ബിറ്റ് കോയിന്‍ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെന്ന് പേടിഎം

രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പേടിഎം ബിറ്റ്‌കോയിന്‍ സേവനങ്ങള്‍ നല്‍കിയേക്കും. ക്രിപ്‌റ്റോ കറന്‍സികളുടെ നിയമ സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്ന മുറയ്ക്കാകും പേടിഎം സേവനങ്ങള്‍ അവതരിപ്പിക്കുക.

നിലവില്‍ രാജ്യത്ത് ബിറ്റ്‌കോയിന്‍ ട്രേഡിംഗിന് നിയന്ത്രണങ്ങളില്ല. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ നിയമങ്ങളും ഇല്ല. പൂര്‍ണമായും നിയമപരമായാല്‍ ബിറ്റ് കോയിന്‍ സേവനങ്ങള്‍ നല്‍കാനാകുമെന്ന് പേടിഎം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മാഥുര്‍ ഡിയോറ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് വിവരം. ക്രിപ്‌റ്റോ കറന്‍സികളെ അതിന്റെ ഉപയോഗത്തിന് അനുസരിച്ച് തരം തിരിച്ച് നികുതി ഏര്‍പ്പെടുത്താനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്.

ക്രിപ്‌റ്റോ ഇടപാടുകളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. താമസിയാതെ ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചേക്കും എന്ന സൂചനകളാണ് ഈ നീക്കങ്ങളെല്ലാം. നിയനിര്‍മാണം വരുകയാണെങ്കില്‍ രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം ക്രിപ്‌റ്റോ സേവനങ്ങള്‍ നല്‍കാനാവും.

നിലവില്‍ മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പടെയുള്ളവയുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്ന പരസ്യങ്ങളില്‍ സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ ഒന്നും തന്നെയില്ല.നഷ്ട സാധ്യതകള്‍ മറച്ചുവെച്ച് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കുന്ന Bitbns പോലുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരുകയാണെങ്കില്‍ ഇത്തരം പരസ്യങ്ങള്‍ക്കും നിയന്ത്രണം വരും.

ഘട്ടഘട്ടമായി രാജ്യത്ത് ഡിജിറ്റള്‍ കറന്‍സി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് റിസര്‍വ് ബാങ്കും. ഡിസംബറില്‍ ഡിജിറ്റല്‍ കറന്‍സിയുടെ ട്രെയല്‍ ആരംഭിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ഓഗസ്റ്റില്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമ്പോള്‍ സ്വകാര്യ ഡിജിറ്റല്‍ കറന്‍സികളുടെ ചാഞ്ചാട്ടത്തില്‍ നിന്നും നിക്ഷേപകര്‍ക്ക് സംരക്ഷണം ലഭിക്കുമെന്ന് ഡപ്യൂട്ടി ഗവര്‍ണര്‍ ടിബി ശങ്കറും പറഞ്ഞിരുന്നു.


Related Articles
Next Story
Videos
Share it