബുധനാഴ്ച (ഇന്ത്യൻ സമയം രാത്രി) യുഎസ് പലിശ തീരുമാനം അറിയാം. വ്യാഴാഴ്ച ജിഡിപി കണക്കും. അവ അറിഞ്ഞു വിശകലനം ചെയ്തു തീരും വരെ ചാഞ്ചാട്ടം തുടരും.

ഇന്നലെ ഇന്ത്യൻ വിപണി താഴ്ന്നു ക്ലോസ് ചെയ്ത ശേഷം യൂറോപ്യൻ സൂചികകളും ദുർബലമായി. ചില സൂചികകൾ അൽപം കയറിയെങ്കിലും ഉണർവ് ദൃശ്യമായില്ല. യുഎസ് വിപണി തുടക്കം മുതലേ ചാഞ്ചാടി. ഡൗ ജോൺസ് ഇറക്കത്തിൽ നിന്നു കയറി നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. തുടക്കം മുതൽ ഒടുക്കം വരെ നഷ്ടത്തിലായിരുന്ന നാസ്ഡാക് വലിയ താഴ്ചയിൽ നിന്നു ഗണ്യമായി ഉയർന്നു ക്ലോസ് ചെയ്തു എന്നു സമാധാനിക്കാം.
എന്നാൽ പിന്നീടു യുഎസ് സൂചികകളുടെ എല്ലാം ഫ്യൂച്ചേഴ്സ് ഗണ്യമായ താഴ്ചയിലായി. റീട്ടെയിൽ ഭീമൻ വോൾമാർട്ട് വരുമാന പ്രതീക്ഷ കുത്തനെ താഴ്ത്തിയതാണു ഫ്യൂച്ചേഴ്സിനെ വലിച്ചു താഴ്ത്തിയത്. വിപണി ക്ലോസ് ചെയ്ത ശേഷമുള്ള വ്യാപാരത്തിൽ വോൾമാർട്ട് 10 ശതമാനത്തോളം ഇടിഞ്ഞു.
ഈ ചലനം ഇന്നു രാവിലെ ഏഷ്യൻ വിപണികളെയും ഉലച്ചു. ജപ്പാനിലടക്കം സൂചികകൾ താഴ്ചയിലായി. എങ്കിലും വ്യാപാരം പുരോഗമിച്ചപ്പോൾ നഷ്ടം കുറച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി താഴോട്ടു പോയി. രാവിലെ 16,585 ലാണ് സൂചിക. ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന. എന്നാൽ ഏഷ്യൻ വിപണികളിലെ വൈകിയുള്ള ഉണർവ് ഇന്ത്യയിലും വന്നേക്കാം. താഴ്ചയിലെ വാങ്ങൽ അവസരം വിനിയോഗിക്കാൻ ബുള്ളുകൾ മുതിർന്നാൽ പല ബ്ലൂ ചിപ് കമ്പനികളും ഇന്നു നേട്ടത്തിലാകും.
തിങ്കളാഴ്ച സെൻസെക്സ് 306.01 പോയിൻ്റ് (0.55%) താഴ്ന്ന് 55,766.22-ലും നിഫ്റ്റി 88.45 പോയിൻ്റ് (0.53%) താഴ്ന്ന് 16,631- ലും ക്ലോസ് ചെയ്തു. തുടക്കം മുതൽ താഴ്ചയിലായിരുന്ന വിപണി വലിയ താഴ്ചയിൽ നിന്നു ഉയർന്നാണു വ്യാപാരം അവസാനിപ്പിച്ചത്. മിഡ് ക്യാപ് സൂചിക ഫ്ലാറ്റ് ആയപ്പോൾ സ്മോൾ ക്യാപ് സൂചിക നേരിയ തോതിൽ താണു. വാഹന, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ കമ്പനികൾ ഇന്നലെ താഴ്ചയിലായി. ബാങ്കുകളും ധനകാര്യ കമ്പനികളും ചാഞ്ചാടിയ ശേഷം ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
വിപണി അനിശ്ചിതത്വമാണു പ്രകടമാക്കുന്നത്. നിഫ്റ്റിയിൽ ദൗർബല്യവും കാണാം. 16,800-ലേക്കു നിഫ്റ്റിക്കു കയറാൻ കഴിഞ്ഞാലേ മുൻ ദിവസങ്ങളിലെ റാലി തുടരാനാകൂ. നിഫ്റ്റി 16,400-നു താഴോട്ടു പോകുന്ന ഒരു ഹ്രസ്വ തിരുത്തലാണു ഭൂരിപക്ഷം വിശകലനക്കാരും പ്രതീക്ഷിക്കുന്നത്. യുഎസ് പലിശയും ജിഡിപി വളർച്ചയും വിദേശ നിക്ഷേപകരുടെ സമീപനവും സംബന്ധിച്ച അനിശ്ചിതത്വം തന്നെയാണ് അടിസ്ഥാന വിഷയം.
ഇന്നു നിഫ്റ്റിക്ക് 16,560-ലും 16,490-ലും സപ്പോർട്ട് ഉണ്ട്. 16,700-ലും 16,775 ലും തടസങ്ങളും.
വിദേശ നിക്ഷേപകർ ഇന്നലെയും വിൽപനക്കാരായി. ക്യാഷ് വിപണിയിൽ 844.78 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 72.76 കോടിയുടെ ഓഹരികൾ വിറ്റു മാറി.
ക്രൂഡ് ഓയിൽ വില ഇന്നലെ ചാഞ്ചാടി. ബ്രെൻ്റ് ഇനം ക്രൂഡ് 101 ഡോളർ വരെ താഴുകയും 105 വരെ കയറുകയും ചെയ്തു. ഇന്നു രാവിലെ അൽപം താഴ്ന്ന് 104.5 ഡോളറിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് വില 106.26 ഡാേളറിലേക്കു കയറി. പശ്ചിമേഷ്യൻ രാജ്യങ്ങൾ വില കൂട്ടിയതാണു കാരണം. പ്രകൃതി വാതക വില യൂണിറ്റിന് ഒൻപതു ഡോളറിലേക്കടുത്തു.
വ്യാവസായിക ലോഹങ്ങളുടെ വില ചെറിയ മേഖലയിൽ കയറിയിറങ്ങി. പലിശ, മാന്ദ്യം തുടങ്ങിയവ സംബന്ധിച്ച അനിശ്ചിതത്വമാണ് വ്യക്തമായ ദിശാബോധം കാണാത്തതിനു കാരണം. ചെമ്പ് 7400 ഡോളറിനു മുകളിലേക്കു കയറി. അലൂമിനിയം 2400 ഡോളറിനടുത്തേക്കു താഴ്ന്നു. നിക്കൽ, ടിൻ തുടങ്ങിയവയും ഉയർച്ചയിലായി. പല രാജ്യങ്ങളിലും കോവിഡ് വർധിക്കുന്നതും ലോഹ വിലകൾ ഉയരുന്നതിനു പ്രതിബന്ധമായി.

സ്വർണവും പലിശയും

സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങുകയാണ്. ഇന്നലെ 1715 ഡോളർ വരെ താഴ്ന്ന സ്വർണം 1736 വരെ കയറി. ഒടുവിൽ 1720 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1726-1728 ഡോളറിൽ വ്യാപാരം നടക്കുന്നു.
കേരളത്തിൽ ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടർന്നു. ഡോളർ നിരക്ക് താഴ്ന്നു നിൽക്കുകയും രാജ്യാന്തര വില ഉയരാതിരിക്കുകയും ചെയ്താൽ ഇന്നു സ്വർണ വില അൽപം കുറഞ്ഞേക്കും.
യുഎസ് ഫെഡ് പലിശ നിരക്ക് 75 ബേസിസ് പോയിൻ്റ് മാത്രമേ വർധിപ്പിക്കുന്നുള്ളു എങ്കിൽ സ്വർണം 1750 ഡോളറിനു മുകളിലേക്ക് ആശ്വാസ റാലി നടത്തുമെന്നാണു സ്വർണ ബുള്ളുകളുടെ പ്രതീക്ഷ. മറിച്ച് പലിശ 100 ബേസിസ് പോയിൻ്റ് കൂട്ടിയാൽ 1690 ഡോളറിനു താഴോട്ടു സ്വർണം വീഴും എന്നും കണക്കാക്കുന്നു.
ഡോളർ സൂചിക താഴുന്നതും വിദേശ നിക്ഷേപകർ വീണ്ടും നിക്ഷേപത്തിനു തയാറായതും ഇന്നലെ രൂപയെ സഹായിച്ചു. തലേന്നത്തേക്കാൾ 12 പൈസ കുറഞ്ഞ് 79.73 രൂപയിലേക്കു ഡോളർ താഴ്ന്നു. ഡോളർ സൂചിക 106 ലേക്കു താഴുന്നു എന്നാണു സൂചന.

റിലയൻസും ഇൻഫിയും

റിലയൻസിൻ്റെയും ഇൻഫോസിസിൻ്റെയും റിസൽട്ട് തൃപ്തികരമല്ലെന്നും ഭാവി സാധ്യതകൾ അത്ര മെച്ചമല്ലെന്നും പല ബ്രോക്കറേജുകളും വിലയിരുത്തി. കുറേ പേർ വില ലക്ഷ്യം താഴ്ത്തി നിശ്ചയിച്ചു. എന്നാൽ ഒറ്റപ്പെട്ട ചില ബ്രോക്കറേജുകൾ മാത്രം ലക്ഷ്യം ഉയർത്തി. ആരും വിൽപന ശിപാർശ ചെയ്തില്ലെങ്കിലും ഇന്നലെ ഈ ഓഹരികളിൽ ലാഭമെടുക്കൽ വിൽപന തകൃതിയായിരുന്നു. റിലയൻസ് മൂന്നു ശതമാനത്തിലധികം താഴ്ന്നു. ഇൻഫോസിസ് രണ്ടു ശതമാനത്തിലധികം താഴ്ന്നിട്ടു ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

നവീൻ കുതിച്ചു, സൊമാറ്റോ കിതച്ചു

സ്പെഷാലിറ്റി ഫ്ലോറോകെമിക്കലുകൾ നിർമിക്കുന്ന നവീൻ ഫ്ലോറിൻ ഇൻ്റർനാഷണൽ മികച്ച പാദ ഫലങ്ങൾ പുറത്തുവിട്ടതിനെ തുടർന്നു 11 ശതമാനത്തിലധികം കുതിച്ചു.
സൊമാറ്റോയിലെ ഒരു വിഭാഗം ആങ്കർ നിക്ഷേപകരുടെ ഓഹരി വിൽക്കുന്നതിനുണ്ടായിരുന്ന വിലക്ക് ഇന്നലെ നീങ്ങി. ഇതാേടെ ഓഹരിവില 12 ശതമാനത്തോളം ഇടിഞ്ഞു. സൊമാറ്റാേയിൽ വലിയ വിൽപന സമ്മർദം ഉണ്ടാകുമെന്നു ചില ബ്രോക്കറേജുകൾ കരുതുന്നു.

5 ജി സ്പെക്ട്രം ലേലം ഇന്നു മുതൽ

ടെലികോം മന്ത്രാലയം വളരെ വലിയ പ്രതീക്ഷകളുമായി 5 ജി സ്പെക്ട്രം ലേലം ഇന്നു തുടങ്ങും. വിവിധ ബാൻഡുകളിലുള്ള തരംഗങ്ങൾക്ക് ഇട്ടിട്ടുള്ള അടിസ്ഥാന വിലയിൽ മുഴുവൻ തരംഗങ്ങളും (72 ജിഗാ ഹെർട്സ്) വിറ്റാൽ 4.3 ലക്ഷം കോടി രൂപ ഗവണ്മെൻ്റിന് 20 വർഷം കൊണ്ടു ലഭിക്കും. എന്നാൽ പ്രായോഗികമായി രണ്ടു കമ്പനികൾ മാത്രം മത്സരിക്കുന്ന ടെലികോം വിപണിയിൽ മത്സരിച്ചു വില കയറ്റി സർക്കാരിനു നേട്ടമുണ്ടാക്കാൻ ആരും മിനക്കെടുകയില്ല. ലേലത്തിൽ ഒരു ലക്ഷം കോടി രൂപയ്ക്കടുത്തുള്ള തുകയേ കിട്ടാനിടയുള്ളു. ലേലത്തുക കുറഞ്ഞിരുന്നാലും ഏതാനും മാസങ്ങൾക്കുള്ളിൽ കൂടിയ നിരക്കു ചുമത്തിയാകും കമ്പനികൾ 5 ജി സർവീസ് തുടങ്ങുക. ആദ്യം മെട്രോകളിലും വൻനഗരങ്ങളിലുമാണ് 5 ജി സർവീസ് നൽകുക.


This section is powered by Muthoot Finance
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it