വിപണികൾ നേട്ടത്തിൽ; പലിശയിലെ ആശങ്ക മാറി; ഓഹരികൾ റാലി തുടരുമെന്നു നിഗമനം; ക്രൂഡ് ഉയരുന്നു; രൂപയ്ക്കു നേട്ടം ഉണ്ടാകും

പ്രതീക്ഷ പോലെ കാര്യങ്ങൾ നടന്നു. ആശങ്കകൾ മാറി. യുഎസ് കേന്ദ്ര ബാങ്കിൻ്റെ പലിശവർധന 75 ബേസിസ് പോയിൻ്റ് മാത്രമായിരുന്നു. ഇതോടെ യുഎസ് വിപണി മാസങ്ങൾക്കിടയിലെ ഏറ്റവും മികച്ച കുതിപ്പ് നടത്തി. ഇന്ന് ഏഷ്യൻ വിപണികളും നേട്ടത്തിലാണ്.. വിപണിയുടെ ആദ്യ പ്രതികരണം പോലെ ആകണമെന്നില്ല തുടർന്നുള്ള ദിവസങ്ങളിലേത്. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നതു നൽകുന്ന സൂചന അത്ര ആവേശകരമല്ല.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി രാത്രി 16,775 വരെ ഉയർന്നു. ഇന്നു രാവിലെ 16,833-ലേക്കു പാഞ്ഞുകയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു രാവിലെ ഉയർച്ചയോടെ തുടങ്ങും എന്നാണ് ഇതിലെ സൂചന.
പടിഞ്ഞാറും കിഴക്കും നിന്നുള്ള കാറ്റുകളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഇന്ത്യൻ വിപണി ഇന്നു നല്ലൊരു കുതിപ്പിന് ഒരുങ്ങുന്നു. നിഫ്റ്റി 17,000- 17,150 മേഖലയിലേക്കു നീങ്ങാനുള്ള ഹ്രസ്വകാല കുതിപ്പ് കരുത്താേടെ
തുടരും എന്നാണു ബുള്ളുകളുടെ പ്രതീക്ഷ. അടുത്തയാഴ്ച അവസാനം റിസർവ് ബാങ്ക് മിതമായ പലിശ വർധനയേ വരുത്തുന്നുള്ളൂ എങ്കിൽ ഒരു നീണ്ട റാലി പ്രതീക്ഷിക്കുന്നത് അധികപ്പറ്റാവുകയില്ല. വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതിന് ഇതോടെ വിരാമമാകുമെന്ന് ബുളളുകൾ കണക്കുകൂട്ടുന്നു. അതിനിടെ ഇന്നു വരുന്ന യുഎസ് ജിഡിപി കണക്കിൽ ആശ്വാസ സൂചന ഉണ്ടാകുമോ എന്നാണ് എല്ലാവരും നോക്കുന്നത്.
യുഎസ് ഫെഡിൻ്റെ തീരുമാനത്തെ തുടർന്നു ഡോളർ സൂചിക താഴ്ന്നു. ഇന്ത്യൻ രൂപയ്ക്ക് ഇന്നു സഹായകമാണ് ഇത്. സ്വർണ വില ഉയർന്നു.
ഫെഡ് തീരുമാനവും മാന്ദ്യത്തിലേക്കല്ല കാര്യങ്ങൾ പോകുന്നത് എന്നുള്ള പ്രഖ്യാപനവും ക്രൂഡ് ഓയിൽ വില അൽപം ഉയർത്തി. ഇന്നു വീണ്ടും വില കയറിയേക്കും. വ്യാവസായിക ലോഹങ്ങൾ ഇന്നലെ കാര്യമായി കയറിയില്ലെങ്കിലും ഇന്നു നേട്ടമുണ്ടാക്കുമെന്നാണു സൂചന.
യുഎസ് സൂചികകൾ ഇന്നലെ ഒന്നര മുതൽ നാലുവരെ ശതമാനം ഉയർന്നാണു ക്ലോസ് ചെയ്തത്. ഡൗ ജോൺസ് 1.37 ശതമാനവും നാസ്ഡാക് 4.06 ശതമാനവും കയറി. എന്നാൽ ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഇന്നലെ ഉച്ചയ്ക്കുശേഷമാണു ഫെഡ് തീരുമാനം വന്നത്. വിപണിയിൽ ഉണ്ടായത് പെട്ടെന്നുള്ള പ്രതികരണമാണ്. ആഴത്തിൽ പഠിച്ച ശേഷമുള്ള പ്രതികരണം ഇന്നത്തെ വിപണിയിലാണ് ഉണ്ടാകുക.
ഇന്നലെ നിക്ഷേപകരും ബുള്ളുകളും ആഗ്രഹിച്ചതു പോലെ ഇന്ത്യൻ വിപണി ആശ്വാസ റാലി കാഴ്ച വച്ചു. സെൻസെക്സും നിഫ്റ്റിയും ഇന്നലത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തന്നെ ക്ലാേസ് ചെയ്തു. സെൻസെക്സ് 547.83 പോയിൻ്റ് (0.99%) കുതിപ്പോടെ 55,816.32 ലും നിഫ്റ്റി 157.95 പോയിൻ്റ് (0.96%) നേട്ടത്തോടെ 16641.8 ലും വ്യാപാരം അവസാനിപ്പിച്ചു.
മിഡ് ക്യാപ് സൂചിക 1.11 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക നേട്ടമില്ലാതെ ക്ലോസ് ചെയ്തു.
ഫാർമ, ഹെൽത്ത് കെയർ, മീഡിയ, ഐടി, ബാങ്ക്, ധനകാര്യ, റിയൽറ്റി, മെറ്റൽ മേഖലകൾ നല്ല നേട്ടം കൊയ്തു. എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിലായിരുന്നു.
ഇന്നലെ വിദേശ നിക്ഷേപകർ ചെറിയ തോതിലുള്ള വിൽപനയേ നടത്തിയുള്ളു. അവർ 436.81 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ സ്വദേശി ഫണ്ടുകൾ 712.03 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ

ക്രൂഡ് ഓയിൽ വില ഇന്നലെയും ചാഞ്ചാടി. 102 - 104 ഡോളറിലായിരുന്നു ബ്രെൻ്റ് ഇനം ക്രൂഡ്. ഫെഡ് തീരുമാനം വന്ന ശേഷം വില 106.6 ഡോളറിലേക്ക് ഉയർന്നു. ഇന്നു രാവിലെ വില 107.85 ഡോളറിലേക്കു കുതിച്ചു. മാന്ദ്യസാധ്യത കുറഞ്ഞതോടെ വില ഇനിയും കയറുമെന്നു കരുതപ്പെടുന്നു. കോവിഡിനു തുടക്കം കുറിച്ച ചൈനയിലെ വുഹാൻ നഗരത്തിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നതും അവിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും ആശങ്ക ജനിപ്പിക്കുന്നുണ്ടെങ്കിലും ഇന്ധന വിപണിയെ ഉലയ്ക്കാൻ മാത്രം പര്യാപ്തമല്ല. സൗദി അറേബ്യ വീണ്ടും വില വർധിപ്പിക്കും എന്ന റിപ്പോർട്ടും ക്രൂഡിൻ്റെ കയറ്റത്തെ സഹായിക്കുന്നു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ കയറിയും ഇറങ്ങിയും നീങ്ങി. ചെമ്പുവില ആഴ്ചകൾക്കു ശേഷം 7550 ഡോളറിനു മുകളിലായി. അലൂമിനിയം നാമമാത്രമായി താണെങ്കിലും 2400 ഡോളറിനു മുകളിൽ തുടർന്നു. ഊഹക്കച്ചവടം ഏറെ നടക്കുന്ന നിക്കലും ടിന്നും ഇന്നലെ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. ലോഹവിലകൾ ഉയർച്ചയിലേക്കാണെന്ന് ചൈനയിലെ ഡാലിയൻ വിപണിയിലെ രാവിലത്തെ അവധി വ്യാപാരം സൂചിപ്പിച്ചു.

സ്വർണം തിളങ്ങുന്നു

സ്വർണം ആവേശത്തിലായി. ഫെഡ് തീരുമാനത്തിനു മുൻപ് 1720 ഡോളറിൽ നിൽക്കാൻ പ്രയാസപ്പെട്ട സ്വർണം പിന്നീട് 1741-നു മുകളിലേക്ക് കുതിച്ചു. 1750-നു മുകളിലേക്കു സ്വർണം നീങ്ങും എന്നാണ് സ്വർണ ബുള്ളുകൾ കരുതുന്നത്. ഇന്നു രാവിലെ 1740- 1742 ഡോളറിലാണു സ്വർണം. ഡോളർ സൂചിക താഴുന്നതനുസരിച്ചു സ്വർണം ഉയരും.
കേരളത്തിൽ ഇന്നലെ പവൻ വില 80 രൂപ കുറഞ്ഞ് 37,160 രൂപ ആയിരുന്നു. ഇന്നു വില ഉയരും.

രൂപയ്ക്ക് ഇനി ആശ്വാസനാളുകൾ

ഡോളർ സൂചിക ഇന്നലെ ഇന്ത്യൻ വ്യാപാര സമയത്ത് 107-നു മുകളിലായിരുന്നു. എന്നാൽ രാത്രി ഫെഡ് തീരുമാനം വന്ന ശേഷം സൂചിക 106.45 ലേക്കു താഴ്ന്നു. ഇന്നു രാവിലെ തിരിച്ചു കയറാൻ ശ്രമിച്ചെങ്കിലും വീണ്ടും താഴോട്ടു പോയി.
ഡോളർ ഇന്നലെ 10 പൈസ നേട്ടത്തിൽ 79.9 രൂപയിലാണു ക്ലോസ് ചെയ്തത്. ഇന്നു ഡോളർ നഷ്ടത്തിലേക്കു നീങ്ങാനാണു സാധ്യത. രൂപയുടെ വിലത്തകർച്ച അവസാനിച്ചു എന്ന മട്ടിൽ ഔദ്യോഗികവും അല്ലാത്തതുമായ വിശകലനങ്ങളും വന്നു തുടങ്ങി. ഡോളർ നിരക്ക് 80 രൂപയ്ക്കു മുകളിൽ ക്ലോസ് ചെയ്യാതിരിക്കാൻ റിസർവ് ബാങ്ക് നടത്തിയ ശ്രമങ്ങൾ വിജയിച്ചു എന്നാണു വിശകലനങ്ങളിലെ അവകാശവാദം. കമ്പനികളുടെ വിദേശ കടബാധ്യത സംബന്ധിച്ച് അധികം ആശങ്കയ്ക്കു കാര്യമില്ലെന്നു ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതിക്കു വേണ്ടി പൊതുമേഖലാ എണ്ണ കമ്പനികൾ എടുത്തിട്ടുള്ള വായ്പകളാണ് ഇതിലധികവും. അവയെ സർക്കാർ ഗാരൻ്റിയുള്ള വായ്പകളായി കൂട്ടാമെന്നും തിരിച്ചടവ് മുടങ്ങുന്ന പ്രശ്നമില്ലെന്നും ആണു വിശകലനം. ഡോളർ ഈ ദിവസങ്ങളിൽ 79 രൂപയിലേക്കു താഴും എന്നും നിഗമനമുണ്ട്. എന്നാൽ ക്രൂഡ് ഓയിൽ വില വീണ്ടും കയറുകയും വാണിജ്യ കമ്മിയും അതുവഴി കറൻ്റ് അക്കൗണ്ട് കമ്മിയും വർധിച്ചു പോയാൽ രൂപ വീണ്ടും സമ്മർദത്തിലാകും.

പലിശയിലെ ആശങ്ക നീങ്ങുമ്പോൾ

യുഎസ് പലിശ നിരക്കിനെയും അതുവഴി വിദേശ നിക്ഷേപകരുടെ പണം മടങ്ങിപ്പോകുന്നതിനെയും പറ്റിയുള്ള ആശങ്കകൾക്ക് അറുതിയായി. ഫെഡ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) തീരുമാനവും ഫെഡ് ചെയർമാൻ ജെറോം പവലിൻ്റെ വിശദീകരണങ്ങളും ചെയ്തത് അതാണ്.
തുടർച്ചയായ രണ്ടാം തവണയാണു ഫെഡ് നിരക്ക് 75 ബേസിസ് പോയിൻ്റ് കൂട്ടിയത്. ഇതോടെ യുഎസ് ഫെഡിൻ്റെ കുറഞ്ഞ പലിശ നിരക്ക് 2.25 - 2.50 ശതമാനമായി. 1980കളിൽ പോൾ വോൾക്കർ മേധാവിയായിരുന്നപ്പോൾ പലിശ നിരക്കു വർധിപ്പിച്ചതിനെ അനുസ്മരിപ്പിക്കുന്നതായി തുടർച്ചയായ 75 ബേസിസ് പോയിൻ്റ് വർധന.
സെപ്റ്റംബറിൽ 50 ബേസിസ് പോയിൻ്റ് വർധന പ്രതീക്ഷിക്കാം എന്നാണ് പവൽ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞത്. അതോടെ പലിശ വർധനയുടെ തോതും വേഗവും കുറയ്ക്കും എന്ന സൂചനയും അദ്ദേഹം നൽകി.
അമേരിക്ക മാന്ദ്യത്തിലായിട്ടില്ലെന്നു ഫെഡ് മേധാവി പറഞ്ഞു. തൊഴിൽ വർധിക്കുന്നു. വേതനം ഉയരുന്നു. വിലകളും വർധിക്കുന്നു. ആശങ്കകൾക്കു കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വളർച്ച കുറയുകയും ഉപഭോക്താക്കൾ പണം ചെലവാക്കാൻ മടിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതു മാന്ദ്യത്തിലേക്കു നീങ്ങാൻ ഇടയില്ല. വളർച്ചയെ ഞെരുക്കാവുന്ന വിധം നിരക്കുകൾ കൂട്ടാൻ ഫെഡിന് ഉദ്ദേശ്യമില്ലെന്നും പവൽ വിശദീകരിച്ചു.

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it