സാധ്യതകള്‍ കൂടുതല്‍ മിഡ്കാപ്പുകളില്‍

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വ്യവസായ മേഖല രാജ്യത്തിന്റെ നോമിനല്‍ ജിഡിപിയ്ക്ക് തുല്യമായ വളര്‍ച്ച കാഴ്ചവയ്ക്കുമെന്ന് യുടിഐ എഎംസിയുടെ വൈസ് പ്രസിഡന്റും ഫണ്ട് മാനേജറുമായ ലളിത് നമ്പ്യാര്‍. 2019 സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടുകളുടെ വളര്‍ച്ചാ സാധ്യതകളെകുറിച്ചും നേട്ട സാധ്യതയുള്ള മേഖലകളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു
Q. താങ്കളുടെ അഭിപ്രായത്തില്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധ്യതയുള്ള മേഖലകളേതൊക്കെയാണ്?
ഞങ്ങളുടെ വിശകലനങ്ങള്‍ കാണിക്കുന്നത് 2003 മുതല്‍ 2008 വരെയുള്ള കാലഘട്ടം ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ ചെറിയൊരു കാലയളവുകളില്‍ മാത്രമാണ് സെക്റ്ററുകള്‍ മാത്രം നോക്കി നിക്ഷേപിച്ച് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ശരിയായ സെക്ടര്‍ തെരഞ്ഞെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ആ സെക്ടറിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ഓഹരി പോലും വിപണി ശരാശരിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു. ഇപ്പോള്‍ വാല്വേഷന്‍സ് അതിന്റെ ചരിത്രപരമായ ശരാശരിയേക്കാള്‍ ഉയരത്തിലാണ്, അതിനാല്‍ ഞാന്‍ പ്രതീക്ഷിക്കുന്നത് ഇപ്പോള്‍ ഏറ്റവും താഴെ എത്തി നില്‍ക്കുന്ന നല്ല ശക്തമായ അടിത്തറയുള്ള മൂല്യമോ വളര്‍ച്ചാ സാധ്യതയോ ഉള്ള ഓഹരികള്‍ കണ്ടെണ്ടത്തി നിക്ഷേപിച്ചാല്‍ നേട്ടമുണ്ടാക്കാമെന്നാണ്. ചാക്രിമായ ഉയര്‍ച്ചാ പാതയിലുള്ളതും ഗ്രാമീണ ഉപഭോഗം, കയറ്റുമതി തുടങ്ങിയ മേഖലകളിലുള്ളതുമായ കമ്പനികള്‍ കണ്ടെത്താവുന്നതാണ്.
Q. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറിയിരുന്ന ഓഹരി വിപണി ഇപ്പോള്‍ തിരുത്തലിന്റെ പാതയിലാണ്, 2019 സാമ്പത്തിക വര്‍ഷത്തില്‍ എങ്ങനെയായിരിക്കും വിപണി?
ഈ അസറ്റ് ക്ലാസിനെ സംബന്ധിച്ച് ഒരു വര്‍ഷം എന്നത് വളരെ ചെറിയ കാലയളവാണ്. അതുകൊണ്ട് സത്യസന്ധമായ ഉത്തരം എനിക്ക് അറിയില്ല എന്നതാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് പറഞ്ഞാല്‍ അല്‍പ്പം വിശദീകരിക്കേണ്ടി വരും. നീണ്ട ചരിത്രമുള്ള യുഎസിലെയും ഇന്ത്യയിലെയും വിപണി വിവരങ്ങള്‍ നോക്കുകയാണെങ്കില്‍ മനസിലാക്കാനാകും ദീര്‍ഘകാലത്തെ ഇഅഏഞ റിട്ടേണ്‍ മികച്ചതാണെന്ന്. എന്നാല്‍ യഥാര്‍ത്ഥ ഉയര്‍ച്ച താരതമ്യേന വളരെ ഹ്രസ്വകാലത്തോ അല്ലെങ്കില്‍ പെട്ടെന്നൊരു മുന്നേറ്റത്തിലോ സംഭവിക്കുന്നതാകും. അല്ലാത്ത സമയങ്ങളിലെല്ലാം വിപണി താഴേക്ക് അല്ലെങ്കില്‍, ചാഞ്ചാട്ടത്തിന്റെ പാതയിലായിരിക്കും. അടുത്തകാലത്ത് നല്ല റിട്ടേണ്‍ ലഭിച്ച സ്ഥിതിക്ക് ഇനി വിപണിയില്‍ നിന്ന് മാറി നില്‍ക്കണോ എന്നു ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. വിപണിയെ സംബന്ധിച്ച് കൃത്യമായൊരു ടൈമിംഗ് പറയാനാകില്ല. ഓഹരിയില്‍ നിന്നുള്ള റിട്ടേണ്‍ നേടാന്‍ എപ്പോഴും ആവശ്യം ക്ഷമയാണ്. ഉടനെ ആവശ്യമായി വരുന്ന പണമാണെങ്കില്‍ അത് ഓഹരിയില്‍ നിക്ഷേപിക്കാതിരിക്കുക. കാരണം നിങ്ങള്‍ക്ക് പണം ആവശ്യമായി വരുമ്പോള്‍ വിപണി സാഹചര്യങ്ങള്‍ അനുകൂലമാകണമെന്നില്ല. 7-10 വര്‍ഷം മുന്നില്‍ കണ്ടു മാത്രം വിപണിയില്‍ നിക്ഷേപിക്കാം.
Q. ലോ റിസ്‌ക്, ഹൈ റിസ്‌ക് സെക്ടറുകളില്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന യുടിഐ മ്യൂച്വല്‍ഫണ്ടുകള്‍ ഏതൊക്കെയാണ്?
എല്ലാ റിസ്‌ക് വിഭാഗങ്ങളിലുമുള്ള ഫണ്ടുകള്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓഹരിയില്‍ ഗ്രോത്തിനും വാല്യുവിനും ശ്രദ്ധ നല്‍കുന്ന ഫണ്ടുകളുണ്ട്. നിക്ഷേപകരുടെ ലക്ഷ്യത്തിനനുസരിച്ച് ഫണ്ടുകള്‍ തെരഞ്ഞെടുക്കുകയാണ് ഏറ്റവും മികച്ച രീതി. ഇതിനായി സമയം ചെലവഴിക്കാനോ പരിശ്രമിക്കാനോ ബുദ്ധിമുട്ടാണെങ്കില്‍ വിവിധ ഫണ്ട് റേറ്റിംഗ് വെബ്‌സൈറ്റുകളില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുക. അല്ലാത്തവര്‍ക്ക് നിക്ഷേപ ഉപദേശകരുടെ സഹായം തേടാം.
Q. ഇപ്പോള്‍ മിഡ് കാപ് ഓഹരികളുടെ വാല്വേഷനെകുറിച്ച് എന്താണ് അഭിപ്രായം? ഏതു മാര്‍ക്കറ്റ് സെഗ്മെന്റാണ് ഈ സമയത്ത് ഏറ്റവും സുരക്ഷിതമായി താങ്കള്‍ക്ക് തോന്നുന്നത്?
ചരിത്രപരമായ മെട്രിക്‌സ് അടിസ്ഥാനമാക്കിയാല്‍ മിഡ് കാപ് ഓഹരികള്‍ക്ക് വിലക്കൂടുതലായി തോന്നുമെങ്കിലും ഇതിലുള്ള സാധ്യതകള്‍ എപ്പോഴും വളരെ ഉയരത്തിലാണ്. മാത്രമല്ല ഇപ്പോള്‍ ചില തിരുത്തലുകള്‍ സംഭവിക്കുകയും ചെയ്തു. മിഡ് കാപ്പുകള്‍ ഞാന്‍ കാണുന്നത് ഓഹരിയിലെ അതിര്‍ത്തിയായാണ്. വിപണിയുടെ അറ്റമാണിത്, ഇവിടെയാണ് മിക്ക ബിസിനസുകളുടെയും യഥാര്‍ത്ഥ മൂല്യം കണ്ടെത്തപ്പെടുന്നത്. അങ്ങനെ വന്‍തോതില്‍ സമ്പത്ത് സൃഷ്ടിക്കാനും കഴിയും. എന്നാല്‍ ഒരാളുടെ പോര്‍ട്ട്‌ഫോളിയോയില്‍ മിഡ്കാപ് ഉള്‍പ്പെടുത്തണമെങ്കിലും ഒരിക്കലും 100 ശതമാനമാകരുത്. ഞങ്ങള്‍ എപ്പോഴും പറയുന്നതുപോലെ, നേട്ടമുണ്ടാക്കാന്‍ വിവേകപൂര്‍വം നിക്ഷേപം വിന്യസിക്കുകയും ജാഗ്രതയോടെ അത് വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
Q. യുടിഐ മിഡ് കാപ് ഫണ്ടുകളെ പൊസിഷന്‍ ചെയ്യുന്നതെങ്ങനെയാണ്?
ഭാവിയില്‍ വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളുടെ ഓഹരികള്‍ തെരഞ്ഞെടുക്കുന്നതിലാണ് യുടിഐ മിഡകാപ് ഫണ്ടുകള്‍ വിശ്വസിക്കുന്നത്. ഓരോ മിഡ് കാപ് കമ്പനിയുടെയും അതുല്യമായ സ്വഭാവസവിശേഷതകളിലേക്ക് ഫോക്കസ് ചെയ്യുന്നു. ചെറിയ കമ്പനികളെ അപേക്ഷിച്ച് മിഡ് സൈസ് കമ്പനികള്‍ക്ക് വളര്‍ച്ചയ്ക്ക് കൂടുതല്‍ സാധ്യതയുണ്ട്, മാത്രമല്ല ആഗോള പ്രശ്‌നങ്ങള്‍ അത്ര കണ്ട് ബാധിക്കുകയുമില്ല. ഇപ്പോള്‍ തളര്‍ച്ചയിലുള്ള, എന്നാല്‍ മത്സരക്ഷമമായ മിഡ് കാപ് കമ്പനികളെയാണ് ഫണ്ട് നോട്ടമിടുന്നത്. ഒരു ബിസിനസിന്റെ ഉടമസ്ഥനെ പോലെയാണ് ഞാന്‍ എന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള കമ്പനികളെ നോക്കിക്കാണുന്നത്. അതിനാല്‍ ഞാനൊരിക്കലും കമ്പനിയുടെ പെര്‍ഫോമന്‍സ് മെച്ചപ്പെട്ടു അല്ലെങ്കില്‍ വാല്വേഷന്‍ കൂടി എന്നതു കൊണ്ട് വിറ്റുമാറാന്‍ തിടുക്കം കാട്ടില്ല. യഥാര്‍ത്ഥത്തില്‍ നേരത്തെ വാങ്ങിയതിന്റെ മുഴുവന്‍ നേട്ടവും നഷ്ടപ്പെടുത്തുകയാണ് വാല്വേഷന്‍ ചെറുതായി ഉയരുന്നതിന്റെ പേരില്‍ തിടുക്കത്തില്‍ വിറ്റഴിക്കാന്‍ നോക്കുന്ന ഒരു വാല്യു ഇന്‍വെസ്റ്റര്‍. ഞങ്ങളുടെ മിഡ് കാപ് ഫണ്ട് സ്ട്രാറ്റജി മറ്റുള്ളവരില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണ്, ദീര്‍ഘകാലത്തില്‍ ആരോഗ്യകരമായ പ്രകടനം കാഴ്ചവയ്ക്കാന്‍ അത് ഞങ്ങളെ സഹായിക്കുന്നുണ്ട്.
Q. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചാ പ്രതീക്ഷ?
2019 നെ സംബന്ധിച്ചൊരു കൃത്യമായൊരു കണക്കു പറയുക ബുദ്ധിമുട്ടാണ്. എന്നാലും അടുത്ത മൂന്നു വര്‍ഷ കാലയളവില്‍ വില്‍പ്പനയും വരുമാനവും രാജ്യത്തിന്റെ നോമിനല്‍ ജിഡിപിയ്ക്ക് (10-12 ശതമാനം)തുല്യമായ നിലയില്‍ വളരാനാണ് സാധ്യത.