മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന് 52.20 കോടി രൂപ അറ്റാദായം

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ (മുത്തൂറ്റ് ബ്ലു എന്നും അറിയപ്പെടുന്ന) ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് (എംസിഎസ്എല്‍) 2021 മാര്‍ച്ച് 31നവസാനിച്ച നാലാം പാദത്തിലെ സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ നേടിയ 13.6 കോടി രൂപ അറ്റാദായത്തിന്റെ സ്ഥാനത്ത് കമ്പനി ഇക്കുറി നേടിയത് 8.9 കോടി അറ്റാദായം. മാര്‍ച്ച് 31നവസാനിച്ച പൂര്‍ണവര്‍ഷം കമ്പനി 52.2 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞ പൂര്‍ണവര്‍ഷ കാലയളവില്‍ ഇത് 60.2 കോടിയായിരുന്നു.

ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഓഡിറ്റഡ് ഫലങ്ങള്‍ പ്രകാരം നാലാം പാദത്തില്‍ കമ്പനി 109.6 കോടി രൂപയുടെ മൊത്തവരുമാനം നേടി. ബിസിനസ് സാഹചര്യങ്ങള്‍ മെല്ല പൂര്‍വസ്ഥിതിയിലാകുന്നതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുള്ള കാഴ്ചപ്പാടോടെ തന്നെ കമ്പനി 290.9 കോടിയുടെ വായ്പകള്‍ നല്‍കി. മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം മൊത്തം നല്‍കിയ വായ്പകള്‍ (മൊത്തം എയുഎം) 2088.5 കോടി വരും. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ കമ്പനി 347.5 കോടിയുടെ വായ്പകളാണ് നല്‍കിയത്. 2020 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം മൊത്തം എയുഎം 2650.4 കോടിയായിരുന്നു. ആ പാദത്തില്‍ നേടിയ മൊത്തവരുമാനം 146.9 കോടി.

മുന്‍വര്‍ഷത്തെ 60.2 കോടിയുടെ സ്ഥാനത്ത് 2021 മാര്‍ച്ച് 31നവസാനിച്ച പൂര്‍ണ വര്‍ഷം കമ്പനി 52.2 കോടി അറ്റാദായം നേടി. മാര്‍ച്ച് 31നവാസനിച്ച പൂര്‍ണവര്‍ഷം 750.4 കോടിയുടെ വായ്പകളാണ് നല്‍കിയത്. 2020 മാര്‍ച്ച് 31നവസാനിച്ച വര്‍ഷം നല്‍കിയ 1788.1 കോടിയേക്കാള്‍ 58% കുറവ്.

സ്ഥിതിഗതികള്‍ കുറച്ചൊക്കെ മെച്ചപ്പെട്ടെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം മൂലം ബിസിനസ് സാഹചര്യം ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് ഫലങ്ങളെപ്പറ്റി സംസാരിക്കവേ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. സാമൂഹ്യ അകലം പാലിക്കേണ്ടതു മൂലം വാഹന വിപണിയില്‍ പ്രതീക്ഷിക്കാവുന്ന ഡിമാന്‍ഡ് വര്‍ധന, കഴിഞ്ഞ വര്‍ഷത്തെ ഉത്സവസീസണലില്‍ കണ്ട ഉണര്‍വ് എന്നിവ കണക്കിലെടുക്കുമ്പോള്‍ മുന്നോട്ടു പോകുന്തോറും ബിസിനസ് മെച്ചപ്പെടാനാണ് സാധ്യത കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ''ഒന്നു രണ്ടു മാസത്തിനകം കാര്യങ്ങള്‍ സാധാരണഗതിയിലാകണം. കോവിഡിനു മുമ്പത്തെ സ്ഥിതിയിലേയ്ക്ക് വരാന്‍ ഒരു പാദം കൂടി കഴിയണം. ഞങ്ങളുടെ പ്രവര്‍ത്തന മേഖലകളിലെ ഉത്സവ സീസണുകള്‍ ബിസിനസ് വരുമാനം തിരിച്ചുകൊണ്ടുവന്നേക്കും.''

2021 സാമ്പത്തികവര്‍ഷത്തെ കഴിഞ്ഞ രണ്ടു പാദങ്ങളില്‍ ഡിമാന്‍ഡ് വര്‍ധന ഉണ്ടായെങ്കിലും മാര്‍ച്ചില്‍ വളര്‍ച്ച നിലച്ചുവെന്ന് മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് സിഒഒ മധു അലോഷ്യസ് ചൂണ്ടിക്കാണിച്ചു.

മെച്ചപ്പെട്ട പണലഭ്യത മൂലം വരും മാസങ്ങളിലെ വളര്‍ച്ചാസാധ്യതകള്‍ മികച്ചതായിരിക്കുമെന്ന് കമ്പനിയുടെ സിഎഫ്ഒ വിനോദ് പണിക്കര്‍ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it