ഓല ഇലക്ട്രിക് ഇന്ന് 20% അപ്പര്‍ സര്‍ക്യൂട്ടില്‍, അഞ്ച് ദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് 75% നേട്ടം; മുന്നേറ്റം തുടരുമോ?
ഓഹരി വിപണിയിലേക്ക് കഴിഞ്ഞയാഴ്ച രംഗപ്രവേശം നടത്തിയ ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരികള്‍ ഇന്ന് 20 ശതമാനം അപ്പര്‍സര്‍ക്യൂട്ടടിച്ചു. ഓഹരി വില 133.08 രൂപ വരെ ഉയര്‍ന്നു. ഇന്നലെ ഓല സി.ഇ.ഒ ഭവിഷ് അഗര്‍വാള്‍ സങ്കല്പ് 2024ല്‍ എന്ന ഇവന്റില്‍ കമ്പനിയുടെ ഭാവി പദ്ധികളെയും വരാനിരിക്കുന്ന മോഡലുകളെയും കുറിച്ച് നിക്ഷേപകരോട് സംവദിച്ചിരുന്നു. ഇതിനു നിക്ഷേപകരുടെ ഭാഗത്ത് നിന്ന് ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഇന്ന് ഓഹരിയില്‍ കണ്ടത്.
കൂടാതെ ഓലയ്ക്ക് പ്രമുഖ ബ്രോക്കറേജായ എച്ച്.എസ്.ബി.സി ബൈ' റേറ്റിംഗും നല്‍കിയിരുന്നു. 140 രൂപയാണ് ലക്ഷ്യവിലയിട്ടിരിക്കുന്നത്. ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയായ 110.90 രൂപയില്‍ നിന്ന് 26 ശതമാനം ഉയര്‍ച്ചയാണിത്. എന്നാല്‍ ഇന്ന് ഒറ്റ ദിവസം കൊണ്ട് തന്നെ ഓഹരി വില 23 രൂപയോളം ഉയര്‍ന്നു. ഐ.പി.ഒയ്ക്ക് ശേഷം 75.11 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്. ഓഗസ്റ്റ് ഒമ്പതിന് 76 രൂപയയിലായിരുന്നു ഓലയുടെ ലിസ്റ്റിംഗ്.
49% വിപണി വിഹിതം
കമ്പനിയുടെ ഒന്നാം പാദഫലം മികച്ച് നിന്നതും ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 32 ശതമാനം വര്‍ധിച്ച് 1,644 കോടി രൂപയിലെത്തി. അതേ സമയം കമ്പനിയുടെ നഷ്ടം 257 കോടി രൂപയില്‍ നിന്ന് 347 കോടി രൂപയായി വര്‍ധിച്ചു. ഓട്ടോമോട്ടീവ് വിഭാഗത്തിന്റെ മാത്രം നഷ്ടം 233 കോടി രൂപയാണ്.
ജൂണ്‍ പാദത്തില്‍ ഇലക്ട്രിക് വാഹന വിപണിയുടെ 49 ശതമാനം വിഹിതം ഓല ഇലക്ട്രിക് കരസ്ഥമാക്കിയിരുന്നു. ബാറ്ററികള്‍ ആഭ്യന്തരമായി നിര്‍മിച്ചുകൊണ്ടാണ് ഓല ഈ സെഗ്മെന്റില്‍ മുന്നേറുന്നത്. ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ കമ്പനിക്ക് രാജ്യത്ത് ബാറ്ററി ഉത്പാദിപ്പിക്കാനാകുമെന്നതാണ് നേട്ടം. 2027-28 ഓടെ ഇ.വി നിര്‍മാണ ചെലവ് കുറയുമെന്നും നേരേമറിച്ച് ഐ.സി.ഐ സ്‌കൂട്ടറുകളുടെ വില ഉയരാനാണ് സാധ്യതയെന്നും ബ്രോക്കറേജ് കണക്കാക്കുന്നു.
ഓല റോഡ്‌സ്റ്റര്‍
ഇന്നലെയാണ് ഇ-ബൈക്ക് മോഡലായ ഓല റോഡ്‌സ്റ്റര്‍ സീരീസ് അവതരിപ്പിച്ചത്. 74,999 രൂപ മുതല്‍ വില തുടങ്ങുന്ന ഇ-ബൈക്കുകളാണിത്. റോഡ്‌സ്റ്റര്‍, റോഡ്‌സ്റ്റര്‍ എക്‌സ്, റോഡ്‌സ്റ്റര്‍ പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന് സബ് വേരിയന്റുകളുമുണ്ടാകും. റോഡ്‌സ്റ്റര്‍ പ്രോ അടുത്ത വര്‍ഷം ദീപാവലിക്കും റോഡ്‌സ്റ്റര്‍ എക്‌സ്, റോഡ്‌സ്റ്റര്‍ എന്നിവ 2025 ജനുവരിയിലും നിരത്തിലെത്തുമെന്നാണ് ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കിയിരിക്കുന്നത്.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള് എടുക്കുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങള് നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക.)