വിപണികൾ ആശ്വസിക്കുന്നില്ല; അനിശ്ചിതത്വം തുടരുന്നു; കേന്ദ്ര ബാങ്കുകൾക്കു വിമർശനം; ചില്ലറ വിലക്കയറ്റത്തിൽ നോട്ടം

ആശ്വാസകരം എന്നു പ്രത്യക്ഷത്തിൽ തോന്നുന്ന കാര്യങ്ങൾ പോലും വിപണിയെ ഉലയ്ക്കാം. ഇന്നലെ അമേരിക്കയുടെ ഏപ്രിലിലെ ചില്ലറ വിലക്കയറ്റ കണക്കു പുറത്തു വന്നപ്പോൾ വിപണി സന്തോഷിച്ചു. മാർച്ചിലേക്കാൾ അൽപം കുറവ്. സൂചികകൾ ഒരു ശതമാനത്തിലേറെ കയറി. പിന്നീട് കൂടുതൽ ആലോചിച്ചപ്പോൾ കുറവ് വേണ്ടത്ര ഇല്ലെന്നു കണ്ടു. വിപണി താഴാേട്ടു പോയി. സൂചികകൾ ഒന്നു മുതൽ മൂന്നു വരെ ശതമാനം ഇടിഞ്ഞു.

കഴിഞ്ഞ രാത്രിയിലെ ഈ ഇടിവിൻ്റെ നിഴലിലാണ് ഇന്ന് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുന്നത്. തുടർച്ചയായ നാലു ദിവസം ഇടിഞ്ഞതാണു വിപണി. ഇന്നു വൈകുന്നേരം ഏപ്രിലിലെ ചില്ലറ വിലക്കയറ്റ കണക്ക് വരും. എല്ലാ സൂചനകളും മാർച്ചിലേക്കാൾ കൂടിയ വിലക്കയറ്റത്തിലേക്കാണ്. മാർച്ചിൽ 6.95 ശതമാനമായിരുന്നു വിലക്കയറ്റം. ഏപ്രിലിൽ അത് 7.5 ശതമാനമാകുമെന്ന് ഇപ്പോൾ കരുതപ്പെടുന്നു. ഇതിൻ്റെ തുടർചലനങ്ങൾ നാളെയാകും സംഭവിക്കുക.
ഇന്നലെ ഇന്ത്യൻ വിപണി വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ചെറിയ നഷ്ടത്തോടെയാണു ക്ലോസ് ചെയ്തത്. പിന്നീടു യൂറോപ്യൻ സൂചികകൾ രണ്ടു ശതമാനം വരെ ഉയർന്നു ക്ലാേസ് ചെയ്തു. അമേരിക്കൻ വിപണി തുടക്കത്തിൽ കയറിയിട്ടു പിന്നീടു താഴുകയായിരുന്നു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് അൽപം ഉയർന്ന നിലയിലാണ്. എന്നാൽ ഏഷ്യൻ ഓഹരികൾ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കൈ സൂചിക രണ്ടു ശതമാനം വരെ താണിട്ട് നഷ്ടം കുറച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 15,991 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 15,957 വരെ താഴ്ന്നിട്ട് എസ്ജി എക്സ് നിഫ്റ്റി 16,000-നു മുകളിലേക്കു കയറി. എങ്കിലും അവിടെ നിന്നു താഴോട്ടു പോന്നു. വിപണി അനിശ്ചിത സമീപനമാണ് കാണിക്കുന്നത്. ഇന്ത്യൻ വിപണി ഇന്നു താഴ്ചയാേടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ബുധനാഴ്ച സെൻസെക്സ് ആയിരത്തിലേറെ പോയിൻ്റ് ചാഞ്ചാടിയിട്ട് 276.46 പോയിൻ്റ് (0.51%) നഷ്ടത്തിൽ 54,088.39 ൽ ക്ലാേസ് ചെയ്തു. മുന്നൂറിലേറെ പോയിൻ്റ് ഇറങ്ങിക്കയറിയ നിഫ്റ്റി 72.95 പോയിൻ്റ് (0.45%) നഷ്ടപ്പെടുത്തി 16,167.1-ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക ഇന്നലെ 2.91 ശതമാനം ഇടിഞ്ഞതു വിശാല വിപണിയുടെ ദൗർബല്യം കാണിക്കുന്നു. ബാങ്ക്, ഫിനാൻസ്, റിയൽറ്റി, മെറ്റൽ എന്നിവ ചെറിയ നേട്ടം ഉണ്ടാക്കി. ഐടി, ഓട്ടാേ തുടങ്ങിയവ വലിയ നഷ്ടം കാണിച്ചു.
റിലയൻസ് ഓഹരി ഇന്നലെയും ഒരു ശതമാനം താഴോട്ടു പോയി. ഇൻഫി ഒന്നര ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യാ ബുൾസ് ഹൗസിംഗിലെ വിൽപന സമ്മർദം ഓഹരിയെ 20 ശതമാനം ഇടിച്ചു. ഓഹരി ഒരു വർഷത്തെ താഴ്ന്ന നിലയിലായി.
വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്. ഇന്നലെ അവർ ക്യാഷ് വിപണിയിൽ 3609.35 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 4181.2 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണിയിൽ കരടികളുടെ ആധിപത്യം തകർക്കാൻ ബുള്ളുകൾക്കു കഴിയുന്നില്ല. തുടർച്ചയായി താഴ്ന്നു താഴ്ന്നു ക്ലോസ് ചെയ്യുന്ന നിഫ്റ്റി 16,000 നു താഴെയായാൽ തിരുത്തൽ കൂടുതൽ തീവ്രമാകും. നിഫ്റ്റിക്കു 16,000-ലും 15,835 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,325-ഉം 16,485-ഉം തടസങ്ങളാണ്.
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം അഞ്ചു ശതമാനത്തിലേറെ ഉയർന്ന് 107.5 ഡോളർ ആയി. സൗദി അരാംകോ വിൽപനവില ഉയർത്തി. ഇതിനു ശേഷം അരാംകോ ഓഹരി വിപണിമൂല്യത്തിൽ ഇന്നലെ ആപ്പിളിനെ പിന്തള്ളി.
വ്യാവസായിക ലോഹങ്ങളിൽ നേരിയ ഉയർച്ച. ചൈനീസ് ഡിമാൻഡ് വർധിക്കുന്നു എന്ന സൂചനയാണു കാരണം. ഇരുമ്പയിര് 1.76 ശതമാനം ഉയർന്നു. അലൂമിനിയവും ചെമ്പും ഒരു ശതമാനത്തിൽ താഴെ നേട്ടമുണ്ടാക്കി.
സ്വർണം താഴ്ചയിൽ നിന്ന് അൽപം കയറി. ഇന്നലെ 1835 ഡോളർ വരെ താഴ്ന്ന വില 1853-1854-ലേക്കു തിരിച്ചെത്തി. ഇന്നു രാവിലെ വില 1856-1858 ഡോളർ മേഖലയിലാണ്.കേരളത്തിൽ ഇന്നലെ പവന് 280 രൂപ താണ് 37,400 രൂപ ആയിരുന്നു. ഇന്നു വില ഉയർന്നേക്കും.
ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ (ഗൂഢ) കറൻസികൾ വീണ്ടും തകർച്ചയിലായി. പലതിനും 15-20 ശതമാനം വരെ ഇന്നലെ ഇടിഞ്ഞു. ബിറ്റ് കോയിൻ 28,460 ഡോളർ വരെ താഴ്ന്നിട്ട് ഇന്നു രാവിലെ 29,000-ലേക്കു കയറി. കുറേ മാസങ്ങൾക്കു മുമ്പ് 67,000 ഡോളർ വരെ ഉയർന്നതാണ്.
രൂപ ഇന്നലെ അൽപം കയറി. ഡോളർ 10 പൈസ താണ് 77.24 രൂപയാക്കി.

ഫെഡിൻ്റെ വങ്കത്തമാണു പ്രശ്നമെന്ന്

അമേരിക്കയിൽ ഏപ്രിലിലെ ചില്ലറ വിലക്കയറ്റം 8.3 ശതമാനമാണ്. മാർച്ചിൽ 8.5 ശതമാനമായിരുന്നു. 8.1 ശതമാനമായി കുറയും എന്ന നിരീക്ഷകരുടെ നിഗമനം പാളി. ഇന്ധന-ഭക്ഷ്യവിലക്കയറ്റം ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 62 ശതമാനമാണ്. രണ്ടു ശതമാനം വിലക്കയറ്റം ലക്ഷ്യമിടുകയും സഹന പരിധി നാലു ശതമാനമായി നിജപ്പെടുത്തുകയും ചെയ്തിട്ടുള്ള രാജ്യമാണു യുഎസ്. ഇപ്പോൾ മാസങ്ങളായി സഹന പരിധിക്കും മുകളിലാണു വിലക്കയറ്റം. രണ്ടു മാസം മുമ്പുവരെ വിലക്കയറ്റം താൽക്കാലികമാണെന്ന നിലപാടായിരുന്നു യുഎസ് കേന്ദ്ര ബാങ്ക് ഫെഡിൻ്റേത്. മാർച്ചിലാണ് അതു തിരുത്തിയതും വിലക്കയറ്റത്തിനു ഘടനാപരവും പണനയപരവുമായ കാരണങ്ങൾ ഉണ്ടെന്ന് അംഗീകരിച്ചതും. തുടർന്നു മാർച്ചിൽ കാൽ ശതമാനവും ഈ മാസമാദ്യം അര ശതമാനവും വീതം പലിശ നിരക്ക് കൂട്ടി.
ഫെഡിൻ്റെ സമീപനം തുടക്കം മുതലേ തെറ്റായിരുന്നെന്ന് പല ധന ശാസ്ത്രജ്ഞരും വിമർശിക്കുന്നുണ്ട്. ഫെഡിൻ്റെ വങ്കത്തം മൂലം വിലക്കയറ്റം അടുത്ത വർഷമേ കുറഞ്ഞു തുടങ്ങൂ എന്നു ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ സ്റ്റീവ് ഹാങ്കെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. മഹാമാരി വന്നപ്പോൾ ഫെഡ് വിപണിയിലെ പണലഭ്യത അമിതമായി വർധിപ്പിച്ചതാണ് കാതലായ പ്രശ്നമെന്ന് ഹാങ്കെ പറയുന്നു.

റിസർവ് ബാങ്കിനും വിമർശനം

ഇതേ വിമർശനങ്ങൾ ഇന്ത്യയുടെ റിസർവ് ബാങ്കിനു നേരെയും ഉണ്ട്. കോവിഡ് കാലത്തു കടപ്പത്രങ്ങൾ തിരിച്ചു വാങ്ങി റിസർവ് ബാങ്ക് വൻതോതിൽ പണം വിപണിയിലിറക്കി. പലിശ നിരക്കും കുറച്ചു. അമിത പണം വിപണിയിൽ ആസ്തികൾക്കും ഉൽപന്നങ്ങൾക്കും വില കൂട്ടി. പണലഭ്യത നേരത്തെ കുറക്കേണ്ടതായിരുന്നു. ഇപ്പോൾ പലിശ നിരക്ക് കൂട്ടിയും ബാങ്കുകളുടെ റിസർവ് അനുപാതം വർധിപ്പിച്ചും വിലക്കയറ്റം കെടുത്താൻ പെടാപ്പാടു പെടുകയാണു റിസർവ് ബാങ്ക്. നേരത്തേ പണലഭ്യത കുറയ്ക്കാൻ തുടങ്ങിയെങ്കിൽ ഇപ്പോഴത്തെ പതനം വരില്ലായിരുന്നു എന്നാണു വിമർശനം. ഇപ്പോഴും വിപണിയിലെ അമിതപണം വേഗം വലിച്ചെടുക്കാൻ തക്ക നടപടികൾ ഉണ്ടായിട്ടില്ല.
അതിനിടെ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) താഴ്ത്താനായി കടപ്പത്രങ്ങൾ തിരിച്ചു വാങ്ങാൻ റിസർവ് ബാങ്കിനോടു ഗവണ്മെൻ്റ് നിർദേശിച്ചെന്നും റിപ്പോർട്ടുണ്ട്. ഗവണ്മെൻ്റ് നിർദേശങ്ങളോട് റിസർവ് ബാങ്ക് ആവശ്യത്തിലേറെ വിധേയത്വം കാണിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണമെന്നു കാര്യവിവരമുള്ളവർ കരുതുന്നു. വീണ്ടും ഗവണ്മെൻ്റിൻ്റെ നിർദേശം പാലിച്ചാൽ വിലകൾ കുറയുകയാേ ജിഡിപി വളർച്ച കൂടുകയാേ ചെയ്യില്ലെന്നാണു വിവരമുള്ളവർ പറയുന്നത്.
This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it