പണനയത്തിൽ ചാഞ്ചാട്ടം; ആഗോള സൂചനകൾ നെഗറ്റീവ്; ക്രൂഡ് വില കുതിച്ചു; വിലക്കയറ്റ കണക്കുകൾ പാളുമാേ?

റിസർവ് ബാങ്കിൻ്റെ പണനയം ഞെട്ടിച്ചില്ല. എന്നു മാത്രമല്ല സന്തോഷിപ്പിക്കുകയും ചെയ്തു. മുഖ്യസൂചികകൾ ഗണ്യമായി ഉയരുകയും ചെയ്തു. എന്നാൽ കൂടുതൽ പഠിക്കുകയും ഗവർണറുടെ ചോദ്യോത്തര പരിപാടി കഴിയുകയും ചെയ്തപ്പോൾ സമീപനം മാറി. വ്യവസായങ്ങളുടെ ലാഭക്ഷമത ഗണ്യമായി കുറയും. കാരണം ഡിസംബറോടെ റീപോ നിരക്ക് 5.75 ശതമാനമെങ്കിലും ആകും. ആഗാേള വളർച്ച സംബന്ധിച്ച പ്രതീക്ഷ ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഓപ്പറേഷൻ ആൻഡ് ഡവലപ്മെൻ്റ്) വെട്ടിക്കുറച്ചു. ഇന്ത്യയുടെ ഈ ധനകാര്യ വർഷത്തെ വളർച്ച 6.9 ശതമാനം മാത്രമാകുമെന്ന് ഒഇസിഡി കണക്കാക്കി. ഇതോടെ സൂചികകൾ ഇടിഞ്ഞു. തുടർച്ചയായ നാലാം ദിവസവും വിപണി വീണു.

ഇന്നലെ യൂറോപ്പും താഴ്ചയിലായിരുന്നു. യൂറോപ്യൻ കേന്ദ്ര ബാങ്ക് ഇന്നു നിർണായക തീരുമാനങ്ങൾക്കായി യോഗം ചേരുന്നതാണു കാരണം.
യുഎസ് ഓഹരികൾ ഇന്നലെ തുടക്കം മുതലേ താഴ്ചയിലായിരുന്നു. എങ്കിലും വലിയ താഴ്ചയിൽ നിന്ന് അൽപം കയറി ക്ലോസ് ചെയ്തു. ശരാശരി ഒരു ശതമാനം ഇടിവിലാണു പ്രധാന സൂചികകൾ. ഒഇസിഡിയും പ്രധാന ആഗാേള കമ്പനികളും വളർച്ച മോശമാകും എന്നു നൽകിയ മുന്നറിയിപ്പ് വിപണി ഗൗരവമായി എടുത്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലാണ്.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ മാത്രം തുടക്കത്തിൽ ഓഹരികൾ ഉയർന്നു. യെൻ വിനിമയ വിപണിയിൽ താഴോട്ടു പോകുന്നതിനാൽ കയറ്റുമതി വളർച്ച കണക്കാക്കിയാണത്. പിന്നീട് നിക്കെെ സൂചികയും നഷ്ടത്തിലായി. ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് വിപണികൾ താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 16,293 വരെ താണിട്ട് അൽപം കയറി. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 16,254-ൽ എത്തി. ഇന്ത്യൻ വിപണി ഗണ്യമായ താഴ്ചയിൽ ഓപ്പൺ ചെയ്യും എന്നാണ് ഇതിലെ സൂചന. യുഎസ് ഫെഡിൻ്റെ തീരുമാനം വരുന്ന 15-ാം തീയതി വരെ വിപണി അനിശ്ചിതത്വത്തിലായിരിക്കും.
ഇന്നലെ ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിനു ശേഷം നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 214.85 പോയിൻ്റ് (0.39%) താണ് 54,892.49 ലും നിഫ്റ്റി 60.1 പോയിൻ്റ് (0.37%) താണ് 16,356.25 ലും ക്ലാേസ് ചെയ്തു. ബാങ്ക്, ധനകാര്യ, എഫ്എംസിജി, കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികളും ഓയിൽ - ഗ്യാസ് മേഖലയും താഴ്ചയിലായിരുന്നു. ഐടിയും ഓട്ടാേയും അടക്കം മറ്റു മേഖലകൾ ഉയർന്നെങ്കിലും കയറ്റം ദുർബലമാണ്.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 2484.25 കോടി രൂപയുടെ വിൽപനക്കാരായി. സ്വദേശി ഫണ്ടുകൾ 1904.33 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി അനിശ്ചിത നിലയിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 16,265 ലും 16,165ലും സപ്പോർട്ട് ഉണ്ട്. ഉയർന്നാൽ 16,485-ഉം 16,610 ഉം തടസങ്ങളാകും.
ക്രൂഡ് ഓയിൽ വില 123.5 ഡോളറിലേക്ക് ഉയർന്നു. പ്രകൃതിവാതക വില അപ്രതീക്ഷിതമായി ഇടിഞ്ഞു. യുഎസിലെ ഫ്രീപോർട്ട് എൽഎൻജി ടെർമിനലിലെ സ്ഫോടനത്തെ തുടർന്നാണു വില 15 ശതമാനം താണ് 8.15 ഡോളറായത്.
വ്യവസായിക ലോഹങ്ങൾ ഇന്നലെ കയറി. ഒന്നു മുതൽ മൂന്നു വരെ ശതമാനം കയറ്റമാണ് മിക്ക ഇനങ്ങൾക്കും ഉണ്ടായത്. വരും ദിവസങ്ങളിലെ ഗതി യൂറോപ്യൻ കേന്ദ്ര ബാങ്കിൻ്റെയും യുഎസ് ഫെഡിൻ്റെയും തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
സ്വർണം 1850 ഡോളറിൻ്റെ പരിസരത്ത് കയറിയിറങ്ങുന്നു. ഡോളർ കരുത്തോടെ നിൽക്കുന്നതാണു കയറ്റത്തിനു തടസം. ഇന്നലെ 1844-1860 മേഖലയിൽ ചാഞ്ചാടിയ സ്വർണം ഇന്നു രാവിലെ 1853-1854 ഡോളറിലാണ്. ഇന്നലെ കേരളത്തിൽ സ്വർണം പവന് 80 രൂപ വർധിച്ച് 38,160 രൂപയായി. ഇന്നു വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല.
ഡോളർ സൂചിക 102.55 ലേക്കു കയറിയതോടെ ഡോളറിൻ്റെ നിരക്ക് 77.73 രൂപയായി.

പോസിറ്റീവ് പലിശ നിരക്ക് ലക്ഷ്യം

റിസർവ് ബാങ്കിൻ്റെ പണനയം രണ്ടു കാര്യങ്ങൾ വ്യക്തമാക്കി. ഒന്ന്: പലിശനിരക്കു കൂട്ടൽ തുടരും. യഥാർഥ പലിശനിരക്ക് പോസിറ്റീവ് ആക്കുന്നതാണു ലക്ഷ്യം. (പലിശ നിരക്ക് വിലക്കയറ്റ നിരക്കിനേക്കാൾ കൂടുതൽ ആയിരിക്കുന്ന അവസ്ഥയാണ് പോസിറ്റീവ്). രണ്ട്: വിലക്കയറ്റം പെട്ടെന്നു ശമിക്കില്ല. കാലവർഷം കൃത്യമായി ലഭിച്ചാൽ മാത്രം ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനാവും.
റിസർവ് ബാങ്ക് രണ്ടു പ്രധാന നിഗമനങ്ങൾ ഇന്നലെ പുറത്തുവിട്ടു. ഒന്ന്: ഈ ധനകാര്യ വർഷത്തെ വളർച്ച സംബന്ധിച്ച നിഗമനം 7.2 ശതമാനമായി നിലനിർത്തി. രണ്ട്: ഈ വർഷത്തെ വിലക്കയറ്റ പ്രതീക്ഷ ഉയർത്തി. 5.7 ശതമാനത്തിൽ നിന്ന് 6.7 ശതമാനത്തിലേക്ക്.

ബാങ്കുകളിൽ പണം മിച്ചം

ബാങ്ക് വ്യക്തമാക്കിയ കാര്യങ്ങളും ബാങ്കിൻ്റെ നിഗമനങ്ങളും തമ്മിൽ വലിയ ബന്ധമുണ്ട്. വിലക്കയറ്റം ശമനമില്ലാതെ തുടരുന്നതിനാൽ പലിശ നിരക്കു കൂട്ടുകയേ മാർഗമുള്ളൂ. ഒന്നാേ രണ്ടോ വർധന കൊണ്ടു പ്രശ്നം തീരില്ല. പലിശ കൂട്ടിയാൽ വളർച്ച മുരടിക്കും എന്ന സർക്കാരിൻ്റെ ഭീതി തൽക്കാലം ബാങ്ക് അവഗണിക്കുന്നു. വായ്പയ്ക്കു മറ്റു തടസങ്ങളില്ല. ബാങ്കുകളുടെ പക്കൽ ഇപ്പോഴും ധാരാളം മിച്ച പണമുണ്ട്. മേയ് ആദ്യം നിരക്കു കൂട്ടുമ്പോൾ ഏഴു ലക്ഷം കോടിയിലധികം രൂപ ബാങ്കിംഗ് മേഖലയിൽ അധികമുണ്ടായിരുന്നു. ഈയാഴ്ച അത് അഞ്ചുലക്ഷം കോടിക്കു മുകളിലാണ്. റീപോ നിരക്കിലും കുറഞ്ഞ നിരക്കിലാണു ബാങ്കുകൾ തമ്മിൽ പണ കൈമാറ്റം നടക്കുന്നത്.
റിസർവ് ബാങ്കിൻ്റെ പ്രാരംഭ ലക്ഷ്യം ഇങ്ങനെയാണ്: ഡിസംബറോടെ റീപോ നിരക്കും ഇൻ്റർബാങ്ക് മണി മാർക്കറ്റ് നിരക്കും ഒപ്പമാക്കുക. അതിനു ബാങ്ക് മേഖലയിലെ അധിക പണം വലിച്ചെടുക്കുകയോ വായ്പയായി നൽകുകയോ ചെയ്യണം.

നിക്ഷേപകർക്കു നഷ്ടം

അപ്പാേഴേക്കു വിലക്കയറ്റ നിരക്ക് ആറു ശതമാനത്തിൽ താഴെയാക്കണം. എങ്കിലേ ബാങ്കുകളിലും മറ്റും സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് വിലക്കയറ്റത്തേക്കാൾ മെച്ചപ്പെട്ട പലിശ കിട്ടൂ.
രണ്ടു വർഷമായി ബാങ്കു നിക്ഷേപകർക്കു വിലക്കയറ്റത്തേക്കാളും കുറഞ്ഞ പലിശയേ കിട്ടുന്നുള്ളു. അതായതു ബാങ്ക് നിക്ഷേപകരുടെ സമ്പാദ്യം ഓരോ വർഷവും കുറഞ്ഞു വരികയാണ്. ആ ദുരവസ്ഥ മാറിയില്ലെങ്കിൽ ജനങ്ങളുടെ സമ്പാദ്യശീലം കുറയും. അതു ബാങ്കുകൾക്കു തന്നെ പ്രശ്നമാകും.
റിസർവ് ബാങ്ക് കഴിഞ്ഞ മാസം 40 ബേസിസ് പോയിൻ്റും ഇപ്പോൾ 50 ബേസിസ് പോയിൻ്റും അടക്കം റീപോ നിരക്ക് 90 ബേസിസ് പോയിൻ്റ് കൂട്ടി. പക്ഷേ ആനുപാതിക വർധന സ്ഥിരനിക്ഷേപ പലിശയിൽ ഉണ്ടായിട്ടില്ല. ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങളിൽ ബാങ്കുകൾ നിരക്ക് കൂട്ടാത്തതിനെ വിമർശിച്ചിട്ടുണ്ട്. നിക്ഷേപ പലിശ ആകർഷകമായില്ലെങ്കിൽ നിക്ഷേപം കൂടില്ല. മേയ് 20 ലെ കണക്കനുസരിച്ച് ബാങ്ക് വായ്പകൾ 11.04 ശതമാനം വർധിച്ചപ്പോൾ നിക്ഷേപങ്ങൾ 9.27 ശതമാനമേ കൂടിയുള്ളു. ഇത് അത്ര നല്ല സൂചനയല്ല ബാങ്കുകൾക്കു നൽകുന്നത്.

വിലക്കയറ്റം പരിധി വിട്ടാൽ വളർച്ച താഴും

ഈ ധനകാര്യ വർഷത്തെ ജിഡിപി വളർച്ചയെപ്പറ്റിയുള്ള പ്രതീക്ഷ നേരത്തേ കണക്കാക്കിയതിൽ റിസർവ് ബാങ്ക് ഉറച്ചു നിന്നു. എന്നാൽ ലോകബാങ്കും ഒഇസിഡിയും പ്രതീക്ഷ കുറച്ചു. ലോകബാങ്ക് 8.5 ൽ നിന്ന് 7.5 ശതമാനത്തിലേക്കും ഒഇസിഡി 8.1 ൽ നിന്ന് 6.9 ശതമാനത്തിലേക്കുമാണു താഴ്ത്തിയത്. വരും മാസങ്ങളിൽ റിസർവ് ബാങ്കും പ്രതീക്ഷ താഴ്ത്തേണ്ടി വരാം.
വിലക്കയറ്റ നിഗമനം കുത്തനേ കുട്ടിയെങ്കിലും അവിടെ നിൽക്കുമോ എന്നു കണ്ടറിയണം. 5.7 ശതമാനം കണക്കാക്കിയത് 6.7 ശതമാനമാക്കി. ഇതോടെ രണ്ടു മാസം കൊണ്ട് വിലക്കയറ്റ പ്രതീക്ഷയിൽ 220 ബേസിസ് പോയിൻ്റ് വർധനയാണു ബാങ്ക് വരുത്തിയത്. ക്രൂഡ് ഓയിൽ വില 105 ഡോളർ എന്ന നിഗമനത്തിലാണിത്. ക്രൂഡ് വില 123 ഡോളറിലേക്കു കയറിയിട്ടുണ്ട്. ഉൽപ്പന്ന വിലകൾ കുറയുമെന്ന സൂചന നൽകിയെങ്കിലും വീണ്ടും കയറ്റത്തിലാണ്. മൺസൂണും ഒളിച്ചുകളിയിലാണ്. വിലക്കയറ്റ പ്രതീക്ഷയിൽ വലിയ മാറ്റം വരാം. അതു വളർച്ചയെ സാരമായി ബാധിക്കും. റിസർവ് ബാങ്ക് കൂടുതൽ ആക്രമണോത്സുകമായി നിരക്കുകൾ കൂട്ടേണ്ടി വരും.

താങ്ങുവില കൂട്ടി, വില വീണ്ടും കയറും

ഖാരിഫ് (ഒന്നാം) വിളയിലെ ഉൽപന്നങ്ങളുടെ താങ്ങുവില കേന്ദ്രം വർധിപ്പിച്ചു. നെല്ല്, തുവരപ്പരിപ്പ്, നിലക്കടല, ഉഴുന്ന്, ചെറുപയർ, സൂര്യകാന്തി, സോയാബീൻ, എള്ള്, പരുത്തി തുടങ്ങി 14 ഇനങ്ങളുടെ താങ്ങുവില അഞ്ചു മുതൽ ഏഴു വരെ ശതമാനം വർധിപ്പിച്ചു. ആനുപാതിക വിലക്കയറ്റം ചില്ലറ വിലസൂചികയിൽ ക്രമേണ ഉണ്ടാകും.

പലിശ കൂടുമ്പോൾ

പലിശനിരക്ക് കൂടി, ഇനിയും കൂടും. രണ്ടു തവണയായി 90 ബേസിസ് പോയിൻ്റ് വർധിച്ചു. ഇനി 85 ബേസിസ് പോയിൻ്റ് കൂടി ഡിസംബറിനകം കൂടും. ഇതോടെ 20 ലക്ഷം രൂപയുടെ ഭവന വായ്പയിലെ പ്രതിമാസ അടവിൽ 2500 രൂപയുടെ വർധന പ്രതീക്ഷിക്കാം. ഈ രീതിയിൽ വാഹനവായ്പയ്ക്കും മറ്റും വർധന ഉറപ്പ്. അപ്പോൾ വായ്പ എടുക്കൽ കുറയുമോ?
സാമ്പത്തിക വളർച്ച ഏഴു ശതമാനത്തിനു മുകളിൽ ആയാൽ കുറയില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. മറിച്ചായാലോ?
ആരും ഉത്തരം നൽകുന്നില്ല. അതിനർഥം ഉത്തരം നെഗറ്റീവ് ആണെന്നാണ്. വായ്പകൾ കുറയുന്നതു വളർച്ചയെ വലിച്ചു താഴ്ത്തും. അതു റിസർവ് ബാങ്കിനും അറിയാം.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it