പ്രതിസന്ധിക്കിടെ മറ്റൊരു കമ്പനിയെ ഏറ്റെടുക്കാന്‍ പേയ്ടിഎം; സ്വന്തമാക്കുന്നത് ബംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പിനെ
ഇന്ത്യയിലെ പ്രമുഖ ഫിന്‍ടെക് കമ്പനിയായ പേയ്ടിഎം പേയ്‌മെന്റ്‌സ് പ്രതിസന്ധിക്കിടയിലും പുതിയ ഏറ്റെടുക്കലിനൊരുങ്ങുന്നതായി വാര്‍ത്തകള്‍. ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബിറ്റ്‌സിലയെ ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിലെ (ഒ.എന്‍.ഡി.സി) ഏറ്റവും വലിയ മൂന്നാമത്തെ സെല്ലറാണ് ബിറ്റ്‌സില.
ഡയറക്ടറേറ്റ് (ഇ.ഡി) ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ പേയ്ടിഎമ്മിനെതിരെ അന്വേഷണത്തിനൊരുങ്ങുകയാണെന്ന് വാര്‍ത്തകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പേയ്ടിഎം മേധാവി വിജയ് ശേഖര്‍ ശര്‍മ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടികാഴ്ച നടത്തിയിരുന്നു. റിസര്‍വ് ബാങ്കുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും മാനദണ്ഡങ്ങള്‍ പാലിച്ചു മുന്നോട്ടുപോകാനും പേയ്ടിഎം മേധാവിയെ ധനമന്ത്രി ഉപദേശിച്ചു. അതേസമയം, വ്യവസ്ഥകള്‍ പാലിക്കാന്‍ പേയ്ടിഎമ്മിന് മതിയായ സമയം നല്‍കിയിട്ടുണ്ടായിരുന്നെന്നും അത് പാലിക്കാത്തതുകൊണ്ടാണ് നടപടിയെന്നും പണവായ്പ നയ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.
റിസര്‍വ് ബാങ്കിന്റെ നടപടിക്ക് പിന്നാലെ പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഓഹരികള്‍ തകര്‍ച്ച നേരിടുകയാണ്. 20,000 കോടി രൂപയിലധികമാണ് കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് ഒലിച്ചുപോയത്. ഇടയ്ക്ക് രണ്ടു ദിവസം ചെറിയ കയറ്റം കാണിച്ചെങ്കിലും ഇന്നലെയും ഇന്നും വീണ്ടും ഓഹരി താഴ്ചയിലേക്ക് പോയി. ഇന്ന് എട്ട് ശതമാനത്തോളം ഇടിഞ്ഞ് 412 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 53.82 ശതമാനവും ഒരു മാസത്തിനിടെ 39.76 ശതമാനവും ഇടിവാണ് ഓഹരികള്‍ രേഖപ്പെടുത്തിയത്.