90 ശതമാനം യൂണികോണുകളും പൊട്ടാന്‍ കാത്തിരിക്കുന്ന കുമിളകള്‍: പൊറിഞ്ചു വെളിയത്ത്

ഏറെ കെട്ടിഘോഷിച്ച് ഐപിഒയിലെത്തിയ പല പുത്തന്‍ കമ്പനികളുടെയും ഓഹരിവിലകള്‍ കുത്തനെ ഇടിയുകയാണ്. നൈക, പേടിഎം തുടങ്ങിയ കമ്പനികള്‍ വലിയ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയിരിക്കുന്നത്.

സമാനമായി കുമിളകള്‍ പോലെ ഊതിവീര്‍പ്പിച്ച പല കമ്പനികളും തകരുമെന്നാണ് ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയും പ്രശസ്ത പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്ത് പറയുന്നത്.

90 ശതമാനം യൂണികോണുകളും പൊട്ടാനിരിക്കുന്ന കുമിളകളാണെന്ന് അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയാണ് പൊറിഞ്ചു വെളിയത്ത് ഇക്കാര്യം വ്യക്തമാക്കിയത്. 'ദശാബ്ദത്തിലെ ഏറ്റവും മോശം സ്റ്റാര്‍ട്ട് അപ്പ്' എന്ന അടിക്കുറിപ്പോടെ വേറെ ഒരാള്‍ ട്വീറ്റ് ചെയ്ത ബൈജൂസ് 12-18 മാസത്തിനുള്ളില്‍ ട്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് 20 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന വാര്‍ത്ത റിട്വീറ്റ് ചെയ്താണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

2021 ല്‍ ഇന്ത്യയില്‍ അമ്പതോളം യൂണികോണുകളാണുണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ 25 എണ്ണം കൂടുതലാണിത്. ഹുറണ്‍ ഫ്യൂച്ചര്‍ യൂണികോണ്‍ ലിസ്റ്റ് 2021 പ്രകാരം 54 ചീറ്റകളും (നാല് വര്‍ഷത്തിനുള്ളില്‍ യൂണികോണ്‍ സാധ്യതയുള്ളവ) ഇന്ത്യയിലുണ്ട്.

നേരത്തെ പേടിഎം ഐപിഒയ്ക്ക് വേണ്ടത്ര പ്രതികരണം ലഭിക്കാത്തപ്പോള്‍ തന്നെ അനുദിനം വളര്‍ന്നു വന്നിരുന്ന ഐപിഒ കുമിള പൊട്ടുന്നതിന്റെ മുന്നോടിയാണ് ഇതെന്ന് അദ്ദേഹം ധനത്തില്‍ വ്യക്തമാക്കിയിരുന്നു. Turnover is vanity, profit is sanity, but cash is reality എന്ന ഓഹരി വിപണിയില്‍ ഏറെ പ്രശസ്തമായ ചൊല്ല് പരാമര്‍ശിച്ചായിരുന്നു അന്ന് ഇക്കാര്യം നിക്ഷേപകരെ ഉണര്‍ത്തിയത്.

''വിറ്റുവരവ് പൊങ്ങച്ചമാണ്, ലാഭം യുക്തിപരവും, പക്ഷേ പണമാണ് യാഥാര്‍ത്ഥ്യം. ഭ്രാന്തമായ വിലകളില്‍ ഉള്ള നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറ കമ്പനികളുടെ ഐപിഒകള്‍ക്ക് പിന്നാലെ പായുന്നവര്‍ തീര്‍ച്ചയായും ഒരു കാര്യം മനസിലാക്കണം. ഇവയില്‍ ഭൂരിഭാഗവും ഇതുവരെ ലാഭമുണ്ടാക്കിയിട്ടില്ലെന്ന് മാത്രമല്ല ഇനി ഭാവിയില്‍ ലാഭം ഉണ്ടാകുമെന്നോ എന്തിനു പ്രസക്തിയോടെ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ പോലും ഒരു ഉറപ്പുമില്ല''.

പല ഐപിഒകളും ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ചാണ് ഉയരങ്ങളിലേക്ക് കുതിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വിപണിക്ക് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ എത്ര സമയമെടുക്കുമെന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം ഐപിഒകളുടെ മാനംമുട്ടെയുള്ള വാല്വേഷനുകളെ പറ്റി ആശങ്കയും പങ്കുവച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it