എന്‍എഫ്ടി: നിക്ഷേപിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങള്‍

എന്‍എഫ്ടി (നോണ്‍ ഫഞ്ചിബിള്‍ ടോക്കണ്‍) എന്ന വാക്ക് ഇപ്പോള്‍ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. കേന്ദ്ര ബജറ്റില്‍ ഡിജിറ്റല്‍ അസറ്റുകള്‍ക്ക് 30% നികുതി കൂടി ഏര്‍പ്പെടുത്തിയതോടെ ഇതേപ്പറ്റിയുള്ള ചര്‍ച്ചകളും സജീവമായി. കൂടുതല്‍ പേരും എന്‍എഫ്ടിയെപ്പറ്റി കേള്‍ക്കുകയോ അറിയുകയോ ചെയ്‌തെങ്കിലും പലരും ഇതെന്താണെന്ന ധാരണ പോലും ഇല്ലാത്തവരാണ്.

ഡിജിറ്റലായി സൂക്ഷിക്കാനും കൈമാറാനും കഴിയുന്ന ഡാറ്റകളുടെ പാക്കറ്റിനെ എന്‍എഫ്ടി എന്ന് ലളിതമായി പറയാം. ക്രിപ്‌റ്റോകറന്‍സിയെപ്പോലെ, ബ്ലോക്ക്‌ചെയ്ന്‍ അടിസ്ഥാനമാക്കിയാണ് എന്‍എഫ്ടിയും പ്രവര്‍ത്തിക്കുന്നത്. വീഡിയോ, ഓഡിയോ, ഫോട്ടോകള്‍ തുടങ്ങിയ ക്രിയേറ്റീവ് വര്‍ക്കുകളാണ് ഇപ്പോള്‍ പ്രധാനമായും എന്‍എഫ്ടിയാക്കുന്നത്.
ഓണ്‍ലൈനിലൂടെയാണ് വില്‍പ്പനയും വാങ്ങലും. ഇടപാടിനായി കൂടുതലും ഉപയോഗിക്കുന്നത് ക്രിപ്‌റ്റോകറന്‍സിയും. മറ്റേതൊരു ട്രേഡിനെന്ന പോലെയും എന്‍എഫ്ടിക്കും എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകളുണ്ട്. മിന്റിംഗ് എന്ന പ്രക്രിയയിലൂടെയാണ് ഓരോ വര്‍ക്കും എന്‍എഫ്ടിയാക്കുന്നത്.
എന്‍എഫ്ടിയെ അറിയാതെ അതിലേക്കിറങ്ങിയാല്‍ കൈപൊള്ളുമെന്നതുറപ്പ്, ഇതാ എന്‍എഫ്ടിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ നാല് കാര്യങ്ങള്‍.
1. ക്രിപ്‌റ്റോയും എന്‍എഫ്ടിയും
നിലവില്‍ എന്‍എഫ്ടി ഇടപാടുകള്‍ക്കായി ക്രിപ്‌റ്റോ വാലറ്റുകള്‍ ഉണ്ടാക്കണം. ചില മാര്‍ക്കറ്റ്‌പ്ലേസുകള്‍ നേരിട്ട് പണം തന്നെ ഉപയോഗിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അത് അത്രത്തോളം പ്രാബല്യത്തിലായിട്ടില്ല. ക്രിപ്‌റ്റോകറന്‍സി നിയമപ്രാബല്യത്തിന്റെ കാര്യത്തില്‍ വ്യക്തതയില്ലാതെ, അനിശ്ചിതത്വം തുടരുകയാണ്. നിരോധനമോ നിയന്ത്രണമോ ഏര്‍പ്പെടുത്താതെ നികുതി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരെങ്കിലും സമീപഭാവിയില്‍ ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാവും.
എന്‍എഫ്ടി വില്‍ക്കാന്‍ മാത്രമല്ല, വാങ്ങാനാണെങ്കിലും നിശ്ചിത ഫീ നല്‍കണം. മിന്റിംഗ് ചെലവേറിയ നടപടിക്രമമായതിനാലാണിത്. ഭാവിയില്‍ ക്രിപ്‌റ്റോകറന്‍സി നിരോധിക്കുകയാണെങ്കിലും എന്‍എഫ്ടിയെ ബാധിക്കാന്‍ സാധ്യതയില്ല. ഇടപാടിനായി ക്രിപ്‌റ്റോയല്ലാത്ത മാര്‍ഗവും സ്വീകരിക്കാമല്ലോ.
2. എന്‍എഫ്ടിയും സ്റ്റോക്കും
എന്‍എഫ്ടിയെപ്പറ്റി നടക്കുന്ന പല ചര്‍ച്ചകളിലും ഉയരുന്നൊരു വാദമാണ്, സ്റ്റോക്ക് പോലെ നടത്താവുന്ന ഇടപാടാണിതെന്ന്. കുറഞ്ഞ വിലയ്ക്ക് വാങ്ങി കൂടുതല്‍ വില്‍ക്കുന്ന തന്ത്രം. പക്ഷേ, എന്‍എഫ്ടിയുടെ മൂല്യം നിശ്ചയിക്കുന്നത്, അത് വാങ്ങുന്നവരെ ആശ്രയിച്ചാണ്. വാങ്ങാന്‍ ഒരാള്‍ തീരുമാനിക്കുന്നില്ലെങ്കില്‍ വിലയുണ്ടാവില്ലെന്ന് ചുരുക്കം.
ക്രിയേറ്റഴ്‌സ്, കളക്ടേഴ്‌സ് തുടങ്ങി രണ്ടു വിഭാഗം ആളുകളാണ് എന്‍എഫ്ടി ഇടപാടിനുണ്ടാവുക. ക്രിയേറ്റര്‍മാര്‍ക്കും വില്‍ക്കാം, കളക്ടര്‍മാര്‍ക്കും വാങ്ങിയെടുത്തവ പിന്നീട് വില്‍ക്കാം. കലാമൂല്യം നോക്കി വാങ്ങിവെക്കുന്നവര്‍ തുലോം കുറവായിരിക്കും. ഭാവിയില്‍ വില കൂട്ടി വില്‍ക്കാമെന്ന ആഗ്രഹത്തോടെ തന്നെയാവും പല കളക്ടര്‍മാരും സൃഷ്ടികള്‍ വാങ്ങിവെക്കുന്നത്. ഒരു ചിത്രത്തിന്, ഒരു ആനിമേഷന്, ഒരു ഓഡിയോയ്ക്ക് എന്തിനാണ് ആളുകള്‍ ഇത്രയും പണം മുടക്കുന്നതെന്ന ചോദ്യമുണ്ടാവാം. അറിയില്ലെന്നതാണ് ഉത്തരം. ഒരുപക്ഷേ, അത് ഒരു കലാസൃഷ്ടിയുടെ മൂല്യമാവാം, ഡിമാന്റ് ഉണ്ടാക്കി ഭാവിയില്‍ കൂടുതല്‍ വിലയ്ക്ക് മറിച്ചുവില്‍ക്കാമെന്ന തന്ത്രമായിരിക്കാം.
3. ഉടമസ്ഥാവകാശം
ബ്ലോക്ക്‌ചെയ്ന്‍ പിന്‍ബലത്തോടെയാണ് എന്‍എഫ്ടികളുള്ളത്. ഓരോ ഇടപാട് രേഖകളും സ്ഥിരമായിരിക്കും, മള്‍ട്ടി വെരിഫിക്കേഷനുണ്ടാവും, ഒരിക്കലും മാറ്റാനും സാധിക്കില്ല. പക്ഷേ, ഇപ്പോഴുള്ള ഉടമപ്പെടുത്തല്‍ സംവിധാനം നിയമത്തിനു മുന്നിലെത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തതയില്ല. വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി നിയമങ്ങളില്‍ എന്‍എഫ്ടിയെ എങ്ങനെ പരിഗണിക്കുമെന്നും വ്യക്തത വന്നിട്ടില്ല.
ഒരു എന്‍എഫ്ടി വാങ്ങുമ്പോള്‍ സ്വാഭാവികമായി ഉടമസ്ഥാവകാശം കൂടി കടന്നുവരുന്നതാണ് നിലവിലെ രീതി. സ്മാര്‍ട്ട് കോണ്‍ട്രാക്ടിലൂടെയാണ് മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ തീരുമാനിക്കുന്നത്. സ്മാര്‍ട്ട് കോണ്‍ട്രാക്ടില്‍ എന്താണുള്ളതെന്നും പോലും വായിക്കാതെ പെടുന്നവരുണ്ട്. ചിലര്‍ക്ക് വാങ്ങിയ എന്‍എഫ്ടി പ്രദര്‍ശിപ്പിക്കാനുള്ള അനുമതി മാത്രമാണ് ലഭിക്കുന്നത്. കോപ്പി റൈറ്റ് ആര്‍ടിസ്റ്റിനു തന്നെയുണ്ടാവും. ഇതൊക്കെ നിയമപ്രശ്‌നത്തിലേക്ക് നീങ്ങുകയും, എന്നാല്‍ പരിഹാര സെല്‍ ഇല്ലാതെ വരികയും ചെയ്യുന്നത് ചോദ്യചിഹ്നമാണ്.
ഫിസിക്കല്‍ ലോകത്തെ ഉടമകളുടെ അനുമതിയില്ലാതെ എന്‍എഫ്ടികളാക്കുന്ന വിരുതന്മാരുമുണ്ട്. തങ്ങളുടെ ട്രേഡ്മാര്‍ക്ക് ഉപയോഗിച്ച് സ്‌റ്റോക്ക്എക്‌സ് എന്ന സനീക്കര്‍ റീസെയില്‍ കമ്പനി എന്‍എഫ്ടി ചെയ്തുവെന്ന് കാട്ടി നൈക്കി രംഗത്തെത്തിയത് ഇങ്ങനെയാണ്.
4. തട്ടിപ്പ്, വെട്ടിപ്പ്
ലോകത്തെ ഏറ്റവും വലിയ എന്‍ഫ്ടി മാര്‍ക്കറ്റ്‌പ്ലേസായ OpenSea ക്കു നരെയുണ്ടായ ഫിഷിംഗ് ആക്രമണത്തില്‍ 32 ഉപയോക്താക്കളുടെ 1.7 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന എന്‍എഫ്ടികളാണ് നഷ്ടപ്പെട്ടത്. യു.കെയില്‍ 1.9 മില്യണ്‍ ഡോളറിന്റെ എന്‍എഫ്ടി തട്ടിപ്പ് യുകെ ടാക്‌സ് അതോറിറ്റി കണ്ടെത്തിയിരുന്നു. വമ്പന്‍ സാമ്പത്തിക ക്രയവിക്രയം നടക്കുന്നതിനാല്‍ തന്നെ തട്ടിപ്പിന്റെ സാധ്യതയും അത്ര തന്നെയുണ്ട്. സ്മാര്‍ട്ട് കോണ്‍ട്രാക്ടുകള്‍ പുതുക്കാനാണ് പരിഹാരമായി OpenSea നിര്‍ദേശിച്ചിരിക്കുന്നത്. അപ്പോഴും സ്ഥിരതയാര്‍ന്ന പരിഹാരമാര്‍ഗം ഉണ്ടാവുന്നില്ല.
നാലു രീതികളിലുള്ള തട്ടിപ്പുകളാണ് ഇപ്പോള്‍ വ്യാപകമായി നടക്കുന്നത്. മാര്‍ക്കറ്റ്‌പ്ലേസുകളുടെ വ്യാജ പതിപ്പുകളുണ്ടാക്കി, അവരുടെ തന്നെ ലോഗോകളും ഉപയോഗിച്ച് പണമടപ്പിച്ചുള്ള തട്ടിപ്പാണ് ഒന്ന്. എന്‍എഫ്ടികളുടെ വ്യാജ പതിപ്പുണ്ടാക്കി വില്‍ക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. 'എസ്‌ക്ലൂസീവ് ഡീല്‍' എന്ന വ്യാജേന ഇന്‍സ്റ്റഗ്രാമിലൂടെ വ്യാപകമായി പേഴ്‌സണല്‍ മെസേജ് അയച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. യഥാര്‍ത്ഥ മാര്‍ക്കറ്റ് പ്ലേസിലൂടെയല്ലാത്ത, മറ്റൊരു മാധ്യമങ്ങൡലൂടെയും പണം കൈമാറാതിരിക്കുക. വില കൂട്ടിക്കിട്ടുന്നുണ്ടെന്ന് കാണിക്കാന്‍ സ്വന്തം ആളുകള്‍ തന്നെ വാങ്ങിക്കുകയും മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്യുന്ന Wash Trading ഉം എന്‍എഫ്ടിയില്‍ വ്യാപകമായി നടക്കുന്നുണ്ട്.
ക്രിപ്‌റ്റോയെ പോലെ തന്നെ എന്‍എഫ്ടിയും നിയമപരമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍, കോടതി, പൊലീസ് തുടങ്ങിയ നിയമസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങളില്‍ പ്രതീക്ഷ വേണ്ട. മാര്‍ക്കറ്റ്‌പ്ലേസുകളെ ആശ്രയിച്ചുള്ള ഇടപാടുകള്‍ക്ക് അവരെങ്കിലും ഉറപ്പുനില്‍ക്കുമെന്നതിനാല്‍ അതായിരിക്കും നല്ല ഒപ്ഷന്‍.
എന്തിനാണിത്ര വില?

ഓരോ അസറ്റും സവിശേഷമായിരിക്കുമെന്നതാണ് എന്‍എഫ്ടിയുടെ പ്രത്യേകത. അതായത്, ഒരു ബിറ്റ്‌കോയിന്‍ കൊടുക്കുകയാണെങ്കില്‍ അതുപോലെയുള്ള മറ്റൊന്ന് വാങ്ങാം, ഒരു ഷെയര്‍ വില്‍ക്കുകയാണെങ്കില്‍ സമാനമായി മറ്റൊന്ന് വാങ്ങാം. എന്നാല്‍ എന്‍എഫ്ടി ആയി ഒന്നു പോലെ മറ്റൊന്നുണ്ടാവില്ല. അതു തന്നെയാണ് വില കൂടാനുള്ള കാരണവും.

വമ്പന്‍ ഓഫറുകളും സാധ്യതകളും തുറന്നുവന്നതു തന്നെയാണ് ഈ രംഗത്തേക്ക് ആളുകളുടെ കുതിച്ചുചാട്ടമുണ്ടായത്. മലയാളി സെലിബ്രിറ്റികള്‍ക്കിടയില്‍ നിന്ന് റിമ കല്ലിങ്കലാണ് ആദ്യമായി എന്‍എഫ്ടി ചെയ്തത്. ഇപ്പോള്‍ നടി പേളി മാണിയും ചെയ്തിരിക്കുന്നു. പന്ത്രണ്ടും പതിനഞ്ചും വയസ്സുള്ള കുട്ടികള്‍ വരെ എന്‍എഫ്ടി വര്‍ക്കിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച് സാധ്യതകളുടെ വാതില്‍ തുറന്നിട്ടു.

Related Articles
Next Story
Videos
Share it