നിക്ഷേപകരെ കണ്ണീരണിയിച്ച് നൈക, ഒരുമാസത്തിനിടെ ഓഹരി വില ഇടിഞ്ഞത് 30 ശതമാനം

നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഫാഷന്‍ രംഗത്തെ ഇ-കൊമേഴ്‌സ് വമ്പനായ നൈകയുടെ ഓഹരി വില ഏറ്റവും താഴ്ന്ന നിലയില്‍. നിക്ഷേപകരെ കണ്ണീരണിയിച്ച് ഒരു മാസത്തിനിടെ മാത്രം ഓഹരി വിലയില്‍ 30 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അതായത്, ഓഹരി വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ച നവംബര്‍ 12ന് 2,358 രൂപയുണ്ടായിരുന്ന ഓഹരി വില ഇന്ന് 1,456 ആയി (17-02-2022, 1.00) കുറഞ്ഞു. നൈകയുടെ എക്കാലത്തെയും താഴ്ന്നവിലയും ഇതാണ്.

നവംബറില്‍ വിപണിയിലേക്കെത്തിയ നൈക ഐപിഒ വിലയില്‍നിന്നും 96.3 ശതമാനത്തോടെയായിരുന്നു ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇത് നിക്ഷേപകര്‍ക്ക് മികച്ച നേട്ടവും സമ്മാനിച്ചിരുന്നു.
2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതാണ് നൈകയുടെ ഓഹരി വില ഇടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മുന്‍കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 23 ശതമാനം ഇടിവാണുണ്ടായത്. അതായത്, 33.7 കോടി രൂപയുടെ കുറവ്. കൂടാതെ, മൂന്നാം പാദത്തിലെ അറ്റാദായം മുന്‍ കാലയളവിനേക്കാള്‍ 57.87 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ കാലയളവില്‍ 68.88 കോടി രൂപയായിരുന്നു അറ്റാദായമെങ്കില്‍ ഈ വര്‍ഷമത് 29.01 കോടി രൂപയാണ്.


Related Articles
Next Story
Videos
Share it