ഉണർവിന് ഒരുങ്ങി വിപണി; ശേഷം റിസർവ് ബാങ്ക് തീരുമാനിക്കും; നിരക്കു വർധന തോത് കൂടിയാൽ എന്തു സംഭവിക്കും?

എല്ലാം റിസർവ് ബാങ്കിൻ്റെയും ഗവർണർ ശക്തികാന്ത ദാസിൻ്റെയും കൈയിൽ. പണനയത്തെപ്പറ്റിയുള്ള ആശങ്കകളും ആകുലതകളും വിപണി കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയതാണ്. റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) അവയെ എങ്ങനെ ഉൾക്കൊണ്ടു എന്നു ഗവർണർ ദാസ് രാവിലെ പത്തിനു മാധ്യമങ്ങളെ അറിയിക്കും. പലിശയുടെ ഗതി, വിലക്കയറ്റത്തിൻ്റെ പാത തുടങ്ങിയവയും അദ്ദേഹം വരച്ചു കാണിക്കും. വിപണിയുടെ കണക്കുകൂട്ടലും താൽപര്യങ്ങളുമായി അവ പൊരുത്തപ്പെടുമെങ്കിൽ വിപണി ഉയരും. മറിച്ചായാൽ തകർച്ച.

ഇന്നലെ ഇന്ത്യൻ വിപണി ഒരു ശതമാനത്തോളം ഇടിഞ്ഞെങ്കിലും ഇന്നു നേട്ടത്തിനുള്ള അന്തരീക്ഷം ഒരുങ്ങിയിട്ടുണ്ട്. യുഎസ് വിപണി സൂചികകൾ താഴ്ചയിൽ നിന്നു കയറി. രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണെങ്കിലും മനോഭാവം നേട്ടത്തിൻ്റേതാണ്. ഏഷ്യൻ വിപണികൾ രാവിലെ ഉയർന്ന നിലവാരത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,492 ലേക്ക് കയറി. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 16,505 ൽ എത്തി. ഇന്ത്യൻ വിപണി നല്ല ഉണർവോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ചൊവ്വാഴ്ച സെൻസെക്സ് 567.9 പോയിൻ്റ് (1.02%) താഴ്ന്ന് 55,107.34 ലും നിഫ്റ്റി 153.2 പോയിൻ്റ് (0.92%) താഴ്ന്ന് 16,416.35ലും ക്ലോസ് ചെയ്തു. ഓയിൽ-ഗ്യാസ്, വാഹന കമ്പനികൾ ഒഴികെ എല്ലാം താഴ്ചയിലായിരുന്നു. ബാങ്ക്, ധനകാര്യ കമ്പനികളും കൺസ്യൂമർ ഡ്യുറബിൾസ്, എഫ്എംസിജി, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി മേഖലകളും താഴ്ചയിലായി.
ഇന്നലെ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 2293.98 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1311.14 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 16,400 എന്ന താഴ്ന്ന പരിധി നിലനിർത്തിയത് ഹ്രസ്വകാല മുന്നേറ്റത്തിനുള്ള സാധ്യത കാണിക്കുന്നു. ഇന്നു നിഫ്റ്റിക്ക് 16,345 ലും 16,280 ലും സപ്പോർട്ട് ഉണ്ട്. 16,485-ഉം 16,560 ഉം തടസ മേഖലകളാണ്.
ക്രൂഡ് ഓയിൽ വില ഉയർന്നു തുടരുന്നു. ഇന്നലെ 119 ഡോളറിനടുത്തേക്കു താണ ബ്രെൻ്റ് ഇനം ഇന്ന് 120.8 ഡോളർ വരെ കയറി. പ്രകൃതി വാതക വില 9.39 ഡോളറിലേക്ക് ഉയർന്നു. 13 വർഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയിലാണു പ്രകൃതി വാതകം.
വ്യാവസായിക ലോഹങ്ങൾ കയറിയിറങ്ങി. തലേന്നത്തെ കുതിപ്പിൻ്റെ സ്വാഭാവിക തിരുത്തൽ ആയാണു വിപണി ഇതിനെ കാണുന്നത്.
സ്വർണം ഉയരാനുള്ള ശ്രമത്തിൽ പരാജയപ്പെടുകയാണ്. 1838-ൽ നിന്ന് 1856 ഡോളർ വരെ ഉയർന്ന ശേഷം 1850 ഡോളറിലേക്കു താഴ്ന്നു. ഇന്നു രാവിലെ 1849-18516 ഡാേളറിലാണു വ്യാപാരം. കേരളത്തിൽ ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 38,080 രൂപയായി.
ഡോളർ ഇന്നലെ നേട്ടമുണ്ടാക്കി. എട്ടു പൈസ ഉയർന്ന് 77.71 രൂപയായി വിനിമയനിരക്ക്. ഡോളർ സൂചിക ഇന്നലെ 102.32 ആയിരുന്നത് ഇന്നു രാവിലെ 102.51 ആയി. ഡോളറിൻ്റെ കരുത്തു സ്വർണത്തിനും രൂപയ്ക്കും ക്ഷീണമാണ്.

റിസർവ് ബാങ്കിൽ നിന്നു കാത്തിരിക്കുന്നത്

വിപണികളെ ഞെട്ടിക്കരുത് എന്നതാണു കേന്ദ്രബാങ്കുകളുടെ ചുമതല. ക്രമമായ നടപടികളിലൂടെ ലക്ഷ്യസാധ്യത്തിനായി ശ്രമിക്കണം. പണനയം നിയന്ത്രിക്കുന്ന കേന്ദ്രബാങ്ക് ചാഞ്ചല്യത്തിലാണെന്നോ ആശങ്കയിലാണെന്നാേ ധാരണ പരത്തരുത്. കാര്യങ്ങൾ കൈപ്പിടിയിലാണെന്നു തോന്നിക്കുകയാണ് ആവശ്യം. അതുകൊണ്ടാണു വളച്ചുകെട്ടിയ ഭാഷയിൽ അവ സംസാരിക്കുന്നത്.
മേയ് ആദ്യം റിസർവ് ബാങ്ക് പെട്ടെന്ന് എംപിസി യോഗം വിളിക്കുകയും റീപാേ നിരക്ക് 40 ബേസിസ് പോയിൻ്റും ബാങ്കുകളുടെ കരുതൽ പണ അനുപാതം ( സിആർആർ) 50 ബേസിസ് പോയിൻ്റും വർധിപ്പിച്ചതിനു വിമർശനം ഉയർന്നു. ഏപ്രിലിലെ എംപിസി യോഗമാേ അതിൻ്റെ മിനിറ്റ്സോ മേയ് ആദ്യം വലിയ നിരക്കു വർധനയുടെ സാധ്യത സൂചിപ്പിച്ചിരുന്നില്ല. അതായിരുന്നു വിമർശനത്തിന് അടിസ്ഥാനം.
ധനകാര്യ മേഖലയിൽ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുന്നതു കാര്യങ്ങൾ വഷളാക്കും. അതു കൊണ്ടാണു മാറ്റങ്ങളെപ്പറ്റി സൂചന നൽകി മാത്രം കേന്ദ്ര ബാങ്കുകൾ നീങ്ങുന്നത്. മേയിൽ റിസർവ് ബാങ്ക് അതു തെറ്റിച്ചു. ഇന്നും തെറ്റിക്കുമോ?

വർധനയുടെ തോതു കൂടിയാൽ ...

റിസർവ് ബാങ്ക് 25 ബേസിസ് പോയിൻ്റ് വീതമാണു നിരക്കു കിട്ടുകയും കുറയ്ക്കുകയും ചെയുന്നതിത്. 2020 മാർച്ചിലും മേയിലും നിരക്കു കുറച്ചപ്പോൾ 75-ഉം 40-ഉം ബേസിസ് പോയിൻ്റ് വീതമാക്കി. ഈ മേയിൽ നിരക്ക് ഉയർത്താൻ തുടങ്ങിയപ്പോൾ ആദ്യം 40 ബേസിസ് പോയിൻ്റ് കൂട്ടി. 2020 മേയിലെ കുറയ്ക്കൽ തിരുത്തി. 2020 മാർച്ചിൽ 75 ബേസിസ് പോയിൻ്റ് കുറവു വരുത്തിയിരുന്നു. എന്നാൽ ഇന്നത്തെ വർധന അത്രയും കൂടിയതാകില്ല എന്ന സൂചനയാണ് ഇതുവരെ റിസർവ് ബാങ്ക് നൽകിയിട്ടുള്ളത്. അതിൽ നിന്നു മാറി 60-ഓ 75-ഓ ബേസിസ് പോയിൻ്റ് വർധന റീപാേ നിരക്കിൽ വരുത്തിയാൽ വിപണി വല്ലാതെ പ്രതികരിക്കും. വിലക്കയറ്റം താഴ്ത്താനും പണപ്പെരുപ്പം നിയന്ത്രിക്കാനുമുള്ള നടപടികൾ വിജയിക്കുന്നില്ല എന്നാകും അതിനർഥം.

വിലക്കയറ്റ പ്രതീക്ഷയും വായ്പാലഭ്യതയും

റിസർവ് ബാങ്ക് വിലക്കയറ്റത്തിൻ്റെ പാത നിർണയിക്കുന്നതും പ്രധാനമാണ്. ഈ ധനകാര്യ വർഷം 5.7 ശതമാനം ചില്ലറ വിലക്കയറ്റമാണു റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത്. ഒന്നാം പാദത്തിൽ 6.3 ശതമാനം, രണ്ടിൽ 5.8, മൂന്നിൽ 5.4, നാലിൽ 5.1% എന്നിങ്ങനെ. അത് ഉയർത്തും എന്നു പൊതുവേ നിഗമനമുണ്ട്. വാർഷിക വിലക്കയറ്റം 6.5 ശതമാനമായിട്ടാകും പുതിയ നിഗമനം എന്നു പ്രതീക്ഷയുണ്ട്. ഇതിലധികം ഉയർത്തുന്നതും വിപണിക്കു നെഗറ്റീവ് ആകും. ഏപ്രിലിൽ ചില്ലറ വിലക്കയറ്റം 7.79 ശതമാനമായി കുതിച്ചു കയറിയിരുന്നു. മേയിൽ അത് 7.0- 7.1 ശതമാനത്തിലേക്കു കുറയുമെന്നു പ്രതീക്ഷയുണ്ട്. അങ്ങനെ ആകാതെ വന്നാൽ പണനയം കൂടുതൽ കർശനമാകാതെ തരമില്ല.
വിപണിയിലെ പണലഭ്യത കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളും പ്രധാനമാണ്. ബാങ്കുകളുടെ വായ്പാ ശേഷിയെ പെട്ടെന്നു ബാധിക്കാത്ത നടപടികളാണെങ്കിൽ വിപണിക്കു പ്രശ്നമില്ല. മറിച്ചായാൽ വായ്പാലഭ്യത കുറയുകയും വ്യവസായ - വാണിജ്യ മേഖലകൾ തളരുകയും ചെയ്യും.

റീപോ - റിവേഴ്സ് റീപോ അകലം കുറയ്ക്കുമോ?

റീപോ, റിവേഴ്സ് റീപാേ നിരക്കുകൾ തമ്മിലുള്ള അകലം എത്രമാത്രം കുറയ്ക്കും എന്നതും പ്രധാനമാണ്. ബാങ്കുകൾ അടിയന്തര ഘട്ടത്തിൽ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയാണു റീപാേ. ബാങ്കുകൾ വായ്പ നൽകാതെ വച്ചിരിക്കുന്ന പണം റിസർവ് ബാങ്കിൽ നൽകുമ്പോൾ ലഭിക്കുന്ന പലിശയാണു റിവേഴ്സ് റീപോ. ഇപ്പോൾ റീപോ 4.4 ശതമാനവും റിവേഴ്സ് റീപോ 3.35 ശതമാനവുമാണ്. വായ്പ നൽകാതെ പണം റിസർവ് ബാങ്കിൽ അടയ്ക്കുന്നതു നിരുത്സാഹപ്പെടുത്താനാണ് ഈ വലിയ വ്യത്യാസം. അക്കാര്യത്തിലെ നടപടി വായ്പാലഭ്യത കൂടുന്നതിൽ വലിയ പങ്കു വഹിക്കും.

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it