ആശ്വാസറാലി കാത്തു വിപണി; പലിശ തീരുമാനം വരെ അനിശ്ചിതത്വം; വിദേശികൾ വീണ്ടും വിൽപനയിൽ; വളർച്ച പ്രതീക്ഷ കുറയുന്നു

രണ്ടു ദിവസത്തെ ഇടിവിനു ശേഷം ഇന്നു ചെറിയ ആശ്വാസറാലി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വിപണി. എന്നാൽ വിദേശ സൂചനകൾ അത്ര അനുകൂലമല്ല.

യുഎസ് ഫെഡിൻ്റെ നിർണായക പലിശ തീരുമാനം കാത്ത് ആശങ്കയിലായിരുന്നു ഇന്നലെ വിദേശ വിപണികൾ. ഒപ്പം വോൾമാർട്ടിൻ്റെ മോശം ലാഭസൂചനയും പ്രശ്നമായി. പിന്നീടു മൈക്രോസോഫ്റ്റും മറ്റും പ്രതീക്ഷയേക്കാൾ മോശം റിസൽട്ട് പുറത്തിറക്കുമെന്ന സൂചന ടെക് മേഖലയിൽ മൊത്തം ക്ഷീണം പരത്തി. ഡൗ ജോൺസ് 0.71 ശതമാനവും നാസ്ഡാക് 1.87 ശതമാനവും താഴ്ചയിലായി.
എന്നാൽ മൈക്രോസോഫ്റ്റും ആൽഫബെറ്റും മികച്ച വരുമാനപ്രതീക്ഷ അവതരിപ്പിച്ചത് യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഗണ്യമായി ഉയരാൻ കാരണമായി. അത് ഇന്ത്യൻ വിപണിയെ ഇന്നു സഹായിച്ചേക്കും.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ചെറിയ താഴ്ചയിൽ തുടങ്ങിയ ശേഷം വലിയ താഴ്ചയിലേക്കു നീങ്ങി.ഓസ്ട്രേലിയൻ വിപണി നേട്ടത്തിൽ ആരംഭിച്ചിട്ടു നഷ്ടത്തിലായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി രാവിലെ താഴ്ചയിലായിരുന്നു. 16,415 വരെ താഴ്ന്നു. പിന്നീടു കയറി 16,470 നു മുകളിലെത്തി. ഇന്ത്യൻ വിപണി രാവിലെ കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
വിദേശ നിക്ഷേപകർ വീണ്ടും വിൽപനക്കാരായതോടെ ഇന്ത്യൻ വിപണി തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. ചൊവ്വാഴ്ച സെൻസെക്സ് 497.73 പോയിൻ്റ് (0.89%) താഴ്ന്ന് 55,268.49-ലും നിഫ്റ്റി 147.15 പോയിൻ്റ് (0.88%) താഴ്ന്ന് 16,483.85-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.25% ഇടിഞ്ഞപ്പോൾ സ്മോൾ ക്യാപ് സൂചിക 1.5 ശതമാനം ഇടിവിലായി. എല്ലാ ബിസിനസ് മേഖലകളും തന്നെ ഇന്നലെ താഴ്ന്നു. ഐടിയാണു കൂടുതൽ ഇടിഞ്ഞത്. മീഡിയ മാത്രമാണു നേട്ടം കാണിച്ച മേഖല.
വിദേശ നിക്ഷേപകർ ഇന്നലെ 1548.29 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് അവർ വിൽപനക്കാരായത്. സ്വദേശി ഫണ്ടുകൾ 999.36 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബെയറിഷ് മനോഭാവത്തിലാണ്. എന്നാൽ ആഗോള പ്രവണതകൾ വിപണിക്ക് ഇന്നു നേട്ടത്തിനു സഹായകമാകും. യുഎസ് ഫെഡ് തീരുമാനം നാളെയേ ഇന്ത്യൻ വിപണിയിൽ പ്രതികരണം ഉണ്ടാക്കൂ.
നിഫ്റ്റിക്കു 16,420 ലും 16,355-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 16,590-ലും 16,700 ലും തടസങ്ങൾ പ്രതീക്ഷിക്കാം.
ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 107 ഡോളറിനു മുകളിൽ കയറിയിട്ടു താഴ്ന്ന് 105 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.3ലേക്ക് താഴ്ന്നിട്ടുണ്ട്. വില ഇന്നും കയറിയിറങ്ങുമെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങൾ ദിശാബോധമില്ലാതെ ചെറിയ മേഖലയിൽ കറങ്ങുകയാണ്. ചൈന റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കും എന്ന പ്രതീക്ഷയും മാന്ദ്യഭീതിയും ചേർന്നാണു ചാഞ്ചാട്ടമൊരുക്കുന്നത്. ചെമ്പും അലൂമിനിയവും നിക്കലും ഇരുമ്പയിരും ഇന്നലെ ചെറിയ നേട്ടം ഉണ്ടാക്കി. യുഎസ് പലിശ തീരുമാനത്തിനു ശേഷമേ വിപണി ഏതെങ്കിലും ദിശയിലേക്കു വ്യക്തമായി തിരിയൂ.
സ്വർണം ചെറിയ മേഖലയിലെ കയറ്റിറക്കം തുടർന്നു. ഇന്നലെ 1713-1729 ഡോളറിലായിരുന്നു കറക്കം. ഇന്നു ഫെഡ് തീരുമാനത്തെപ്പറ്റിയുള്ള അനിശ്ചിതത്വം വിപണിയിൽ പ്രകടമാണ്. രാവിലെ വില 1717-1719 ഡോളറിലാണ്.
ഇന്നലെ കേരളത്തിൽ സ്വർണ വില പവന് 280 രൂപ കുറഞ്ഞ് 37,240 രൂപയായി. ഡോളർ നിരക്കും സ്വർണത്തിൻ്റെ ഡോളർ വിലയും കുറഞ്ഞാൽ മാത്രം ഇന്നു പവനു വില കുറയും.
ഡോളർ സൂചിക ഇന്നലെ ഇന്ത്യൻ വ്യാപാര സമയത്തു താഴ്ന്നു നിന്നതു രൂപയ്ക്കു സഹായമായി. ഡോളർ നിരക്ക് 79.75 രൂപയിലേക്കു താണു.
ഇന്നലെ യുഎസ് വ്യാപാര വേളയിൽ ഡോളർ സൂചിക ഉയർന്നെങ്കിലും ഇന്നു രാവിലെ വീണ്ടും താഴ്ന്നു. രൂപയ്ക്കു ചെറിയ നഷ്ടം ഇന്നു പ്രതീക്ഷിക്കാം.

വളർച്ചപ്രതീക്ഷ താഴ്ത്തി ഐഎംഎഫ്

ലോകം അടുത്ത വർഷമാദ്യം മാന്ദ്യത്തിലാകുമെന്ന സൂചനയോടെ ഐഎംഎഫ് ആഗാേള വളർച്ച സംബന്ധിച്ച പുതിയ നിഗമനം പുറത്തിറക്കി. കഴിഞ്ഞ വർഷം 6.1 ശതമാനം വളർന്ന ലോകം ഇക്കൊല്ലം 3.2 ശതമാനമേ വളരൂ എന്നാണു നിഗമനം. ഏപ്രിലിൽ ഐഎംഎഫ് കണക്കാക്കിയത് 3.6 ശതമാനം വളർച്ചയാണ്.
ഇന്ത്യയുടെ വളർച്ച പ്രതീക്ഷ 8.2 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായി കുറച്ചു. സൗദി അറേബ്യ 7.6 ശതമാനം വളരുമെന്നാണു പുതിയ നിഗമനം.
അമേരിക്കയുടേത് 3.7 -ൽ നിന്നു 2.3 ശതമാനമാക്കി. യുഎസ് വളർച്ച നാലാം പാദത്തിൽ 0.6 ശതമാനമായിരിക്കുമെന്നും 2023 ആദ്യം മാന്ദ്യം വരുമെന്നും ഐഎംഎഫ് കണക്കാക്കുന്നു. ചൈനയുടെ വളർച്ച പ്രതീക്ഷ 4.4 ൽ നിന്നു 3.3 ശതമാനമായി താഴ്ത്തി.
ഉയർന്ന വിലക്കയറ്റം, ചൈനയിൽ കോവിഡ് മൂലം തുടരുന്ന നിയന്ത്രണങ്ങൾ തുടങ്ങിയവയൊക്കെ ആഗാേള വളർച്ചയെ താഴോട്ടു വലിക്കുന്ന പ്രധാന ഘടകങ്ങളാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് ലാഭം കുതിച്ചു

സൗത്ത് ഇന്ത്യൻ ബാങ്ക് ഒന്നാം പാദ റിസൽട്ട് വളരെ മികച്ചതായി .അറ്റാദായം 10.3 കോടിയിൽ നിന്ന് 115 കോടി രൂപയിലേക്കു കുതിച്ചു. കിട്ടാക്കടങ്ങൾക്ക് വകയിരുത്തേണ്ടി വന്ന തുക ഗണ്യമായി കുറഞ്ഞതാണ് വരുമാനം കുറവായിട്ടും ലാഭം കുതിച്ചുയരാൻ കാരണം. ബാങ്കിൻ്റെ മൊത്തം നിഷ്ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) എട്ടിൽ നിന്ന് 5.87 ശതമാനമായും നെറ്റ് എൻപിഎ 5.05-ൽ നിന്ന് 2.87 ശതമാനമായും കുറഞ്ഞു. 7.9 രൂപയാണ് ഓഹരിവില. കുറേ മാസങ്ങളായി ഓഹരി വിലയിൽ കാര്യമായ അനക്കമില്ല.

മൺസൂൺ ചതിക്കുന്നു, നെൽകൃഷി കുറയും

തെക്കുപടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം പകുതിക്കാലം പിന്നിടാറായി. രാജ്യത്തെ പ്രധാന നെൽകൃഷി മേഖലകളിൽ മഴ വേണ്ടത്ര ലഭിച്ചിട്ടില്ല. ജാർഖണ്ഡ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ 45 മുതൽ 50 വരെ ശതമാനം കുറവാണു മഴ. ഉത്തർപ്രദേശിലും 50 ശതമാനത്തിലേറെ കുറവാണു മഴ.
ജൂലൈ 22 വരെ ഖാരിഫ് കൃഷിയിറക്കിയ ഭുമിയുടെ അളവ് ഗവണ്മെൻ്റ് പരസ്യപ്പെടുത്തിയെങ്കിലും നെൽ കൃഷിയുടെ മാത്രം പുറത്തു വിട്ടില്ല. ജൂലൈ 15-ന് നെൽകൃഷി പ്രദേശം കഴിഞ്ഞ വർഷത്തേക്കാൾ 17 ശതമാനം കുറവായിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കമ്മി വർധിച്ചതു കൊണ്ടാണു കണക്കു പുറത്തു വിടാത്തതെന്ന് പലരും കരുതുന്നു.
നെൽകൃഷിയുടെ സിംഹഭാഗവും ഖാരിഫ് (ഒന്നാം വിള) കാലത്താണ്. കൃഷി ചെയ്ത ഭൂമി കുറവായാൽ ഉൽപാദനവും അത്ര കണ്ട് കുറയും. ഏതാനും വർഷമായി കാലവർഷം നന്നായി ലഭിച്ചതുകൊണ്ടു ഭക്ഷ്യധാന്യ ഉൽപാദനം ഓരോ വർഷവും റിക്കാർഡ് കുറിച്ചു വർധിച്ചു വരികയായിരുന്നു.
എന്നാൽ ഈ വർഷമാദ്യം ഉത്തരേന്ത്യയിൽ വലിയ തോതിൽ ചൂടു കൂടിയത് ഗോതമ്പ് ഉൽപാദനം അഞ്ചു ശതമാനം കുറച്ചിരുന്നു. നെൽകൃഷി സ്ഥലം 20 ശതമാനത്തോളം കുറയുക കൂടി ചെയ്താൽ ഭക്ഷ്യമേഖലയിൽ പ്രശ്നം ഉണ്ടാകും. മുൻ വർഷങ്ങളിലെ റിക്കാർഡ് ഉൽപാദനം വഴി സർക്കാരിൻ്റെ ധാന്യ ബഫർ സ്റ്റാേക്കിൽ ധാരാളം മിച്ചമുണ്ടായിരുന്നു.എന്നാൽ കഴിഞ്ഞ വർഷവും ഇക്കൊല്ലം ആദ്യവും കയറ്റുമതി വർധിപ്പിച്ച് സ്റ്റോക്ക് നില താഴ്ത്തി.
ഈയിടെ ഗോതമ്പ് മൊത്തവില അഞ്ചു ശതമാനത്തിലധികം വർധിച്ചത് ഈ പശ്ചാത്തലത്തിലാണ്. നെൽകൃഷി സ്ഥലം കുറവാകുമെന്നു സൂചന വന്നതോടെ അരി വിലയിലും വർധന തുടങ്ങി. ഇതു താമസിയാതെ വിലക്കയറ്റം കുറയ്ക്കാമെന്ന പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുന്നു. സാമ്പത്തിക വളർച്ച കുറയുക കൂടി ചെയ്യുമ്പോൾ പൊതു സാമ്പത്തിക നിലയും പ്രശ്നത്തിലാകും.


This section is powered by Muthoot Finance
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it