ക്രിപ്‌റ്റോയില്‍ നിന്ന് രൂപയിലേക്ക് ചേക്കേറുമോ എന്‍എഫ്ടി ലോകം

ക്രിപ്‌റ്റോ കറന്‍സികളെ കുറിച്ച് പറയുമ്പോഴെല്ലാം എന്‍എഫ്ടി (non-fungible token -NFT) പ്ലാറ്റ്‌ഫോമുകളും അതിനിടെ കടന്നുവരാറുണ്ട്. ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകളും ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയും തന്നെയാണ് എന്‍എഫ്ടിയെ ക്രിപ്‌റ്റോ ചര്‍ച്ചകളില്‍ ചേര്‍ത്ത് നിര്‍ത്തുന്നത്. ക്രിപ്‌റ്റോ കറന്‍സികളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഏറ്റവും അധികം ബാധിക്കുന്ന ഒരു മേഖലയും എന്‍എഫ്ടിയാണ്.

ഈ ആഴ്ച ആദ്യം, പ്രമുഖ ട്രാവല്‍ പ്ലാറ്റ്‌ഫോമായ മേക്ക്‌മൈട്രിപ് (എംഎംടി) എന്‍എഫ്ടി മേഖലയിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍ രൂപയിലാണ് എംഎംടിയുടെ എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകളിലെ ഇടപാട് എന്നതാണ് സവിശേഷത. ഓരോ എന്‍എഫ്ടിക്കും 14,999 രൂപയായിരുന്നു വില. വാങ്ങിയ ശേഷം ഓപ്പണ്‍സി ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ക്രിപ്‌റ്റോയില്‍ തന്നെ ഇവ വില്‍ക്കാനുള്ള അവസരവും എംഎംടി ഒരുക്കുന്നുണ്ട്.
ഫിയറ്റ് കറന്‍സികളില്‍ (ഉദാ: രൂപ, ഡോളര്‍) എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകളില്‍ ക്രിപ്‌റ്റോയ്ക്ക് പകരമായി എത്തുമോ എന്ന ചര്‍ച്ചകള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ എംജി മോട്ടോഴ്‌സ് അവതരിപ്പിച്ച എന്‍എഫ്ടികളുടെ വില്‍പ്പനയും ഫിയറ്റ് കറന്‍സിയില്‍ ആയിരുന്നു. സിനിമ കമ്പനി യുവി ക്രിയേഷന്‍സും ഗെയിമിംഗ് പ്ലാറ്റ്‌ഫോം സ്പാര്‍ട്ടന്‍ പോക്കറും സാമാനമായ രീതിയില്‍ ആണ് എന്‍എഫ്ടി അവതരിപ്പിച്ചത്.
കോയിനെര്‍ത്ത് (coineArth) എന്ന ബ്ലോക്ക്‌ചെയിന്‍ സ്ഥാപനം വികസിപ്പിച്ച nGageN എന്ന പ്ലാറ്റ്‌ഫോമാണ് ഈ കമ്പനികളെല്ലാം ഉപയോഗിച്ചത്. ഒരു ലീഗല്‍ ടെന്‍ഡര്‍ (പണമായി ഉപയോഗിക്കാന്‍) അംഗീകരിക്കാത്ത ക്രിപ്‌റ്റോ കറന്‍സികളില്‍ താല്‍പ്പര്യമില്ലാത്ത, ഭാവിയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങളില്‍ ആശങ്കയുള്ള സ്ഥാപനങ്ങളൊക്കെ ഇനി ഇന്ത്യന്‍ രൂപയില്‍ എന്‍എഫ്ടികള്‍ അവതരിപ്പിച്ചേക്കാം. നിലവില്‍ സര്‍ക്കാര്‍ ക്രിപ്‌റ്റോയ്ക്ക് കൊണ്ടുവന്ന നികുതി, ഒരു ഡിജിറ്റല്‍ അസറ്റ് എന്ന നിലയില്‍ എന്‍എഫ്ടികള്‍ക്കും ബാധകമാണ്. രൂപയില്‍ ഇടപാടുകള്‍ നടത്താനായാല്‍ ക്രിപ്‌റ്റോ നേട്ടങ്ങള്‍ക്ക് നല്‍കുന്ന വലിയ നികുതി ഒഴിവാക്കാനും സാധിച്ചേക്കും.
എന്താണ് എന്‍എഫ്ടി
ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ ഫയലുകളാണ് എന്‍എഫ്ടികള്‍. ഫോട്ടോ, ഓഡിയോ, ഡിജിറ്റല്‍ ചിത്രങ്ങള്‍, ജിഫുകള്‍ അങ്ങനെ എന്തും ഡിജിറ്റല്‍ രൂപത്തില്‍ എന്‍എഫ്ടിയാക്കി മാറ്റാം. എന്‍എഫ്ടികള്‍ക്ക് വേണ്ടിയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വില്‍പ്പന നടക്കുന്നത്. ഓപ്പണ്‍സി (opensea ) അത്തരം ഒരു പ്ലാറ്റ്‌ഫോമിന് ഉദാഹരണമാണ്. പൊതുവെ ക്രിപ്‌റ്റോകറന്‍സികളിലാണ് ഇടപാട് നടക്കുന്നത്.


Related Articles
Next Story
Videos
Share it