ആശ്വാസറാലിയിൽ പ്രതീക്ഷ; വളർച്ചക്കണക്ക് പ്രധാനം; ക്രൂഡ് 120 ഡാേളറിലേക്ക്; കാലവർഷം ചതിക്കുമോ?

ശുഭപ്രതീക്ഷയോടെയാണ് ഈയാഴ്ച ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുന്നത്. താഴോട്ടു പോകുമെന്നു കരുതിയ ഒരാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്യാൻ കഴിഞ്ഞത് വിപണിക്കു ചെറുതല്ലാത്ത ആശ്വാസം പകരുന്നു. പ്രാഥമിക തടസമേഖല കടന്നാൽ മുഖ്യ സൂചികകൾക്കു കയറ്റം സാധ്യമാണെന്നാണു നിഗമനം.

കഴിഞ്ഞ ആഴ്ചകളിൽ വിപണിയെ വല്ലാതെ ഉലച്ച പലിശ സംബന്ധമായ തീരുമാനങ്ങൾ ഈയാഴ്ച ഇല്ല. റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി ജൂൺ 6,7,8 തീയതികളിലാണു ചേരുന്നത്. ഫെഡ് കമ്മിറ്റി അതിനടുത്ത ആഴ്ചയും. ഈയാഴ്ച അവയെപ്പറ്റി അധികം ആശങ്കകൾ ഉയരാനിടയില്ല. ചൊവ്വാഴ്ച ജിഡിപി കണക്കു വരുന്നതാണു പ്രധാന സാമ്പത്തിക സൂചകം. ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും കുറവാകുമെന്നതു വിപണി ഇതിനകം കണക്കിലെടുത്തിട്ടുണ്ട്. അതിനാൽ അതേച്ചൊല്ലി ഇടിവ് ഉണ്ടാകേണ്ടതില്ല.
ആഗാേള വിപണികൾ വെള്ളിയാഴ്ച നേട്ടത്തിലായിരുന്നു. ഡൗ ജോൺസ് 1.76 ശതമാനവും നാസ്ഡാക് 3.33 ശതമാനവും കുതിച്ചു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. (യുഎസ് വിപണി ഇന്ന് അവധിയിലാണ്. നാളെയേ തുറക്കൂ).
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ നേട്ടത്താേടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെയും ദക്ഷിണ കൊറിയയിലെ കോസ്പിയും ഒരു ശതമാനത്തിലേറെ നേട്ടത്തോടെ തുടക്കം കുറിച്ചു. ഹാങ് സെങ് സൂചിക രണ്ടു ശതമാനത്തിലധികം കയറി. പിന്നീടു നേട്ടം കുറഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 16,435-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക വീണ്ടും കയറി 16,471 ലെത്തിയിട്ട് 16,450 ലേക്കു താണു. ഇന്ത്യൻ വിപണി നല്ല ഉണർവോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
വെള്ളിയാഴ്ച സെൻസെക്സ് 632.13 പോയിൻ്റ് (1.17%) ഉയർന്ന് 54,884.66 ലും നിഫ്റ്റി 182.3 പോയിൻ്റ് (1.13%) കയറി 16,352.45 ലും ക്ലോസ് ചെയ്തു. ആഴ്ചയിൽ സെൻസെക്സ് 1.03 ശതമാനം കയറിയപ്പോൾ നിഫ്റ്റിയുടെ കയറ്റം 0.53 ശതമാനമായിരുന്നു. മിഡ് ക്യാപ് സൂചിക 1.38% വും സ്മോൾ ക്യാപ് സൂചിക 1.36% വും കയറി. ഐടി മേഖല 2.54 ശതമാനം കുതിച്ചപ്പോൾ ബാങ്കുകളും (1.48%) ധനകാര്യ കമ്പനികളും (1.51%) വാഹന കമ്പനികളും (1.56%) നല്ല നേട്ടമുണ്ടാക്കി.
വിദേശ നിക്ഷേപകർ ക്യാഷ് മാർക്കറ്റിൽ 1943.1 കോടിയുടെ ഓഹരികൾ വിറ്റു. മേയിൽ ഇതു വരെ ക്യാഷ് വിപണിയിൽ അവരുടെ വിൽപന 50,000 കോടി രൂപയ്ക്കു മുകളിലാണ്. ഇന്ത്യൻ വിപണി മൊത്തമെടുത്താൽ മേയിൽ 27ാം തീയതി വരെ വിദേശികൾ ഓഹരികളിൽ നിന്ന് 39,137 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. കടപ്പത്രങ്ങളിൽ നിന്ന് 6000 കോടി രൂപയും. വരും ദിവസങ്ങളിലും വിദേശികൾ വിൽപന തുടരുമെന്നാണു സൂചന. സ്വദേശി ഫണ്ടുകൾ വെള്ളിയാഴ്ച 2727.47 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി മനോഭാവം ബുളളിഷ് ആയി. എന്നാൽ നിർണായക തടസത്തിൽ തട്ടി നിഫ്റ്റി വെള്ളിയാഴ്ച ക്ലോസിംഗ് 16,400-നു താഴെയാക്കിയത് ഈ ആശ്വാസ റാലി കൂടുതൽ കരുത്തു നേടേണ്ടതുണ്ടെന്നു കാണിക്കുന്നു. 16,400 മറികടന്നു ക്ലോസ് ചെയ്യാനായാൽ 16,750-16,850 മേഖലയിലേക്കു നീങ്ങാനാകുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. മറിച്ചു വീണ്ടും താഴാേട്ടു നീങ്ങിയാൽ 15,700 വരെയാകും ഇടിവ്. എങ്കിലും അവിചാരിത സംഭവങ്ങൾ ഉണ്ടാകില്ലെന്നും ഈ ദിവസങ്ങളിൽ ആശ്വാസ റാലി മുന്നോട്ടു നീങ്ങുമെന്നും ആണു പൊതു നിഗമനം.
നിഫ്റ്റിക്ക് 16,260- ലും 16,165-ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,410- ഉം 16,465 ഉം തടസങ്ങളാകും.

ക്രൂഡ് ഓയിൽ 120 ഡോളറിലേക്ക്

ക്രൂഡ് ഓയിൽ വില കുതിച്ചു കയറുകയാണ്. ബ്രെൻ്റ് ഇനം വെള്ളിയാഴ്ച 119.4 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 119.8 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 115.6 ഡോളർ ആയി. വിപണിയിൽ ക്രൂഡ് ലഭ്യത കുറഞ്ഞു വരുന്നതാണു വിലക്കയറ്റത്തിനു പ്രേരണ. ഈയാഴ്ച ഒപെക് പ്ലസ് യോഗം ഉൽപാദനം കൂട്ടാൻ തീരുമാനിക്കുകയില്ലെന്നാണു സൂചന. വില 120 ഡോളറിലേക്കു കയറാനാണു സാധ്യത.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ചെറിയ നേട്ടം കാണിച്ചു. ചെമ്പും അലൂമിനിയവും നിക്കലും സിങ്കും ടിന്നും നേട്ടത്തിലായിരുന്നു.
സ്വർണം ഈയിടത്തെ നേട്ടങ്ങൾ ഈയാഴ്ച നഷ്ടപ്പെടുത്തും എന്ന സൂചനയുണ്ട്. ഇന്നു രാവിലെ 1847 ഡോളർ വരെ താഴ്ന്ന സ്വർണം പിന്നീട് 1850-1852 ഡോളറിലാണ്.
ഡോളർ സൂചിക 101.63 ലേക്കു താണു. കുറച്ചു കൂടി താഴ്ന്നിട്ടേ തിരിച്ചു കയറൂ എന്നാണു നിഗമനം. ഡോളർ ശക്തമായാൽ രൂപ ദുർബലമാകും.

വളർച്ചക്കണക്ക് നിർണായകം

ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന സാമ്പത്തിക സൂചകങ്ങൾ എല്ലാം തന്നെ ചൊവ്വാഴ്ച വൈകുന്നേരമാണ് അറിയുക. ജനുവരി-മാർച്ചിലെയും അതോടൊപ്പം 2021-22 ലെയും ജിഡിപി കണക്കുകൾ, എട്ടു കാതൽ വ്യവസായങ്ങളുടെ ഏപ്രിലിലെ ഉൽപാദനം, പിഎംഐ (പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ്), സർക്കാർ കമ്മി എന്നിവയെല്ലാം അന്നു പുറത്തുവിടും. നാലാംപാദ ജിഡിപി എൻഎസ്ഒ (നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്) ഫെബ്രുവരി അവസാനം കണക്കാക്കിയ 4.8 ശതമാനം തോതിൽ വളരില്ല എന്നാണു പൊതു നിഗമനം. അങ്ങനെ വളർന്നാൽ വാർഷിക വളർച്ച 8.9% എന്നായിരുന്നു എൻഎസ്ഒ നിഗമനം. എസ്ബിഐയുടെ ഗവേഷണ വിഭാഗം കണക്കാക്കുന്നത് നാലാംപാദ വളർച്ച 2.5% നും 2.7% - നും ഇടയ്ക്കാകുമെന്നാണ്. അപ്പോൾ വാർഷിക വളർച്ച 8.2% - 8.5% മേഖലയിലാകും.
ഇങ്ങനെ വളർച്ച കുറവായാൽ 2022-23 ലെ വളർച്ച സംബന്ധിച്ച നിഗമനങ്ങളും താഴോട്ടു തിരുത്തേണ്ടി വരും. അതിലുപരിയായി 2021-22 ലെ ബജറ്റ് കണക്കുകളിലും കമ്മിയുടെ അനുപാതത്തിലും മാറ്റം വരാം.
2021 - 22 ലെ ജിഡിപി കണക്കിൽ ആശങ്കാജനകമായ ഒരു കാര്യമുണ്ട്. ഓരോ പാദത്തിലും വളർച്ച നിരക്കു താഴോട്ടായിരുന്നു. ഒന്നാം പാദത്തിൽ 20.3%, രണ്ടിൽ 8.5%, മൂന്നിൽ 5.4% എന്നിങ്ങനെയായിരുന്നു വളർച്ച. ഇത് അത്ര തൃപ്തികരമായ ഗതിയല്ല.
ആഗോളതലത്തിൽ ഈ വർഷം (2022-23) വളർച്ച കുറയുമെന്നാണ് ഐഎംഎഫ് അടക്കമുള്ള ഏജൻസികൾ പറയുന്നത്. ആഗാേള വളർച്ച കുറവാകുന്നത് കയറ്റുമതി അടക്കമുള്ള മേഖലകളിൽ തിരിച്ചടിയാകും.

വ്യവസായ ഉൽപാദനം

എട്ടു കാതൽ വ്യവസായങ്ങളുടെ ഏപ്രിലിലെ ഉൽപാദന കണക്കു വളരെ പ്രധാനമാണ്. പുതിയ ധനകാര്യ വർഷം ആദ്യത്തെ മാസം കാര്യങ്ങൾ എങ്ങനെയാണെന്നതിൻ്റെ ആദ്യ കണക്കാകുമത്. വ്യവസായ ഉൽപാദന സൂചിക (ഐഐപി) യിൽ 42 ശതമാനം കാതൽ മേഖലയുടേതാണ്. കാതൽ മേഖല പിന്നോട്ടു പോയാൽ ഐഐപിയും മോശമാകും. ജനുവരി-മാർച്ച് കാലയളവിൽ ഐഐപി വളർച്ച പ്രതിമാസം രണ്ടു ശതമാനത്തിൽ താഴെയായിരുന്നു.

കാലവർഷം മെച്ചമാകുമോ?

തെക്കുപടിഞ്ഞാറൻ കാലവർഷം ഞായറാഴ്ച കേരളത്തിൽ പ്രവേശിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വകുപ്പ് നേരത്തെ പ്രവചിച്ചതിലും രണ്ടു ദിവസം വൈകിയാണ് മഴ യുടെ വരവ്. പതിവിനേക്കാൾ മൂന്നു ദിവസം മുമ്പാണു കാലവർഷം എത്തിയതെന്ന് പറയുമ്പോഴും തുടക്കം മെച്ചമായിട്ടില്ല എന്നതു ശ്രദ്ധിക്കണം. ഒരാഴ്ച കൂടി കഴിഞ്ഞേ മഴ ശക്തമാകൂ എന്നാണ് ആഗോള ഏജൻസികൾ സൂചിപ്പിക്കുന്നത്. ജൂൺ - ജൂലൈയിലെ മഴ പതിവിലും കുറവാകുമെന്ന പ്രവചനങ്ങളും ഉണ്ട്. കാലവർഷത്തെപ്പറ്റി ഇപ്പോൾ അമിത പ്രതീക്ഷ വയ്ക്കാതിരിക്കുന്നതാണു നല്ലതെന്നു ചുരുക്കം. ഭക്ഷ്യധാന്യ ഉൽപാദനം, ഗ്രാമീണ മേഖലയിലെ ഡിമാൻഡ് വർധന തുടങ്ങിയ കാര്യങ്ങളൊക്കെ നല്ല കാലവർഷത്തെ ആശ്രയിച്ചാണു നിൽക്കുന്നത്.
This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it