അനിശ്ചിതത്വം അകലുന്നില്ല; റിസർവ് ബാങ്ക് നയം വിപണിയെ നിയന്ത്രിക്കും; ക്രൂഡ് വില ഉയരത്തിൽ; മസ്കിൻ്റെ പ്രസ്താവന ടെക് മേഖലയെ ഉലച്ചു

അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്നു പുതിയ ആഴ്ചയുടെ തുടക്കം ദൗർബല്യത്തോടെ ആയേക്കും. യുഎസ് വിപണിയുടെ വാരാന്ത്യ തകർച്ചയും പലിശ നിരക്ക് സംബന്ധിച്ച ആശങ്കയും കാരണങ്ങളാണ്. വിലക്കയറ്റ ഭീതി വർധിപ്പിച്ചു കൊണ്ട് ക്രൂഡ് ഓയിൽ വില 120 ഡോളറിനു മുകളിലായി. ഡോളർ സൂചിക ഉയരുന്നതു രൂപയടക്കം പല കറൻസികൾക്കും ക്ഷീണം വരുത്തും.

വിപണി കഴിഞ്ഞയാഴ്ച ശക്തമായ പുൾ ബായ്ക്ക് റാലിയുടെ സൂചന കാണിച്ചെങ്കിലും ഒടുവിൽ ദുർബലമായി. പ്രതിവാര നേട്ടം ഒരു ശതമാനത്തിലേറെ ഉണ്ടായെങ്കിലും വിപണി ബുള്ളിഷ് ആയല്ല അവസാനിച്ചത്.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. എങ്കിലും ഏഷ്യൻ വിപണികൾ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 16,470 ലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 16,518 ലേക്കു കയറിയെങ്കിലും വീണ്ടും താഴ്ന്നു. ഇന്ത്യൻ വിപണി ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച സെൻസെക്സ് 48.8 പോയിൻ്റ് (0.09%) താണ് 55,769.23-ലും നിഫ്റ്റി 43.7 പോയിൻ്റ് (0.26%) കുറഞ്ഞ് 16,584.3 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.64 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.86 ശതമാനവും താഴ്ന്നു. ഐടിയും ഓയിലും ഒഴികെയുള്ള എല്ലാ വ്യവസായ മേഖലകളും വെള്ളിയാഴ്ച താഴോട്ടു പോയി.
യൂറോപ്യൻ വിപണി വെള്ളിയാഴ്ച ചെറിയ താഴ്ചയിലായിരുന്നു. യുഎസ് വിപണി കൂടുതൽ താണു. ഡൗ സൂചിക ഒരു ശതമാനം താഴ്ന്നപ്പോൾ ടെക് ഓഹരികളുടെ വീഴ്ചയിൽ നാസ്ഡാക് രണ്ടര ശതമാനം ഇടിഞ്ഞു.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ നിന്നു 3770.51 കോടി രൂപ പിൻവലിച്ചു. സ്വദേശി ഫണ്ടുകൾ 2360.51 കോടിയുടെ നിക്ഷേപം നടത്തി.
നിഫ്റ്റിക്ക് 16,505ലും 16,425 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,730 ഉം 16,875ഉം തടസങ്ങളാകും.
ക്രൂഡ് ഓയിൽ വില മൂന്നു മാസത്തെ ഉയർന്ന വിലയിലേക്കു കയറിയിട്ട് അൽപം താണു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 121.4 ഡോളർ വരെ ഉയർന്നിട്ട് 120.2 ലേക്കു താഴ്ന്നു. സൗദി അറേബ്യ ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡിൻ്റെ വില രണ്ടു ഡോളറിലധികം വർധിപ്പിച്ചു. ഒപെക് പ്ലസ് ഉൽപാദനം കൂട്ടുമെന്നു പറഞ്ഞെങ്കിലും ഔപചാരിക പ്രഖ്യാപനം വന്നിട്ടില്ല.
വ്യവസായിക ലോഹങ്ങൾ വാരാന്ത്യത്തിൽ ഇടിഞ്ഞു. പലിശ കൂടുന്നതോടെ സാമ്പത്തിക വളർച്ച കുറയും എന്ന ആശങ്കയാണു കാരണം. സ്റ്റീൽ വിലയും താഴ്ചയിലാണ്.
സ്വർണം വാരാന്ത്യത്തിൽ കുത്തനെ ഇടിഞ്ഞു. 1874 ഡോളറിൽ നിന്ന് 1850 ഡോളറിലേക്കായിരുന്നു വീഴ്ച. ഇന്നു രാവിലെ സ്വർണം 1853-1854 ഡോളറിലാണ്. കേരളത്തിൽ ശനിയാഴ്ച പവന് 280 രൂപ കുറഞ്ഞ് 38,200 രൂപയായി.
ഡോളർ സൂചിക ഉയരുകയാണ്. 102.15 ലാണു തിങ്കളാഴ്ച രാവിലെ സൂചിക. 77.63 രൂപയിലേക്കു കയറിയ ഡോളർ വീണ്ടും കയറുമെന്നാണു സൂചന.

വാങ്ങാൻ സമയമായെന്നു വിദഗ്ധർ, നിക്ഷേപകർ മടിച്ചു നിൽക്കുന്നു

താഴ്ചയിൽ വാങ്ങാവുന്ന സമയമായി എന്നു നിക്ഷേപ വിദഗ്ധർ പറഞ്ഞു തുടങ്ങിയിട്ട് ആഴ്ചകളായി. പക്ഷേ വാങ്ങുന്നതിന് നിക്ഷേപകർ മുന്നോട്ടു വരുന്നില്ല. ഇനിയും താഴാനുണ്ട് എന്ന കാഴ്ചപ്പാടാണു പലർക്കും.
പൊതുവേ വിപണിയിൽ അനിശ്ചിതത്വം മാറിയിട്ടില്ല. രണ്ടു ദിവസം ഉയരുകയും പിന്നീടു താഴുകയും ചെയ്യുന്ന പ്രവണത ഇതിൻ്റെ ഫലമാണ്. ഈയാഴ്ച ഇന്ത്യൻ വിപണി രണ്ടു കാര്യങ്ങളാണു ശ്രദ്ധിക്കുക. ബുധനാഴ്ച റിസർവ് ബാങ്ക് ഗവർണർ നടത്തുന്ന പണനയപ്രഖ്യാപനവും വെള്ളിയാഴ്ച പുറത്തു വരുന്ന വ്യവസായ ഉൽപാദന സൂചികയും.
റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്ക് (റീപാേ) വർധിപ്പിക്കും എന്നതിൽ സംശയമില്ല. എത്ര കൂട്ടും, മേയിൽ തുടങ്ങിയ കൂട്ടലിന് എന്നാണു വിരാമം, എത്ര വരെയാണു നിരക്ക് ഉയർത്താൻ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് അറിയേണ്ടത്. അതു സംബന്ധിച്ച സൂചന ഗവർണർ ശക്തികാന്ത ദാസിൻ്റെ പ്രസ്താവനയിൽ കാണുമെന്നാണു പ്രതീക്ഷ. ഏപ്രിലിലെ വ്യവസായ ഉൽപാദന സൂചിക തലേ ഏപ്രിലിനെ അപേക്ഷിച്ചു ഗണ്യമായി കൂടും എന്നുറപ്പാണ്. പക്ഷേ തൊട്ടു മുമ്പത്തെ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ വളർച്ചയ്ക്കു പകരം തളർച്ച വരാം.
റിസർവ് ബാങ്കിൻ്റെ പ്രഖ്യാപനം മാത്രമല്ല വിപണി നോക്കിയിരിക്കുന്നത്. അടുത്തയാഴ്ച യുഎസ് ഫെഡ് പലിശ കൂട്ടും. അവരുടെ വർധനയും തുടർന്നുള്ള കാഴ്ചപ്പാടും വിദേശ നിക്ഷേപകരുടെ നീക്കങ്ങളെ സ്വാധീനിക്കും.

പലിശ എത്ര കൂട്ടും

ഒരേ കാര്യത്തെപ്പറ്റി ഭിന്നഭിന്നമായ കാഴ്ചപ്പാടുകൾ ഉണ്ടാകുമ്പോഴാണ് വിപണികൾ ഉണ്ടാകുന്നത്. ഇപ്പോൾ കേന്ദ്ര ബാങ്കുകൾ പലിശനിരക്കു കൂട്ടുകയും പണലഭ്യത കുറയ്ക്കുകയും ചെയ്യുന്നു. അതിൻ്റെ ആഘാത പ്രത്യാഘാതങ്ങളെപ്പറ്റി ഭിന്നഭിന്നവും ചിലപ്പോൾ പരസ്പര വിരുദ്ധവുമായ നിലപാടുകൾ വിപണി'യിൽ ഉണ്ട്. ഈയാഴ്ച ഇന്ത്യയുടെ റിസർവ് ബാങ്കും അടുത്തയാഴ്ച യുഎസ് ഫെഡും പണനയ കമ്മിറ്റി (എംപിസി ) കളുടെ യോഗം വിളിച്ചിട്ടുണ്ട്. റിസർവ് ബാങ്കിൻ്റെ കമ്മിറ്റി ബുധനാഴ്ച തീരുമാനം പ്രഖ്യാപിക്കും. ഫെഡിൻ്റേത് 15-നും.
ഫെഡ് മാർച്ചിൽ 25-ഉം മേയിൽ 50-ഉം ബേസിസ് പോയിൻ്റ് (ഒരു ശതമാനത്തിൻ്റെ നൂറിൽ ഒന്ന്‌) വീതം അടിസ്ഥാന പലിശ വർധിപ്പിച്ചു. അടുത്തയാഴ്ചയും ജൂലൈയിലും 50 ബേസിസ് പോയിൻ്റ് വീതം വർധിപ്പിക്കുമെന്നാണു നിഗമനം. സെപ്റ്റംബറിൽ അഞ്ചാമത്തെ വർധന ഉണ്ടാകുമോ അതാേ ഫെഡ് ഒരു തവണ കാത്തിരുന്നു കാണാൻ തീരുമാനിക്കുമോ എന്നാണു ധനശാസ്ത്രജ്ഞർക്കിടയിലെ തർക്കം.

തെറ്റായ നിഗമനം

റിസർവ് ബാങ്ക് ഫെഡിന് ' ഒപ്പമോ തൊട്ടു മുൻപോ നിരക്കു വർധിപ്പിക്കും എന്ന് പൊതുവേ കരുതിയിരുന്നു. പക്ഷേ മാർച്ചിലും ഏപ്രിലിലും ഒന്നും ചെയ്തില്ല. വളർച്ചയ്ക്കു മുൻതൂക്കം നൽകുന്നതിനാൽ നിരക്കുകൂട്ടുന്നില്ല എന്നാണു ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത്. പക്ഷേ മേയ് ആദ്യം ഫെഡ് യോഗത്തിനു തൊട്ടു മുൻപ് എംപിസി യോഗം ചേർന്നു പലിശ 40 ബേസിസ് പോയിൻ്റ് വർധിപ്പിച്ചു. ഒപ്പം വാണിജ്യ ബാങ്കുകളുടെ കരുതൽ പണ അനുപാതം (സിആർആർ) നാലിൽ നിന്നു നാലര ശതമാനമാക്കി.
ഇന്നു തുടങ്ങുന്ന എംപിസി യോഗം നിരക്ക് എത്ര വർധിപ്പിക്കും എന്ന കാര്യത്തിൽ പല നിഗമനങ്ങളാണുള്ളത്. 35 ബേസിസ് പോയിൻ്റ്, 40 ബേസിസ് പോയിൻ്റ്, 50 ബേസിസ് പോയിൻ്റ് എന്നിങ്ങനെ. ഭൂരിപക്ഷം പേർ 50 ബേസിസ് പോയിൻ്റ് വർധന ഇപ്പോൾ പ്രതീക്ഷിക്കുന്നു. ഓഗസ്റ്റിലും ഒക്ടോബറിലും കൂടി നിരക്ക് വർധിപ്പിക്കുമെന്നാണു റേറ്റിംഗ് ഏജൻസികളും ബാങ്കുകളും കണക്കാക്കുന്നത്.
രാജ്യത്തു ചില്ലറ വിലക്കയറ്റം 7.8 ശതമാനം വരെ എത്തിയ സാഹചര്യത്തിൽ ചെറിയ വർധനകൾ പാേരെന്നാണു ഭൂരിപക്ഷം പേരുടെയും വിലയിരുത്തൽ. ജനുവരി മുതൽ ആറു ശതമാനത്തിലധികമാണു ചില്ലറ വിലക്കയറ്റം. സാമ്പത്തിക വളർച്ച തിരിച്ചു കയറാൻ ശ്രമിക്കുമ്പോൾ പലിശ കൂട്ടി വളർച്ചയ്ക്കു തടസം ഉണ്ടാക്കണ്ട എന്നായിരുന്നു ധനമന്ത്രാലയത്തിൻ്റെ മുൻ നിലപാട്. റിസർവ് ബാങ്കും അതനുസരിച്ചു നീങ്ങി. ഇപ്പോൾ പെട്ടെന്നു പെട്ടെന്നു നിരക്കു കൂട്ടേണ്ട നിലയിലേക്കു പതിച്ചത് ഈ സമീപനം മൂലമാണ്.
പലിശ പെട്ടെന്നു കൂട്ടുന്നത് ജിഡിപി വളർച്ചയെ ബാധിക്കും എന്നതു റിസർവ് ബാങ്കിനും അറിയാം. പക്ഷേ വിലക്കയറ്റം അതിലും വലിയ ഭീഷണിയായി വളർന്നു. അത് ജനങ്ങളുടെ ഉപഭോഗത്തെയും ബാധിച്ചു. വില കൂടിയതോടെ ടൂ വീലർ അടക്കം വാഹനങ്ങളുടെ വിപണിയിൽ ഇക്കോണമി വിഭാഗം ഉൽപന്നങ്ങൾക്കു ഡിമാൻഡ് കുത്തനെ ഇടിഞ്ഞു. അതിസമ്പന്നർ വാങ്ങുന്ന ലക്ഷുറി ഇനങ്ങളുടെ വിൽപന വർധിക്കുകയും ചെയ്തു.
ഈ പ്രവണത കൂടുതൽ ശക്തമാകാനേ പലിശ വർധന ഇടയാക്കൂ. പക്ഷേ പലിശ കൂട്ടുകയല്ലാതെ കേന്ദ്ര ബാങ്കുകൾക്കു ചികിത്സ അറിയില്ല.

മസ്കിൻ്റെ അബദ്ധ പ്രസ്താവന

ടെക് മേഖലയിൽ കാര്യങ്ങൾ വളരെ മോശമാണെന്നു കാണിക്കുന്ന വിധം ടെസ്ല മേധാവി ഇലോൺ മസ്ക് കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയിറക്കി. ടെസ്ലയിലെ 10 ശതമാനം പേരെ ഒരു വർഷത്തിനകം ഒഴിവാക്കുമെന്ന്. സാമ്പത്തിക മേഖല വളരെ മോശം കാലത്തേക്കു നീങ്ങുന്നു എന്ന തോന്നൽ വച്ചാണ് ഇതു പറയുന്നതെന്നും മസ്ക് ജീവനക്കാർക്കയച്ച ഇ മെയിലിൽ പറഞ്ഞു. പിറ്റേന്നു വിപണിയിൽ ടെസ്ല ഓഹരികൾ ഇടിഞ്ഞതോടെ മസ്ക് തിരുത്തി. ഒരു വർഷം കൊണ്ടു ജീവനക്കാരുടെ എണ്ണത്തിൽ കുറവു വരുത്തില്ല എന്നായി. എന്തായാലും ടെസ്ല ഓഹരികൾ 10 ശതമാനത്തോളം ഇടിഞ്ഞു. വെള്ളിയാഴ്ച നാസ്ഡാക് സൂചിക രണ്ടര ശതമാനം ഇടിയാൻ മസ്കിൻ്റെ പ്രസ്താവന കാരണമായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it