Begin typing your search above and press return to search.
ലിസ്റ്റിംഗിന് ശേഷം ഓല കുതിക്കുന്നു, വില ₹100 കടന്നു; ഈ ആഴ്ച വിപണിയിലെത്തുന്നത് അഞ്ച് ഐ.പി.ഒകള്‍
കഴിഞ്ഞ വെള്ളിയാഴ്ച ആദ്യമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഓല ഇലക്ട്രിക് ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിനവും 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 76 രൂപയില്‍ ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില ഇന്ന് നൂറു രൂപ കടന്നു. നിലവില്‍ 109.41 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ലിസ്റ്റിംഗ് വിലയേക്കാള്‍ 43 ശതമാനത്തോളമാണ് ഉയര്‍ച്ച.
രാജ്യത്തെ ഏറ്റവും വലിയ ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഓല ഐ.പി.ഒ വിലയില്‍ തന്നെ ലിസ്റ്റിംഗ് നടത്തിയത് നിരാശപ്പെടുത്തിയെങ്കിലും പിന്നീട് അങ്ങോട്ട് ഓഹരിയില്‍ വന്‍ വാങ്ങല്‍ താത്പര്യമാണ് കാണുന്നത്. ഓഗസ്റ്റ് 15ന് ഓലയുടെ ഇലക്ട്രിക് ബൈക്ക് വരുമെന്ന വാര്‍ത്തകളിലാണ് വിപണിയുടെ ഇപ്പോഴത്ത ശ്രദ്ധ. ഓഹരിയുടെ വില ഉയരുന്നത് കണ്ട് നിക്ഷേപകര്‍ ഇതിലേക്ക് ആകൃഷ്ടരാകുന്നുണ്ടെങ്കിലും റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ മാത്രം ഓഹരി കൈവശം വയ്ക്കുന്നതായിരിക്കും അനുയോജ്യമെന്നാണ് ഓഹരി വിദഗ്ധര്‍ പറയുന്നത്. രണ്ട് മൂന്ന് വര്‍ഷത്തേക്ക് കൈവശം വയ്ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ഓരോ താഴ്ചയിലും ഓഹരിയുടെ എണ്ണം കൂട്ടുന്നതാകും അനുയോജ്യമെന്നും അനലിസ്റ്റുകള്‍ പറയുന്നു.
ഭവിഷ് അഗര്‍വാളിനെ സമ്പന്നനാക്കി മുന്നേറ്റം
ലിസ്റ്റിംഗ് ദിനത്തില്‍ ഒറ്റയടിക്ക് 2,010 കോടി രൂപയുടെ നേട്ടമാണ് ഓല സ്ഥാപകന്‍ ഭവിഷ് അഗര്‍വാളിന് ഓഹരി സമ്മാനിച്ചത്. ലിസ്റ്റിംഗ് ദിന നേട്ടത്തില്‍ ഏറ്റവും മുന്നിലെത്തിയ സ്ഥാപകന്‍ എന്ന സ്ഥാനവും ഇതോടെ ഭവിഷ് അഗര്‍വാളിന് സ്വന്തമായി. നൈകയുടെ സ്ഥാപക ഫല്‍ഗുനി ഫാല്‍ഗുനി നയ്യാര്‍ ആയിരുന്നു ഇതു വരെ ഈ നേട്ടത്തിന് ഉടമ. നൈക ലിസ്റ്റ് ചെയ്തപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഫല്‍ഗുനി ഫാല്‍ഗുനി നയ്യാരുടെ കുടുംബത്തിന്റെ നേട്ടം 1,879 കോടി രൂപയായിരുന്നു. സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലാണ് 1,847 കോടി രൂപയുടെ ലിസ്റ്റിംഗ് നേട്ടവുമായി പട്ടികയില്‍ മൂന്നാമത്.
അതേസമയം ലിസ്റ്റിംഗ് ദിനത്തില്‍ വന്‍ നഷ്ടം രുചിച്ചത് വിജയ് ശേഖര്‍ ശര്‍മയാണ്. സൊമാറ്റോ ഓഹരികള്‍ ലിസ്റ്റിംഗ് ദിനത്തില്‍ 28 ശതമാനത്തോളം താഴേക്ക് പോയപ്പോള്‍ 3,398 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് സ്ഥാപകന് നഷ്ടമായത്.
ഈ ആഴ്ച അഞ്ച് ഐ.പി.ഒകള്‍
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുമ്പോഴും പ്രാരംഭ ഓഹരി വില്‍പ്പനയുമായി (ഐ.പി.ഒ) കമ്പനികളുടെ കുത്തൊഴുക്കാണ്. ഈ ആഴ്ച അഞ്ച് ഐ.പി.ഒകളാണ് വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാനെത്തുന്നത്. ഒരു മെയിന്‍ബോര്‍ഡ് ഐ.പി.ഒയും നാല് എസ്.എം.ഇ ഐ.പി.ഒയുമായാണ് എത്തുന്നത്. കഴിഞ്ഞയാഴ്ച ഐ.പി.ഒ നടത്തിയ രണ്ട് കമ്പനികളുടെ ലിസ്റ്റിംഗും ഈയാഴ്ച നടക്കും.
സരസ്വതി സാരീസ് ഡിപ്പോ ആണ് ഈയാഴ്ചയിലെ ഏക മെയിന്‍ബോര്‍ഡ് ഐ.പി.ഒ. 160.2 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഐ.പി.ഒയുടെ ഇഷ്യു വില 160.02 രൂപയാണ്.
പോസിട്രോണ്‍ എനര്‍ജി, സണ്‍ലൈറ്റ് റീസൈക്ലിംഗ് ഇന്‍ഡസ്ട്രീസ്, ബ്രോസ്റ്റ് ലൈഫ് കെയര്‍ ഹോസ്പിറ്റല്‍, സോള്‍വ് പ്ലാസ്റ്റിക് പ്രോഡക്ട്‌സ് എന്നിവയാണ് ഈ ആഴ്ച നടക്കുന്ന മറ്റ് ഐ.പി.ഒകള്‍.
കഴിഞ്ഞയാഴ്ച ഐ.പി.ഒ നടത്തിയ ഫസ്റ്റ്‌ക്രൈ ഓഗസ്റ്റ് 13നാണ് ലിസ്റ്റ് ചെയ്യുന്നത്. നിലവില്‍ 17 ശതമാനം പ്രീമിയത്തിലാണ് ഗ്രേ മാര്‍ക്കറ്റില്‍ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്.
എസ്.എം.ഇ വിഭാഗത്തിലുള്ള ഈസ്‌തെറ്റിക് എന്‍ജിനീയറിംഗിന്റെ ഐ.പി.ഒ ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 16നാണ് ലിസ്റ്റ് ചെയ്യുന്നത്.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Next Story
Videos