മുന്നിൽ അനിശ്ചിതത്വം; ഫെഡ് തീരുമാനം നിർണായകം; നിരക്കു വർധന ഉയർന്ന തോതിലാകും

അനിശ്ചിതത്വം മുന്നിൽ കണ്ടാണു വിപണികൾ നീങ്ങുന്നത്. അമേരിക്കൻ പലിശ നിരക്കു കൂടുന്നതിനു നമുക്കെന്ത് എന്ന മട്ടിൽ ഇന്നലെ നേട്ടത്തിന് ഇന്ത്യൻ വിപണി ശ്രമിച്ചു. പക്ഷേ ഒടുവിൽ തുടർച്ചയായ നാലാം ദിവസവും സൂചികകൾ താഴ്ന്നു. കാരണം മുന്നിലുള്ള അനിശ്ചിതത്വം വളരെ വലുതാണ്. ഇന്നും ഇന്ത്യൻ വിപണി കുതിപ്പിനു ശ്രമിക്കും.

യൂറോപ്യൻ വിപണികളും ഇന്നലെ താഴ്ചയിലായിരുന്നു. അമേരിക്കൻ വിപണി സമ്മിശ്ര ചിത്രമാണു കാഴ്ചവച്ചത്. ഭൂരിപക്ഷം സമയവും വലിയ താഴ്ചയിലായിരുന്ന ഡൗ ജോൺസും എസ് ആൻഡ് പിയും ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ടെക് ഓഹരികൾ ആധിപത്യം പുലർത്തുന്ന നാസ്ഡാക് ചെറിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് അൽപം നേട്ടത്തിലാണ്.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ജപ്പാനിൽ നിക്കെെ സൂചിക അര ശതമാനത്തിലധികം താണു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,693-ൽ ക്ലോസ് ചെയ്തു. ഇന്ന് തുടക്കത്തിൽ അൽപം താഴ്ന്നിട്ട് 15,735-ലേക്കു തിരിച്ചു കയറി. ഇന്ത്യൻ വിപണിയിൽ വ്യാപാരം നേരിയ നേട്ടത്തിൽ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ സെൻസെക്സ് 650 പോയിൻ്റും നിഫ്റ്റി 210 പോയിൻ്റും ചാഞ്ചാടിയ ശേഷമാണു ചെറിയ ഇടിവോടെ ക്ലോസ് ചെയ്തത്. സെൻസെക്സ് 153.13 പോയിൻ്റ് (0.29%) നഷ്ടത്തിൽ 52,693.57 ലും നിഫ്റ്റി 42.3 പോയിൻ്റ് (0.27%) നഷ്ടത്തിൽ 15,732.1 ലും ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ ഇന്നലെ 4502.25 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 3807.6 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണിമനോഭാവം ദുർബലമാണെങ്കിലും ഒരു ഹ്രസ്വകാല മുന്നേറ്റത്തിനു ശ്രമം ഉണ്ടായിക്കൂടെന്നില്ല. ഇന്നു ചെറിയ നേട്ടം ഉണ്ടായാലും നാളെ യുഎസ് ഫെഡ് തീരുമാനത്തെ ആശ്രയിച്ചിരിക്കും വിപണിയുടെ ഗതി. നിഫ്റ്റിക്ക് 15,640 ലും 15,555 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 15,840-ഉം 15,950-ഉം തടസങ്ങളാകും.
ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ തുടരുന്നു. ബ്രെൻ്റ് ഇനം 121.2 ഡോളറിലാണ് ഇന്നു രാവിലെ.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴ്ചയിലായി. ടിൻ 6.67 ശതമാനവും നിക്കൽ 3.39 ശതമാനവും ഇടിഞ്ഞു. അലൂമിനിയവും ചെമ്പും താഴാേട്ടുള്ള യാത്ര തുടരുകയാണ്.
സ്വർണം പ്രതീക്ഷകൾക്കു വിപരീതമായി ഇടിവ് തുടരുന്നു. ഇന്നലെ 1833 ഡോളറിൽ നിന്ന് 1804 ലേക്കു വീണു. ഇന്നു രാവിലെ 1811-1813 ഡോളറിലാണു വ്യാപാരം. ഡോളർ കരുത്താർജിക്കുന്നതും പലിശയും വിലക്കയറ്റവും സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും സ്വർണത്തെ താഴോട്ടു വലിക്കുന്നു.
കേരളത്തിൽ സ്വർണവില ഇന്നലെ പവന് 760 രൂപ ഇടിഞ്ഞ് 37,920 രൂപയായി. രൂപയുടെ നിരക്കിൽ വലിയ മാറ്റം ഉണ്ടാകുന്നില്ലെങ്കിൽ ഇന്നു വില അൽപം കുറയും.
ഡോളർ സൂചിക ഇന്നലെ105.52-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.35 ലാണ്. ഇന്നലെ ചെറിയ കയറ്റിറക്കങ്ങൾക്കു ശേഷം ഡോളർ 77.98 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് ഗണ്യമായ തോതിൽ വിപണിയിൽ ഇടപെട്ടതാണു ഡോളറിനെ 78 രൂപയ്ക്കു താഴെയാക്കിയത്.

പലിശ എത്ര കുട്ടും?

അമേരിക്കയിൽ ബുധനാഴ്ച ഉച്ചകഴിയുമ്പോഴാണു യുഎസ് ഫെഡ് പലിശ നിരക്കു സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുക. മുമ്പു കരുതിയിരുന്ന 50 ബേസിസ് പോയിൻ്റ് വർധനയ്ക്കു പകരം 70 അല്ലെങ്കിൽ 75 ബേസിസ് പോയിൻ്റ് വർധനയാണ് ഇപ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വോൾ സ്ട്രീറ്റ് ജേർണലിൻ്റെ ഒരു റിപ്പോർട്ടാണ് അതിൻ്റെ സാധ്യത ചൂണ്ടിക്കാണിച്ചത്. അങ്ങനെയെങ്കിൽ ജൂലൈയിലും ഉയർന്ന നിരക്കിലുള്ള വർധന വരാം.
ഇന്ത്യയിൽ ഡിസംബറോടെ കുറഞ്ഞ പലിശ നിരക്ക് (റീപോ) 5.9 ശതമാനമാക്കുമെന്നു റേറ്റിംഗ് ഏജൻസി ഫിച്ച് വിലയിരുത്തി. ഇപ്പോൾ 4.9 ശതമാനമാണ്.

മൊത്തവില കുറയുന്നില്ല

മൊത്തവിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം മേയിൽ 15.88 ശതമാനമായി.1991 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഭക്ഷ്യവിലകളിലായിരുന്നു വലിയ വർധന. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം പത്തു ശതമാനത്തിനു മുകളിലാണ്.
ജൂണിലും മൊത്തവിലക്കയറ്റം 15 ശതമാനത്തിനു മുകളിലാകുമെന്നാണു നിഗമനം. ചില്ലറ വിലക്കയറ്റത്തിൽ മേയ് മാസം കണ്ട കുറവ് ആശ്വാസം പകരുന്നതല്ലെന്നു ചുരുക്കം.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it