റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ രണ്ടാംപാദ ഫലം: ഓരോ വിഭാഗത്തിന്റെ പ്രകടനത്തിലേക്കും ഒരു ഉറ്റുനോട്ടം

ഓയില്‍-ടു-കെമിക്കല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, റീട്ടെയില്‍ വിഭാഗങ്ങള്‍ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രേഖപ്പെടുത്തിയത് 30 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 19,878 കോടി രൂപയുടെ ലാഭം. മൊത്ത വരുമാനം (Total Income) നേരിയ വളര്‍ച്ചയുമായി 2.39 ലക്ഷം കോടി രൂപയിലെത്തി.

ശതകോടീശ്വരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം കടബാദ്ധ്യത 2.96 ലക്ഷം കോടി രൂപയാണ്. എന്നാല്‍ പണമായും (cash) പണത്തിന് തുല്യമായും (Cash equivalents) കമ്പനിയുടെ കൈവശം 1.78 ലക്ഷം കോടി രൂപയുണ്ട്. അതായത്, കമ്പനിയുടെ അറ്റ കടബാദ്ധ്യത (net debt) ഏകദേശം 1.18 ലക്ഷം കോടി രൂപ മാത്രമാണെന്നാണ്.
ഓയില്‍-ടു-കെമിക്കല്‍ വിഭാഗം
അസംസ്‌കൃത എണ്ണയുടെ (crude oil) സംസ്‌കരണവും അതുവഴി ഗതാഗത-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇന്ധനം ലഭ്യമാക്കലും, കെമിക്കലുകള്‍, പോളിമറുകള്‍ എന്നിവയുടെ ഉത്പാദനം എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതാണ് റിലയന്‍സിന്റെ ഓയില്‍-ടു-കെമിക്കല്‍ (ഒ2സി) വിഭാഗം. ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ബി.പിയുമായി ചേര്‍ന്ന് ജിയോ-ബി.പി പെട്രോള്‍ പമ്പുകള്‍ സംയുക്ത സംരംഭമായും ഈ വിഭാഗം നടത്തുന്നുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് മുമ്പുള്ള ലാഭത്തിന്റെ (EBITDA) 38 ശതമാനം പങ്കുവഹിക്കുന്ന, ഏറ്റവും വലിയ വിഭാഗമാണ് ഒ2സി.


രണ്ടാംപാദത്തില്‍ ഈ വിഭാഗത്തിന്റെ വരുമാനം പാദാടിസ്ഥാനത്തില്‍ 11.20 ശതമാനം ഉയര്‍ന്ന് 1.47 ലക്ഷം കോടി രൂപയിലെത്തി. എന്നാല്‍, വാര്‍ഷികാടിസ്ഥാനത്തില്‍ (മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച്) 7.30 ശതമാനം താഴ്ന്നു. എബിറ്റ്ഡ് 16,281 കോടി രൂപയാണ്. പാദാടിസ്ഥാനത്തില്‍ 6.60 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനവും ഉയര്‍ന്നു.
വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞപ്പോഴും ശ്രദ്ധേയമായത് ഉയര്‍ന്ന റിഫൈനിംഗ് മാര്‍ജിന്റെ പിന്‍ബലത്തില്‍ എബിറ്റ്ഡ 36 ശതമാനം കുതിച്ചതാണ്. ഓരോ ബാരല്‍ അസംസ്‌കൃത എണ്ണയും സംസ്‌കരിച്ച് മൂല്യവര്‍ധന നടത്തി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ കമ്പനിക്ക് ലഭിക്കുന്ന ലാഭനിരക്കാണ് റിഫൈനിംഗ് മാര്‍ജിന്‍.
ഡിജിറ്റല്‍ വിഭാഗം
ഇന്ത്യയെ ഒരു ഡിജിറ്റല്‍ സമൂഹമാക്കി വളര്‍ത്തുകയെന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്നതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ നേതൃത്വം വഹിക്കുന്ന ഡിജിറ്റല്‍ സേവന വിഭാഗം. ടെലികോം, ബ്രോഡ്ബാന്‍ഡ് തുടങ്ങി വ്യത്യസ്തമായ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കി ഈ ലക്ഷ്യം കാണാനാണ് ഡിജിറ്റല്‍ വിഭാഗം പ്രയത്‌നിക്കുന്നത്.



സെപ്റ്റംബര്‍പാദത്തില്‍ 10.63 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 31,537 കോടി രൂപയുടെ വരുമാനമാണ് ഡിജറ്റല്‍ സര്‍വീസസ് വിഭാഗം നേടിയത്. പാദാധിഷ്ഠിത വളര്‍ച്ച 2.93 ശതമാനമാണ്. 12 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെയും 3.90 ശതമാനം പാദ വളര്‍ച്ചയോടെയും 5,297 കോടി രൂപയുടെ ലാഭവും നേടി.
സെപ്റ്റംബര്‍പാദത്തില്‍ പുതിയ 1.11 കോടിപ്പേരുമായി ജിയോയുടെ ആകെ വരിക്കാര്‍ 45.97 കോടിയിലെത്തി. ഇതിനകം ഏഴ് കോടിയിലധികം ഉപയോക്താക്കള്‍ 5ജിയിലേക്ക് മാറിക്കഴിഞ്ഞു.
ഓരോ ഉപഭോക്താവില്‍ നിന്നും ജിയോയ്ക്ക് ലഭിക്കുന്ന ശരാശരി വരുമാനം (ARPU) രണ്ടാംപാദത്തില്‍ 181 രൂപയാണ്. ജൂണ്‍പാദത്തില്‍ 180.5 രൂപയും മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 177.2 രൂപയുമായിരുന്നു ഇത്.
റിലയന്‍സ് റീട്ടെയില്‍
പരമ്പരാഗതമായി ഒ2സി ബിസിനസില്‍ ശ്രദ്ധിച്ചിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാവിയിലെ വളര്‍ച്ചയില്‍ നിര്‍ണായക മുഖമായി മാറുമെന്ന് കരുതപ്പെടുന്നതും റിലയന്‍സ് കൂടുതല്‍ ശ്രദ്ധയൂന്നുന്നതുമായ വിഭാഗമാണ് റീട്ടെയില്‍.
ആകെ 7.15 കോടി ചതുരശ്ര അടിയിലായി 18,650 സ്‌റ്റോറുകളുള്ള റിലയന്‍സ് റീട്ടെയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയാണ്. പുറമേ, ശക്തമായ ഡിജിറ്റല്‍ വിപണന (e-commerce) ശൃംഖലയും റിലയന്‍സ് റീട്ടെയിലിനുണ്ട്. പലചരക്ക്, ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത്‌കെയര്‍ ഉത്പന്നങ്ങളാണ് പ്രധാനമായും റീട്ടെയില്‍ വിഭാഗത്തിനുള്ളത്.


പലചരക്ക്, ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ വിഭാഗങ്ങള്‍ ശക്തമായ വളര്‍ച്ച കഴിഞ്ഞപാദത്തില്‍ കാഴ്ചവച്ചപ്പോള്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിഭാഗം വളര്‍ച്ചാസ്ഥിരത തുടരുകയും ചെയ്തു.
കഴിഞ്ഞപാദത്തില്‍ 77,148 കോടി രൂപയുടെ വരുമാനമാണ് റിലയന്‍സ് റീട്ടെയില്‍ സംഭാവന ചെയ്തത്. പാദ വളര്‍ച്ച 10 ശതമാനവും വാര്‍ഷിക വളര്‍ച്ച 19 ശതമാനവുമാണ്. ലാഭം 21 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 2,790 കോടി രൂപയായി. ജൂണ്‍പാദത്തേക്കാള്‍ 14 ശതമാനവും അധികമാണിത്.
ഓയില്‍ ആന്‍ഡ് ഗ്യാസ്
എണ്ണ പര്യവേക്ഷണ രംഗത്തും അനവുബന്ധ ഉത്പ്ന്ന നിര്‍മ്മാണരംഗത്തും ശ്രദ്ധേയ സാന്നിദ്ധ്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗം 6,620 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞപാദത്തില്‍ നേടിയത്. 2022-23ലെ സെപ്റ്റംബര്‍പാദത്തെ അപേക്ഷിച്ച് വരുമാനം 71.8 ശതമാനം ഉയര്‍ന്നു; 42.9 ശതമാനമാണ് പാദാധിഷ്ഠിത വളര്‍ച്ച.


എബിറ്റ്ഡ 50.3 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 4,766 കോടി രൂപയാണ്; 18.7 ശതമാനമാണ് പാദവളര്‍ച്ച. ആന്ധ്രാപ്രദേശിലെ കൃഷ്ണ, ഗോദാവരി നദീതടങ്ങളിലായുള്ള കൃഷ്ണ-ഗോദാവരി ബേസിനിലാണ് (KG Basin) ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗം പ്രധാനമായും പര്യവേക്ഷണം നടത്തുന്നത്. ഇവിടെ ഉത്പാദനം ഊര്‍ജിതമായത് ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് കരുത്തായി.
മീഡിയ ബിസിനസ്
ഇന്ത്യയുടെ മാധ്യമരംഗത്തും ശ്രദ്ധേയ സാന്നിദ്ധ്യം വയോകോം18 എന്ന ഉപസ്ഥാപനം വഴി റിലയന്‍സ് ഇന്‍ഡസ്ട്രീസിനുണ്ട്. ജിയോ സിനിമ വയോകോം18നു കീഴിലാണ് പ്രവർത്തിക്കുന്നത്. അതേസമയം,
സ്‌പോര്‍ട്‌സ്, ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്തിയതിനാല്‍ നഷ്ടത്തിലാണ് മീഡിയ ബിസിനസ് വിഭാഗമുള്ളത്.


വരുമാനം ജൂണ്‍പാദത്തിലെ 3,790 കോടി രൂപയില്‍ നിന്ന് 2,164 കോടി രൂപയായി കഴിഞ്ഞപാദത്തില്‍ താഴ്ന്നു. അതേസമയം, മുന്‍വര്‍ഷത്തെ രണ്ടാംപാദത്തില്‍ വരുമാനം 1,812 കോടി രൂപയായിരുന്നു.
ജൂണ്‍പാദത്തിലെ 29 കോടി രൂപയുടെ ലാഭത്തില്‍ നിന്ന് 111 കോടി രൂപയുടെ നഷ്ടത്തിലേക്കാണ് കഴിഞ്ഞപാദത്തില്‍ മാധ്യമ വിഭാഗം വീണത്. 2022-23ലെ രണ്ടാംപാദത്തില്‍ 29 കോടി രൂപയായിരുന്നു നഷ്ടം. ഏപ്രില്‍-മേയ് സീസണില്‍ നടന്ന ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയതിലൂടെ ലഭിച്ച പരസ്യവരുമാനം ജൂണ്‍പാദത്തില്‍ മികച്ച വരുമാനം നേടാന്‍ സഹായിച്ചിരുന്നു. കഴിഞ്ഞപാദത്തില്‍ ഇത്തരം സംപ്രേഷണാവകാശങ്ങള്‍ ഒഴിഞ്ഞുനിന്നത് വരുമാനത്തെയും ലാഭത്തെയും ബാധിച്ചു.
സ്‌പോര്‍ട്‌സ്, ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്കായുള്ള നിക്ഷേപം ദീര്‍ഘകാല ഭാവിയില്‍ കമ്പനിയെ ലാഭത്തിലേക്ക് ഉയര്‍ത്തുമെന്നാണ് വിലയിരുത്തലുകള്‍.

(Disclaimer: This is not a recommendation. Equity investing is subject to market risks. Consult a financial advisor or do your own research before investing)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it