പൊറിഞ്ചു വെളിയത്ത് ധനത്തില്‍ നിര്‍ദേശിച്ച ഈ പിഎസ്‌യു ഓഹരിയുടെ ആറു ദിവസത്തെ നേട്ടം 31%!

ധനം ബിസിനസ് മാഗസിനില്‍, രാജ്യത്തെ പ്രമുഖ വാല്യു ഇന്‍വെസ്റ്ററും ഇക്വിറ്റി ഇന്റലിജന്‍സ് മേധാവിയുമായ പൊറിഞ്ചു വെളിയത്ത്, ദീപാവലിക്ക് നിക്ഷേപിക്കാന്‍ നിര്‍ദേശിച്ച പി എസ് യു പോര്‍ട്ട്‌ഫോളിയോയിലെ ഒരു കമ്പനി ഇന്ന് ബി എസ് ഇയില്‍ മുന്നേറ്റം തുടരുന്നു.

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) ഓഹരി വിലയാണ് ഇന്ന് ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ പത്തുശതമാനത്തോളം ഉയര്‍ന്നത്. ദീപാവലിക്ക് മുമ്പ്, നവംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച ധനത്തില്‍ 1525 രൂപയ്ക്ക് വാങ്ങാന്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിച്ച ഈ ഓഹരിയുടെ ഇന്നത്തെ വില 1893.20 രൂപയാണ്. ബ്രിക് വര്‍ക് റേറ്റിംഗ്‌സ് ഇന്ത്യ പുറത്തുവിട്ട റേറ്റിംഗാണ് കമ്പനിക്ക് ഇന്ന് ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ തുണയായത്. പിന്നീട് ക്ലോസിംഗില്‍ 2.19 ശതമാനം നേട്ടമാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്.

രാജ്യത്തെ പ്രമുഖ പൊതുമേഖലാ കമേഴ്‌സ്യല്‍ വെഹ്ക്കിള്‍ കമ്പനിയായ ബിഇഎംഎല്ലിന്റെ ഓഹരി വില കഴിഞ്ഞ ആറുദിവസത്തിനിടെ 31 ശതമാനത്തോളമാണ് ഉയര്‍ന്നിരിക്കുന്നത്. 2021 കലണ്ടര്‍ വര്‍ഷത്തില്‍ ബിഇഎംഎല്‍ ഓഹരി വിലയിലുണ്ടായ വര്‍ധന 111 ശതമാനവും. ഇതേ കാലയളവില്‍ ബിഎസ്ഇ സെന്‍സെക്‌സിന്റെ നേട്ടം 21.8 ശതമാനം മാത്രമാണ്!

ഇന്ന് ഉച്ചയ്ക്ക് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ കമ്പനിയുടെ ഓഹരി വില 2,013.75 രൂപയിലെത്തിയിരുന്നു.

''ബംഗ്ലളുരു ആസ്ഥാനമായുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് എര്‍ത്ത് മൂവിംഗ്, ട്രാന്‍സ്പോര്‍ട്ട് & മൈനിംഗ്, മെട്രോ ട്രെയ്നുകള്‍ക്കുവേണ്ട കോച്ചുകള്‍തുടങ്ങി വ്യത്യസ്തമായ ഹെവി എക്വിപ്മെന്റുകളുടെ നിര്‍മാതാക്കളാണ്. ബെമ്്ലിന് ബാംഗ്ലൂര്‍, മൈസൂര്‍, കോലാര്‍, പാലക്കാട് എന്നിവിടങ്ങളില്‍ കണ്ണായ സ്ഥലങ്ങളില്‍ വലിയ ഭൂസ്വത്തുണ്ട്. അതിന്റെ മൂല്യം മാത്രം ആയിരക്കണക്കിന് കോടികള്‍ വരും. കമ്പനിയുടെ 26 ശതമാനം ഓഹരി വില്‍പ്പനയുടെ കാര്യങ്ങള്‍ ഏതാണ്ട് അവസാനഘട്ടത്തിലാണ്. ടാറ്റ ഗ്രൂപ്പ് പോലുള്ള പ്രമുഖര്‍ ഇതില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. 6350 കോടി രൂപ വിപണി മൂല്യമുള്ള ബെമ്്ലിന്റെ ഓഹരി ഇപ്പോള്‍ വാങ്ങുന്ന നിക്ഷേപകന് കമ്പനിയുടെ അധിക ഭൂസ്വത്ത് പകുത്തു മാറ്റാനായി രൂപീകരിച്ചിരിക്കുന്ന കമ്പനിയായ ബെമ്്ല്‍ ലാന്‍ഡ് അസറ്റ് കമ്പനിയുടെ (BEML Land Assets - BLAL) കൂടി ഓഹരി ലഭിക്കും. ബെമ്്ലിന്റെയും ബിഎല്‍എഎല്ലിന്റെയും മൊത്തം മൂല്യമെടുത്താല്‍ അതിന്റെ ഒരു ഓഹരിക്ക് ഏറ്റവും കുറഞ്ഞത് 5000 രൂപയെങ്കിലും വിലയുണ്ടാകും.'' ധനം ദീപാവലി പോര്‍ട്ട് ഫോളിയോയില്‍ പൊറിഞ്ചു വെളിയത്തിന്റെ നിരീക്ഷണം ഇതായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it