വിപണികൾ ദുർബലം; ഏഷ്യയും ഇടിവിൽ; വിദേശികൾ വിൽപന തുടരുന്നു; രൂപ വീണ്ടും താഴ്ന്നു
വിപണികൾ ദൗർബല്യം തുടരുന്നു. ഇന്ത്യൻ വിപണിയും ഇന്ന് ആ വഴി പിന്തുടരും എന്നാണു സൂചന. പലിശ നിരക്ക് കൂടുതൽ കാലം ഉയർന്നു നിൽക്കും എന്നത് ജിഡിപി വളർച്ചയും കമ്പനികളുടെ ലാഭവും കൂടുന്നതിനു തടസമാകും എന്നാണ് ആശങ്ക. വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,958 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,935 ആയി. വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
ഫെഡിൻ്റെ പലിശ തീരുമാനത്തെ തുടർന്ന് ബുധനാഴ്ച തകർന്നടിഞ്ഞ യുഎസ് വിപണി ഇന്നലെ തിരിച്ചു കയറ്റ ശ്രമത്തിൽ വിജയിച്ചില്ല. എങ്കിലും പത്തു ദിവസം തുടർച്ചയായി ഇടിഞ്ഞ് 50 വർഷത്തെ ചരിത്രം തിരുത്തിയ ഡൗ ജോൺസ് സൂചിക നാമമാത്രമായി കയറി. മറ്റു സൂചികകൾ അൽപം താഴ്ന്നു.
ഇന്നു വരുന്ന പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) സൂചികയിലാണ് വിപണിയുടെ ശ്രദ്ധ. നവംബർ പിസിഇ 2.5 ഉം ഭക്ഷ്യ -ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ പിസിഇ 2.9 ഉം ശതമാനം വർധിക്കും എന്നാണു നിഗമനം. ഫെഡ് തീരുമാനങ്ങൾക്കു പരിഗണിക്കുന്നത് ഈ സൂചികയാണ്. രണ്ടു ശതമാനം എന്ന സ്വീകാര്യമായ പരിധിക്കു മുകളിലാണ് പിസിഇ എങ്കിൽ ഫെഡ് നിലപാട് സാധൂകരിക്കപ്പെടും.
യുഎസിൽ പ്രതിവാര തൊഴിലില്ലായ്മ ആനുകൂലം തേടുന്നവർ പ്രതീക്ഷയിലും കുറവായി. മൂന്നാം പാദ ജിഡിപി വളർച്ച പ്രതീക്ഷയെ മറി കടന്ന് 3.1 ശതമാനമായി.
ആപ്പിളും എൻവിഡിയയും ഉയർന്ന ഇന്നലെ ഇലോൺ മസ്കിൻ്റെ ടെസ്‌ല ഒന്നര ശതമാനം ഇടിഞ്ഞു. മസ്കിൻ്റെ സമ്പത്തിൽ നേരിയ കുറവ് വന്നു. വ്യാപാര സമയത്തിനു ശേഷം മികച്ച വളർച്ച കാണിച്ച റിസൽട്ട് പ്രസിദ്ധീകരിച്ച ഫെഡെക്സും നൈക്കും എട്ടു ശതമാനത്തോളം ഉയർന്നു.
ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 15.37 പോയിൻ്റ് (0.04%) ഉയർന്ന് 42,342.24ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 5.08 പോയിൻ്റ് (0.09%) നഷ്ടത്തോടെ 5867.08 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 19.92 പോയിൻ്റ് (0.10%) താഴ്ന്ന് 19,372.77 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.28 ഉം എസ് ആൻഡ് പി 0.32 ഉം നാസ്ഡാക് 0.49 ഉം ശതമാനം താഴ്ന്നു.
നിക്ഷേപനേട്ടം 4.57 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില ഇടിഞ്ഞു.
യൂറോപ്യൻ സൂചികകൾ ഇന്നലെ വലിയ നഷ്ടത്തിലായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. വിലക്കയറ്റം കൂടി വരുന്നതിനാൽ ഉയർന്ന പലിശ കൂടുതൽ കാലം തുടരും എന്നാണ് വിപണിയുടെ ആശങ്ക.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ വിലക്കയറ്റം പ്രതീക്ഷയേക്കാൾ കൂടി. ബാങ്ക് ഓഫ് ജപ്പാൻ ഇന്നലെ പലിശ നിരക്ക് മാറ്റിയില്ല. ഈ സാഹചര്യത്തിൽ നിക്കൈ സൂചിക ചെറിയ നേട്ടത്തിലാണ്. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും വിപണി ഓരോ ശതമാനം താഴ്ന്നു. ചെെനീസ് കേന്ദ്ര ബാങ്കിൻ്റെ പലിശ തീരുമാനവും ഇന്നുണ്ടാകും.
ഇന്ത്യൻ വിപണി വീണ്ടും ഇടിഞ്ഞു
വ്യാഴാഴ്ച ഇന്ത്യൻ വിപണി തുടർച്ചയായ നാലാം ദിവസവും താഴ്ന്നു. നാലു ദിവസം കൊണ്ടു പ്രധാന സൂചികകൾ മൂന്നര ശതമാനം ഇടിഞ്ഞു. സെൻസെക്സ് 80,000 നും നിഫ്റ്റി 24,000 നും താഴെയായി. വിദേശ നിക്ഷേപകർ വിൽപനയിലായതു കൊണ്ട് തിരിച്ചു കയറ്റം അത്ര എളുപ്പമല്ല. എങ്കിലും ഇന്ന് ബുള്ളുകളും ധനകാര്യ സ്ഥാപനങ്ങളും ശ്രമം നടത്താതിരിക്കില്ല.
നിഫ്റ്റി വ്യാഴാഴ്ച 247.15 പോയിൻ്റ് (1.02%) ഇടിഞ്ഞ് 23,951.70 ൽ അവസാനിച്ചു. സെൻസെക്സ് 964.15 പോയിൻ്റ് (1.20%) നഷ്ടത്തിൽ 79,218.05 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 563.85 പോയിൻ്റ് (1.08%) കുറഞ്ഞ് 51,575.70 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.28 ശതമാനം താഴ്ന്ന് 58,556.25 ലും സ്മോൾ ക്യാപ് സൂചിക 0.51 ശതമാനം നഷ്ടത്തോടെ 19,133.10 ലും ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ ഇന്നലെയും വലിയ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 4224.92 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 3943.24 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1589 ഓഹരികൾ ഉയർന്നപ്പോൾ 2414 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1100 എണ്ണം ഉയർന്നു, താഴ്ന്നത് 1713 എണ്ണം.
നിഫ്റ്റി എല്ലാ മൂവിംഗ് ആവരേജുകൾക്കും താഴെയാണ്. ഇനി 23,700 - 23,900 മേഖലയിൽ പിന്തുണ കണ്ടെത്തണം. 24,050 കയറ്റത്തിനു തടസമായി നിൽക്കുന്നു.
നിഫ്റ്റിക്ക് ഇന്ന് 23,890 ലും 23,805 ലും പിന്തുണ കിട്ടാം. 24,000 ഉം 24,075 ഉം തടസങ്ങൾ ആകാം.
കയറിയിറങ്ങി സ്വർണം
യുഎസ് ഫെഡിൻ്റെ പലിശ തീരുമാനത്തെ തുടർന്നുള്ള അനിശ്ചിതത്വം സ്വർണ വിപണിയിൽ തുടരുകയാണ്. ഇന്നത്തെ വിലക്കയറ്റ കണക്ക് ദിശാബോധം നൽകുമെന്ന പ്രതീക്ഷ നിലവിൽ ഉണ്ട്. യുഎസ് ബജറ്റ് പാസാക്കുന്നതിനു കഴിയാത്തതു സ്വർണത്തിന്റെ അനിശ്ചിതത്വം വർധിപ്പിക്കും. ഇന്നലെ സ്വർണം 11.70 ഡോളർ കയറി ഔൺസിന് 2595.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2600 ഡോളർ ആയി ഉയർന്നു.
കേരളത്തിൽ വ്യാഴാഴ്ച സ്വർണവില പവന് 520 രൂപ കുറഞ്ഞ് 56,560 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 28.95 ഡോളറിലേക്ക് താഴ്ന്നു.
ഡോളർ കയറ്റം തുടരുന്നു, രൂപ ദുർബലം
കറൻസി വിപണിയിൽ ഡോളർ കയറ്റം തുടരുകയാണ്. പൗണ്ട്, യൂറോ, യെൻ തുടങ്ങിയവ ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായി. ഇന്നലെ ഡോളർ സൂചിക കുത്തനേ ഉയർന്ന് 108.41 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 108.43 ലേക്കു കയറി.
രൂപ ഇന്നലെ വീണ്ടും ദുർബലമായി. ഡോളർ ഓപ്പൺ ചെയ്തതു തന്നെ 85 രൂപയിലാണ്. തലേന്നത്തേക്കാൾ അഞ്ചു പൈസ കൂടുതൽ. വ്യാപാരത്തിനിടെ 85.0875 രൂപ വരെ കയറി. പിന്നീട് 85.07 എന്ന റെക്കോർഡ് നിലയിൽ ക്ലാേസ് ചെയ്തു. നോൺ ഡെലിവറേബിൾ ഫോർവേഡ് വിപണിയിൽ ഡോളർ 85.29 രൂപയിലാണ്. ഇന്നും രൂപ താഴും എന്നാണ് ഇതിലെ സൂചന. ചൈനീസ് കറൻസി ഇന്നലെ ഡോളറിന് 7.30 യുവാൻ വരെ ഇടിഞ്ഞു. ഇന്ത്യയിൽ നിന്നു വിദേശികൾ പണം പിൻവലിക്കുന്നതും വ്യാപാര കമ്മി വർധിച്ചതും രൂപയുടെ വീഴ്ചയ്ക്കു വേഗം കൂട്ടി.
ക്രൂഡ് ഓയിൽ വീണ്ടും താഴ്ചയിലായി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രാവിലെ 72.47 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 69.91 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.06 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ താഴ്ചയിൽ
കയറ്റങ്ങൾക്കു ശേഷം ക്രിപ്റ്റോ കറൻസികൾ ഇന്നലെ കുത്തനേ ഇടിഞ്ഞു. ഡോളറിൻ്റെ കയറ്റവും ക്രിപ്റ്റോറിസർവ് വേണ്ടെന്ന ഫെഡ് നിലപാടും ക്രിപ്റ്റോകളെ ക്ഷീണിപ്പിച്ചു.
ബിറ്റ് കോയിൻ ഇന്നു രാവിലെ 97,250 ഡോളറിനടുത്തു നിൽക്കുന്നു. ഈഥർ വില 3415 ഡോളർ വരെ താണു.
ഫെഡിൻ്റെ പലിശ തീരുമാനം വ്യാവസായിക ലോഹങ്ങളെ ഇടിച്ചിട്ടു. ചെമ്പ് 1.56 ശതമാനം താഴ്ന്നു ടണ്ണിന് 8770.24 ഡോളറിൽ എത്തി. അലൂമിനിയം 0.86 ശതമാനം താഴ്ന്നു ടണ്ണിന് 2510.75 ഡോളർ ആയി. സിങ്ക് 1.53 ഉം ലെഡ് 0.34 ഉം നിക്കൽ 2.31 ഉം ശതമാനം ടിൻ 2.89 ഉം ശതമാനം താഴ്ന്നു.
വിപണിസൂചനകൾ
(2024 ഡിസംബർ 19, വ്യാഴം)
സെൻസെക്സ് 30 79,218.05 -1.20%
നിഫ്റ്റി50 23,951.70 -1.02%
ബാങ്ക് നിഫ്റ്റി 51,575.70 -1.08%
മിഡ് ക്യാപ് 100 58,556.25 -0.28%
സ്മോൾ ക്യാപ് 100 19,133.10 -0.51%
ഡൗ ജോൺസ് 42,342.24 +0.04%
എസ് ആൻഡ് പി 5867.08 -0.09%
നാസ്ഡാക് 19,372.77 -0.10%
ഡോളർ($) ₹85.07 +₹0.12
ഡോളർ സൂചിക 108.41 +0.38
സ്വർണം (ഔൺസ്) $2595.70 +$11.10
സ്വർണം(പവൻ) ₹56,560 -₹520.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.63 -$00.36