ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നിരോധിച്ച് പേടിഎം പേയ്മെന്റ് ബാങ്കും

ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിച്ചുകൊണ്ടുള്ള ചൈനീസ് ഗവണ്‍മെന്റിന്റെ കര്‍ശന നടപടിക്കുശേഷം ഇന്ത്യയിലും നടപടികള്‍ കടുക്കുന്നു. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും പേയ്മന്റ് ബാങ്കുകളും ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഐസിഐസിഐ ബാങ്കിനുപിന്നാലെ പേടിഎം പേയ്മെന്റ് ബാങ്കും വെള്ളിയാഴ്ച മുതല്‍ ഇടപാടുകള്‍ അനുവദിക്കില്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചു.

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ വിപണിയിലിറക്കുന്ന വിവിധ എക്സ്ചേഞ്ചുകളുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവെയ്ക്കുന്നതായാണ് പേ ടിഎം വ്യക്തമാക്കിയത്. ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളായ സെബ് പേ, വാസിര്‍എക്സ്, ബൈയുകോയിന്‍ എന്നിവയുമായുള്ള ഇടപാടുകള്‍ ഈയാഴ്ച തുടക്കത്തില്‍തന്നെ മിക്കവാറും ബാങ്കുകള്‍ അവസാനിപ്പിച്ചിരുന്നു.
ആഗോള പണമിടപാടിന് വ്യാപകമായി ഉപയോഗിക്കുന്ന പേപാല്‍ പോലുള്ള കമ്പനികളും പിന്‍വാങ്ങുന്നതായും സൂചനകളുണ്ട്.
ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളുമായുള്ള ഇടപാടുകള്‍ നിര്‍ത്താന്‍ ധനകാര്യസ്ഥാപനങ്ങളോട് നേരത്തെതന്നെ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.
അംഗീകൃതമായ ഒരു ഇടപാടുകള്‍ക്കും രാജ്യത്ത് ഇവ ഉപയോഗിക്കാന്‍ പാടില്ലെങ്കിലും ഇപ്പോഴും വിദേശ ട്രെഡിംഗില്‍ നിരവധി ഇന്ത്യക്കാരാണ് ക്രിപ്‌റ്റോകളെ ആശ്രയിക്കുന്നത്. ഇത് മെല്ലെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നടപടികളെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പകരം ഇന്ത്യയ്ക്ക് സ്വന്തമായൊരു ഡിജിറ്റല്‍ കറന്‍സിക്കായും പദ്ധതിയുണ്ട്.


Related Articles
Next Story
Videos
Share it