ഏറ്റവും താത്പര്യമുള്ള നിക്ഷേപമാര്‍ഗമേത്? ധനം വായനക്കാരുടെ മറുപടി ഇങ്ങനെ

പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളായ സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയാണ് മലയാളികള്‍ക്കിഷ്ടമെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ അടുത്ത കാലത്തായി അതില്‍ വലിയ മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെന്നാണ് ധനം ഓണ്‍ലൈന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് കാണിക്കുന്നത്. മ്യൂച്വല്‍ഫണ്ടുള്‍പ്പെടെയുള്ള ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപമാര്‍ഗങ്ങള്‍ക്കാണ് ഇപ്പോള്‍ സ്വീകാര്യത കൂടുതല്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്കിടയില്‍.

നിങ്ങള്‍ക്ക് ഏറ്റവും താത്പര്യമുള്ള നിക്ഷേപ മാര്‍ഗമേതാണ്? എന്നതായിരുന്നു സര്‍വേയിലെ ചോദ്യം
. സ്ഥിര നിക്ഷേപം (എഫ്.ഡി), സ്വര്‍ണം, ഓഹരി, മ്യൂച്വല്‍ഫണ്ട് എന്നീ നാല് ഓപ്ഷനുകളും നല്‍കിയിരുന്നു. കൂടുതല്‍ പേരും ഓഹരി വിപണി എന്ന് ഉത്തരം നല്‍കിയപ്പോള്‍ രണ്ടാം സ്ഥാനത്ത് മ്യൂച്വല്‍ ഫണ്ടുകളാണ്.


യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സാപ്പ്, ടെലഗ്രാം, എക്സ് (ട്വിറ്റര്‍), ത്രെഡ്സ് എന്നീ സാമൂഹ്യ മാധ്യങ്ങളിലായി നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 37.9 ശതമാനം പേരും ഓഹരിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചു. 20 ശതമാനത്തിലേറെപ്പേര്‍ മ്യൂച്വല്‍ഫണ്ടുകളാണ് തെരഞ്ഞെടുത്ത്. 17 ശതമാനത്തിലധികം പേര്‍ക്ക് സ്വര്‍ണത്തോടാണ് പ്രിയം. എട്ട് ശതമാനം പേര്‍മാത്രമാണ് സ്ഥിര നിക്ഷേപങ്ങളോട് താത്പര്യം കാണിച്ചത്. ചുരുങ്ങിയ സമയം മാത്രം നിശ്ചയിച്ച് നടത്തിയ സര്‍വേയില്‍ 2,500 വായനക്കാരാണ് പ്രതികരിച്ചത്.

സമീപകാലത്ത് നടന്ന പ്രാമിക ഓഹരി വില്‍പ്പനകളിലെ ഉയര്‍ന്ന ചെറുകിട നിക്ഷേപ പങ്കാളിത്തവും ഓഹരി വിപണിയോടു ചെറുകിട നിക്ഷേപകര്‍ക്കുള്ള താത്പര്യം വര്‍ധിക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഈ വര്‍ഷം ഇതുവരെ 46 കമ്പനികള്‍ ചേര്‍ന്ന് ഐ.പി.ഒ വിപണിയില്‍ നിന്ന് സമാഹരിച്ചത് 41,000 കോടി രൂപയാണ്.

ഉയര്‍ന്ന റിട്ടേണ്‍
നിരവധി കാരണങ്ങളാണ് ഓഹരി വിപണിയോട് താത്പര്യം കൂടാന്‍ കാരണം. ഇതില്‍ പ്രധാനം ഉയര്‍ന്ന റിട്ടേണ്‍ തന്നെ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ സെന്‍സെക്‌സ് 90 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത് 7-8 ശതമാനത്തിനടുത്തും.
റിസ്‌ക് എടുക്കാനുള്ള ശേഷി
ഇപ്പോഴത്തെ യുവാക്കള്‍ വളരെ നേരത്തെ തന്നെ ജോലിയില്‍ പ്രവേശിക്കുകയും സാമ്പത്തിക സാതന്ത്ര്യം നേടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ റിസ്‌ക് എടുക്കാനുള്ള ശേഷിയും കൂടുതലാണ്. ഇതും ഓഹരി പോലെയുള്ള ഉയര്‍ന്ന റിട്ടേണും ഉയര്‍ന്ന നഷ്ടസാധ്യതയുമുള്ള മേഖലകളെ തിരഞ്ഞെടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
ഇപ്പോഴും വളരെ പിന്നില്‍
പക്ഷെ ഇതൊക്കെയാണെങ്കിലും ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ് ഓഹരിയില്‍ നിക്ഷേപിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കയിലിത് 55 ശതമാനവും യുകെ, ചൈന എന്നിവിടങ്ങളില്‍ യഥാക്രമം 33 ശതമാനം, 13 ശതമാനം എന്നിങ്ങനെയുമാണ്. ഇനിയും വലിയ സാധ്യതകളാണ് ഇന്ത്യന്‍ നിക്ഷേപകർക്ക് മുന്നില്‍ വിപണി തുറന്നിടുന്നത്
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it